വയോജങ്ങള്‍ക്ക് കരുതലാകാന്‍ വയോജന കാള്‍സെന്റര്‍ : കളക്ടര്‍ എ. അലക്‌സാണ്ടര്‍ ഉദ്ഘാടനം ചെയ്തു

post

ആലപ്പുഴ : കോവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായി വീടുകളിലും വൃദ്ധസദനങ്ങളിലും വീടുകളിലും റിവേഴ്‌സ് ക്വാറന്റൈനില്‍ കഴിയുന്ന വായോജങ്ങള്‍ക്ക് കരുതലായി വയോജന കാള്‍ സെന്റര്‍ പ്രവര്‍ത്തനമാരംഭിച്ചു. കാള്‍സെന്ററിന്റെ ഉദ്ഘാടനം ജില്ല കളക്ടര്‍ എ. അലക്‌സാണ്ടര്‍ നിര്‍വഹിച്ചു. സാമൂഹിക നീതി വകുപ്പിന് കീഴിലെ വൃദ്ധ സദനത്തിലെ അന്തേവാസിയെ വിളിച്ചുകൊണ്ട് വയോജന സെന്ററില്‍ നിന്നുള്ള കാളുകള്‍ക്ക് തുടക്കം കുറിക്കുകയും ചെയ്തു.വയോജനങ്ങള്‍ക്ക് കരുതലൊരുക്കാന്‍ കാള്‍സെന്ററിലൂടെ സാധിക്കുമെന്നും, വയോജനഷേമ പരിപാടിയുമായിബന്ധപ്പെട്ട് സേവനങ്ങള്‍ കാര്യക്ഷമമാക്കുന്നതിനായി പ്രൊവഷണല്‍ സോഷ്യല്‍ വര്‍ക്കര്‍മാരെ നിയോഗിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ച് വരുകയാണെന്നും ഇവരെ ഉള്‍പ്പെടുത്തിക്കൊണ്ട് സീനിയര്‍ സിറ്റീസണ്‍ പ്രൊട്ടക്ഷന്‍ ഫോഴ്‌സ് രൂപീകരിക്കുമെന്നും കളക്ടര്‍ പറഞ്ഞു. ചടങ്ങില്‍ ആലപ്പുഴ മെഡിക്കല്‍ കോളേജ് കമ്മ്യൂണിറ്റി മെഡിസിന്‍ വിഭാഗം പ്രിന്‍സിപ്പല്‍ ഡോ. സൈറു ഫിലിപ്പ് അധ്യക്ഷത വഹിച്ചു.കോവിഡ് കാലത്ത് വയോജങ്ങളുടെ ആരോഗ്യപ്രശ്ങ്ങളും അടിയന്തര ആവശ്യങ്ങളും അറിയുന്നതിനും പരിഹരിക്കുന്നതിനുമായാണ് സാമൂഹിക നീതി വകുപ്പിന്റെ നേതൃത്വത്തില്‍ കാള്‍ സെന്റര്‍ രൂപീകരിച്ചത്. കാള്‍ സെന്ററിന്റെ പ്രചരണാര്‍ത്ഥം നടത്തുന്ന ഐ. ഇ. സി ക്യാമ്പയിനിന്‍ തുടക്കം കുറിച്ച് കൊണ്ട് സോഷ്യല്‍ മീഡിയ പോസ്റ്ററും കളക്ടര്‍ പ്രകാശനം ചെയ്തു. ആലപ്പുഴ സാമൂഹ്യ നീതി ഓഫീസ് തയ്യാറാക്കിയ 'കരുതാം വയോജനങ്ങളെ അകറ്റാം മഹാമാരിയെ' എന്ന വാചകത്തോടെയുള്ള പോസ്റ്റര്‍ വയോജന കാള്‍ സെന്ററിന്റെ ഉദ്ദേശം ജനങ്ങളില്‍ എത്തിക്കുക എന്ന ലക്ഷ്യത്തോടെ രൂപകല്‍പ്പന ചെയ്തതാണ് .വയോജനങ്ങളുടെ ആരോഗ്യ പ്രശ്‌നങ്ങള്‍ കണ്ടെത്താനും അവര്‍ക്ക് കൈതാങ്ങാവാനും കാള്‍ സെന്ററിലൂടെ സാധിക്കും.ജില്ലയിലെ 10 അധ്യാപകരാണ് കാള്‍ സെന്ററുകളില്‍ വയോജനങ്ങളുടെ പ്രശ്‌നങ്ങള്‍ക്ക് കാതോര്‍ക്കുന്നത്. രാവിലെ 6 മുതല്‍ ഉച്ചക്ക് 2വരെ, ഉച്ചക്ക് 2 മുതല്‍ രാത്രി 10 വരെ എന്നിങ്ങനെ രണ്ട് ഷിഫ്റ്റുകളിലായാണ് ഇവരുടെ സേവനം. ഇവര്‍ക്ക് സാങ്കേതിക സഹായങ്ങള്‍ക്കായി പുന്നപ്ര കോളേജ് ഓഫ് എന്‍ജിനിയറിങ് ആന്റ് മാനേജ് മെന്റിലെ വിദ്യാര്‍ത്ഥികളും കാള്‍ സെന്ററിന്റെ ഭാഗമായി പ്രവര്‍ത്തിക്കുന്നുണ്ട്, ഒരു ഷിഫ്റ്റില്‍ ഒരാള്‍ എന്ന രീതിയിലാണ് കാള്‍ സെന്ററില്‍ ഇവരുടെ സേവനം.കാള്‍ സെന്റര്‍ നമ്പര്‍ 0477 225700. ജില്ല സാമൂഹ്യ നീതി ഓഫീസര്‍ അബിന്‍ എ. ഒ ആണ് പദ്ധതിയുടെ നോഡല്‍ ഓഫീസര്‍. ജില്ലയില്‍ വീടുകളില്‍ കഴിയുന്നതും, വയോജന സംരക്ഷണ സ്ഥാപനങ്ങളില്‍ ഉള്ളതുമായ എല്ലാ വയോജനങ്ങളുടേയും ആരോഗ്യ പ്രശ്‌നങ്ങള്‍ കണ്ടെത്തി അടിയന്തര നടപടി സ്വീകരിക്കാനും, അവരുടെ സുരക്ഷിതത്വം ഉറപ്പ് വരുത്താനും കാള്‍ സെന്ററിലൂടെ സാധിക്കും.