13.44 ലക്ഷം കുടുംബങ്ങള്‍ക്ക് ആരോഗ്യ പരിരക്ഷ ലഭ്യമാക്കി കാസ്പ്

post

ഇതുവരെ ലഭ്യമാക്കിയത് 800 കോടിയുടെ ചികിത്സ

സ്വകാര്യ ആശുപത്രികളിലും കോവിഡ് രോഗികള്‍ക്ക് പരിരക്ഷ

സംസ്ഥാനത്തെ ആരോഗ്യ പരിരക്ഷാ രംഗത്ത് വലിയ മാറ്റം ഉണ്ടാക്കാന്‍ കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയ്ക്ക് (KASP) കഴിഞ്ഞതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. ചികിത്സിക്കാന്‍ പണമില്ലാതെ വിഷമിക്കുന്ന പതിനായിരക്കണക്കിന് പേര്‍ക്കാണ് കാസ്പ് തുണയായത്. കുറഞ്ഞ കാലം കൊണ്ട് സാധാരണക്കാരായ 13,43,746 കുടുംബങ്ങള്‍ക്ക് പദ്ധതിയിലൂടെ ചികിത്സ നല്‍കാനായി. 2019-20 വര്‍ഷത്തിലായി 9,61,389 പേര്‍ക്കും 2020-21 വര്‍ഷത്തിലായി 3,82,357 പേര്‍ക്കുമാണ് പദ്ധതിയിലൂടെ ചികിത്സ ലഭിച്ചത്. ഈ കാലയളവില്‍ 800 കോടിയോളം രൂപയുടെ ചികിത്സയാണ് നല്‍കിയത്. സാധാരണ കുടുംബങ്ങളുടെ സാമ്പത്തിക ഭദ്രതയെ പ്രതിസന്ധിയിലാഴ്ത്തുന്ന മുഖ്യഘടകമാണ് പെട്ടെന്നുണ്ടാകുന്ന ഭാരിച്ച ചികില്‍സാ ചെലവുകള്‍. ഈ സാഹചര്യം അതിജീവിക്കുന്നതിനായി ആയുഷ്മാന്‍ ഭാരതിന്റെ സഹകരണത്തോടെ സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്ന പദ്ധതിയാണ് കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി. കോവിഡ് കാലത്ത് കേരള സമൂഹത്തിന് കൂടുതല്‍ കരുത്ത് പകരാനും ഈ പദ്ധതി സഹായകമായി. കോവിഡ് ചികിത്സ സംസ്ഥാനത്ത് സൗജന്യമാണ്. സ്വകാര്യ ആശുപത്രികളില്‍ ചികിത്സ തേടിയ 1,400 ഓളം കോവിഡ് ബാധിത രോഗികള്‍ക്ക് പദ്ധതിയുടെ ഗുണഫലം ലഭ്യമാക്കാനും കഴിഞ്ഞുവെന്നും മന്ത്രി വ്യക്തമാക്കി.

കേരള ഹെല്‍ത്ത് ഏജന്‍സി (SHA) രൂപീകരിച്ചു

കാസ്പിന്റെ ആദ്യ വര്‍ഷത്തെ ഇന്‍ഷുറന്‍സ് പ്രൊവൈഡര്‍ റിലയന്‍സായിരുന്നു. ഇപ്പോള്‍ സ്റ്റേറ്റ് ഹെല്‍ത്ത് ഏജന്‍സി നേരിട്ടാണ് പദ്ധതി നടപ്പാക്കുന്നത്. അനുദിനം വര്‍ധിച്ചുവരുന്ന ചികിത്സാച്ചെലവ് പരിഹിക്കാനായുള്ള ഒരു നിര്‍ണായക ചുവടുവയ്പ്പാണ് സ്റ്റേറ്റ് ഹെല്‍ത്ത് ഏജന്‍സിയുടെ രൂപീകരണം. പൊതുജനാരോഗ്യ സംവിധാനങ്ങളുടെ സേവനം മെച്ചപ്പെടുത്തുന്നതിനോടൊപ്പം സാധാരണക്കാരുടെ ആരോഗ്യ പരിരക്ഷ ഉറപ്പുവരുത്തുകയും ചെയ്യുന്നു. വ്യത്യസ്ത വകുപ്പുകളുടെ നേതൃത്വത്തില്‍ നടത്തി വന്ന വിവിധ ആരോഗ്യ പരിരക്ഷ പദ്ധതികള്‍ ഒരു കുടക്കീഴില്‍ ഏകോപിപ്പിച്ച് കാര്യക്ഷമമായി നടപ്പാക്കുകയാണ് സേ്റ്ററ്റ് ഹെല്‍ത്ത് ഏജന്‍സിയുടെ മുഖ്യ ദൗത്യം.

