കോവിഡ് പോരാളികള്‍ക്ക് കൂടുതല്‍ പ്രതിഫലം ; ഇന്‍സെന്റീവും റിസ്‌ക് അലവന്‍സും - മന്ത്രിസഭായോഗ തീരുമാനങ്ങള്‍
കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ നാട്ടില്‍ എത്തി വിദേശത്തെ ജോലി സ്ഥലങ്ങളിലേക്ക് മടങ്ങിപ്പോകാന്‍ കഴിയാത്ത പ്രവാസികള്‍ക്ക് 5000 രൂപ വീതം ധനസഹായം നല്‍കുന്നതിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാനിധിയില്‍ നിന്ന് 50 കോടി രൂപ നോര്‍ക്ക റൂട്ട്‌സിന് അനുവദിക്കാന്‍ തീരുമാനിച്ചു. നേരത്തെ നല്‍കിയ 8.5 കോടി രൂപയ്ക്കു പുറമെയാണിത്.
കോവിഡ് പ്രതിരോധ പ്രവര്‍ത്തനം നിര്‍വഹിക്കുന്ന എന്‍എച്ച്എം ജീവനക്കാരുടെ പ്രതിഫലം പരിമിതമായതിനാല്‍ എന്‍എച്ച്എമ്മിന്റെ കീഴില്‍ കരാര്‍, ദിവസ വേതനാടിസ്ഥാനത്തില്‍ നിയമിക്കപ്പെടുന്നവര്‍ക്ക് കൂടുതല്‍ ആനുകൂല്യങ്ങള്‍ നല്‍കും. ഇന്‍സെന്റീവും റിസ്‌ക് അലവന്‍സും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇതിന് പ്രതിമാസം 22.68 കോടി രൂപ അധിക ബാധ്യതയായി അനുവദിക്കും.
മെഡിക്കല്‍ ഓഫീസര്‍, സ്‌പെഷ്യലിസ്റ്റ് എന്നിവരടക്കമുള്ളവര്‍ ഗ്രേഡ് ഒന്നിലായിരിക്കും. ഇവരുടെ വേതനം കുറഞ്ഞത് 40,000 എന്നത് 50,000മാക്കി ഉയര്‍ത്തും. 20 ശതമാനം റിസ്‌ക് അലവന്‍സും അനുവദിക്കും.
സീനിയര്‍ കണ്‍സള്‍ട്ടന്റ്, ഡെന്റല്‍ സര്‍ജന്‍, ആയുഷ് ഡോക്ടര്‍മാര്‍ തുടങ്ങിയവര്‍ അടങ്ങുന്ന രണ്ടാം കാറ്റഗറിക്ക് 20 ശതമാനം റിസ്‌ക് അലവന്‍സ് അനുവദിക്കും.
മൂന്നാമത്തെ വിഭാഗത്തില്‍ സ്റ്റാഫ് നഴ്‌സ്, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍, ഫാര്‍മസിസ്റ്റ്, ടെക്‌നീഷ്യന്‍ തുടങ്ങിയവരാണുള്ളത്. ഇവരുടെ പ്രതിമാസ വേതനം കുറഞ്ഞത് 13,500 രൂപ ആയിരുന്നത് 20,000 രൂപയായി ഉയര്‍ത്തും. 25 ശതമാനം റിസ്‌ക് അലവന്‍സും അനുവദിക്കും.
ലാസ്റ്റ്‌ഗ്രേഡ് ജീവനക്കാര്‍ക്ക് ദിവസവേതനത്തിനു പുറമെ 30 ശതമാനം റിസ്‌ക് അലവന്‍സ് അനുവദിക്കും.കോവിഡ് പ്രവര്‍ത്തനങ്ങളുടെ നടത്തിപ്പിന് അധിക ജീവനക്കാര്‍ ഉണ്ടെങ്കില്‍, ഇന്‍സെന്റീവും റിസ്‌ക് അലവന്‍സും പുതുതായി നിയമിക്കപ്പെടുന്ന എല്ലാ ജീവനക്കാര്‍ക്കും ലഭ്യമാക്കും.
വിവിധ രോഗങ്ങള്‍ക്കുള്ള കോവിഡ് ഹെല്‍ത്ത് പോളിസി പാക്കേജുകള്‍ കെഎഎസ്പി സ്‌കീമിന്റെ പരിധിയില്‍ വരാത്ത ജീവനക്കാര്‍ക്കും നല്‍കും. കോവിഡ് ബ്രിഗേഡിലെ എല്ലാ അംഗങ്ങള്‍ക്കും മുഖ്യമന്ത്രിയുടെ അഭിനന്ദന സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ തീരുമാനിച്ചു.