കേരളത്തിന്റെ കൊറോണ പോരാട്ടം മാതൃകാപരം: ദ ഹിന്ദു മുന്‍ എഡിറ്റര്‍ ഇന്‍ ചീഫ്എന്‍. റാം

post

'ദ ഹിന്ദു' മുന്‍ എഡിറ്റര്‍ ഇന്‍ ചീഫ് കേരളത്തിന്റെ കൊറോണ പോരാട്ടത്തെക്കുറിച്ച് വിവരിക്കുന്നു 

ലോകം മുഴുവന്‍ കൊറോണ വൈറസ് ഭീതിയിലാണ്ടുനില്‍ക്കുകയാണ്. ഈ സാഹചര്യത്തില്‍ പ്രതിസന്ധി തരണം ചെയ്യാന്‍ ഓരോ പ്രദേശത്തേയും സര്‍ക്കാരുകള്‍ സ്വീകരിക്കുന്ന നടപടികള്‍ക്കാണ് പ്രാധാന്യം. അങ്ങനെ നോക്കുമ്പോള്‍ കേരള സര്‍ക്കാരിന് ലോകമെമ്പാടും നിന്ന് വന്‍ സ്വീകാര്യത ലഭിച്ചതായി കാണാം.

കൊറോണക്കെതിരേ കേരള സര്‍ക്കാരും കേരള ജനതയും നടത്തുന്ന പോരാട്ടത്തില്‍ ഏതൊരു ഇന്ത്യക്കാരനും അഭിമാനംകൊള്ളാം. ഇവിടെ രാഷ്ട്രീയമോ പ്രത്യയശാസ്ത്രമോ ഒന്നും കടമ്പയാകേണ്ടതില്ല. കൊറോണ പ്രതിസന്ധി നേരിടുന്നതില്‍ ' കേരള മോഡൽ' ഉണ്ടെന്ന് സംസ്ഥാനം അവകാശപ്പെടുന്നില്ല. എന്നാല്‍ വിയറ്റ്നാം, ചൈന, ദക്ഷിണ കൊറിയ, ന്യൂസിലാന്റ്, ജർമ്മനി തുടങ്ങിയ രാജ്യങ്ങള്‍ക്ക് സമാനമായ പ്രവര്‍ത്തനമാണ് കേരളത്തിലും നടക്കുന്നത് എന്ന് പറയാം. ഇതാണ് കേരളത്തെ ലോകജന ശ്രദ്ധയില്‍ കൊണ്ടുവന്നത്. കേരളത്തിന്റെ മാതൃകാപരമായ പ്രതികരണത്തിൽ നിന്ന് നല്ല പാഠങ്ങൾ പഠിക്കാനുണ്ട്. ദി ഗാർഡിയൻ, ദി വാഷിംഗ്ടൺ പോസ്റ്റ്, ബിബിസി എന്നിവയുൾപ്പെടെയുള്ള വാർത്താ മാധ്യമങ്ങൾ ഇക്കാര്യം ചർച്ച ചെയ്തിരുന്നു. 

ഇന്ത്യയിൽ ആദ്യമായി കോവിഡ് -19 കേസ് രേഖപ്പെടുത്തിയ സംസ്ഥാനമാണ് കേരളം. ആദ്യമൊക്കെ കോവിഡ് കേസുകളുടെ എണ്ണത്തിൽ ഇന്ത്യൻ സംസ്ഥാനങ്ങളില്‍ മുന്‍ നിരയില്‍ ആയിരുന്നു. ഈ വേളയില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള എല്‍ ഡി എഫ് സര്‍ക്കാര്‍ സമയം ഒട്ടും പാഴാക്കാതെ നിശ്ചയദാര്‍ഢ്യത്തോടെ അവശ്യ നടപടികള്‍ കൈക്കൊണ്ടു. പഴുതടച്ച ആരോഗ്യ സംരക്ഷണ മാര്‍ഗരേഖയാണ് സംസ്ഥാനം സ്വീകരിച്ചത്. ഇതോടൊപ്പം കോവിഡ് മൂലമുള്ള പ്രതിസന്ധി നേരിടാൻ 20,000 കോടി രൂപയുടെ സാമ്പത്തിക പാക്കേജും പ്രഖ്യാപിച്ചു. ഈ കാലയളവില്‍ മറ്റ് സംസ്ഥാനങ്ങളില്‍ കോവിഡ് കേസുകളുടെ എണ്ണം വര്‍ദ്ധിക്കുകയും കേരളത്തില്‍ അത് താഴേക്ക് പോയതായും കാണാം. കോവിഡ് മരണനിരക്ക് പിടിച്ചുകെട്ടുന്നതിലും കേരളം വിജയം കണ്ടു. 

