കോവിഡ്: ഒക്ടോബർ, നവംബർ മാസങ്ങൾ നിർണായകം - മുഖ്യമന്ത്രി

post

ഒക്ടോബർ, നവംബർ മാസങ്ങൾ കേരളത്തിലെ കോവിഡ് വ്യാപനത്തേയും അതുമൂലമുള്ള മരണ നിരക്കിനേയും സംബന്ധിച്ച് ഏറ്റവും നിർണ്ണായകമായ ഘട്ടമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

ഈ മാസങ്ങളിൽ കൂടുതൽ ഫലപ്രദമായി പ്രതിരോധ പ്രവർത്തനങ്ങൾ നടത്താൻ നമുക്ക് കഴിയണം. എങ്കിൽ മരണങ്ങൾ അധികമാകുന്നത് വലിയ തോതിൽ തടയാൻ സാധിക്കും. പതിനായിരത്തിനു മുകളിൽ ഒരു ദിവസം കേസുകൾ വരുന്ന സാഹചര്യമാണിപ്പോൾ. ടെസ്റ്റുകളുടെ എണ്ണം കൂട്ടിയിട്ടും ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 10 ശതമാനത്തിനു മുകളിൽ നിൽക്കുന്നത് കേസുകളുടെ എണ്ണം ഇനിയും ഉയരുമെന്ന് തന്നെയാണ് സൂചിപ്പിക്കുന്നത്.

നമ്മുടെ തൊട്ടടുത്തുള്ള സംസ്ഥാനങ്ങളിൽ ഈ പകർച്ചവ്യാധി അതിശക്തമായി തുടരുന്ന കാഴ്ചയാണ്. കർണ്ണാടകത്തിൽ 6,66,000 കേസുകളും തമിഴ്‌നാട്ടിൽ 6,35,000 കേസുകളും ഇതുവരെ റിപ്പോർട്ട് ചെയ്തു കഴിഞ്ഞു. രണ്ടു സംസ്ഥാനങ്ങളിലും മരണസംഖ്യ പതിനായിരത്തോട് അടുക്കുകയാണ്. കർണ്ണാടകയുടെ ജനസാന്ദ്രത 319 ഉം തമിഴ്‌നാടിന്റെ ജനസാന്ദ്രത 555ഉം ആണെങ്കിൽ കേരളത്തിന്റെ ജനസാന്ദ്രത 859 ആണ് എന്നോർക്കണം.

രോഗവ്യാപനം അതിന്റെ ഉച്ചസ്ഥായിൽ എത്തിക്കുന്നത് വൈകിപ്പിക്കാൻ ഇവിടെ സാധിച്ചു. രോഗവ്യാപനത്തോത് പിടിച്ചു നിർത്തിയത് വഴി കോവിഡ് പ്രതിരോധത്തിനാവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാനും ആരോഗ്യ സംവിധാനത്തെ ശക്തമാക്കാനും സർക്കാരിനു സാവകാശം ലഭിച്ചു. ഇപ്പോൾ നമുക്ക് ഓരോ തദ്ദേശഭരണ സ്ഥാപനത്തിനു കീഴിലും പ്രാഥമിക ചികിത്സാ കേന്ദ്രങ്ങൾ ഉണ്ട്.

പതിനായിരക്കണക്കിനു ബെഡുകൾ സജ്ജമാണ്. ലാബ് സൗകര്യങ്ങൾ ആയി. കോവിഡ് സ്‌പെഷ്യൽ ആശുപത്രികൾ തയ്യാറായി. ഇങ്ങനെ കൃത്യമായ ആസൂത്രണത്തോടെ രോഗികളെ ചികിത്സിക്കാനുള്ള സംവിധാനങ്ങൾ സജ്ജമാക്കി. മരണസംഖ്യ മറ്റിടങ്ങളിലേക്കാൾ കുറവായിരിക്കാൻ കാരണം ഈ ആസൂത്രണ മികവും ആരോഗ്യ പ്രവർത്തകരുടെ അർപ്പണബോധവും അദ്ധ്വാനവുമാണ്.

