മാതൃക റിവേഴ്‌സ് ക്വാറന്റൈന്‍ സെന്റര്‍ പരിരക്ഷ കേന്ദ്രം ആരംഭിച്ചു
കോവിഡ്-19 സമൂഹ വ്യാപനം ഉണ്ടായ തിരുവനന്തപുരം തീരദേശ മേഖലയിലെ വയോജനങ്ങള്‍ക്കും മറ്റ് അസുഖങ്ങള്‍ ഉള്ളവര്‍ക്കുമായുള്ള സംസ്ഥാന സര്‍ക്കാര്‍ മാതൃക റിവേഴ്‌സ് ക്വാറന്റൈന്‍ സെന്റര്‍ ‘പരിരക്ഷ കേന്ദ്രം’ പ്രവര്‍ത്തനം ആരംഭിച്ചു. ആരോഗ്യവകുപ്പ്, തിരുവനന്തപുരം ജില്ലാ ഭരണകൂടം, കേരള സാമൂഹ്യ സുരക്ഷാ മിഷന്‍, എന്‍.എച്ച്.എം. എന്നിവ സംയുകതമായാണ് കേന്ദ്രം സജ്ജമാക്കിയത്. വള്ളക്കടവ് സിദ്ധ ആശുപത്രിക്ക് വേണ്ടി നിര്‍മ്മിച്ച കെട്ടിടത്തിലാണ് പരിരക്ഷ കേന്ദ്രം പ്രവര്‍ത്തിക്കുന്നത്.
കോവിഡ് ബാധിച്ചാല്‍ ഏറ്റവുമധികം ഗുരുതരാവസ്ഥയിലെത്തുന്ന വയോജനങ്ങളേയും രോഗികളേയും സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് മാതൃക മാതൃക റിവേഴ്‌സ് ക്വാറന്റൈന്‍ കേന്ദ്രം ആരംഭിച്ചതെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ പറഞ്ഞു. സമൂഹ വ്യാപനം ഉണ്ടായ തീരദേശ മേഖലയിലെ റിവേഴ്‌സ് ക്വാറന്റൈന്‍ ആവശ്യമായതും വീട്ടില്‍ ക്വാറന്റൈന്‍ സൗകര്യമില്ലാത്തതും നോക്കാന്‍ ആരുമില്ലാത്തതുമായ വയോജനങ്ങളേയാണ് ഈ കേന്ദ്രത്തിലെത്തിക്കുന്നത്. മുഴുവന്‍ സമയ ഡോക്ടര്‍മാരുടെയും നഴ്‌സ്മാരുടെയും സേവനവും ഉറപ്പാക്കിയിട്ടുണ്ട്. ആവശ്യമെങ്കില്‍ ആംബുലന്‍സ് സേവനവും ലഭ്യമാക്കുന്നതാണ്. താമസിക്കാന്‍ ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളും ഭക്ഷണവും ഉള്‍പ്പെടെയുള്ളവ ഇവിടെ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
രോഗ വ്യാപനം ഉണ്ടാവുന്ന മേഖലയില്‍ വയോജനങ്ങളെയും മറ്റു അസുഖമുള്ളവരെയും പ്രത്യേകമായി റിവേഴ്‌സ് കോറന്റൈന്‍ ചെയ്താല്‍ മരണ നിരക്ക് വളരെയധികം കുറയ്ക്കാന്‍ സാധിക്കും. ഇതിന് മാതൃകയാവുന്ന തരത്തിലാണ് മാതൃകാ റിവേഴ്‌സ് ക്വാറന്റൈന്‍ കേന്ദ്രം സജ്ജമാക്കിയിരിക്കുന്നത്. 5 ദിവസം കൊണ്ടാണ് 30 പേര്‍ക്ക് താമസിക്കാവുന്ന ക്യുബിക്കിള്‍ മാതൃകയിലുള്ള താമസ സൗകര്യം സജ്ജമാക്കിയത്.
കോവിഡ് പരിശോധന നടത്തി നെഗറ്റീവായവരേയാണ് ഇങ്ങോട്ട് മാറ്റുന്നത്. പോസിറ്റീവായയരെ സിഎഫ്എല്‍ടിസിയിലേക്ക് മാറ്റുന്നു. ഓരോ താമസക്കാര്‍ക്കും വസ്ത്രങ്ങള്‍, പ്ലേറ്റ്, ഗ്ലാസ്, ചെരിപ്പ്, സോപ്പ്, ബ്രഷ്, ടൂത്ത് പേസ്റ്റ് തുടങ്ങിയവയടങ്ങിയ കിറ്റുകള്‍ നല്‍കുന്നു. വയോമിത്രങ്ങളുടെ ശാരീരിക മാനസികാരോഗ്യം ഉറപ്പ് വരുത്തുന്നതിനായി വീട്ടിലെ അന്തരീക്ഷമാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. ഓരോ നിലയിലും മാനസികോല്ലാസത്തിനായി ടി.വി.യും സ്ഥാപിച്ചിട്ടുണ്ട്. അത്യാവശ്യ മരുന്നുകളും മെഡിക്കല്‍ ഉപകരണങ്ങളും വയോമിത്രത്തിന്റെ സേവനങ്ങളും ഇവിടെ ലഭ്യമാക്കിയിട്ടുണ്ട്.