കൂടുതല്‍ സ്വകാര്യ ആശുപത്രികള്‍ പദ്ധതിയിലേക്ക്

കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയില്‍ 2019-20 സാമ്പത്തിക വര്‍ഷത്തില്‍ 221 സ്വകാര്യ ആശുപത്രികളും 190 സര്‍ക്കാര്‍ ആശുപത്രികളും ആണ് പദ്ധതിയില്‍ അംഗമായിരുന്നത്. എന്നാല്‍ 2020 ജൂണ്‍ ഒന്നിന് കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയുടെ നടത്തിപ്പിനായി രൂപീകരിച്ച സ്‌റ്റേറ്റ് ഹെല്‍ത്ത് ഏജന്‍സി പ്രവര്‍ത്തനമാരംഭിച്ചതോടെ കൂടുതല്‍ സ്വകാര്യ ആശുപത്രികള്‍ പദ്ധതിയില്‍ അംഗങ്ങളായി. 2020 ജൂണ്‍ ഒന്നിന് ശേഷം 281 സ്വകാര്യ ആശുപത്രികളില്‍ പദ്ധതിയുടെ ഭാഗമായി സൗജന്യ ചികിത്സ ഉറപ്പുവരുത്തുന്നു.

ആശുപത്രികള്‍ക്ക് കരുതലായി കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി

കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി ആരംഭിച്ചതു മുതല്‍ ഇതുവരെ കേരളത്തിലെ സര്‍ക്കാര്‍ സ്വകാര്യ ആശുപത്രികള്‍ക്ക് പദ്ധതിയുടെ ഭാഗമായി 800 കോടി രൂപയാണ് നല്‍കിയത്. ഈ തുക ചികിത്സാ ചെലവുകള്‍ക്ക് പുറമേ ആശുപത്രികളുടെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ക്കും ആസ്ഥിവികസനത്തിനും മനുഷ്യവിഭവ ശേഷി വര്‍ദ്ധിപ്പിക്കുന്നതിനുമായി ഉപയോഗിച്ചുവരുന്നു. പദ്ധതിയില്‍ അംഗമായ ആശുപത്രികളിലായി അനവധി തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കപ്പെട്ടു. നിലവില്‍ അംഗങ്ങായ 477 ആശുപത്രികളിലായി 1000 ഓളം മെഡിക്കല്‍ കോര്‍ഡിനേറ്റര്‍മാര്‍ 2 വര്‍ഷമായി പ്രവര്‍ത്തിച്ചു വരുന്നു.

