കേരളത്തിൽ കോവിഡ് പരിശോധനാ കേന്ദ്രങ്ങളുടെ എണ്ണം വർധിപ്പിക്കും: മുഖ്യമന്ത്രി
കേരളത്തിൽ കോവിഡ് പരിശോധനാ കേന്ദ്രങ്ങളുടെയും പരിശോധനയുടെയും എണ്ണം വർധിപ്പിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഇപ്പോൾ സർക്കാർ മേഖലയിൽ 59ഉം സ്വകാര്യമേഖലയിൽ 51ഉം ടെസ്റ്റിങ് കേന്ദ്രങ്ങളുണ്ട്.
സ്വകാര്യ ആശുപത്രി പ്രതിനിധികളുമായി രണ്ടു ചർച്ച നടത്തി കോവിഡ് ചികിത്സാ ഫീസും മറ്റും നിശ്ചയിച്ചു. നിരവധി സ്വകാര്യ ആശുപത്രികൾ കോവിഡ് ചികിത്സാ കേന്ദ്രങ്ങൾ ആരംഭിച്ചിട്ടുണ്ട്. രണ്ട് സ്വാശ്രയ സ്വകാര്യ മെഡിക്കൽ കോളേജുകൾ കണ്ണൂരും വയനാട്ടിലും കോവിഡ് ചികിത്സക്ക് മാത്രമായി വിട്ടു നൽകിയിട്ടുണ്ട്.
ജൂലൈ 19 വരെയുള്ള കണക്കുകൾ പ്രകാരം സംസ്ഥാനത്തൊട്ടാകെ 187 സിഎഫ്എൽടിസി കളിലായി 20404 ബെഡുകൾ തയ്യാറായിക്കഴിഞ്ഞു. 305 ഡോക്ടർമാരേയും 572 നഴ്‌സുമാരേയും 62 ഫാർമസിസ്റ്റുകളേയും 27 ലാബ് ടെക്‌നീഷ്യൻമാരേയും ജൂലൈ 19നുള്ളിൽ സിഎഫ്എൽടിസികളിൽ ഏർപ്പെടുത്തിയിട്ടുണ്ട്. 742 സിഎഫ്എൽടിസികളാണ് ജൂലൈ 23നകം തയ്യാറാകുമെന്ന് പ്രതീക്ഷിക്കുന്നത്. അതോടെ ബെഡുകളുടെ എണ്ണം 69215 ആയി ഉയരുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
എല്ലാ സിഎഫ്എൽടിസികളിലും രാവിലെ മുതൽ വൈകുന്നേരം വരെ ഒപി നടത്താനുള്ള സൗകര്യവും ടെലിമെഡിസിന് ആവശ്യമായ ലാൻഡ്‌ലൈനും ഇന്റർനെറ്റ് സൗകര്യങ്ങളും ഉണ്ടായിരിക്കും. ഓരോ സിഎഫ്എൽടിസിക്കും ആംബുലൻസ് സൗകര്യമേർപ്പെടുത്തും. ഐസൊലേഷനിലുള്ളവർക്ക് ബാത്ത്‌റൂമോടു കൂടിയ പ്രത്യേക മുറികൾ ലഭിക്കും. വെള്ളവും വൈദ്യുതിയും മുടങ്ങാതെ ലഭ്യമാകാനും ഭക്ഷണം എത്തിക്കാനും വേണ്ട ക്രമീകരണങ്ങൾ ഉറപ്പു വരുത്തും. ഫ്രണ്ട് ഓഫീസ്, ഡോക്ടർമാരുടെ കൺസൾട്ടിങ് റൂം, നഴ്‌സിങ് സ്റ്റേഷൻ, ഫാർമസി, സ്റ്റോർ, ഒബ്‌സർവേഷൻ റൂം, തുടങ്ങിയ സൗകര്യങ്ങളും ഉണ്ടായിരിക്കും. മാലിന്യങ്ങൾ ശാസ്ത്രീയമായി സംസ്‌കരിക്കാൻ വേണ്ട സംവിധാനങ്ങൾ ഏർപ്പെടുത്തും. സെമി പെർമനന്റ് ടോയ്‌ലറ്റുകളും ഉണ്ടാവും.
ആന്റിജൻ ടെസ്റ്റ് പോസിറ്റീവ് ആയവരിൽ രോഗലക്ഷണങ്ങളില്ലാത്തവരേയും നിലവിലെ സാഹചര്യത്തിൽ കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്ററുകളിലേക്കു കൊണ്ടുപോകേണ്ടി വരും. രോഗലക്ഷണങ്ങൾ ഇല്ലാത്തവരിൽനിന്നും രോഗം പകരാനും അതുവഴി സമൂഹവ്യാപനത്തിനും സാധ്യതയുണ്ട്. അതുകൊണ്ട് രോഗലക്ഷണങ്ങൾ ഇല്ലെങ്കിലും പോസിറ്റീവ് ആയവരെ മാറ്റിപ്പാർപ്പിക്കുന്നതാണ് ഉചിതം. പരിശോധനാ ഫലം നെഗറ്റീവ് ആകുന്ന മുറയ്ക്ക് സർക്കാർ മാനദണ്ഡപ്രകാരം തിരികെ വീട്ടിൽ എത്തിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
കേരളത്തിന്റെ കോവിഡ് പ്രതിരോധത്തിലുണ്ടായ പാളിച്ചകളാണ് നിലവിൽ കേസുകളുടെ എണ്ണം കൂടാൻ കാരണമായത് എന്ന തരത്തിലുള്ള പ്രചരണം ചിലർ നടത്തുന്നുണ്ട്. ഇങ്ങനെ പരാതി പറയുന്നവർ യാഥാർത്ഥ്യം മനസിലാക്കുന്നില്ല. ഉറക്കം നടക്കുന്നവരെ ഉണർത്താനാവില്ലെന്ന് മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.