കാസർകോട് ടാറ്റാ കോവിഡ് ആശുപത്രി മുഖ്യമന്ത്രി നാടിന് സമര്‍പ്പിച്ചു

post

കോവിഡ് പ്രതിരോധ പ്രവര്‍ത്തങ്ങളുടെ ഭാഗമായി സംസ്ഥാന സര്‍ക്കാരിന്റെ സഹായത്തോടെ ടാറ്റാ ഗ്രൂപ്പ് ജില്ലയില്‍ നിര്‍മ്മിച്ച കോവിഡ് ആശുപത്രി മുഖ്യമന്ത്രി പിണറായി വിജയന്‍ നാടിന് സമര്‍പ്പിച്ചു.

കോവിഡിന്റെ തുടക്കത്തില്‍ ഏറ്റവും കൂടുതല്‍ പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കാസര്‍കോട് ജില്ലയ്ക്ക് സംസ്ഥാന സര്‍ക്കാര്‍ സഹായത്തോടെ ടാറ്റ ഗ്രൂപ്പ് സമ്മാനിച്ച അത്യാധുനിക സൗകര്യങ്ങളോടുകൂടിയ ആശുപത്രി തെക്കില്‍ വില്ലേജില്‍ സര്‍ക്കാര്‍ അനുവദിച്ച 5.50 ഏക്കര്‍ ഭൂമിയിലാണ് നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്.

ടാറ്റ കോവിഡ് ആശുപത്രി: പൊതു സ്വകാര്യ പങ്കാളിത്തം ഗുണകരമാക്കുന്നതിനുള്ള ഉദാത്തമാതൃക - മുഖ്യമന്ത്രി

കോവിഡ് മഹാമാരിയുടെ കാലത്ത് നാടിന്റെ ആവശ്യമറിഞ്ഞ് ചികിത്സാ സൗകര്യമൊരുക്കാനായി ടാറ്റ ഗ്രൂപ്പ് സര്‍ക്കാരിന് നിര്‍മിച്ച് നല്‍കിയ കോവിഡ് ആശുപത്രി പൊതു-സ്വകാര്യ പങ്കാളിത്തം ഗുണകരമായി എങ്ങനെ പ്രയോജനപ്പെടുത്താമെന്നതിനുള്ള ഉദാത്തമായ മാതൃകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കാസര്‍കോട് ചെമ്മനാട് പഞ്ചായത്തില്‍ ടാറ്റ പ്രൊജക്ട്‌സ് ലിമിറ്റഡ് നിര്‍മാണ പ്രവൃത്തി പൂര്‍ത്തീകരിച്ച കോവിഡ് ആശുപത്രി സമുച്ചയ കൈമാറ്റ ഉദ്ഘാടനം നിര്‍വഹിച്ചു വീഡിയോ കോണ്‍ഫറന്‍സിലൂടെ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ആദ്യസമയത്ത് തന്നെ ഏറ്റവും കൂടുതല്‍ കോവിഡ് രോഗബാധ റിപ്പോര്‍ട്ട് ചെയ്ത ജില്ലയാണ് കാസര്‍കോട്. ഇതിനെ തുടര്‍ന്ന് ആദ്യഘട്ടത്തില്‍ തന്നെ ജനറല്‍ ആശുപത്രിയെ കോവിഡ് ആശുപത്രിയാക്കി മാറ്റി. മികച്ച പ്രവര്‍ത്തനമാണ് ജനറല്‍ ആശുപത്രി കാഴ്ച വെച്ചത്. കൂടാതെ നാല് ദിവസം കൊണ്ട് യുദ്ധകാലാടിസ്ഥാനത്തില്‍ കാസര്‍കോട് മെഡിക്കല്‍ കോളേജിന്റെ അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്ക് അത്യാധുനിക സൗകര്യങ്ങളോടെ 200 കിടക്കകള്ള കോവിഡ് ആശുപത്രിയായി സജ്ജീകരിക്കാനും സര്‍ക്കാരിന് സാധിച്ചു. പ്രവര്‍ത്തന സജ്ജമാക്കാനായി മെഡിക്കല്‍ കോളേജിന് മാത്രം 273 തസ്തികകള്‍ക്കുള്ള നിയമന നടപടിക്ക് തുടക്കം കുറിച്ചു. കോവിഡ് മഹാമാരിയുടെ ഓരോ ഘട്ടത്തിലും ജില്ലയില്‍ അതീവ ശ്രദ്ധയോടെയാണ് ഇടപെട്ടത്. അതിന്റെ ഫലമായി കോവിഡിനെ വരുതിയിലാക്കാന്‍ സാധിച്ചിട്ടുണ്ട്. കോവിഡ് വ്യാപനത്തിന്റ മൂര്‍ധന്യഘട്ടത്തിലാണ് കോവിഡ് പ്രതിരോധത്തിനായി ടാറ്റാ ട്രസ്റ്റും ടാറ്റാ ഗ്രൂപ്പ് കമ്പനികളും ചേര്‍ന്ന് 500 കോടി നല്‍കുമെന്ന് ട്രസ്റ്റ് ചെയര്‍മാന്‍ രത്തന്‍ ടാറ്റ ട്വീറ്റ് ചെയ്തത്. ഇതിനെ തുടര്‍ന്ന് ടാറ്റാ ഗ്രൂപ്പ് പ്രതിനിധികള്‍ സര്‍ക്കാരുമായി ബന്ധപ്പെടുകയും ആശുപത്രി നിര്‍മിക്കാന്‍ സന്നദ്ധത അറിയിക്കുകയും ചെയ്തത്. കാസര്‍കോടിന്റെ പ്രത്യേക സാഹചര്യം പരിഗണിച്ചാണ് ആശുപത്രി ജില്ലയില്‍ തന്നെ സ്ഥാപിക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയത്. ആശുപത്രിക്കായി സര്‍ക്കാര്‍ പൂര്‍ണ പിന്തുണയാണ് ടാറ്റാ ഗ്രൂപ്പിന് നല്‍കിയത്. ആവശ്യമായ അഞ്ചേക്കര്‍ ഭൂമി ആഴ്ചകള്‍ക്കുള്ളിലാണ് നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്ക് സജ്ജമാക്കി കൈമാറിയത്. സമയബന്ധിതമായി ഏറ്റവും വേഗത്തില്‍ തന്നെ ആവശ്യമായ എല്ലാവിധ സൗകര്യങ്ങളോടെയുമാണ് ആശുപത്രി സമുച്ചയം നിര്‍മിച്ച് നല്‍കിയത്.

