കോവിഡ് പ്രതിരോധം: പൊലീസിന്റെ എല്ലാ സ്പെഷ്യൽ യൂണിറ്റുകളിലും ഉദ്യോഗസ്ഥരെ നിയോഗിക്കും
കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി വിജിലൻസ് ഉൾപ്പെടെയുള്ള പൊലീസിന്റെ എല്ലാ സ്പെഷ്യൽ യൂണിറ്റുകളിലേയും ഉദ്യോഗസ്ഥരെ നിയോഗിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ക്രമസമാധാന ചുമതലയുള്ള ഉദ്യോഗസ്ഥരെ കൂടാതെ എസ്പി, ഡിഐജി, ഐജി, എഡിജിപി തലത്തിലുള്ള ഉദ്യോഗസ്ഥൻമാർ നേരിട്ടോ അല്ലാതെയോ പ്രതിരോധപ്രവർത്തനങ്ങളിൽ പങ്കാളികളാകും.
ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ തീരുന്നതുവരെ ജാഥകളും യോഗങ്ങളും സംഘടിപ്പിക്കുന്നതിനുള്ള നിയന്ത്രണങ്ങൾ തുടരും.
സംസ്ഥാനത്തിനകത്ത് കെഎസ്ആർടിസി ദീർഘദൂര യാത്രാ സർവീസുകൾ പുനരാരംഭിക്കാൻ തീരുമാനിച്ചു. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരിക്കും സർവീസ്.
കേരള സർക്കാർ നടപ്പിലാക്കിയ ഡിജിറ്റൽ വിദ്യാഭ്യാസ രീതി ദേശീയ തലത്തിൽ ശ്രദ്ധേയമായതായി മുഖ്യമന്ത്രി പറഞ്ഞു. ഇന്ത്യയിലെ വിദൂര വിദ്യാഭ്യാസ മുന്നേറ്റങ്ങളെ (2020) സംബന്ധിച്ച് എംഎച്ച്ആർഡി പുറത്തിറക്കിയ റിപ്പോർട്ടിലാണ് കേരളത്തെ രാജ്യത്തിനേറ്റവും നല്ല മാതൃകയായി അവതരിപ്പിച്ചിരിക്കുന്നത്.
ഡിജിറ്റൽ ക്ലാസ് റൂം, ഐസിടി ലാബ്, ഓൺലൈൻ പ്രവേശനം, കമ്പ്യൂട്ടർ അധിഷ്ഠിത പഠനം, സമൂഹ പങ്കാളിത്തം തുടങ്ങി എംഎച്ച്ആർഡി നിർദ്ദേശിച്ച 16 മാനദണ്ഡങ്ങളിൽ 15ഉം കേരളം നേടിയിട്ടുണ്ട് എന്ന് റിപ്പോർട്ടിൽ സൂചിപ്പിക്കുന്നതായി മുഖ്യമന്ത്രി പറഞ്ഞു.