ഡോക്ടർമാർ, നഴ്‌സുമാർ, ലാബ് ടെക്‌നീഷ്യൻമാർ, ഫാർമസിസ്റ്റുകൾ, ക്ലീനിങ്ങ് സ്റ്റാഫ് തുടങ്ങി ആരോഗ്യമേഖലയിലെ ഓരോ അംഗത്തിന്റേയും നിസ്വാർത്ഥമായ സേവനമാണ് നമ്മെ കാത്തു രക്ഷിച്ചത്.

വിദഗ്ധർ അഭിപ്രായപ്പെട്ടതു പോലെ ഈ അവസരത്തിൽ നമ്മുടെ രോഗപ്രതിരോധ പ്രവർത്തനങ്ങൾ കൂടുതൽ ശക്തമാക്കേണ്ടതുണ്ട്. പക്ഷേ, കഴിഞ്ഞ 8 മാസങ്ങളായി അവിശ്രമം പ്രയത്‌നിക്കുന്ന നമ്മുടെ ആരോഗ്യ പ്രവർത്തകർ ക്ഷീണിതരാണെന്നു നമ്മൾ മനസ്സിലാക്കണം. പൊതുജന പിന്തുണ അവർക്ക് ഏറ്റവും ആവശ്യമുള്ള ഘട്ടമാണിത്. അതു പരിപൂർണമായും അവർക്കു നൽകുന്നതിനു നാം തയ്യാറാകണം.

അവരുടെ നിർദ്ദേശങ്ങൾ അക്ഷരംപ്രതി പാലിക്കാനും രോഗവ്യാപനം തടയുന്നതിന് ഒത്തൊരുമിച്ചു നിൽക്കാനുമുള്ള സന്നദ്ധത എല്ലാവരും കാണിക്കണം.

ആരോഗ്യ പ്രവർത്തകർക്ക് പിന്തുണ നൽകുന്നതിനായാണ് കോവിഡ് ബ്രിഗേഡ് രൂപീകരിച്ചത്. അതിന്റെ ഭാഗമായി 18957 പേർ രജിസ്റ്റർ ചെയ്തു.

അവരിൽ 9325 പേർ മെഡിക്കൽ വിഭാഗത്തിൽ പെട്ടവരാണ്. 543 പേർ എംബിബിഎസ് ഡോക്ടർമാരുമാണ്. ഈ ഘട്ടത്തിൽ നമുക്ക് കൂടുതൽ ഡോക്ടർമാരുടെ സേവനം അത്യാവശ്യമായി വന്നിരിക്കുന്നു. അത് മനസ്സിലാക്കി കൂടുതൽ ഡോക്ടർമാർ കോവിഡ് ബ്രിഗേഡിൽ രജിസ്റ്റർ ചെയ്യണമെന്ന് മുഖ്യമന്ത്രി അഭ്യർഥിച്ചു.

നിങ്ങളുടെ സേവനം നാടിന് അനിവാര്യമായിരിക്കുന്ന ഘട്ടമാണിത്. പരമാവധി ആരോഗ്യ വിദഗ്ധരും സന്നദ്ധ പ്രവർത്തകരും കോവിഡ് ബ്രിഗേഡിന്റെ ഭാഗമാകാൻ മുന്നോട്ടു വരണമെന്ന് അദ്ദേഹം പറഞ്ഞു.

രോഗവ്യാപനം തടയാൻ നടപടികൾ ജനങ്ങൾ ഏറ്റെടുക്കേണ്ടതുണ്ട്. പല പ്രദേശങ്ങളിലും പ്രഖ്യാപിച്ച നിയന്ത്രണങ്ങളോട് പൂർണ്ണമായും സഹകരിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.