കേരളത്തിന്റെ പൊതുജനാരോഗ്യമേഖലയോട് സഹകരിക്കാന്‍ താല്പര്യം കാണിച്ച് ടാറ്റാ ഗ്രൂപ്പിനോടും ചെയര്‍മാന്‍ രത്തന്‍ ടാറ്റയോടും സര്‍ക്കാരിനുള്ള നന്ദി രേഖപ്പെടുത്തുന്നു. ബിസിനസ് എതിക്‌സ് പുലര്‍ത്തുന്നതില്‍ ഏറ്റവും നല്ല മാതൃകയാണ് ടാറ്റ ഗ്രൂപ്പ് കാഴ്ച വെക്കുന്നത്. ലോകത്താദ്യമായി കോര്‍പറേറ്റ് സോഷ്യല്‍ റെസ്‌പോണ്‍സിബിലിറ്റി (സിഎസ്ആര്‍) പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത് ടാറ്റയാണ്. അതാണ് ലോകം പിന്നീട് അനുകരിക്കാന്‍ തുടങ്ങിയതും രാജ്യം നിയമമാക്കിയതും. 60 കോടി രൂപ ചെലവഴിച്ചാണ് കോവിഡ് ആശുപത്രി നിര്‍മിച്ചത്.

മികച്ച ആരോഗ്യസ്ഥാപനനങ്ങള്‍ ലഭ്യമല്ലാത്ത കാസര്‍കോടിനും കേരളത്തിന്റെ ആരോഗ്യമേഖലയ്ക്കും ഈ മഹത്തായ സ്ഥാപനം മുതല്‍ക്കൂട്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

കൂട്ടായ്മയുടെ കരുത്തില്‍ ആരോഗ്യ മേഖല ശക്തിപ്പെടുന്നു: ആരോഗ്യമന്ത്രി

സമൂഹത്തിന്റെ കൂട്ടായ പ്രവര്‍ത്തനത്തിലൂടെ സംസ്ഥാനത്തെ ആരോഗ്യമേഖല മെച്ചപ്പെടുന്നുണ്ടെന്നും ഇതിന്റെ ഫലമായി കഴിഞ്ഞവര്‍ഷങ്ങളില്‍ ആരോഗ്യമേഖലയില്‍ വലിയ മാറ്റമാണ് സാധ്യമായതെന്നു ആരോഗ്യമന്ത്രി കെ കെ ശൈലജ ടീച്ചര്‍ പറഞ്ഞു. കാസര്‍കോട് ജില്ലയിലെ ചെമ്മനാട് ഗ്രാമപഞ്ചായത്തില്‍ ടാറ്റ ഗ്രൂപ്പ് സര്‍ക്കാരിന് നിര്‍മിച്ച് നല്‍കിയ കോവിഡ് ആശുപത്രി കൈമാറ്റ ഉദ്ഘാടന ചടങ്ങില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു മന്ത്രി. വിവിധ വിഭാഗങ്ങളുടെ കാര്യക്ഷമമായ ഇടപെടല്‍ കാരണം നല്ല പൊതുജനാരോഗ്യം സംവിധാനം ഉയര്‍ത്തിക്കൊണ്ട് വരാന്‍ സാധിച്ചിട്ടുണ്ട്. വയോജനങ്ങളുടെ എണ്ണത്തില്‍ രാജ്യത്ത് മുമ്പിലാണ് നമ്മുടെ സംസ്ഥാനം. അതിനാല്‍ കോവിഡ് കാലത്ത് അതീവ ശ്രദ്ധ പുലര്‍ത്തേണ്ടതുണ്ട്. പ്രമേഹം, കൊളസ്ട്രോള്‍, തൈറോയിഡ് പോലെയുള്ള പ്രശനങ്ങളുള്ള രോഗികള്‍ക്ക് കോവിഡ് ദോഷകരമായി ബാധിക്കുന്നുണ്ട്. സംസ്ഥാനത്തുണ്ടായ 320ല്‍പരം മരണങ്ങളില്‍ എണ്‍പത് ശതമാനം പേരും അറുപത് വയസിന് മുകളിലുള്ളവരാണ്. ഈ സാഹചര്യത്തില്‍ ജാഗ്രത പുലര്‍ത്തേണ്ടതുണ്ട്. എന്നിരുന്നാലും മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തില്‍ മരണസംഖ്യ വളരെ കുറവാണ്. എല്ലാ വിഭാഗത്തില്‍ നിന്നുള്ള ഫലപ്രദമായ ഇടപെടല്‍ കാരണമാണ് പ്രതിരോധവലയം ശക്തിപ്പെടുത്താന്‍ സാധിച്ചത്.

കോവിഡ് ആശുപത്രി വലിയ മുതല്‍ക്കൂട്ട്

കാസര്‍കോട് ടാറ്റ ഗ്രൂപ്പ് സര്‍ക്കാരിന് നിര്‍മിച്ച് നല്‍കിയ കോവിഡ് ആശുപത്രി സമുച്ചയം ആരോഗ്യമേഖലയ്ക്ക് വളരെ വലിയ മുതല്‍ക്കൂട്ടായിരിക്കുമെന്ന് മന്ത്രി പറഞ്ഞു. കേരളത്തിന്റെ ആരോഗ്യമേഖലയെ മഹത്തായ രീതിയില്‍ പിന്തുണ നല്‍കിയ ടാറ്റ ഗ്രൂപ്പിന് ആരോഗ്യവകുപ്പിന്റെ നന്ദി അറിയിക്കുന്നു. കൂടാതെ തിരുവനന്തപുരത്ത് സ്ഥാപിക്കുന്ന അത്യാധുനിക സിമുലേഷന്‍ സെന്ററിനു ടാറ്റയുടെ പിന്തുണയുണ്ടെന്നും ഇത് ട്രെയ്നിങ്ങ് ആന്റ് റിസേര്‍ച്ച് സെന്ററായിട്ട് പ്രയോജനപ്പെടുത്താന്‍ സാധിക്കും. പോസ്റ്റ് മോഡെണ്‍ സാങ്കേതികതയോട് കൂടിയ ഈ കേന്ദ്രത്തെ ലോകനിലവാരത്തില്‍ ഉയര്‍ത്തിക്കാട്ടാന്‍ സാധിക്കുമെന്നും മന്ത്രി പറഞ്ഞു. ദ്രുതഗതിയിലുള്ള ഇതിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ അന്തിമഘട്ടത്തിലാണ്. വരുംകാലങ്ങളിലും സംസ്ഥാനത്തെ ആരോഗ്യമേഖലയ്ക്ക് ടാറ്റ ഗ്രൂപ്പിന്റെ സഹായമുണ്ടാവുമെന്ന് പ്രത്യാശിക്കുന്നുവെന്നും മന്ത്രി പറഞ്ഞു.

