പൊതു വിദ്യാലയങ്ങള്‍ 2021 സാധാരണഗതിയില്‍ തുറന്നുപ്രവര്‍ത്തിക്കും

post

2021 ജനുവരിയില്‍ വിദ്യാലയങ്ങള്‍ സാധാരണഗതിയില്‍ തുറന്നുപ്രവര്‍ത്തിക്കാന്‍ കഴിയുമെന്നാണ് കരുതുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഏതാണ്ട് ഒരു വര്‍ഷക്കാലം വിദ്യാലയ അന്തരീക്ഷത്തില്‍ നിന്ന് അകന്നു നിന്നതിനുശേഷം സ്‌കൂള്‍ അങ്കണത്തിലേക്ക് വരുന്ന കുഞ്ഞുങ്ങളെ പുതിയൊരു പഠനാന്തരീക്ഷവും പശ്ചാത്തല സൗകര്യവും ഒരുക്കി  വരവേല്‍ക്കുമെന്നും വാര്‍ത്ത സമ്മേളനത്തില്‍ അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

500 കുട്ടികളില്‍ കൂടുതല്‍ പഠിക്കുന്ന എല്ലാ സര്‍ക്കാര്‍ സ്‌കൂളുകളിലും കിഫ്ബി ധനസഹായത്തോടെ കെട്ടിട നിര്‍മാണം നടക്കുന്നുണ്ട്. ഓരോ സ്‌കൂളിനും 5 കോടി രൂപ വീതം മുടക്കി നിര്‍മിക്കുന്ന 35 സ്‌കൂള്‍ കെട്ടിടങ്ങളും 3 കോടി രൂപ ചെലവില്‍ പണി തീര്‍ക്കുന്ന 14 സ്‌കൂള്‍ കെട്ടിടങ്ങളും 100 ദിവസത്തിനകം ഉദ്ഘാടനം ചെയ്യും. മറ്റ് 27 സ്‌കൂള്‍ കെട്ടിടങ്ങളുടെയും പണി പൂര്‍ത്തിയാകും. 250 പുതിയ സ്‌കൂള്‍ കെട്ടിടങ്ങളുടെ പണി ആരംഭിക്കും. 45,000 ക്ലാസ് മുറികള്‍ ഹൈടെക്കാക്കി മാറ്റിയിട്ടുണ്ട്. എല്ലാ എല്‍പി സ്‌കൂളുകളും ഹൈടെക്കാക്കി മാറ്റാനുള്ള പരിപാടി കിഫ്ബി സഹായത്തോടെ പുരോഗമിക്കുകയാണ്. സ്‌കൂളുകള്‍ തുറക്കുമ്പോള്‍ 11,400 സ്‌കൂളുകളില്‍ ഹൈടെക് കമ്പ്യൂട്ടര്‍ ലാബുകള്‍ സജ്ജീകരിക്കും.ഫസ്റ്റ്‌ബെല്‍ ഓണ്‍ലൈന്‍ അധ്യയന പരിപാടി കേരളത്തിന് നവീനമായ അനുഭവങ്ങളാണ് നല്‍കിയത്. കെഎസ്എഫ്ഇയുടെയും കുടുംബശ്രീയുടെയും ആഭിമുഖ്യത്തില്‍ അഞ്ചുലക്ഷം കുട്ടികള്‍ക്ക് ലാപ്‌ടോപ്പുകള്‍ എത്തിക്കുന്നതിനുള്ള വിദ്യാശ്രീ പദ്ധതി 100 ദിവസത്തിനുള്ളില്‍ വിതരണം ആരംഭിക്കും.18 കോടി രൂപയുടെ ചെങ്ങന്നൂര്‍ ഐടിഐ അടക്കം നവീകരിച്ച 10 ഐടിഐകളുടെ ഉദ്ഘാടനം നിര്‍വ്വഹിക്കും.സംസ്ഥാനത്തെ സര്‍ക്കാര്‍, എയ്ഡഡ് കോളേജുകളില്‍ 150 പുതിയ കോഴ്‌സുകള്‍ അനുവദിക്കും. ആദ്യത്തെ 100 കോഴ്‌സുകള്‍ സെപ്തംബര്‍ 15നകം പ്രഖ്യാപിക്കും. എ പി ജെ അബ്ദുള്‍കലാം സര്‍വ്വകലാശാല, മലയാളം സര്‍വ്വകലാശാല എന്നിവയ്ക്ക് സ്ഥിരം കാമ്പസിനുള്ള സ്ഥലമെടുപ്പ് പൂര്‍ത്തിയാക്കി ശിലാസ്ഥാപനം നടത്തും. 126 കോടി രൂപ മുതല്‍മുടക്കില്‍ 32 ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നിര്‍മിക്കുന്ന കെട്ടിടങ്ങള്‍ പൂര്‍ത്തീകരിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.