തിരുവനന്തപുരത്ത് രോഗവ്യാപനം വലിയ രീതിയിൽ - മുഖ്യമന്ത്രി

post

കോവിഡ് 19 വലിയ രീതിയിൽ തിരുവനന്തപുരത്ത് പടർന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ചൊവ്വാഴ്ച മേനംകുളം കിൻഫ്ര പാർക്കിൽ 300 പേർക്ക് പരിശോധന നടത്തിയതിൽ 88 പേർക്ക് രോഗം സ്ഥിരീകരിച്ചു എന്നാണ് വിവരം.

രാജ്യത്തിന്റെ പൊതുസ്ഥിതി എടുത്താൽ 12 പേരെ ടെസ്റ്റ് ചെയ്യുമ്പോഴാണ് ഒരാൾ പോസിറ്റീവായി മാറുന്നത്. കേരളത്തിലിത് 36ൽ ഒന്ന് എന്ന കണക്കിലാണ്. തിരുവനന്തപുരം ജില്ലയിൽ 18 പേരെ ടെസ്റ്റ് ചെയ്യുമ്പോൾ ഒരാൾ പോസിറ്റീവാണെന്നതാണ് കണക്കെന്നും മുഖ്യമന്ത്രി പറഞ്ഞു.

രോഗബാധിതരെയാകെ കണ്ടെത്താനുള്ള സർവൈലൻസ് മെക്കാനിസമാണ് നടത്തുന്നത്. ക്ലസ്റ്റർ രൂപപ്പെട്ടത് ആദ്യമായി ശ്രദ്ധയിൽപ്പെട്ടത് ഈ മാസം അഞ്ചിന് പൂന്തുറയിലാണ്. ബീമാപള്ളി, പുല്ലുവിള മേഖലകളിൽ 15-ാം തീയതിയോടു കൂടിയാണ് ക്ലസ്റ്ററുകൾ രൂപപ്പെട്ടത്. ലോകാരോഗ്യ സംഘടനയുടെ മാർഗരേഖ കൾക്കനുസൃതമായാണ് രോഗനിയന്ത്രണ പ്രവർത്തനങ്ങൾ നടപ്പിലാക്കുന്നത്.

വലിയതുറ, അഞ്ചുതെങ്ങ്, ചിറയിൻകീഴ്, കുളത്തൂർ (നെയ്യാറ്റിൻകര), പനവൂർ, കടയ്ക്കാവൂർ, കുന്നത്തുകാൽ, പെരുമാതുറ, പുതുക്കുറിച്ചി തുടങ്ങിയ തീരദേശ മേഖലകളിൽ തുടർന്ന് ക്ലസ്റ്ററുകൾ രൂപപ്പെട്ടു. പൂന്തുറയിലും പുല്ലുവിളയിലും അനുവർത്തിച്ച പ്രവർത്തന പദ്ധതിയിൽ ആവശ്യമായ മാറ്റങ്ങൾ വരുത്തി പ്രദേശത്തിന് അനുയോജ്യമായ രീതിയിൽ രോഗനിയന്ത്രണ നിർവ്യാപന പ്രവർത്തികൾ ഈ മേഖലകളിൽ നടപ്പാക്കുകയാണ്.

തീരദേശത്തിനു പുറമേ പാറശ്ശാല, കുന്നത്തുകാൽ, പട്ടം, പെരുങ്കടവിള, ബാലരാമപുരം, കാട്ടാക്കട പ്രദേശങ്ങളിലും രോഗബാധ അധികരിച്ച് കാണുന്നുണ്ട്. ഈ പ്രദേശങ്ങൾക്ക് ഓരോന്നിനും അനുയോജ്യമായ രോഗനിർണ്ണയ നിർവ്യാപന ബോധവൽകരണ പ്രവർത്തനങ്ങൾ നടപ്പിലാക്കി വരുന്നുണ്ട്.

ഇതുവരെ 39,809 റുട്ടീൻ ആർടിപിസിആർ ടെസ്റ്റുകളാണ് തിരുവനന്തപുരം ജില്ലയിൽ ചെയ്തത്. ഇതിനുപുറമേ സാമൂഹികവ്യാപനം ഉണ്ടോ എന്നറിയുവാനായി 6983 പൂൾഡ് സെൻറിനൽ സാമ്പിളുകളും ചെയ്തിട്ടുണ്ട്. ഇന്നലെ 789 റുട്ടീൻ സാമ്പിളുകളും നൂറോളം പൂൾഡ് സെൻറിനൽ നാമ്പിളുകളുമാണ് ചെയ്തത്. ലോകാരോഗ്യ സംഘടന നിർദ്ദേശിച്ചിട്ടുള്ള റാപ്പിഡ് ആൻറിജൻ ടെസ്റ്റ് ഈ മാസം നാലു മുതലാണ് ജില്ലയിൽ ആരംഭിച്ചത്. ഇതുവരെ 24,823 ടെസ്റ്റുകൾ ചെയ്തിട്ടുണ്ട്. 1882 സാമ്പിളുകളാണ് ഇന്നലെ പരിശോധിച്ചത്. പുല്ലുവിള ഉൾപ്പെടുന്ന കടലോര മേഖലയിൽ ചൊവ്വാഴ്ച 1150 ആൻറിജൻ ടെസ്റ്റാണ് നടത്തിയതെന്ന് മുഖ്യമന്ത്രി പറഞ്ഞു.