വീട്ടിലെ കോവിഡ് ചികിത്സയില്‍ കാസര്‍കോട് മാതൃക

രോഗലക്ഷണങ്ങള്‍ പ്രകടിപ്പിക്കാത്ത കോവിഡ് ബാധിതരെ വീട്ടില്‍ ചികിത്സിക്കുന്നതില്‍ കാസര്‍കോട് നല്ല മാതൃകയാണ് കാഴ്ചവെച്ചതെന്ന് മന്ത്രി പറഞ്ഞു. ഇങ്ങനെ എണ്ണൂറോളം പേരെ രോഗവിമുക്തരാക്കാന്‍ കഴിഞ്ഞിട്ടുണ്ട്. ഇത് ഇപ്പോഴും തുടരുന്നുണ്ട്. പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ മികച്ച ഇടപെടലുകളാണ് കാസര്‍കോട് നടത്തിയിട്ടുള്ളത്. ജില്ലയിലെ മെഡിക്കല്‍ കോളേജിന് വേണ്ടി മാത്രം 273 തസ്തികകളാണ് സൃഷ്ടിച്ചത്. ഇതിന് പുറമെ ജില്ലയിലെ കുടുംബാരോഗ്യ കേന്ദ്രങ്ങള്‍, താലൂക്ക് ആശുപത്രികള്‍, ജനറല്‍ ആശുപത്രി, ജില്ലാ ആശുപത്രി എന്നിവടങ്ങളില്‍ 200 തസ്തികകളും സൃഷ്ടിച്ചിട്ടുണ്ട്. ഒഴിഞ്ഞു കിടക്കുന്ന തസ്തികകള്‍ നികത്താന്‍ വകുപ്പിന്റെ നേതൃത്വത്തില്‍ ഭഗീരഥ പ്രയത്നം നടത്തുന്നുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

ജില്ലയിലെ ആരോഗ്യമേഖലയില്‍ സര്‍ക്കാര്‍ നടത്തുന്നത് അനുകൂലമായ ഇടപെടലുകള്‍-റവന്യുമന്ത്രി

