കോവിഡ് വ്യാപനം ഒഴിവാക്കാന്‍ എത്രയും വേഗം വാക്‌സിന്‍ സ്വീകരിക്കുക: മന്ത്രി വീണാ ജോര്‍ജ്

post


തിരുവനന്തപുരം: സംസ്ഥാനത്ത് ഒമിക്രോണ്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യത്തില്‍ വീണ്ടും ഒരു കോവിഡ് വ്യാപനം ഒഴിവാക്കുവാനായി, കോവിഡ് വാക്‌സിന്‍ ഇതുവരെ സ്വീകരിക്കാത്തവര്‍ എത്രയും വേഗം വാക്‌സിന്‍ സ്വീകരിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. സംസ്ഥാനത്ത് വാക്‌സിന്‍ ക്ഷാമമില്ല. 11 ലക്ഷം ഡോസ് വാക്‌സിന്‍ ഇപ്പോള്‍ സ്റ്റോക്കുണ്ട്. സൗജന്യമായി വാക്‌സിന്‍ എടുക്കുവാനുള്ള സൗകര്യം എല്ലാ സര്‍ക്കാര്‍ വാക്‌സിനേഷന്‍ കേന്ദ്രങ്ങളിലും ലഭ്യമാണ്. ഈ സൗകര്യം എല്ലാവരും പ്രയോജനപ്പെടുത്തണമെന്നും മന്ത്രി അഭ്യര്‍ത്ഥിച്ചു.


രണ്ടാം ഡോസ് വാക്‌സിന്‍ എടുക്കാനുള്ളവര്‍ നിശ്ചിത കാലയളവില്‍ വാക്‌സിന്‍ സ്വീകരിക്കേണ്ടതാണ്. കോവിഷീല്‍ഡ് വാക്‌സിന്‍ രണ്ടാം ഡോസ്, ആദ്യ ഡോസ് സ്വീകരിച്ച് കഴിഞ്ഞ് 84 മുതല്‍ 116 ദിവസത്തിനുള്ളിലും കോവാക്‌സിന്‍ 28 മുതല്‍ 42 ദിവസത്തിനുള്ളിലുമാണ് സ്വീകരിക്കേണ്ടത്. രണ്ടാം ഡോസ് സ്വീകരിക്കുന്നതില്‍ ആരും വിമുഖത കാട്ടരുത്. രണ്ടാമത്തെ ഡോസ് വാക്‌സിന്‍ സ്വീകരിച്ച് കഴിഞ്ഞ് 14 ദിവസം കഴിയുമ്പോഴാണ് പൂര്‍ണമായ പ്രതിരോധ ശേഷി ലഭിക്കുന്നത്. അതിനാല്‍ എത്രയും നേരത്തെ രണ്ടു ഡോസ് വാക്‌സിന്‍ നിശ്ചിത കാലയളവില്‍ സ്വീകരിക്കുക എന്നത് കോവിഡ് പ്രതിരോധത്തില്‍ വളരെ പ്രധാനമാണ്. വാക്‌സിന്‍ സ്വീകരിച്ചവരില്‍ കോവിഡ് രോഗബാധ തീവ്രമാകുന്നതായി കാണുന്നില്ല. അതിനാല്‍ ആശുപത്രി വാസത്തിന്റെയും ഐ.സി.യു, വെന്റിലേറ്റര്‍ എന്നിവ ഉപയോഗിക്കേണ്ടി വരുന്നത് കുറയുകയും മരണം സംഭവിക്കുന്നത് ഒഴിവാക്കുവാനും ആകുന്നു.


സമൂഹത്തിലെ എല്ലാവരും ഒരുപോലെ വാക്‌സിന്‍ സ്വീകരിച്ച് രോഗപ്രതിരോധശേഷി ആര്‍ജ്ജിച്ചാല്‍ ഒമിക്രോണ്‍ വകഭേദ വ്യാപന ഭീഷണി തടയുവാനും കൊവിഡ് മൂന്നാം തരംഗത്തെ ഫലപ്രദമായി പ്രതിരോധിക്കുവാനും ആകും.അതിനാല്‍ വാക്‌സിനെടുക്കാന്‍ ബാക്കിയുള്ളവര്‍ എത്രയും വേഗം വാക്‌സിന്‍ സ്വീകരിക്കേണ്ടതാണെന്നും മന്ത്രി വ്യക്തമാക്കി.