കേരള സര്‍ക്കാര്‍ ജനങ്ങൾക്ക് നാല് വാഗ്ദാനങ്ങള്‍ നല്‍കിയിരുന്നു. കേരളത്തിൽ ഉള്ള സുഹൃത്തുക്കളുമായി സംസാരിച്ചപ്പോള്‍ ഈ നാല് വാഗ്ദാനങ്ങളും സുതാര്യതയോടെ പാലിക്കപ്പെട്ടുവെന്ന് അറിയാൻ കഴിഞ്ഞു. സംസ്ഥാനത്ത് ആരും തന്നെ പട്ടിണി കിടക്കേണ്ടി വരില്ല എന്നതായിരുന്നു ഇതിൽ ആദ്യത്തേത്. സർക്കാരിന്റെ എല്ലാ വിഭാഗങ്ങളും ഈ വാഗ്ദാനം നിറവേറ്റുന്നതിന് കഠിനമായി പരിശ്രമിച്ചു. അതോടൊപ്പം ജനങ്ങൾക്ക് ഭക്ഷണവും മറ്റ് അത്യാവശ്യ വസ്തുക്കളും ലഭിക്കുന്നു എന്ന് ഉറപ്പ് വരുത്താൻ സന്നദ്ധ പ്രവർത്തകരെയും രംഗത്തിറക്കി. സംരക്ഷണം ഇല്ലാതെ ആരും കഷ്ടതയനുഭവിക്കില്ല എന്നതാണ് രണ്ടാമത്തെ വാഗ്ദാനം. ഭീതി ഇല്ലാതെ കയറിക്കിടക്കാന്‍ ഒരിടം ഒരുക്കുന്നതിലും സര്‍ക്കാര്‍ വിജയം കണ്ടു. സംസ്ഥാനത്ത് ഉള്ള അതിഥി തൊഴിലാളികള്‍ക്കെല്ലാം  സംരക്ഷണം നല്‍കിയ രീതി മറ്റ് സംസ്ഥാനങ്ങൾക്കും കേന്ദ്ര സർക്കാരിനും മാതൃകയാണ്.

ആരോഗ്യകാര്യം ആണ് മൂന്നാം വാഗ്ദാനം. ചികിത്സ തേടി എത്തുന്നവര്‍ക്ക് മികച്ച ചികിത്സ ലഭ്യമാക്കുന്നതായിരുന്നു അത്. ലോകാരോഗ്യസംഘടനയുടെ മാർഗ്ഗ നിർദ്ദേശങ്ങൾ പാലിച്ചുകൊണ്ട് കോവിഡ് പരിശോധന, ഐസോലേഷന്‍, കോണ്ടാക്റ്റ് ട്രാക്കിംഗ് എന്നിവ നടത്തി. സൗജന്യ ചികിത്സ നല്‍കുക എന്നത് കേരളം സ്വീകരിച്ച മികച്ച മാര്‍ഗമാണ്. 

കോവിഡ് കേസുകൾ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ആദ്യനാളുകളിൽ തന്നെ പരിശോധനകള്‍ ഊര്‍ജ്ജിതമാക്കിയത് ഗുണം ചെയതു. കേസുകളുടെ എണ്ണം കുറഞ്ഞതോ കൈകാര്യം ചെയ്യാവുന്നതോവായി നിലനിർത്താൻ കഴിഞ്ഞുവെന്നത് ഇതിന് തെളിവാണ്. കേരളത്തിന്റെ പരിശോധനാ നിരക്ക് മറ്റ് സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍  വളരെ ഉയർന്നതാണെന്നത് രേഖപ്പെടുത്തുന്നുണ്ട്.നാലാമതായി, വാര്‍ത്തകളും അറിയിപ്പുകളും തടസ്സംകൂടാതെ അപ്പപ്പോള്‍ ജനങ്ങളിലേക്ക് എത്തിക്കുന്നു എന്നതാണ്. മുഖ്യമന്ത്രി പിണറായി വിജയന്റെ ദൈനംദിന അവലോകനവും സർക്കാർ ജനങ്ങളുമായി നിരന്തരം ആശയവിനിമയം നടത്തുന്നതും ജനങ്ങളുമായി നല്ല ബന്ധം നിലനിർത്താൻ സഹായകമായി. 

കേരളം ജാഗ്രത പുലര്‍ത്തുന്നതില്‍ വിജയിച്ചു. ഇപ്പോൾ വിദേശത്ത് നിന്ന്, പ്രത്യേകിച്ച് പശ്ചിമേഷ്യൻ രാജ്യങ്ങളിൽ നിന്നും, മറ്റ് ഇന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നും ധാരാളം പ്രവാസി മലയാളികൾ മടങ്ങിയെത്തിക്കൊണ്ടിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ അമിതാത്മവിശ്വാസം വേണ്ടെന്ന് മുഖ്യമന്ത്രി ജനങ്ങളോട് പറയുന്നു. ഇത് അലംഭാവത്തിനുള്ള സമയമല്ല. സാമൂഹിക അകലം തുടര്‍ന്നും പാലിക്കേണ്ടതുണ്ട്. ലോക് ഡൗണ്‍ നിയമ ലംഘനങ്ങള്‍ ശ്രദ്ധയില്‍ പെടുന്നുണ്ട്. ഇത് ഉണ്ടാകാന്‍ പാടില്ല. നിലവിലുള്ള സാഹചര്യം നേരിടുക എന്നത് അത്ര എളുപ്പമല്ല. പക്ഷേ ഈ വെല്ലുവിളിയെ നേരിടാനും മറികടക്കാനും സർക്കാരും ജനങ്ങളും തയ്യാറാണ് എന്നതിൽ സംശയമില്ലെന്ന ശുഭാപ്തി വിശ്വാസം മുഖ്യമന്ത്രി പങ്കുവയ്ക്കുന്നു.

കേരളാ കോളിങില്‍ വന്ന ലേഖനം വായിക്കാം: (പേജ് നമ്പര്‍ 9-10) - keralabattlescovid.in/pdf/KC_May2020-1591037056.pdf