‘സുഭിക്ഷ കേരള’ത്തിന്‍റെ ഭാഗമായി പൊതുജലാശയങ്ങളില്‍ മത്സ്യം വളര്‍ത്തല്‍ പദ്ധതിക്ക് തുടക്കം
ഈ വര്‍ഷം 4.2 കോടി മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിക്കും
‘സുഭിക്ഷ കേരള’ത്തിന്‍റെ ഭാഗമായി ഫിഷറീസ് വകുപ്പിന്‍റെ ആഭിമുഖ്യത്തില്‍ ഈ വര്‍ഷം സംസ്ഥാനത്തെ പൊതുജലാശയങ്ങളില്‍ മല്‍സ്യവിത്തുകള്‍ നിക്ഷേപിക്കുന്ന പദ്ധതി മുഖ്യമന്ത്രി പിണറായി വിജയന്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ ഉദ്ഘാടനം ചെയ്തു.
വിവിധയിനത്തിലുള്ള നാലു കോടിയിലധികം മല്‍സ്യക്കുഞ്ഞുങ്ങളെയാണ് റിസര്‍വോയറുകളിലും പുഴകളിലുമായി നിക്ഷേപിക്കുന്നത്. ഉള്‍നാടന്‍ മത്സ്യസമ്പത്തിന്‍റെ സംരക്ഷണവും മത്സ്യ ലഭ്യതയും ലക്ഷ്യമിടുന്ന ഈ പദ്ധതി ലക്ഷക്കണക്കിന് കര്‍ഷകരുടെ തൊഴില്‍സുരക്ഷ കൂടി ഉറപ്പുവരുത്തുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. കോവിഡിനെതിരായ പോരാട്ടവും ഭക്ഷ്യസുരക്ഷയും ഒരുമിച്ചു കൊണ്ടുപോകാനുള്ള സര്‍ക്കാരിന്‍റെ ഇച്ഛാശക്തിയുടെ ഭാഗമാണ് ഈ പദ്ധതി.
പത്തനംതിട്ട, തൃശൂര്‍, ഇടുക്കി, കോഴിക്കോട്, പാലക്കാട് ജില്ലകളിലെ 16 ജലസംഭരണികളിലാണ് മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിക്കുന്നത്. തൃശൂര്‍ ജില്ലയിലെ പീച്ചി, വാഴാനി ജലസംഭരണികള്‍ വനം വന്യജീവി സംരക്ഷണ നിയമപ്രകാരമുള്ള സംരക്ഷിത മേഖലയില്‍ ഉള്‍പ്പെടുന്നവയാണെന്നതിനാല്‍ അവിടെ തനത് മത്സ്യ ഇനങ്ങളും മറ്റുള്ള ജലസംഭരണികളില്‍ കാര്‍പ്പ് മത്സ്യ ഇനങ്ങളുമാണ് നിക്ഷേപിക്കുന്നത്. ജലസംഭരണികളില്‍ ഒരു കോടി 30 ലക്ഷം മത്സ്യക്കുഞ്ഞുങ്ങളെയും രണ്ടുകോടി 70 ലക്ഷം മല്‍സ്യങ്ങളെയും നാട്ടിലെ പൊതു ജലാശയങ്ങളില്‍ വളര്‍ത്താനാണ് ഉദ്ദേശിക്കുന്നത്. അതുകൊണ്ടുതന്നെ ജലാശയങ്ങളുടെ സംരക്ഷണത്തിനും അവയെ ആശ്രയിച്ച് ജീവിക്കുന്ന പൊതുസമൂഹത്തിനും കൈത്താങ്ങാണ് ഈ പദ്ധതിയെന്ന് മുഖ്യമന്ത്രി പറഞ്ഞു.
സംസ്ഥാനത്തെ 47 റിസര്‍വോയറുകളില്‍ 33 എണ്ണവും മത്സ്യം വളര്‍ത്തുന്നതിന് ഉപയോഗിക്കും. 44 നദികളില്‍ നാല്‍പതിലും മത്സ്യം വളര്‍ത്തും. ഈ വര്‍ഷം 4.2 കോടി മത്സ്യക്കുഞ്ഞുങ്ങളെയാണ് നിക്ഷേപിക്കുന്നത്. വൈവിധ്യമുള്ള മത്സ്യങ്ങളെ വളര്‍ത്താനാണ് പരിപാടി. പുതിയ ഇനം ചില മത്സ്യക്കുഞ്ഞുങ്ങളെ തായ്ലണ്ടില്‍നിന്ന് കൊണ്ടുവരാനും തീരുമാനിച്ചിട്ടിണ്ട്. ചടങ്ങില്‍ ഫിഷറീസ് മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ അധ്യക്ഷയായിരുന്നു.
കോവിഡ് സൃഷ്ടിച്ച പ്രതികൂല സാഹചര്യത്തിലും പ്രതിസന്ധികള്‍ ഇല്ലാതെ നമുക്ക് ഭക്ഷ്യസുരക്ഷ ഉറപ്പാക്കാന്‍ സാധിക്കണം. ഉല്‍പാദന മേഖലക്ക് ഉണര്‍വുണ്ടാക്കണം. ആ ഉദ്ദേശത്തോടുകൂടിയാണ് വിവിധ മേഖലകളെ സംയോജിപ്പിച്ച് 3860 കോടി രൂപയുടെ പദ്ധതി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ വഴി സര്‍ക്കാര്‍ നടപ്പിലാക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. അതില്‍ മത്സ്യബന്ധനത്തിനു 2078 കോടി രൂപയാണ് നീക്കിവെച്ചിട്ടുള്ളത്. സുഭിക്ഷ കേരളം പദ്ധതിയില്‍ ഏറ്റവും കൂടുതല്‍ തുക വകയിരുത്തിയിട്ടുള്ളതും ഈ മേഖലയ്ക്കാണ്.