കാസര്‍കോടിന്റെ ആരോഗ്യമേഖലയില്‍ നേരിടുന്ന പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നടത്തുന്നത് അനുകുലമായ ഇടപെടലുകളാണെന്ന് റവന്യു-ഭവന നിര്‍മാണ വകുപ്പ് മന്ത്രി ഇ ചന്ദ്രശേഖരന്‍ പറഞ്ഞു. കാസര്‍കോട് ജില്ലയിലെ ചെമ്മനാട് ഗ്രാമപഞ്ചായത്തില്‍ ടാറ്റ ഗ്രൂപ്പ് സര്‍ക്കാരിന് നിര്‍മിച്ച് നല്‍കിയ കോവിഡ് ആശുപത്രി കൈമാറ്റ ഉദ്ഘാടന ചടങ്ങില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. കോവിഡ് വ്യാപനത്തിന്റെ ആദ്യഘട്ടത്തില്‍ തന്നെ ജില്ലയിലെ ആരോഗ്യമേഖലയില്‍ അനുഭവപ്പെടുന്ന അപര്യാപ്തതയെ കുറിച്ച് മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍ പെടുത്തിയിരുന്നു. പ്രശ്നപരിഹാരത്തിനായി യുദ്ധകാലാടിസ്ഥാനത്തിലായിരുന്നു പിന്നീട് നടപടികള്‍ സ്വീകരിച്ചത്. സഹായ വാഗ്ദാനവുമായി ടാറ്റ ഗ്രൂപ്പ് സര്‍ക്കാരിനെ സമീപിച്ചപ്പോള്‍ ആവശ്യകത ഏറെയുള്ള കാസര്‍കോട് തന്നെ ആശുപത്രി നിര്‍മിക്കാന്‍ തീരുമാനിക്കുകയായിരുന്നു. പ്രഖ്യാപനത്തിന്റെ തൊട്ടടുത്ത ദിവസം തന്നെ ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ സ്ഥലം കണ്ടുപിടിച്ചു. ആശുപത്രി നിര്‍മാണത്തിനുള്ള സ്ഥലം നിരപ്പാക്കി ഒരുക്കുന്നതിന് വലിയ പ്രയത്നം ആവശ്യമായിരുന്നു. കണ്‍സ്ട്രക്ഷന്‍ ഇക്വുപ്മെന്റ്്സ് ഓണേഴ്സ് അസോസിയേഷന്‍, ഇസിഒഎ എന്നീ സംഘടനകളുടെയും കോണ്‍ട്രാക്ടര്‍മാരുടെയും വളരെയധികം പിന്തുണയാണ് ഇക്കാര്യത്തില്‍ ലഭിച്ചത്. യുദ്ധകാലാടിസ്ഥാനത്തില്‍ ഇത് സാധ്യമാക്കിയവര്‍ക്ക് നന്ദിരേഖപ്പെടുത്തുന്നു. ഭൂമി കൈമാറിയതിന് ശേഷം മെയ് 15ന് ആരംഭിച്ച നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ അദ്ഭുതകരമായ വേഗത്തിലാണ് ആഗസ്റ്റ് അവസാനത്തോടെ നിര്‍മാണം പൂര്‍ത്തിയാത്. ഇത് സാധ്യമാക്കുന്നതിന് അക്ഷീണം പ്രവര്‍ത്തിച്ച എല്ലാവര്‍ക്കും കൃതജ്ഞത അറിയിക്കുന്നു ആശുപത്രി സമുച്ചയം കോവിഡാനന്തര കാലത്തും പ്രയോജനപ്പെടുത്താന്‍ സാധിക്കുമെന്നും ആരോഗ്യവകുപ്പിന് മുതല്‍ക്കൂട്ടാവുന്ന ഈ സ്ഥാപനത്തെ നാടിന്റെ സംരക്ഷണ കേന്ദ്രമായും മാറ്റാന്‍ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ടാറ്റാ കോവിഡ് ആശുപത്രി കെട്ടിട സമുച്ചയം സര്‍ക്കാരിന് കൈമാറി

കോവിഡ് രോഗികളുടെ ചികിത്സക്കും പരിചരണത്തിനും ടാറ്റാ പ്രൊജക്ട് നിര്‍മാണ പ്രവൃത്തി പൂര്‍ത്തീകരിച്ച കോവിഡ് ആശുപത്രി കെട്ടിട സമുച്ചയ കൈമാറ്റ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ തെക്കില്‍ ചട്ടഞ്ചാല്‍ കോവിഡ് ആശുപത്രി സമുച്ചയത്തില്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ നിര്‍വ്വഹിച്ചു. സ്വകാര്യ പൊതുമേഖല പങ്കാളിത്തത്തിന് ഉദാത്ത മാതൃകയായ ടാറ്റാ കോ വിഡ് ആശുപത്രി സംസ്ഥാനത്തിന്റെയും കാസര്‍കോട് ജില്ലയുടെ ആരോഗ്യ മേഖലക്ക് കോ വിഡ് മഹാമാരിക്കെതിരായ പ്രതിരോധത്തിന് കരുത്തുപകരാന്‍ മുതല്‍കൂട്ടാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കാസര്‍കോട് ജില്ലയുടെ പൊതു ആരോഗ്യ മേഖലക്ക് കരുത്തുപകരാന്‍ പ്രധാന പരിഗണന നല്‍കി. കാസര്‍കോട് മെഡിക്കല്‍ കോളേജ് കോ വിഡ് ആശുപത്രിയായി ആധുനിക സൗകര്യങ്ങളോടെ സ്ഥാപിച്ചതും 270 പുതിയ തസ്തികകള്‍ സൃഷ്ടിച്ചതും ഇതിന്റെ ഭാഗമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.

