നിലവിലെ സാഹചര്യം നേരിടാൻ കേരളം സജ്ജം: മുഖ്യമന്ത്രി

post

കോവിഡ് രോഗ വ്യാപനത്തിന്റെ നിലവിലെ സാഹചര്യം നേരിടാൻ കേരളം സജ്ജമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കോവിഡ് ചികിത്സയ്ക്കായി മാത്രമുള്ള ആശുപത്രി കിടക്കകൾക്കു പുറമെ 15,975 കിടക്കകൾ ഫസ്റ്റ്‌ലൈൻ ട്രീറ്റ്‌മെന്റ് സെന്ററുകളിൽ തയ്യാറായിട്ടുണ്ട്.

അവയിൽ 4535 പേരാണ് ഇപ്പോൾ ചികിത്സയിലുള്ളത്. ആരോഗ്യപ്രവർത്തകർക്കായുള്ള 3.42 ലക്ഷം എൻ 95 മാസ്‌കുകളും 3.86 ലക്ഷം പിപിഇ കിറ്റുകളും 16.1 ലക്ഷം ത്രീലെയർ മാസ്‌കുകളും 40.3 ലക്ഷം ഗ്ലൗസുകളും സ്‌റ്റോക്കുണ്ട്.

80 വെന്റിലേറ്ററുകൾ കഴിഞ്ഞ ദിവസങ്ങളിൽ വാങ്ങി. 270 ഐസിയു വെന്റിലേറ്ററുകൾ കേന്ദ്ര ഗവൺമെന്റിൽനിന്നു ലഭ്യമായി. രണ്ടാഴ്ചയ്ക്കകം 50 വെന്റിലേറ്ററുകൾ കൂടി കേന്ദ്ര ഗവൺമെന്റിൽനിന്നും പ്രതീക്ഷിക്കുന്നു.

6007 വെന്റിലേറ്ററുകൾക്ക് രാപ്പകൽ പ്രവർത്തിക്കാൻ വേണ്ട ഓക്‌സിജൻ സ്‌റ്റോക്ക് ചെയ്തിട്ടുണ്ട്. ഏഴ് മെഡിക്കൽ കോളേജുകളിലും ലിക്വിഡ് ഓക്‌സിജൻ സൗകര്യം ലഭ്യമാണ്. 947 ആംബുലൻസുകൾ കോവിഡ് കാര്യങ്ങൾക്കായി മാത്രം സജ്ജമാണ്.

ഇ-സഞ്ജീവിനി ടെലിമെഡിസിൻ സംവിധാനം എല്ലാ ജില്ലകളിലും പ്രവർത്തിക്കുന്നുണ്ട്. 50 മൊബൈൽ മെഡിക്കൽ യൂണിറ്റുകൾ ഇപ്പോൾ പ്രവർത്തിക്കുന്നു. 19 എണ്ണം സ്ഥാപിക്കാനുള്ള പ്രവർത്തനം നടന്നുവരുന്നതായി മുഖ്യമന്ത്രി പറഞ്ഞു.