മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനത്തിൽ നിന്ന് - 11. 06.2021

post


 

കോവിഡ് മഹാമാരിയുടെ രണ്ടാം തരംഗം ഉയര്‍ത്തിയ ഭീഷണിയുടെ രൂക്ഷതയില്‍ നിന്നും നമ്മള്‍ പതുക്കെ മോചിതരാകുന്ന  സാഹചര്യമാണിപ്പോഴുള്ളത്. രോഗികളുടെ എണ്ണത്തിലും രോഗവ്യാപനത്തിന്‍റെ തോതിലും കുറവു വന്നിട്ടുണ്ട്. ആശുപത്രികളിലുള്ള തിരക്കും കുറയുന്ന സ്ഥിതി വിശേഷവുമുണ്ട്. ലോക്ഡൗണ്‍ ഫലപ്രദമായി നടപ്പാക്കാന്‍ സാധിച്ചതുകൊണ്ടും ജനങ്ങൾ പൂർണ്ണമായും സഹകരിച്ചതു കൊണ്ടുമാണ് രോഗവ്യാപനം ഈ തോതില്‍ നിയന്ത്രിക്കാന്‍  സാധിച്ചത്. മറ്റു പ്രദേശങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ മെച്ചപ്പെട്ട രീതിയില്‍ മരണ സംഖ്യ കുറച്ചു നിര്‍ത്താനും കേരളത്തിനു കഴിഞ്ഞു. എങ്കിലും പൂര്‍ണമായും ആശ്വസിക്കാനുള്ള സ്ഥിതി  ഇപ്പോളും സംജാതമായിട്ടില്ല. 


ഇന്ന് സംസ്ഥാനത്ത് 14,233  പേര്‍ക്കാണ് കോവിഡ് ബാധ സ്ഥിരീകരിച്ചത്. 1,07,096  പരിശോധനകള്‍ നടത്തി. ആകെ ചികിത്സയിലുള്ളത് 134001  പേരാണ്. കോവിഡ് മൂലം 173  പേര്‍ മരണമടഞ്ഞു. 


കഴിഞ്ഞ 3 ദിവസത്തെ ശരാശരി ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്  13.9 ശതമാനമാണ്. നേരിയ കുറവുണ്ടായി.  പത്തനംതിട്ട, ഇടുക്കി, എറണാകുളം, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ പുതിയ കേസുകളുടെ എണ്ണം വര്‍ധിച്ച നിലയില്‍ തുടരുന്നുണ്ട്.  ടിപിആര്‍ ചെറിയ തോതിലേ കുറയുന്നുള്ളൂ. അത് എത്രയും വേഗം പത്തു ശതമാനത്തിലേക്കും അതിനു താഴെയും എത്തിക്കലാണ് ലക്ഷ്യം. അതിനുള്ള ശ്രമമാണ് ഇപ്പോള്‍ നടത്തുന്നത്. 


കൂടുതല്‍ രോഗികള്‍ ഉള്ള തദ്ദേശസ്ഥാപനങ്ങളില്‍ ഈ ഘട്ടത്തില്‍ കൂടുതല്‍ ഗൗരവത്തോടെ ഇടപെടണം. നിയന്ത്രണം കര്‍ക്കശമായി നടപ്പാക്കണം. ടിപിആര്‍ കൂടിയ ജില്ലകളില്‍ പരിശോധനയുടെ എണ്ണം വര്‍ധിപ്പിക്കാന്‍ നിര്‍ദേശം നല്‍കി. 


കോഴിക്കോട് ജില്ലയില്‍ വീടുകളില്‍ രോഗം ബാധിച്ചവരെ സി  എഫ് എല്‍ റ്റി സി കളിലും മറ്റും എത്തിക്കുന്നത്തിന് മികച്ച രീതി നടപ്പാക്കുന്നുണ്ട്. ആ   മാതൃക  സംസ്ഥാനത്താകെ പിന്തുടരാവുന്നതാണ്.  


ജൂണ്‍ 16  കഴിഞ്ഞാല്‍  സെക്രട്ടേറിയറ്റിലും മറ്റും സ്വാഭാവികമായി കൂടുതല്‍ ജീവനക്കാര്‍ എത്തെണ്ടിവരും. അതുകൊണ്ട് അവരുടെ വാക്സിനേഷന്‍ ഉറപ്പാക്കും. മന്ത്രിമാരുടെ സ്റ്റാഫംഗങ്ങള്‍ക്കും സെക്രട്ടറിയേറ്റിലെ മുഴുവൻ ജീവനക്കാർക്കും വാക്സിനേഷന് മുന്‍ഗണനല്‍കും. 


