ക്യാമ്പുകളില്‍ വാക്‌സിനേഷന് പ്രത്യേക പദ്ധതി: മന്ത്രി വീണാ ജോര്‍ജ്

post



ക്യാമ്പുകളിലെ എല്ലാവര്‍ക്കും വാക്‌സിനേഷന്‍ ഉറപ്പാക്കും. ആദ്യഡോസ് വാക്‌സിനേഷന്‍ 94 ശതമാനം കഴിഞ്ഞു


തിരുവനന്തപുരം: ദുരിതാശ്വാസ ക്യാമ്പുകളിലുള്ളവര്‍ക്ക് കോവിഡ് 19 വാക്‌സിനേഷന്‍ ഉറപ്പാക്കാന്‍ പ്രത്യേക പദ്ധതി തയ്യാറാക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. സംസ്ഥാനത്ത് കോവിഡ് വ്യാപനം ഇപ്പോഴും നിലനില്‍ക്കുന്നതിനാല്‍ പരമാവധി ആളുകള്‍ക്ക് വാക്‌സിന്‍ നല്‍കി സുരക്ഷിതമാക്കാനാണ് ശ്രമിച്ച് വരുന്നത്. കനത്ത മഴയെ തുടര്‍ന്ന് പലര്‍ക്കും ക്യാമ്പുകളില്‍ കഴിയേണ്ട അവസ്ഥയുണ്ടായി. വാക്‌സിനെടുത്തവര്‍ക്ക് കോവിഡ് ബാധയില്‍ നിന്നും വലിയ സംരക്ഷണമാണ് നല്‍കുന്നത്. ഗുരുതരമായ അസുഖത്തില്‍ നിന്നും സംരക്ഷിക്കുകയും ആശുപത്രി വാസത്തിന്റെയും മരണത്തിന്റെയും സാധ്യത ഗണ്യമായി കുറയ്ക്കുകയും ചെയ്യുന്നു. ക്യാമ്പുകളിലെ കോവിഡ് പ്രതിരോധം വളരെ വലുതാണ്. അതിനാല്‍ തന്നെ ക്യാമ്പുകളില്‍ കഴിയുന്ന ആരെങ്കിലും വാക്‌സിനെടുക്കാനുണ്ടെങ്കില്‍ അവര്‍ക്ക് വാക്‌സിനേഷന്‍ ഉറപ്പാക്കുന്നതാണ്. വാക്‌സിന്‍ എടുക്കുന്നത് സ്വന്തം സുരക്ഷയ്ക്കും മറ്റുള്ളവരുടെ സുരക്ഷയ്ക്കും പ്രധാനമാണ്. ക്യാമ്പുകളിലെ എല്ലാവര്‍ക്കും വാക്‌സിനേഷന്‍ ഉറപ്പാക്കാന്‍ ജില്ലകള്‍ ക്രമീകരണം ഏര്‍പ്പെടുത്തി വരുന്നതായും മന്ത്രി വ്യക്തമാക്കി.


ക്യാമ്പുകളില്‍ കഴിയുന്നവരില്‍ ആദ്യ ഡോസ് വാക്‌സിന്‍ എടുക്കാനുള്ളവരുടേയും രണ്ടാം ഡോസ് എടുക്കാന്‍ കാലാവധിയെത്തിവരുടേയും വിവരങ്ങള്‍ ശേഖരിച്ചാണ് വാക്‌സിനേഷന്‍ നടത്തുന്നത്. സ്ഥല സൗകര്യമുള്ള ക്യാമ്പുകളില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ നേരിട്ടെത്തി വാക്‌സിന്‍ നല്‍കുന്നതാണ്. അല്ലാത്തവര്‍ക്ക് തൊട്ടടുത്തുള്ള സര്‍ക്കാരാശുപത്രിയില്‍ വാക്‌സിനേഷന്‍ എടുക്കാനുള്ള സൗകര്യമൊരുക്കുന്നതാണ്. മൊബൈല്‍ വാക്‌സിനേഷന്‍ യൂണിറ്റുകളുടേയും സേവനം ഉറപ്പാക്കുന്നതാണ്. ക്യാമ്പുകളില്‍ കഴിയുന്നവരില്‍ ആരെങ്കിലും വാക്‌സിനെടുക്കാനുണ്ടെങ്കില്‍ അവിടെയുള്ള ആരോഗ്യ പ്രവര്‍ത്തകരെ വിവരം അറിയിക്കേണ്ടതാണ്.


ആദ്യ ഡോസ് വാക്‌സിന്‍ എടുക്കാനുള്ളവര്‍ എത്രയും വേഗം വാക്‌സിന്‍ എടുക്കേണ്ടതാണ്. രണ്ടാം ഡോസ് വാക്‌സിന്‍ എടുക്കാനുള്ളവരും കാലതാമസം വരുത്തരുത്. കോവിഷീല്‍ഡ് വാക്‌സിന്‍ 84 ദിവസം കഴിഞ്ഞും കോവാക്‌സിന്‍ 28 ദിവസം കഴിഞ്ഞും ഉടന്‍ തന്നെ രണ്ടാം ഡോസ് സ്വീകരിക്കേണ്ടതാണ്. എന്നാല്‍ ചിലയാളുകള്‍ 84 ദിവസം കഴിഞ്ഞും വാക്‌സിനേഷന്‍ കേന്ദ്രത്തിലെത്തുന്നില്ല. രണ്ട് ഡോസ് വാക്‌സിനും കൃത്യമായ ഇടവേളകളില്‍ സ്വീകരിച്ചാല്‍ മാത്രമേ പൂര്‍ണമായ ഫലം ലഭിക്കൂ. രണ്ടാം ഡോസ് വാക്‌സിന്‍ കൃത്യസമയത്ത് തന്നെ സ്വീകരിക്കേണ്ടതാണ്.


വാക്‌സിനേടുക്കേണ്ട ജനസംഖ്യയുടെ 94.17 ശതമാനം പേര്‍ക്ക് (2,51,52,430) ആദ്യ ഡോസും 47.03 ശതമാനം പേര്‍ക്ക് (1,25,59,913) രണ്ടാം ഡോസും നല്‍കി. ഒന്നും രണ്ടും ഡോസ് ചേര്‍ത്ത് ആകെ 3,77,12,343 ഡോസ് വാക്‌സിനാണ് ഇതുവരെ നല്‍കിയത്. ഇനിയും ആദ്യ ഡോസ് വാക്‌സിന്‍ എടുക്കാനുള്ളവര്‍ ഉടന്‍ തന്നെ തൊട്ടടുത്ത വാക്‌സിനേഷന്‍ കേന്ദ്രത്തില്‍ നേരിട്ടെത്തി വാക്‌സിന്‍ സ്വീകരിക്കേണ്ടതാണെന്നും മന്ത്രി അഭ്യര്‍ത്ഥിച്ചു.