കൺസ്യൂമർ ഫെഡിന്റെ 1850 ഓണച്ചന്തകൾക്ക് തുടക്കമായി
* മുഖ്യമന്ത്രി ഓൺലൈനായി ഉദ്ഘാടനം ചെയ്തു
സഹകരണ വകുപ്പിന്റെ കൺസ്യൂമർ ഫെഡിന്റെ 1850 ഓണച്ചന്തകളുടെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി നിർവഹിച്ചു.
വിലക്കുറച്ച് സാധനങ്ങൾ ലഭ്യമാക്കി ആദായം ഉപഭോക്താവിന് എത്തിക്കുന്ന സാമൂഹ്യപ്രതിബദ്ധതയോടുള്ള നടപടിയാണ് കൺസ്യൂമർഫെഡ് സ്വീകരിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ആ മാതൃകാപരമായ നടപടികളാണ് കൺസ്യൂമർഫെഡിനെ ദുരിതക്കയത്തിൽനിന്ന് രക്ഷപ്പെടുന്ന അവസ്ഥയിലേക്ക് എത്തിക്കുന്നത്.
പൊതുചടങ്ങുകൾ ഇല്ലെങ്കിലും വീടുകളിൽ മലയാളി ഓണം ആഘോഷിക്കുകയാണ്. ഓണക്കാലത്തും നാട്ടിൽ കടകളും ഓണച്ചന്തകളും നിശ്ചിത സമയങ്ങളിൽ പ്രവർത്തിക്കുന്നുണ്ട്. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാകണം വിതരണം എന്നേയുള്ളൂ. വരുന്ന ആളുകളും കൂട്ടംകൂടാതെ നിശ്ചിത ശാരീരിക അകലം പാലിക്കണം. ഓണച്ചന്തകളിലും ക്യൂവിൽ ഇക്കാര്യം ശ്രദ്ധിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ചടങ്ങിൽ സഹകരണ-ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ അധ്യക്ഷത വഹിച്ചു. സിവിൽ സപ്ലൈസ് കോർപറേഷന്റെ 2000 ഓളം ഓണച്ചന്തകൾക്ക് പുറമേയാണ് കൺസ്യൂമർ ഫെഡിന്റെ 1850 ഓണച്ചന്തകൾ കൂടി ആരംഭിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. നഷ്ടക്കണക്കുകളിൽനിന്ന് മാറി പ്രവർത്തനലാഭം നേടുന്ന സ്ഥാപനമായി കൺസ്യൂമർഫെഡിനെ കഴിഞ്ഞ നാലുവർഷമായി ഉയർത്താൻ സാധിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
കെയർഹോം വഴി 2000ൽ അധികം വീടുകൾ നിർമിച്ചതുൾപ്പെടെ എണ്ണിയാലൊടുങ്ങാത്ത പ്രവർത്തനങ്ങളാണ് കഴിഞ്ഞ നാലുവർഷമായി സഹകരണ പ്രസ്ഥാനങ്ങൾ നടത്തുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു.
13 ഇനം സബ്സിഡി സാധനങ്ങളോടൊപ്പം 10 മുതൽ 30 ശതമാനം വരെ വിലക്കുറവിൽ മറ്റ് നിത്യോപയോഗ സാധനങ്ങളും ഓണച്ചന്തകളിൽ ലഭിക്കും. സാമൂഹിക അകലം പാലിച്ചായിരിക്കും ഓണച്ചന്തകളിലെ വിതരണം.
സഹകരണ വകുപ്പ് സെക്രട്ടറി മിനി ആൻറണി ആദ്യവിൽപന നടത്തി. കൺസ്യൂമർഫെഡ് ചെയർമാൻ എം. മെഹബൂബ്, എക്സിക്യൂട്ടീവ് ഡയറക്ടർ ലേഖാ സുരേഷ്, റീജിയണൽ മാനേജർ ടി.എസ്. സിന്ധു തുടങ്ങിയവർ സംബന്ധിച്ചു.