അന്യ സംസ്ഥാനങ്ങളിൽ നിന്നും തിരിച്ചുവരാൻ ആഗ്രഹിക്കുന്നവർക്ക് പാസിനായി അപേക്ഷിക്കാം

post

മറ്റ് സംസ്ഥാനങ്ങളിൽ നിന്നു കേരളത്തിലേക്ക് മടങ്ങിയെത്തുന്നവർക്കായി ഒരു രജിസ്ട്രേഷൻ സംവിധാനം നോർക്ക ഏർപ്പെടുത്തി. ഇതര സംസ്ഥാനത്ത് ചികിത്സയ്ക്ക് പോയവർ, ചികിത്സ കഴിഞ്ഞവർ, കേരളത്തിൽ ചികിത്സയ്ക്ക് രജിസ്റ്റർ ചെയ്തവർ, കൃഷി ആവശ്യത്തിന് പോയവർ, പഠനം പൂർത്തീകരിച്ച വിദ്യാർത്ഥികൾ, പരീക്ഷ, ഇന്റർവ്യൂ, തീർത്ഥാടനം, വിനോദയാത്ര, ബന്ധു ഗൃഹസന്ദർശനം എന്നിവയ്ക്ക് പോയവർ, അടച്ച വിദ്യാഭ്യസ സ്ഥാപനങ്ങളിലെ വിദ്യാർത്ഥികൾ, ജോലി നഷ്ടമായവർ, റിട്ടയർ ചെയ്തവർ, എന്നിങ്ങനെയുളളവർക്കാണ് മുൻഗണന.

മറ്റുസംസ്ഥാനങ്ങളില്‍ നിന്ന് വരുന്ന മലയാളികള്‍ നോര്‍ക്ക രജിസ്‌ട്രേഷൻ വെബ്സൈറ്റായ https://registernorkaroots.org/ ൽ റജിസ്റ്റര്‍ ചെയ്യേണ്ടതാണ്. റജിസ്റ്റര്‍ ചെയ്തവരുടെ മൊബൈലില്‍ സമയം ഉള്‍പ്പെടെ സന്ദേശം ലഭിക്കും. നോര്‍ക്ക റജിസ്റ്റര്‍ നമ്പര്‍ ഉപയോഗിച്ച് https://covid19jagratha.kerala.nic.in/addDomestic എന്ന വെബ്‌ലിങ്കിലൂടെ യാത്രാപാസുകള്‍ക്ക് അപേക്ഷിക്കണം. തുടർന്ന് യാത്രാവിവരങ്ങൾ നേരിട്ട് അറിയിക്കുന്നതാണ്. പാസുകള്‍ ലഭിച്ചശേഷമേ യാത്ര തുടങ്ങാന്‍ പാടുള്ളുവെന്ന് സര്‍ക്കാര്‍ അറിയിച്ചു. 

1.30,000 പേർ ഇതുവരെ വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്. അതിര്‍ത്തിയില്‍ എത്തുന്നവരെ ആരോഗ്യപരിശോധനയ്ക്ക് വിധേയരാക്കും. രോഗലക്ഷണമുള്ളവരാണെങ്കില്‍ സര്‍ക്കാര്‍ ഒരുക്കിയ ക്വാറന്റൈനിലേക്ക് മാറ്റും.  ആരോഗ്യപ്രശ്നമില്ലാത്തവര്‍ക്ക് നേരെ വീട്ടിലേക്ക് പോകാം.14 ദിവസം വീട്ടില്‍ ക്വാറന്റൈനിൽ കഴിയണം. ക്വാറന്റൈൻ നിര്‍ദ്ദേശങ്ങള്‍ പൂര്‍ണ്ണമായും പാലിക്കുന്നു എന്ന് പൊലീസ് ഉറപ്പുവരുത്തും.

ഇത്തരം പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനായി തദ്ദേശസ്വയംഭരണ സ്ഥാപനത്തിലെ അധ്യക്ഷന്മാരുടെ നേതൃത്വത്തില്‍ ഒരു കമ്മറ്റി രൂപീകരിക്കും. തദ്ദേശസ്ഥാപനത്തിലെ പ്രതിപക്ഷ നേതാവ്, ആരോഗ്യ സ്റ്റാന്‍റിങ് കമ്മിറ്റി അധ്യക്ഷന്‍, എംഎല്‍എ/എംഎല്‍എയുടെ പ്രതിനിധി, പൊലീസ് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ അല്ലെങ്കില്‍ അദ്ദേഹത്തിന്‍റെ പ്രതിനിധി, വില്ലേജ് ഓഫീസര്‍, തദ്ദേശ സ്ഥാപനത്തിന്‍റെ സെക്രട്ടറി, പിഎച്ച്സി മേധാവി, സഹകരണ ബാങ്ക് പ്രസിഡന്‍റ്, സാമൂഹ്യസന്നദ്ധ സേനയുടെ ഒരു പ്രതിനിധി, കുടുംബശ്രീ പ്രതിനിധി, ആശാ വര്‍ക്കര്‍മാരുടെ പ്രതിനിധി, പെന്‍ഷനേഴ്സ് യൂണിയന്‍റെ പ്രതിനിധി എന്നിവരായിരിക്കും കമ്മിറ്റി അംഗങ്ങള്‍. ജില്ലാതലത്തില്‍ കളക്ടര്‍, എസ്പി, ഡിഎംഒ, ജില്ലാ പഞ്ചായത്ത് ഓഫീസര്‍ എന്നിവരടങ്ങുന്ന സമിതി യോഗം ചേര്‍ന്ന് പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്യുകയും ആവശ്യമായ തീരുമാനങ്ങള്‍ എടുക്കുകയും ചെയ്യും.

ആരോഗ്യ സംബന്ധമായ പരിശോധനയുടെയും മറ്റും ഉത്തരവാദിത്തം ആരോഗ്യവകുപ്പിനായിരിക്കും. സുരക്ഷ ഒരുക്കലും മാനദണ്ഡങ്ങള്‍ ലംഘിക്കില്ലെന്ന് ഉറപ്പുവരുത്തലും പൊലീസിന്‍റെ ചുമതലയായിരിക്കും

സംസ്ഥാന തലത്തിൽ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി ബിശ്വന്ത്‌ സിൻഹ ഐഎഎസിനെ ചുമതലപ്പെടുത്തി. ഓരോ സംസ്ഥാനത്തിനും പ്രത്യേക ചുമതലക്കാരുണ്ടാകും.