കേരളത്തിലേക്ക് പ്രവാസികളുമായി ഇന്നെത്തുക രണ്ട് വിമാനങ്ങൾ മാത്രം, രണ്ട് വിമാനങ്ങൾ യാത്ര മാറ്റി

post

കേരളത്തിലേക്ക് പ്രവാസികളുടെ ആദ്യത്തെ ബാച്ച് ഇന്നെത്തും. കേരളത്തിലേക്ക് ഇന്ന് രണ്ട് വിമാനങ്ങള്‍ മാത്രമേ വന്ദേ ഭാരത് മിഷന്റെ ഭാഗമായി എത്തുകയുളളൂ. അബുദാബിയില്‍ നിന്നുളള വിമാനമാണ് ആദ്യം കൊച്ചിയില്‍ പ്രവാസികളുമായി എത്തുക. 181 പ്രവാസികളുമായി അബുദാബിയില്‍ നിന്നും എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനം നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തുക. ഇതിലെ യാത്രക്കാരില്‍ 4 കൈകുഞ്ഞുങ്ങളാണ്. പത്തു വയസിനു താഴെയുള്ള 15 കുട്ടികളും 49 ഗര്‍ഭിണികളും ഉള്‍പ്പെടും. അഞ്ച് പേരെ കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ ഐസൊലേഷനില്‍ പ്രവേശിപ്പിക്കും. ദുബായില്‍ നിന്നുള്ള എയര്‍ ഇന്ത്യ എക്സ്പ്രസില്‍ 182 പേരാണ് കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തുക. ഇതില്‍ 177 പേര്‍ മുതിര്‍ന്നവരും 5 പേര്‍ കുട്ടികളുമാണ്.

റിയാദില്‍ നിന്ന് കോഴക്കോടേക്കും ദോഹയില്‍ നിന്ന് കൊച്ചിയിലേക്കും വിമാനങ്ങള്‍ എത്തും എന്നാണ് ആദ്യഘട്ടത്തിലെ ഷെഡ്യൂളില്‍ പറഞ്ഞിരുന്നത്. എന്നാല്‍ ഈ രണ്ട് വിമാനങ്ങളുടേയും യാത്ര നീട്ടി വെച്ചിരിക്കുകയാണ്. റിയാദ്-കോഴിക്കോട് വിമാനം വെള്ളിയാഴ്ചയും ദോഹ-കൊച്ചി വിമാനം ശനിയാഴ്ചയും എത്തും.

മുന്‍ഗണനാ ക്രമത്തിലാണ് യാത്രയ്ക്കുളള പ്രവാസികളെ തിരഞ്ഞെടുത്തിരിക്കുന്നത്. ഗര്‍ഭിണികള്‍, രോഗികള്‍, തൊഴില്‍ നഷ്ടപ്പെട്ടവര്‍, വിസ കാലാവധി കഴിഞ്ഞവര്‍ എന്നിവരടക്കമുളളവര്‍ക്കാണ് മുന്‍ഗണന നല്‍കിയിരിക്കുന്നത്. യുഎഇയില്‍ വിമാനത്താവളത്തില്‍ വെച്ച് കൊവിഡ് ദ്രുതപരിശോധന നടത്തും. കൊവിഡ് രോഗലക്ഷണങ്ങളില്ലെങ്കില്‍ മാത്രമേ യാത്രാനുമതി നല്‍കുകയുളളൂ. നാട്ടിലെത്തുന്ന പ്രവാസികള്‍ 14 ദിവസം ക്വാറന്റൈനില്‍ കഴിയണം. ആദ്യത്തെ ഏഴ് ദിവസം സര്‍ക്കാര്‍ നിരീക്ഷണ കേന്ദ്രത്തില്‍ കഴിയണം. അതിന് ശേഷം പരിശോധന നടത്തി കൊവിഡ് നെഗറ്റീവ് ആണെങ്കില്‍ വീടുകളില്‍ പോയി ക്വാറന്റൈനില്‍ കഴിയണം. പ്രവാസികള്‍ വിമാനത്താവളത്തില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ പുറത്തിറക്കിയിട്ടുണ്ട്. ഇരുപത് പേരടങ്ങുന്ന സംഘമായാണ് വിമാനത്തില്‍ നിന്നും പ്രവാസികളെ പുറത്തേക്ക് ഇറക്കുക. എയ്‌റോ ബ്രിഡ്ജ് വഴി മാത്രമേ പ്രവാസികളെ പുറത്ത് എത്തിക്കാന്‍ പാടുളളൂ. അതിന് ശേഷം താപപരിശോധന നടത്തും. കൊവിഡ് ഇല്ലെന്ന് പരിശോധനയിലൂടെ ഉറപ്പായവരെ മാത്രം സംസ്ഥാന സര്‍ക്കാരിന് കൈമാറും. കൊവിഡ് രോഗ ലക്ഷണങ്ങള്‍ ഉളളവരെ പ്രത്യേക വഴിയിലൂടെ പുറത്ത് എത്തിക്കും. വിമാനത്താവളങ്ങളിലെ എല്ലാ ജീവനക്കാരും പിപിഇ കിറ്റ് ധരിച്ചിരിക്കണം.