നാളെയും മറ്റന്നാളും സമ്പൂര്‍ണ്ണ ലോക്ക് ഡൗണാണ്. അത് പൂര്‍ണ്ണ അര്‍ത്ഥത്തില്‍ നടപ്പാക്കാന്‍ എല്ലാവരും സഹകരിക്കണം. 


സംസ്ഥാനത്ത് ജനസംഖ്യയുടെ 25 ശതമാനത്തിലധികം പേര്‍ക്ക് ഒന്നാം ഡോസ് വാക്സിന്‍ ഇതുവരെ നല്‍കിയിട്ടുണ്ട്. 

ആവശ്യത്തിന് വാക്സിന്‍   കേന്ദ്രം തരുമെന്ന  പ്രതീക്ഷയില്‍ നടപടികള്‍ നീക്കുകയാണ്. വാക്സിന്‍   സ്റ്റോക്ക് വെക്കാതെ കൊടുത്ത് തീര്‍ക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. 


രണ്ടു ഡോസ്  വാക്സിന്‍ എടുത്തവര്‍ക്ക് യാത്ര ചെയ്യുമ്പോള്‍ സര്‍ട്ടിഫക്കറ്റ് നിര്‍ബന്ധിക്കേണ്ടതില്ല എന്ന് തീരുമാനിച്ചിട്ടുണ്ട്. 


നമ്മുടെ ചികിത്സാ സംവിധാനങ്ങള്‍ മികച്ച നിലയില്‍ തന്നെ പ്രവര്‍ത്തിക്കുകയാണ്.  കണ്ണൂര്‍ പരിയാരം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന നൂറ്റിനാല് വയസ്സുകാരി  ജാനകിയമ്മ രോഗമുക്തി നേടിയത് ആ മികവിന്‍റെ ഒരുദാഹരണമാണ്. ഐ.സി.യു.വില്‍ ഉള്‍പ്പെടെ   11 ദിവസത്തെ ചികിത്സയ്ക്ക് ശേഷമാണ് ജാനകിയമ്മ ആശുപത്രി വിട്ടത്. 


കൊറോണ വൈറസിന് ജനിതക മാറ്റത്തിലൂടെ വിവിധ വകഭേദങ്ങളുണ്ടാവാനുള്ള  സാധ്യത കൂടുതലാണ്. വകഭേദങ്ങളെ അവ ഉത്ഭവിച്ച രാജ്യങ്ങളുടെ പേരിട്ട് വിളിക്കുന്നത് ഒഴിവാക്കണമെന്ന് ലോകാരോഗ്യ സംഘടന നിര്‍ദ്ദേശിച്ചിട്ടുണ്ട്.  അത്കൊണ്ട് വൈറസ് വകഭേദങ്ങള്‍ക്ക് ആല്‍ഫ, ബീറ്റ, ഗാമ, ഡെല്‍റ്റ എന്നിങ്ങനെ പേരു നല്‍കിയിരിക്കുകയാണ്. 

വ്യാപനനിരക്ക് വളരെ കൂടുതലുള്ള ഡെല്‍റ്റാ വൈറസുകളാണ് കേരളത്തില്‍ കൂടുതലായി കാണുന്നത്. മറ്റ് സംസ്ഥാനങ്ങളിലാരംഭിച്ച് ഇപ്പോഴും കേരളത്തില്‍ നിലനില്‍ക്കുന്ന രണ്ടാം തരംഗത്തിന്‍റെ കാരണങ്ങളിലൊന്ന് ഡെല്‍റ്റാ വൈറസുകളാണ്.  വാക്സിന്‍ എടുത്തവരിലും രോഗം ഭേദമായവരിലും രോഗമുണ്ടാക്കാന്‍ ഡെല്‍റ്റാ വൈറസിന് കഴിയും. എങ്കിലും രോഗം രൂക്ഷമാകാനും മരണം സംഭവിക്കാനുമുള്ള സാധ്യത കണ്ടെത്തിയിട്ടില്ല.

