കോവിഡ് രോഗവ്യാപനം പിടിച്ചുനിര്‍ത്താന്‍ കേരളത്തിനായി: മുഖ്യമന്ത്രി

post

മറ്റു സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ കോവിഡ് രോഗവ്യാപനം പിടിച്ചുനിര്‍ത്താന്‍ കേരളത്തിനായെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കേരളത്തില്‍ പത്തു ലക്ഷം പേരെ കണക്കാക്കുമ്പോള്‍ 2168 പേര്‍ക്കാണ് രോഗബാധയെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു.  8479 ആണ് ആന്ധ്ര പ്രദേശിലെ കേസ് പെര്‍ മില്യണ്‍. 5000ത്തിനും മുകളിലാണ് തമിഴ്നാട്ടിലും കര്‍ണ്ണാടകയിലും. തെലുങ്കാനയില്‍ 3482 ആണ്. ഇന്ത്യന്‍ ശരാശരി 2731്. ജനസാന്ദ്രതയില്‍ കേരളം ഈ സംസ്ഥാനങ്ങള്‍ക്കെല്ലാം മുന്നിലാണ്.

ആക്റ്റീവ് കേസുകളുടെ എണ്ണത്തില്‍ കേരളം അയല്‍ സംസ്ഥാനങ്ങളേക്കാള്‍ വളരെ ഭേദപ്പെട്ട നിലയിലാണ്. ഒന്നാം തീയതിയിലെ നിലയെടുത്താല്‍ 22,578 ആക്റ്റീവ് കേസുകളാണ് സംസ്ഥാനത്തുള്ളത്. കര്‍ണ്ണാടകത്തില്‍ 91,018 ആക്റ്റീവ് കേസുകളാണ് ഉള്ളത്. 1,01,210 കേസുകളാണ് ആന്ധ്രപ്രദേശിലുള്ളത്. തമിഴ്നാട്ടില്‍ 52,379 കേസുകളും തെലുങ്കാനയില്‍ 32,341 കേസുകളാണുമുള്ളത്.മറ്റു സംസ്ഥാനങ്ങളില്‍ 10 ദിവസം കഴിഞ്ഞ് ലക്ഷണങ്ങള്‍ ഇല്ലെങ്കില്‍ ഡിസ്ചാര്‍ജ് ചെയ്യുമ്പോള്‍, ആന്റിജന്‍ പരിശോധന നടത്തി നെഗറ്റീവായ ശേഷം മാത്രമാണ് കേരളത്തില്‍ രോഗിയെ ഡിസ്ചാര്‍ജ് ചെയ്യുന്നത്. ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതില്‍ വിട്ടുവീഴ്ചയ്ക്ക് സര്‍ക്കാര്‍ ഒരുക്കമല്ല.കേസ് ഫറ്റാലിറ്റി റേറ്റ്, അതായത് രോഗബാധിതരായ 100 പേരില്‍ എത്ര പേര്‍ മരിച്ചു എന്ന കണക്ക് പരിശോധിച്ചാല്‍ കേരളത്തില്‍ 0.4 ആണ്. തമിഴ്നാട്ടിലും കര്‍ണാടകയിലും 1.7 ഉം, ആന്ധ്രപ്രദേശില്‍ 0.9 ഉം ആണ്. വയോജനങ്ങളുടെ എണ്ണവും, കാന്‍സര്‍, പ്രമേഹം പോലുള്ള രോഗങ്ങള്‍ ബാധിച്ചവരുടെ എണ്ണവും ജനസംഖ്യാനുപാതികമായി ഇന്ത്യയില്‍ തന്നെ ഏറ്റവും കൂടുതലുള്ള സംസ്ഥാനമാണ് നമ്മുടേത്. എന്നിട്ടും ഏറ്റവും കുറഞ്ഞ മരണ സംഖ്യ നിലനിര്‍ത്താന്‍ സാധിക്കുന്നത് നാട് നടത്തിയ മികച്ച പ്രവര്‍ത്തനത്തിന് ഉദാഹരണമാണ്.കേരളത്തിന്റെ ടെസ്റ്റ് പെര്‍ മില്യണ്‍ ബൈ കേസ് പെര്‍ മില്യണ്‍ 22 ആണ്. തമിഴ്നാടിന്റേത് 11 ആണ്. അതായത് 22 പേര്‍ക്ക് ടെസ്റ്റുകള്‍ ചെയ്യുമ്പോഴാണ് ഇവിടെ ഒരാള്‍ക്ക് രോഗം കണ്ടെത്തുന്നത്. തമിഴ്നാട്ടില്‍ 11 ടെസ്റ്റുകള്‍ നടത്തുമ്പോള്‍ ഒന്ന് എന്ന തോതിലാണ് രോഗം കണ്ടെത്തുന്നത്. തെലുങ്കാനയില്‍ അത് 10.9 ഉം, കര്‍ണ്ണാടകയിലും ആന്ധ്രപ്രദേശിലും 8.4 ഉം ആണ്.ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ്, അതായത് 100 ടെസ്റ്റുകള്‍ ചെയ്യുമ്പോള്‍ എത്ര എണ്ണം പോസിറ്റീവ് ആകുന്നു എന്ന കണക്കു നോക്കിയാലും നമ്മള്‍ മികച്ച നിലയിലാണ്. ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് കുറഞ്ഞിരിക്കുകയാണ് അഭികാമ്യം. കേരളത്തിന്റെ ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 4.3 ആണ്. തമിഴ്നാട്ടില്‍ 8.9ഉം തെലുങ്കാനയില്‍ 9.2ഉം, കര്‍ണാടകയിലും ആന്ധ്രയിലും 11.8ഉം ആണ്.