കേരളത്തിന് വീണ്ടും ആശ്വാസം; ബുധനാഴ്ച ആർക്കും കോവിഡ് സ്ഥിരീകരിച്ചില്ല

post

കേരളത്തിന് വീണ്ടുമൊരു ആശ്വാസ ദിനം. ബുധനാഴ്ച ആർക്കും കോവിഡ് സ്ഥിരീകരിച്ചില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഏഴു പേർ രോഗമുക്തി നേടി. ഇടുക്കി സ്വദേശി ഉൾപ്പെടെ ആറു പേർ കോട്ടയത്തും ഒരാൾ പത്തനംതിട്ടയിലുമാണ്് നെഗറ്റീവ് ആയത്. 469 പേരാണ് ഇതുവരെ രോഗമുക്തി നേടിയത്.

നിലവിൽ 30 പേരാണ് ചികിത്സയിലുള്ളത്. 14,670 പേർ നിരീക്ഷണത്തിലുണ്ട്. 14,402 പേർ വീടുകളിലും 268 പേർ ആശുപത്രികളിലുമാണ്. ബുധനാഴ്ച 1154 സാമ്പിളുകൾ പരിശോധന നടത്തി. മുൻഗണനാ വിഭാഗത്തിലെ 2947 സാമ്പിളുകൾ പരിശോധിച്ചതിൽ ഫലം ലഭിച്ച 2147 സാമ്പിളുകൾ നെഗറ്റീവാണ്. സംസ്ഥാനത്ത് പുതിയ ഹോട്ട് സ്‌പോട്ടുകളില്ല.

സംസ്ഥാനത്ത് ആറു ജില്ലകളിലാണ് കോവിഡ് ബാധിതർ ഇപ്പോഴുള്ളത്. കണ്ണൂരിൽ 18 പേർ ചികിത്സയിലുണ്ട്. കോഴിക്കോട്, മലപ്പുറം, തൃശൂർ, എറണാകുളം, കോട്ടയം, പത്തനംതിട്ട, ആലപ്പുഴ, തിരുവനന്തപുരം ജില്ലകൾ ഇപ്പോൾ കോവിഡ് മുക്തമായതായി മുഖ്യമന്ത്രി പറഞ്ഞു.