നേരത്തെ ഒരാളില്‍ നിന്നും 2 - 3 പേരിലേക്കാണ് രോഗം വ്യാപിച്ചിരുന്നതെങ്കില്‍ ഡെല്‍റ്റാ വൈറസ് 5-10 പേരിലേക്ക് പകരാന്‍ സാധ്യതയുള്ളതാണ്.  അതുകൊണ്ടുതന്നെ ഈ ഘട്ടത്തില്‍  കോവിഡ് പെരുമാറ്റ ചട്ടങ്ങള്‍ കൂടുതല്‍ കര്‍ശനമായി പാലിക്കേണ്ടതുണ്ട്. ഇരട്ട മാസ്ക് ധരിക്കുന്നതിന് പുറമേ  ആഹാരം കഴിക്കാനും മറ്റും  മാസ്ക് നീക്കം ചെയ്യേണ്ടിവരുന്ന സന്ദര്‍ഭങ്ങളില്‍ മറ്റുള്ളവരുമായി ശരീരദൂരം പാലിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. 

ചെറിയ കൂടിച്ചേരലുകള്‍ പോലും കഴിവതും ഒഴിവാക്കണം. പുറമേ പോയി എത്തുന്നവര്‍ വീട്ടിനുള്ളിലും മാസ്ക് ധരിക്കണം.  ഒരുമിച്ചിരുന്നുള്ള ആഹാരം, കുടുംബസമേതമോ കൂട്ടായോ ഉള്ള  ടിവി കാണല്‍ ഇവ ഒഴിവാക്കണം. മാസ്ക്  ധരിക്കാനും ശരീര ദൂരം പാലിക്കാനും വാക്സിന്‍ എടുത്തവരും ശ്രദ്ധിക്കേണ്ടതാണ്. അവരിലും വീണ്ടും കോവിഡ് പരത്താന്‍ (ബ്രേക്ക് ത്രൂ ഇന്‍ഫക്ഷന്‍) ഡെല്‍റ്റാ വൈറസിന് കഴിയും. അവരിലൂടെ മറ്റുള്ളവരിലേക്ക് രോഗാണു വ്യാപിക്കാനും സാധ്യതയുണ്ട്. മറ്റ് രോഗമുള്ളവരിലാണ് കൂടുതലും രോഗബാധയുണ്ടാകുന്നതും അസുഖം മൂര്‍ച്ചിച്ച് മരണമുണ്ടാകുന്നതും.   വാക്സിന്‍ എടുത്താല്‍ പോലും പ്രമേഹം തുടങ്ങിയ അനുബന്ധരോഗങ്ങളുടെ ചികിത്സ മുടങ്ങാതെ തുടരേണ്ടതാണ്.   


രണ്ടാമത്തെ തരംഗത്തിനും മൂന്നാമത്തെ തരംഗത്തിനുമിടയിലെ ഇടവേളയുടെ ദൈര്‍ഘ്യം വര്‍ദ്ധിപ്പിക്കേണ്ടത് അനിവാര്യമാണ്. പല രാജ്യങ്ങളിലും പല ദൈര്‍ഘ്യങ്ങളാണ് ഈ ഇടവേളകള്‍ക്കുണ്ടായിരുന്നത്. ബ്രിട്ടണില്‍ ഉണ്ടായത്  2 മാസത്തെ ഇടവേളയായിരുന്നു. ഇറ്റലിയില്‍ 17 ആഴ്ചയും അമേരിക്കയില്‍ 23 ആഴ്ചയുമായിരുന്നു അത്. കേരളത്തില്‍ മൂന്നാമത്തെ തരംഗത്തിനു മുന്‍പുള്ള ഇടവേള പരമാവധി ദീര്‍ഘിപ്പിക്കുക എന്ന നയമാണ് സ്വീകരിച്ചിരിക്കുന്നത്. പെട്ടെന്നു തന്നെ അടുത്ത തരംഗമുണ്ടാവുകയും അത്  ഉച്ചസ്ഥായിയില്‍ എത്തുകയും ചെയ്താല്‍  മരണങ്ങള്‍ കൂടുതലായി സംഭവിക്കാം.  അതുകൊണ്ട് ലോക്ഡൗണ്‍ ഇളവുകള്‍ ശ്രദ്ധാപൂര്‍വം മാത്രം നടപ്പിലാക്കാനും  ലോക്ഡൗണ്‍ കഴിഞ്ഞാലും കോവിഡ് മാനദണ്ഡങ്ങള്‍ തുടരാനും   ശ്രദ്ധിക്കേണ്ടതുണ്ട്. ഈ സമയത്തിനുള്ളില്‍ ആരോഗ്യ സംവിധാനങ്ങളെ കൂടുതല്‍ ശാക്തികരിക്കാനുള്ള നടപടികള്‍ ഊര്‍ജ്ജസ്വലമായി മുന്നോട്ടുകൊണ്ടുപോകും. 


കോവിഡ് വ്യാപനം കുറഞ്ഞു വരുന്ന സാഹചര്യത്തിലും ആക്റ്റീവ് കേസുകളുടെ എണ്ണത്തില്‍ കുറവുണ്ടായിട്ടും ലോക്ഡൗണ്‍ നീട്ടിയതെന്തിനാണെന്ന സംശയം പൊതുസമൂഹത്തില്‍ ഉണ്ടായിട്ടുണ്ട്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കൂടുകയോ കുറയുകയോ ചെയ്യാതെ ഏകദേശം ഒരേ നിലയില്‍ തുടരുന്ന സാഹചര്യമുണ്ടായി എന്നതാണ് അത്തരമൊരു തീരുമാനമെടുക്കാന്‍ കാരണം. വൈറസ് സാന്ദ്രത കുറച്ചുകൊണ്ട് വന്നില്ലെങ്കില്‍ രോഗവ്യാപനം വീണ്ടുമുയരാന്‍ സാധ്യത കൂടുതലാണ്. മറ്റു പ്രദേശങ്ങളെ അപേക്ഷിച്ച് രോഗം ബാധിക്കാത്തവരുടെ ശതമാനം കേരളത്തില്‍ കൂടുതലായതിനാല്‍ വൈറസ്  സാന്ദ്രത കുറച്ചുകൊണ്ടു വരിക എന്നത് അതിപ്രധാനമാണ്. അതുകൊണ്ടാണ്   ലോക്ഡൗണ്‍ ദീര്‍ഘിപ്പിക്കാന്‍ തീരുമാനം കൈക്കൊണ്ടത്.


ഇവിടെ ഒരുകാര്യം കൂടി സൂചിപ്പിക്കുകയാണ്. കോവിഡുമായി ബന്ധപ്പെട്ട് തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നത് പലവട്ടം ചര്‍ച്ചചെയ്തിട്ടുള്ളതാണ്. ആ രീതി ചില മാധ്യമങ്ങള്‍ ഇപ്പോഴും തുടരുന്നുണ്ട്. എല്ലാ തരം മാധ്യമങ്ങളും അങ്ങനെയുള്ള പ്രവണതയ്ക്കെതിരെ ശക്തമായ നിലപാടെടുക്കണമെന്നഭ്യര്‍ത്ഥിക്കുന്നു. 


മൂന്നാം തരംഗത്തിന്റെ  ഭാഗമായി കുട്ടികളുടെ രോഗബാധ സംബന്ധിച്ച  കാര്യത്തില്‍ പലതരത്തിലുള്ള പ്രചരണം നടക്കുന്നതിനാല്‍ കുടുംബങ്ങളില്‍ വേവലാതി ഉണ്ട്. അത്തരം ആശങ്കയുടെ അവസ്ഥ  ഇപ്പോൾ നിലവിലില്ല. അതിനെ പ്രതിരോധിക്കാൻ വിപുലമായ പരിപാടികളാണ് ഇപ്പോൾ സ്വീകരിച്ചു വരുന്നത്.


പീഡിയാട്രിക് ഐസിയു കാര്യത്തില്‍  നല്ല വര്‍ധന ഉണ്ടാക്കാന്‍ നേരത്തെ   തീരുമാനിച്ചതാണ്. അക്കാര്യം പെട്ടെന്ന് നടപ്പാക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

മൂന്നാം തരംഗം  നേരിടുന്നതിന് പൂര്‍ണമായ ഒരുക്കമാണ്   നടത്തുന്നത്. 


എല്ലാ  ആശുപത്രികളുടെയും പശ്ചാത്തല സൗകര്യം വര്‍ധിപ്പിക്കുകയാണ്.  അത് പിന്നീട് വേണമെങ്കില്‍ പോസ്റ്റ് കോവിഡ് കാര്യങ്ങള്‍ക്കും മറ്റും ഉപയോഗിക്കാം.   പകര്‍ച്ചവ്യാധി വരുമ്പോള്‍ അതിനു വേണ്ടി മാത്രമേ ഇത്  ഉപയോഗിക്കാവൂ.


പുതിയ കേസുകള്‍ ഉത്ഭവിക്കുന്ന സ്ഥലങ്ങള്‍ നിരീക്ഷിക്കും. പുതിയ വകഭേദങ്ങള്‍  ഉണ്ടോ  എന്ന് കണ്ടെത്താനും നിര്‍ദേശം നല്‍കിയിട്ടുണ്ട്.