സ്കൂളുകളും കോളേജുകളും പൂര്‍ണ്ണതോതില്‍ ഫെബ്രുവരി അവസാനത്തോടെ
സംസ്ഥാനത്ത് സ്കൂളുകളും കോളേജുകളും മുഴുവന്‍
വിദ്യാര്‍ത്ഥികളെയും ഉള്‍പ്പെടുത്തി രാവിലെ മുതല്‍ വൈകുന്നേരം വരെ പ്രവർത്തിക്കാൻ ഫെബ്രുവരി അവസാന വാരത്തോടെ സജ്ജമാക്കാന്‍ കോവിഡ് അവലോകനയോഗം തീരുമാനിച്ചു. അതിനുവേണ്ട തയ്യാറെടുപ്പുകള്‍ സ്കൂളുകളില്‍ ആരംഭിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദ്ദേശം നല്‍കി. അതുവരെ പകുതി വിദ്യാര്‍ത്ഥികളെ മാത്രം ഉള്‍പ്പെടുത്തി ക്ലാസ്സുകള്‍ നടത്തും.
ഫെബ്രുവരി നാലിലെ വര്‍ഗ്ഗീകരണം അനുസരിച്ച് ജില്ലകളിലെ നിയന്ത്രണങ്ങള്‍ തുടരും.
ആലുവ ശിവരാത്രി, മാരാമണ്‍ കണ്‍വെണ്‍ഷന്‍, ആറ്റുകാല്‍ പൊങ്കാല തുടങ്ങിയ ചടങ്ങുകളില്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് കൂടുതല്‍ പേര്‍ക്ക് പങ്കെടുക്കാന്‍ അവസരം നല്‍കുന്ന കാര്യം പരിശോധിക്കും. വടക്കേ മലബാറില്‍ ഉത്സവങ്ങള്‍ നടക്കുന്ന മാസമാണ് ഫെബ്രുവരി. ഇവിടങ്ങളിലും ക്രമീകരണങ്ങള്‍ വരുത്തി കൂടുതല്‍പേരെ പങ്കെടുക്കാന്‍ അനുവദിക്കും.
കോവിഡാനന്തര രോഗവിവിരങ്ങള്‍ രേഖപ്പെടുത്താന്‍ പോസ്റ്റ് കോവിഡ് രജിസ്ട്രി ആരംഭിക്കുന്ന കാര്യം ആരോഗ്യ വകുപ്പ് പരിശോധിക്കണം.
പോസ്റ്റ് കോവിഡ് ക്ലിനിക്കുകള്‍ ആരംഭിച്ചിട്ടുണ്ട്. ഇതിന് സംസ്ഥാന തലത്തില്‍ നോഡല്‍ ഓഫീസറെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ജില്ലകളില്‍ ഡെപ്യൂട്ടി ഡിഎംഒ തലത്തിലും
ചുമതല നല്‍കിയിട്ടുണ്ട്.
ആശുപത്രികളില്‍ പ്രത്യേകിച്ച് മെഡിക്കല്‍ കോളേജ് ആശുപത്രികളില്‍ കോവിഡ് ജോലിക്ക് നിയോഗിക്കപ്പെട്ടവര്‍ സമയബന്ധിതമായി എത്താത്തത് പലപ്പോഴും പ്രയാസങ്ങള്‍ സൃഷ്ടിക്കുന്നതായി ശ്രദ്ധയില്‍പെട്ടിട്ടുണ്ട്. ഇത് ഗൗരവമായി പരിഗണിച്ച് പരിഹരിക്കണം. ഗുരുതരാവസ്ഥയിലുള്ളവരെ സീനിയര്‍ ഡോക്ടര്‍മാര്‍ കൂടി പരിശോധിക്കണമെന്ന് നേരത്തെ തീരുമാനിച്ചതാണ്. ഇത് നടപ്പാകുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്ന് ആരോഗ്യവകുപ്പിന് മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കി.
ചില സ്വകാര്യ ആശുപത്രികള്‍ അനാവശ്യമായി മോണോ ക്ലോണല്‍ ആന്‍റി ബോഡി ചികിത്സ നടത്തുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇക്കാര്യത്തില്‍ നടപടി സ്വീകരിക്കാന്‍ ആരോഗ്യവകുപ്പിനോട് മുഖ്യമന്ത്രി ആവശ്യപ്പെട്ടു.