കെഎസ്ആര്‍ടിസി സര്‍വ്വീസ് പുനരാരംഭിച്ചു
തിരുവനന്തപുരം : കേരളത്തില്‍ നിന്ന് തമിഴ്നാട്ടിലേക്കുള്ള കെഎസ്ആര്‍ടിസി സര്‍വീസുകള്‍ പുനരാരംഭിച്ചു. സംസ്ഥാന അതിര്‍ത്തി കടന്നുകൊണ്ടുള്ള ബസ് സര്‍വീസുകളാണ് ഇന്നുമുതല്‍ പുനരാരംഭിച്ചത്. കേരളത്തിലേക്കുള്ള ബസ് സര്‍വീസ് പുനരാരംഭിക്കാന്‍ തമിഴ്നാട് സര്‍ക്കാര്‍ അനുമതി നല്‍കിയതിനെ തുടര്‍ന്നാണ് നടപടി. ആദ്യ സര്‍വീസ് പാലക്കാട് ഡിപ്പോയില്‍ നിന്നാണ് ആരംഭിച്ചത് . കോവിഡ് സമയത്ത് നിര്‍ത്തിയ സര്‍വീസുകളാണ് ഒരു വര്‍ഷവും എട്ട് മാസവും കഴിഞ്ഞ് പുനരാരംഭിക്കുന്നത്.
കൊവിഡ് വ്യാപന സമയത്ത് അന്തര്‍ സംസ്ഥാന സര്‍വ്വീസുകള്‍ നിര്‍ത്തിവെച്ച ശേഷം കര്‍ണ്ണാടകത്തിലേക്ക് സര്‍വ്വീസുകള്‍ക്ക് അനുമതി ലഭിച്ചുവെങ്കിലും തമിഴ്നാട് ഇത് വരെയും അനുമതി നല്‍കിയിരുന്നില്ല. തുടര്‍ന്ന് കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ തമിഴ്നാട് മുഖ്യമന്ത്രിക്ക് കത്തയക്കുകയും മന്ത്രി ആന്റണി രാജു ഡിസംബര്‍ ആറിന് തമിഴ്നാട് ഗതാഗത മന്ത്രിയോട് ചര്‍ച്ച നടത്താനിരിക്കെയാണ് തമിഴ്നാട് അനുമതി നല്‍കിയത്. തമിഴ്നാട് ചൊവ്വാഴ്ച നടത്തിയ അവലോകന യോഗത്തില്‍ ലോക്ഡൗണ്‍ ഡിസംബര്‍ 15 വരെ നീട്ടാനും കൂടുതല്‍ ഇളവുകള്‍ നല്‍കാനും തീരുമാനിച്ചു. ഇതില്‍ ഏറ്റവും പ്രധാനപ്പെട്ട ഇളവാണ് കേരളത്തിലുള്ള പൊതുഗതാഗതം പുനഃസ്ഥാപിച്ചത്.
ശബരിമല തീര്‍ത്ഥാടനത്തോടനുബന്ധിച്ചും സാധാരണക്കാരുടെ യാത്രാ ബുദ്ധിമുട്ടുകള്‍ പരിഗണിച്ചും ബസ് സര്‍വ്വീസുകള്‍ പുനരാരംഭിക്കാനുള്ള സാഹചര്യം ഒരുക്കണമെന്ന കേരളത്തിന്റെ ആവശ്യം പരിഗണിച്ചാണ് നിലവില്‍ തമിഴ്നാട് ബസ് സര്‍വീസുകള്‍ക്ക് ഏര്‍പ്പെടുത്തിയ നിയന്ത്രണം പിന്‍വലിച്ചത്. ഇതോടെ തമിഴ്നാട്ടിലെ വിവിധ ജില്ലകളിലേക്കുള്ള കെഎസ്ആര്‍ടിസി സര്‍വീസിനൊപ്പം സ്വകാര്യ ബസുകള്‍ക്കും സര്‍വീസ് നടത്താം. ആന്ധ്ര, കര്‍ണാടക സംസ്ഥാനങ്ങളിലെ സര്‍ക്കാര്‍, സ്വകാര്യ ബസുകള്‍ക്കു തമിഴ്‌നാട്ടില്‍ പ്രവേശിക്കാന്‍ നേരത്തെ അനുമതി നേരത്തെ അനുമതി നല്‍കിയിരുന്നു. കേരളത്തിലെ കൊവിഡ് കേസുകള്‍ കുറഞ്ഞതോടെയാണ് ഇളവ് അനുവദിച്ചത്.