കോവിഡ് ബ്രിഗേഡ് ആദ്യ സംഘം പരിശീലനം പൂർത്തിയാക്കി

post

സംസ്ഥാനത്ത് കോവിഡ് പ്രതിരോധം ശക്തമാക്കാൻ സജ്ജമാക്കിയ കോവിഡ് ബ്രിഗേഡിന്റെ ആദ്യ സംഘം പരിശീലനം പൂർത്തിയാക്കി. കാസർഗോഡുള്ള കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളാണ് ഇവരുടെ ആദ്യ ദൗത്യം. തിരുവനന്തപുരം സെൻട്രൽ സ്‌റ്റേഡിയത്തിൽ നടന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഫ്‌ളാഗ് ഓഫ് ചെയ്തു. ആരോഗ്യമന്ത്രി കെ. കെ. ശൈലജ ടീച്ചർ സന്നിഹിതയായിരുന്നു. കോവിഡ് പ്രോട്ടോകോൾ പാലിച്ചാണ് ചടങ്ങ് സംഘടിപ്പിച്ചത്.

തിരുവനന്തപുരം മെഡിക്കൽ കോളേജിന്റെ നേതൃത്വത്തിൽ നടന്ന നാലു ദിവസത്തെ പരിശീലനം പൂർത്തിയാക്കിയ 26 സി.എഫ്.എൾ.ടി.സി. കോവിഡ് ബ്രിഗേഡുമാരാണ് സംഘത്തിലുള്ളത്. ഇൻഫെക്ഷൻ കൺട്രോൾ, ബേസിക് ലൈഫ് സപ്പോർട്ട്, എയർവേ മാനേജ്മെന്റ്, അഡ്വാൻസ്ഡ് എയർവേ മാനേജ്മെന്റ്, മെഡിക്കൽ പ്രോട്ടോകോൾ, കോവിഡ് പ്രോട്ടോകോൾ, സാമ്പിൾ ടെസ്റ്റിംഗ്, സുരക്ഷാ മാനദണ്ഡങ്ങൾ, പി.പി.ഇ. കിറ്റിന്റെ ഫലപ്രദമായ ഉപയോഗം തുടങ്ങിവയിലാണ് പരിശീലനം നൽകിയത്.

അടുത്ത ബാച്ചിന്റെ പരിശീലനം മെഡിക്കൽ കോളേജിൽ ആരംഭിച്ചു. തീവ്രപരിചരണ വിഭാഗങ്ങളിൽ ജോലി ചെയ്യുന്നവർക്ക് ഐ.സി.യുവിൽ നേരിട്ടുള്ള 10 ദിവസത്തെ പരിശീലനമാണ് നൽകുന്നത്. കോവിഡ് ബ്രിഗേഡിൽ ചേരാൻ https://covid19jagratha.kerala.nic.in/ എന്ന പോർട്ടൽ വഴി രജിസ്റ്റർ ചെയ്യാം.