ഏതു രോഗത്തെയും ചെറുക്കാന്‍ നമ്മുടെ പ്രതിരോധശേഷി വര്‍ധിപ്പിക്കേണ്ടതുണ്ട്. ഒരു സമീകൃത ആഹാരം എന്നതിനാലും സവിശേഷ പോഷക ഘടകങ്ങള്‍ ഉള്ളതിനാലും രോഗപ്രതിരോധശേഷിക്ക് പറ്റിയ വിഭവമാണ് മത്സ്യം. എന്നാല്‍, നമ്മുടെ നാട്ടില്‍ മത്സ്യത്തിന്‍റെ ലഭ്യത വലിയതോതില്‍ കുറഞ്ഞുവരികയാണ്. മുന്‍പ് സുലഭമായി കിട്ടിയിരുന്ന പല മീനുകളും ഇപ്പോള്‍ നമ്മുടെ തീരത്ത് വളരെ വിരളമായേ കിട്ടുന്നുള്ളു.
മലിനീകരണം കൊണ്ടും കാലാവസ്ഥാ വ്യതിയാനം കൊണ്ടും നമ്മുടെ ജലാശയങ്ങളില്‍ നിന്നുള്ള മത്സ്യസമ്പത്തും കുറയുന്നുണ്ട് എന്നത് വസ്തുതയാണ്. ഇവയെ ആശ്രയിച്ച് ജിവിക്കുന്ന ഒരു വലിയ വിഭാഗത്തിന് ഇത് കനത്ത വരുമാന നഷ്ടമാണ് ഉണ്ടാക്കുന്നത്. ഈ സാഹചര്യം കൂടി കണക്കിലെടുത്താണ് വിവിധ കൃഷിരീതികള്‍ ഉപയോഗപ്പെടുത്തി പ്രാദേശിക മത്സ്യോല്‍പ്പാദനം വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. 1.3 ലക്ഷം ടണ്‍ മത്സ്യം അധികമായി ഉല്‍പാദിപ്പിക്കാനാകുമെന്നാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്. ഒപ്പം ഗുണമേډയുള്ള മത്സ്യം ആഭ്യന്തര വിപണിയില്‍ തന്നെ ന്യായവിലയ്ക്ക് ലഭ്യമാക്കാനും സാധിക്കും.
മത്സ്യത്തിന്‍റെ വിപണനത്തിന് പ്രാഥമിക സഹകരണ സംഘങ്ങള്‍ വഴി വില്‍പന കേന്ദ്രങ്ങള്‍ സജ്ജമാക്കാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. ശീതീകരണ സംവിധാനങ്ങള്‍, മത്സ്യകൃഷിക്ക് ആവശ്യമായ ഗുണനിലവാരമുള്ള വിത്തുല്‍പാദനത്തിനായി ഗിഫ്റ്റ് മത്സ്യക്കുഞ്ഞു ഹാച്ചറികള്‍, കുറഞ്ഞ ചിലവില്‍ മത്സ്യ തീറ്റ ലഭ്യമാക്കുന്നതിനായി ഫീഡ് മില്ലുകള്‍, മത്സ്യ രോഗങ്ങള്‍ നിയന്ത്രിക്കാനായി മൊബൈല്‍ അക്വാ ക്ലിനിക്കുകള്‍ തുടങ്ങിയ വിവിധ ഘടകങ്ങള്‍ ഉള്‍പ്പെടുന്ന പദ്ധതി കൂടിയാണ് സുഭിക്ഷ കേരളം.
കഴിഞ്ഞ നാലു വര്‍ഷത്തിനിടെ ഇതുപോലെ വിവിധ പദ്ധതികളിലൂടെ കാര്‍ഷിക ഉല്‍പ്പാദനം വര്‍ധിപ്പിച്ച് കര്‍ഷകരുടെ ആത്മവിശ്വാസവും അവരുടെ ജീവിതനിലവാരവും ഉയര്‍ത്താന്‍ സര്‍ക്കാരിന് സാധിച്ചിട്ടുണ്ട്. 2016ല്‍ ആറുലക്ഷം ടണ്‍ ആയിരുന്നു സംസ്ഥാനത്തെ പച്ചക്കറി ഉല്‍പ്പാദനം. നാലുവര്‍ഷം പിന്നിടുമ്പോള്‍ അത് 12.75 ലക്ഷം ടണ്‍ ആയി 1.9 ലക്ഷം ഹെക്ടറിലായിരുന്ന നെല്‍ക്കൃഷി. ഇപ്പോള്‍ അത് രണ്ടേകാല്‍ ലക്ഷത്തോളം ഹെക്ടറായി.
മുട്ട, മാംസം എന്നിവയുടെ ഉല്‍പ്പാദനവും വര്‍ധിച്ചു. പാല്‍ ഉല്‍പ്പാദനമാകട്ടെ സ്വയംപര്യാപ്തതയിലേക്ക് അടുക്കുകയാണ്. മത്സ്യോല്‍പാദനത്തിന്‍റെ കാര്യത്തിലും സ്വയംപര്യാപ്തത കൈവരിക്കാന്‍ സാധിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.