കാരുണ്യത്തിന്റെ ജീവ സ്പന്ദനം

കോട്ടയം തെള്ളകം കൊട്ടിയത്ത് വീട്ടില്‍ കെ.സി. ജോസ് എന്ന 62 വയസുകാരന് കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി എന്ന് പറഞ്ഞാല്‍ ജീവ സ്പന്ദനമാണ്. ഇക്കഴിഞ്ഞ ഏപ്രില്‍ മാസം കോട്ടയം മെഡിക്കല്‍ കോളേജില്‍ വച്ച് നടന്ന ഹൃദയ മാറ്റ ശസ്ത്രക്രിയയിലൂടെ ജീവിതത്തിലേക്ക് തിരികെയെത്തിയ ജോസിന് മറ്റ് പലരോടുമൊപ്പം നന്ദി പറയാനുള്ളത് കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയോടുമാണ്. ശസ്ത്രക്രിയയ്ക്ക് ചെലവായ അഞ്ച് ലക്ഷം രൂപയും കണ്ടെത്തിയത് ഈ പദ്ധതിയിലൂടെയാണ്. ഇതുപോലെ ആയിരക്കണക്കിന് പേര്‍ക്കാണ് പദ്ധതി സഹായകരമായത്.

പരിശീലനങ്ങള്‍

നാല്‍പ്പത്തി രണ്ട് ലക്ഷം കുടുംബങ്ങള്‍ അംഗങ്ങളായ കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി സേ്റ്ററ്റ് ഹെല്‍ത്ത് ഏജന്‍സി ഏറ്റെടുത്ത 2020 ജൂണ്‍ 1 മുതല്‍ 42 വിവിധ പരിശീലന പരിപാടികള്‍ നടത്തി. പരിഷ്‌കരിച്ച ഹെല്‍ത്ത് ബെനിഫിറ്റ് പാക്കേജ് 2.0, ബെനിഫിഷ്യറി ഐഡന്‍്‌റിഫിക്കേ്ഷന്‍ സിസ്റ്റം (BIS), ട്രാന്‍സാക്ഷന്‍ മാനേജ്‌മെന്റ് സിസ്റ്റം (TMS) 1.5, സ്റ്റാന്‍ഡേര്‍ഡ് ട്രീറ്റ്‌മെന്റ് ഗൈഡ്‌ലൈന്‍, തുടങ്ങിയ വിഷയങ്ങളിലാണ് പരിശീലന പരിപാടികള്‍ സംഘടിപ്പിച്ചത്.

കാരുണ്യ ബെനവലന്റ് ഫണ്ട് സ്‌റ്റേറ്റ് ഹെല്‍ത്ത് ഏജന്‍സി ഏറ്റെടുത്തു

കേരള സര്‍ക്കാരിന്റെ ‘കാരുണ്യ ബെനവലന്റ് ഫണ്ട്’ ആരോഗ്യ പരിരക്ഷ പദ്ധതിയുടെ നിര്‍വഹണം ആരോഗ്യ വകുപ്പിന്റെ കീഴില്‍ സ്‌റ്റേറ്റ് ഹെല്‍ത്ത് ഏജന്‍സി ഏറ്റെടുത്തു. മുമ്പ് ലഭിച്ചിരുന്ന എല്ലാ ആനുകൂല്യങ്ങളും നിലനിര്‍ത്തി ചില അധിക സഹായ വ്യവസ്ഥകള്‍ കൂട്ടിച്ചേര്‍ത്താണ് സംസ്ഥാന സര്‍ക്കാരിന്റെ ഈ പുതിയ ചുവടു വയ്പ്. സാമ്പത്തിക ബുദ്ധിമുട്ടനുഭവിക്കുന്ന രോഗികള്‍ക്ക് 2 ലക്ഷം രൂപയുടെ വരെ ചികിത്സാ സഹായം ഇതിലൂടെ ലഭ്യമാകും. വൃക്ക രോഗികള്‍ക്ക് 3 ലക്ഷം രൂപവരെയുള്ള സൗജന്യ ചികിത്സയാണ് അനുവദിക്കുന്നത്. കാന്‍സര്‍, ഹൃദ്രോഹം, തലച്ചോര്‍ സംബന്ധമായ രോഗങ്ങള്‍, ശ്വാസകോശ രോഗങ്ങള്‍, വൃക്കരോഗങ്ങള്‍, ഹീമോഫീലിയ തുടങ്ങിയവയ്ക്കാണ് പദ്ധതിയുടെ പ്രയോജനം ലഭിക്കുക.