കോവിഡ് ബാധിച്ച് മരിച്ചവരുടെ സംസ്‌കാരം: ആലപ്പുഴയിലും വയനാട്ടും മാതൃകാപരമായ നടപടികൾ
കോവിഡ് ബാധിച്ച് മരിച്ചവരുടെ സംസ്‌കാരം സംബന്ധിച്ച് ആലപ്പുഴയിലും വയനാട്ടും നിന്നുമുള്ള വാർത്തകൾ മാതൃകാപരമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ആലപ്പുഴ ജില്ലയിൽ കൊവിഡ് ബാധിച്ച് മരണമടഞ്ഞവരെ അവരുടെ തന്നെ ഇടവക സെമിത്തേരികളിൽ ദഹിപ്പിച്ച് സംസ്‌കരിക്കാൻ കത്തോലിക്കാ സഭ ആലപ്പുഴ രൂപത തീരുമാനിച്ചതാണ് ഒരു സംഭവം. നിലവിലെ സാഹചര്യത്തിൽ, ദഹിപ്പിക്കൽ വഴി സംസ്‌കരിക്കാനും ചിതാഭസ്മം സെമിത്തേരിയിൽ അടക്കം ചെയ്യാനും തീരുമാനിച്ചതായാണ് ബിഷപ്പ് ഡോ. ജെയിംസ് ആനാപറമ്പിൽ ജില്ലാ കലക്ടറെ അറിയിച്ചത്.
കോവിഡ് മാനദണ്ഡങ്ങൾ അനുസരിച്ച് മൃതദേഹങ്ങൾ ദഹിപ്പിക്കുന്നതിന് ജില്ലാ ഭരണസംവിധാനവും ആരോഗ്യപ്രവർത്തകരും അതത് ഇടവകകൾക്ക് എല്ലാ സഹായങ്ങളും നൽകും. ആലപ്പുഴ രൂപതയുടെത് മാതൃകാപരമായ പ്രവൃത്തിയാണ്. ഇത്തരത്തിലുള്ള ആദ്യ സംസ്‌കാരം കാട്ടൂർ സെൻറ് മൈക്കിൾസ് പള്ളിയിൽ നടക്കുന്നുണ്ട്.
വയനാട് ജില്ലയിൽ വെള്ളമുണ്ട പഞ്ചായത്തിലെ വാരാമ്പറ്റ മഹല്ല് കമ്മിറ്റി കാണിച്ച മാതൃകയും ശ്രദ്ധേയമാണ്. ബാംഗ്ലൂരിൽ നിന്ന് തലശ്ശേരിയിലേക്കുള്ള യാത്രാമദ്ധ്യേ ബത്തേരിയിൽ മരണപ്പെട്ട വ്യക്തിയുടെ മൃതദേഹം കൊണ്ടുപോകാൻ തടസ്സമുള്ളതിനാൽ വാരാമ്പറ്റ പള്ളി ഖബർസ്ഥാനത്ത് മറവു ചെയ്യാൻ മഹല്ല് കമ്മിറ്റി സമ്മതിക്കുകയായിരുന്നു. കമ്മിറ്റി ഭാരവാഹികളും ജനപ്രതിനിധികളും സന്നദ്ധ പ്രവർത്തകരും ഒത്തൊരുമയോടെയാണ് കോവിഡ് സ്ഥിരീകരിച്ച വ്യക്തിയുടെ മൃതദേഹം മറവു ചെയ്യാൻ മുന്നിൽ നിന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.