ആലപ്പുഴ മെഡിക്കൽ കോളേജിൽ കോവിഡ് പരിശോധന ആരംഭിച്ചു

post

ആലപ്പുഴ ഗവ. മെഡിക്കൽ കോളേജിലെ ലാബിന് കോവിഡ്-19 ആർടിപിസിആർ പരിശോധനയ്ക്കുള്ള ഐ.സി.എം.ആർ. അനുമതി ലഭിച്ചതിനെ തുടർന്ന് പരിശോധനകൾ ആരംഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ അറിയിച്ചു. 100 മുതൽ 200 വരെ പ്രതിദിന പരിശോധനകൾ നടത്താനാകും. മൈക്രോ ബയോളജി വിഭാഗത്തിനോട് ചേർന്നാണ് ഈ ലാബ് പ്രവർത്തനസജ്ജമാക്കിയത്. ഈ ലാബ് കൂടി പ്രവർത്തനസജ്ജമായതോടെ എൻ.ഐ.വി. ആലപ്പുഴ ഉൾപ്പെടെ മെഡിക്കൽ കോളേജ് ക്യാമ്പസിൽ രണ്ട് ആർടിപിസിആർ ലാബുകളാണ് ഉള്ളത്. ഇതോടെ പരിശോധനാ ഫലങ്ങൾ വേഗത്തിൽ നൽകാനാകുമെന്നും മന്ത്രി വ്യക്തമാക്കി.

17 സർക്കാർ ലാബുകളിലും 8 സ്വകാര്യ ലാബുകളിലുമുൾപ്പെടെ 25 സ്ഥലങ്ങളിലാണ് കോവിഡ്-19 ആർടിപിസിആർ പരിശോധിക്കാനുള്ള സംവിധാനങ്ങളുള്ളത്. ആലപ്പുഴ എൻ.ഐ.വി, കോഴിക്കോട് മെഡിക്കൽ കോളേജ്, തിരുവനന്തപുരം മെഡിക്കൽ കോളേജ്, തൃശൂർ മെഡിക്കൽ കോളേജ്, ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ട്, പബ്ലിക് ഹെൽത്ത് ലാബ്, രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്നോളജി, മലബാർ ക്യാൻസർ സെന്റർ, കോട്ടയം ഇന്റർ യൂണിവേഴ്സിറ്റി സെന്റർ ഫോർ ബയോമെഡിക്കൽ റിസർച്ച്, കാസർഗോഡ് സെന്റർ യൂണിവേഴ്സിറ്റി, മഞ്ചേരി മെഡിക്കൽ കോളേജ്, എറണാകുളം മെഡിക്കൽ കോളേജ്, കണ്ണൂർ മെഡിക്കൽ കോളേജ്, കോട്ടയം മെഡിക്കൽ കോളേജ്, പാലക്കാട് മെഡിക്കൽ കോളേജ്, കൊല്ലം മെഡിക്കൽ കോളേജ്, ആലപ്പുഴ മെഡിക്കൽ കോളേജ് എന്നിവിടങ്ങളിലെ സർക്കാർ ലാബുകളിലാണ് ആർടിപിസിആർ പരിശോധനയ്ക്കുള്ള സൗകര്യമുള്ളത്. തുടക്കത്തിൽ നൂറിൽ താഴെമാത്രമായിരുന്ന കോവിഡ് പരിശോധന 20,000ന് മുകളിലെത്തിക്കാൻ കഴിഞ്ഞു.