പ്രവർത്തനം വിപുലീകരിച്ച് പി.ആർ.ഡി. ഫാക്ട് ചെക്ക് വിഭാഗം

post

സംസ്ഥാനത്ത് കോവിഡ് സംബന്ധമായ വ്യാജവാർത്തകൾ/സന്ദേശങ്ങൾ കണ്ടെത്താനും, നടപടികൾ കൈക്കൊള്ളുന്നതിനുമായി ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പിന്റെ കീഴിൽ ആരംഭിച്ച ഫാക്ട് ചെക്ക് വിഭാഗത്തിന്റെ (IPRD Fact-Check)  ഘടനയും, പ്രവർത്തനവും  വിപുലീകരിച്ചു. കോവിഡ് സംബന്ധമായ വ്യാജവാർത്തകൾ/സന്ദേശങ്ങൾ എന്നിവ കൈകാര്യം ചെയ്യാൻ മാത്രമായി തുടങ്ങിയ വിഭാഗം, ഇനിമുതൽ പൊതുവിൽ സർക്കാരിനെയും പൊതുജനങ്ങളെയും ബാധിക്കുന്ന വ്യാജവാർത്തകൾ/സന്ദേശങ്ങൾ എന്നിവയും കൈകാര്യം ചെയ്യുമെന്ന് ഡയറക്ടർ യു. വി. ജോസ് അറിയിച്ചു. ഏപ്രിൽ ആറിനാണ് ഫാക്ട് ചെക്ക് വിഭാഗം പ്രവർത്തനം തുടങ്ങിയത്. 

ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് സെക്രട്ടറി അധ്യക്ഷനും, ഡയറക്റ്റർ കൺവീനറും, മിർ മുഹമ്മദ് അലി അഡൈ്വസറും, പ്രധാനപ്പെട്ട വകുപ്പുകളിലെ മുതിർന്ന ഉദ്യോഗസ്ഥർ, മുതിർന്ന മാധ്യമ എഡിറ്റർമാർ, സൈബർസുരക്ഷ, ഫാക്ട് ചെക്ക് വിദഗ്ധർ എന്നിവരടങ്ങുന്ന ഗവർണിങ് കൗൺസിൽ പ്രവർത്തനങ്ങൾ അവലോകനം ചെയ്യും. പൊതുജനങ്ങൾ ഫാക്ട് ചെക്ക് വിഭാഗത്തിന് വാട്‌സാപ്പിലൂടെ (വാട്‌സാപ്പ് നം: 9496003234) കൈമാറിയ 1635 സംശയകരമായ സന്ദേശങ്ങൾ / വാർത്തകളിൽ 1586 എണ്ണത്തിന് വാട്‌സാപ്പ് അഡ്മിൻ മുഖാന്തിരം മറുപടി നൽകി. കൂടുതൽ അന്വേഷണവും ഉറപ്പാക്കലും ആവശ്യമായതും, സർക്കാരിനെയും പൊതുജനജീവിതത്തെയും സാരമായി ബാധിക്കുന്നതുമായ  49 എണ്ണം ഫാക്ട് ചെക്ക് വിഭാഗം നിജസ്ഥിതി കണ്ടെത്തി ഫേസ്ബുക്കിലൂടെ ( fb.com/iprdfactcheckkerala ) ജനങ്ങളെ അറിയിക്കുകയും ചെയ്തു. ഗൗരവമുള്ള 12 എണ്ണം കേരളാ പോലീസിന്റെ സൈബർഡോമിന് തുടർനടപടികൾക്കായി കൈമാറി.  

ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് ഡയറക്റ്ററേറ്റിലെ ഫാക്ട് ചെക്ക് വിഭാഗത്തിന് പുറമെ, സംസ്ഥാനതലത്തിൽ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിന് ജില്ലാ ഇൻഫർമേഷൻ ഓഫീസ് കേന്ദ്രീകരിച്ചുള്ള ഫാക്ട് ചെക് സെല്ലുകൾ രൂപീകരിക്കും. ഇതിനുള്ള നടപടികൾ പുരോഗമിക്കുന്നു. കൂടാതെ ഫാക്ട് ചെക്ക് വിഭാഗത്തിന്റെ കണ്ടെത്തലുകൾ, അറിയിപ്പുകൾ, ബോധവത്കരണ കണ്ടെന്റുകൾ എന്നിവ കൂടുതൽ ആളുകളിലേക്ക് എത്തിക്കുന്നതിന് ഒരു വെബ് പോർട്ടൽ തയ്യാറാകുന്നുണ്ട്.