ക്യാമ്പുകളിലെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി മന്ത്രി വീണാ ജോര്‍ജ് കോവിഡ് പകരാതിരിക്കാന്‍ പ്രത്യേക നടപടികള്‍

post


തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴയെ തുടര്‍ന്ന് സജ്ജമാക്കിയ ദുരിതാശ്വാസ ക്യാമ്പുകളുടെ പ്രവര്‍ത്തനം വിലയിരുത്തി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ആരോഗ്യ വകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ ജില്ലാ കളക്ടര്‍മാരുമായും ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാരുമായും മന്ത്രി ചര്‍ച്ച നടത്തി. ദുരന്തമുണ്ടായ കോട്ടയം കൂട്ടിക്കല്‍, ഇടുക്കി കൊക്കയാര്‍ എന്നിവിവിടങ്ങളിലെ പ്രവര്‍ത്തനങ്ങള്‍ മന്ത്രി പ്രത്യേകം ചര്‍ച്ച ചെയ്തു. കോട്ടയം മെഡിക്കല്‍ കോളേജിലും പീരുമേട് ജനറല്‍ ആശുപത്രിയിലുമായി സൗകര്യങ്ങളൊരുക്കി. പോസ്റ്റുമോര്‍ട്ടം നടത്തുന്നതിനായുള്ള ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയതായും മന്ത്രി വ്യക്തമാക്കി.


ക്യാമ്പുകളെല്ലാം തന്നെ കോവിഡ് പ്രോട്ടോകോള്‍ പാലിച്ച് നടത്താന്‍ മന്ത്രി നിര്‍ദേശം നല്‍കി. ക്യാമ്പുകളില്‍ ആന്റിജന്‍ പരിശോധന നടത്തും. ക്യാമ്പിലാര്‍ക്കെങ്കിലും രോഗലക്ഷണങ്ങളുണ്ടെങ്കില്‍ അവരെ മാറ്റി പാര്‍പ്പിക്കുന്നതാണ്. ക്യാമ്പിലെത്തി ഒരാള്‍ പോസിറ്റീവായാല്‍ അദ്ദേഹത്തിന്റെ പ്രാഥമിക സമ്പര്‍ക്ക പട്ടികയിലുള്ള കുടുംബാംഗങ്ങള്‍ പ്രത്യേകം ക്വാറന്റൈനില്‍ കഴിയണം. ക്യാമ്പുകളില്‍ കുട്ടികളെ പ്രത്യേകം ശ്രദ്ധിക്കണം.


ക്യാമ്പുകളുടെ സമീപം കൊതുക് വിമുക്തമാക്കാന്‍ സത്വര നടപടികള്‍ സ്വീകരിക്കണം. ക്യാമ്പുകളില്‍ തിളപ്പിച്ചാറ്റിയ വെള്ളം കുടിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. എല്ലാവരും വ്യക്തി ശുചിത്വം പാലിക്കണം. ജീവിതശൈലീ രോഗമുള്ളവരേയും മറ്റസുഖബാധിതരേയും പ്രത്യേകം ശ്രദ്ധിക്കും. അവര്‍ക്ക് മരുന്നുകള്‍ മുടങ്ങാതിരിക്കാന്‍ എത്തിച്ച് നല്‍കുന്നതാണ്. പാമ്പ് കടി ഏറ്റാല്‍ ചികിത്സ നല്‍കാനുള്ള ക്രമീകരണവും ഏര്‍പ്പെടുത്തും.


ആശുപത്രികളില്‍ മരുന്നുകളുടെ സ്റ്റോക്ക് ഉണ്ടെന്ന് ഉറപ്പ് വരുത്താന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. മുമ്പ് പ്രളയക്കെടുതി നേരിട്ട ആശുപത്രികള്‍ പ്രത്യേക കരുതല്‍ എടുക്കണം. അത്തരം ആശുപത്രികളില്‍ മരുന്നുകളും മറ്റ് സുരക്ഷാ ഉപകരണങ്ങളും സുരക്ഷിതമായി സൂക്ഷിക്കണം.


എല്ലാവരും എലിപ്പനിക്കെതിരെ ജാഗ്രത പുലര്‍ത്തേണ്ടതാണ്. രക്ഷാപ്രവര്‍ത്തനത്തിലേര്‍പ്പെടുന്നവരും വെള്ളത്തില്‍ ഇറങ്ങുന്നവരും നിര്‍ബന്ധമായി എലിപ്പനി പ്രതിരോധത്തിനുള്ള ഗുളികയായ ഡോക്‌സിസൈക്ലിന്‍ കഴിക്കേണ്ടതാണെന്നും മന്ത്രി ഓര്‍മ്മിപ്പിച്ചു.


photo caption :- പത്തനംതിട്ട ജില്ലയിലെ വിവിധ പ്രദേശങ്ങള്‍ മന്ത്രി സന്ദര്‍ശിച്ച് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി.