സൂപ്പർ സ്‌പ്രെഡ് തടയാൻ ആക്ഷൻ പ്‌ളാൻ തയ്യാറാക്കും: മുഖ്യമന്ത്രി

post

സമ്പർക്ക രോഗികളുടെ എണ്ണം കൂടിയ പശ്ചാത്തലത്തിൽ സൂപ്പർ സ്‌പ്രെഡ് ഒഴിവാക്കാൻ ആക്ഷൻ പ്ലാൻ നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സൂപ്പർ സ്‌പ്രെഡിലേക്ക് പോയ പ്രദേശങ്ങളിൽ പ്രത്യേകം ക്ലസ്റ്ററായി തിരിച്ച് കർശന നടപടികൾ സ്വീകരിക്കുന്നു. രോഗവ്യാപനം കൂടിയ പ്രദേശങ്ങളിൽ പരിശോധനകൾ വ്യാപിപ്പിച്ചു.

എത്രയും വേഗം രോഗബാധിതരെ കണ്ടെത്തുകയും സമ്പർക്കത്തിലുള്ളവരെ ക്വാറന്റീനിലാക്കുകയുമാണ്. അതിർത്തികടന്ന് വരുന്നവർക്കായി ആശുപത്രികളിൽ പ്രത്യേകം ഒപി തുടങ്ങുകയും കിടത്തി ചികിത്സയ്ക്കുള്ള സൗകര്യമൊരുക്കുകയും ചെയ്തിട്ടുണ്ട്. ഇക്കാര്യത്തിൽ കൂടുതൽ കർക്കശമായ നടപടികളിലേക്ക് നീങ്ങും. കണ്ടെയ്ൻമെന്റ് സോൺ പ്രദേശത്തെ എല്ലാ ആളുകളെയും ക്വാറന്റീൻ ചെയ്യുന്നതായി മുഖ്യമന്ത്രി പറഞ്ഞു.

സമ്പർക്കരോഗികളുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ ആരോഗ്യപ്രവർത്തകരോടൊപ്പം കോൺടാക്റ്റ് ട്രെയിസിങ്ങിനായി പൊലീസ് ഉദ്യോഗസ്ഥരെക്കൂടി നിയോഗിക്കാൻ തീരുമാനിച്ചിട്ടുണ്ട്.