തിരികെയെത്തിയ പ്രവാസികൾക്കായി ഡ്രീം കേരള പോര്‍ട്ടല്‍ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു
പ്രവാസികളുടെ ലോകപരിചയവും തൊഴില്‍ നൈപുണ്യവും പുതിയ ആശയങ്ങളും സംയോജിപ്പിച്ച് കേരള വികസനത്തിന് ഉപയോഗപ്പെടുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഡ്രീം കേരള വെബ്പോര്‍ട്ടല്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കോവിഡ് 19 മഹാമാരിയുടെ പശ്ചാത്തലത്തില്‍ ഇതുവരെ 3.6 ലക്ഷം പേരാണ് വിവിധ വിദേശരാജ്യങ്ങളില്‍ നിന്നും തിരിച്ചെത്തിയത്. ഇതില്‍ 57% പേരും തൊഴില്‍ നഷ്ടപ്പെട്ടവരാണ്. ഇവരെ പ്രയോജനപ്പെടുത്തി വികസനം സാധ്യമാക്കുകയാണ് ഡ്രീം കേരളയിലൂടെ ലക്ഷ്യം വയ്ക്കുന്നത്. ഡ്രീം കേരളയുടെ സ്റ്റിയറിംഗ് കമ്മറ്റി യോഗം പ്രാരംഭമായി നടന്നു. നോര്‍ക്ക പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. കെ. ഇളങ്കോവന്‍ ഡ്രീം കേരള പദ്ധതി അവതരിപ്പിച്ചു.
വികസന സംബന്ധമായ വിവിധ ആശയങ്ങള്‍ പൊതുജനങ്ങള്‍ക്ക് വെബ് പോര്‍ട്ടലില്‍ പങ്ക് വെയ്ക്കാം. ഇതില്‍ തെരഞ്ഞെടുക്കപ്പെട്ടുന്നവ വിദഗ്ദ്ധ സമിതിയുടെ പരിശോധനയ്ക്ക് ശേഷം നടപ്പാക്കും. തൊഴില്‍ദാതാക്കള്‍, വിദഗ്ദ്ധ, അര്‍ധ വിദഗ്ദ്ധ തൊഴിലാളികള്‍ക്കും രജിസ്റ്റര്‍ ചെയ്യാം. ലോകകേരള സഭയില്‍ ഉരുത്തിരിഞ്ഞു വന്ന ആശയങ്ങള്‍ വെബ് സൈറ്റില്‍ വായിക്കുകയും അഭിപ്രായം അറിയിക്കുകയും ചെയ്യാം.
വിദേശ രാജ്യങ്ങളില്‍ നിന്നും മടങ്ങിയെത്തിയ പ്രവാസികളെ തൊഴില്‍ നേടാന്‍ സാഹായിക്കുന്നതിനും തൊഴില്‍ വൈദഗ്ധ്യം വര്‍ദ്ധിപ്പിക്കുന്നതിനും നൂതന തൊഴില്‍ അഭ്യസിപ്പിക്കുന്നതിനും കൂടിയാണ് ഡ്രീം കേരള പദ്ധതി വിഭാവനം ചെയ്യുന്നത്.
ഓണ്‍ലൈന്‍ വഴിയാണ് മുഖ്യമന്ത്രി ഡ്രീം കേരളയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചത്. സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മന്ത്രിമാരായ ഇ. ചന്ദ്രശേഖരന്‍, കെ. കൃഷ്ണന്‍ കുട്ടി, രാമചന്ദ്രന്‍ കടന്നപ്പള്ളി, എ.കെ. ശശീന്ദ്രന്‍. ചീഫ് സെക്രട്ടറി ഡോ. വിശ്വാസ് മേത്ത, അഡീഷണല്‍ ചീഫ് സെക്രട്ടറിമാര്‍, വിവിധ വകുപ്പ് സെക്രട്ടറിമാര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു.
കിഫ്ബി, റിബിള്‍ഡ് കേരള, കെ.എസ്.ഐ.ഡി.സി, കിന്‍ഫ്ര, നോര്‍ക്ക ഉള്‍പ്പെടെ വിവിധ സര്‍ക്കാര്‍ സംരംഭങ്ങളെ സംയോജിപ്പിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. കൂടുതല്‍ വിവരങ്ങള്‍ക്കും രജിസ്ട്രേഷനും dreamkerala.norkaroots.org വെബ് സൈറ്റ് സന്ദര്‍ശിക്കാം