റവന്യു ഭവന നിര്‍മാണ വകുപ്പ് മന്ത്രി ഇ ചന്ദ്രശേഖരന്‍ അധ്യക്ഷത വഹിച്ചു.. ആരോഗ്യം, സാമൂഹിക നീതി വനിതാ ശിശു വികസന വകുപ്പ് മന്ത്രി കെ കെ ശൈലജ ടീച്ചര്‍ മുഖ്യ പ്രഭാഷണം നടത്തി.. ടാറ്റാ പ്രൊജക്ട് ലിമിറ്റഡ് ഡി ജി എം ഗോപി നാഥ റെഡ്ഡി ജില്ലാ കളക്ടര്‍ ഡോ.ഡി.സജിത് ബാബുവിന് താക്കോല്‍ കൈമാറി. ജില്ലാ കളക്ടര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.രാജ് മോഹന്‍ ഉണ്ണിത്താന്‍ എം പി മുഖ്യാതിഥിയായിരുന്നു.. എം എല്‍ എ മാരായ എന്‍ എ നെല്ലിക്കുന്ന്, എം രാജ ഗോപാലന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എ ജി സി ബഷീര്‍ എന്നിവര്‍ മുഖ്യ സാന്നിധ്യമായി സംസാരിച്ചു.കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി എച്ച് മുഹമ്മദ് കുഞ്ഞി ചായിന്റടി, ചെമ്മനാട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കല്ലട്ര അബ്ദുള്‍ ഖാദര്‍ മുന്‍സിപ്പല്‍ ചെയര്‍മാന്‍മാരുടെ ചേമ്പറിന്റെ ചെയര്‍മാന്‍ ആയ കാഞ്ഞങ്ങാട് മുന്‍സിപ്പല്‍ ചെയര്‍മാന്‍ വിവി രമേശന്‍, ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സ് അസോസിയേഷന്‍ ജില്ലാ പ്രസിഡണ്ട് എ എ ജലീല്‍ ജില്ലാ പഞ്ചായത്ത് അംഗം സുഫൈജ അബൂബക്കര്‍ ബ്ലോക്ക് പഞ്ചായത്ത് അംഗം ടി ഡി കബീര്‍, ഗ്രാമ പഞ്ചായത്ത് വാര്‍ഡ് അംഗം ഷംസുദ്ദീന്‍ തെക്കില്‍ രാഷ്ട്രീയ കക്ഷി പ്രതിനിധികളായ എം വി ബാലകൃഷ്ണന്‍ മാസ്റ്റര്‍ , അഡ്വ ഗോവിന്ദന്‍ പള്ളിക്കാപ്പില്‍ ഹക്കീം കുന്നില്‍, ടി ഇ അബ്ദുള്ള ,’ അഡ്വ കെ. ശ്രീകാന്ത്, കൈ പ്രത്ത് കൃഷ്ണന്‍ നമ്പ്യാര്‍, അഡ്വ സി വി ദാമോദരന്‍, പി പി രാജു, പി കെ രമേശന്‍, കുര്യാക്കോസ് പ്ലാപറമ്പില്‍, നാഷണല്‍ അബ്ദുള്ള, എ കുഞ്ഞിരാമന്‍ നായര്‍, ആന്റക്‌സ് ജോസഫ് എന്നിവര്‍ സംസാരിച്ചു. ടാറ്റാ പ്രൊജക്ട് ലിമിറ്റഡ് അഡ്മിനിസ്‌ട്രേറ്റീവ് ഹെഡ് ആന്റണി പി എല്‍ ടാറ്റാ ഡി ജി എം ഗോപിനാഥ റെഡ്ഡി സംസാരിച്ചു. കെ.കുഞ്ഞി രാമന്‍ എം എല്‍ എ സ്വാഗതവും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.എ.വി രാംദാസ് നന്ദിയും പറഞ്ഞു. എ ഡി എം എന്‍ ദേവീദാസ് ,സബ് കളക്ടര്‍ ഡി ആര്‍ മേഘ ശ്രീ തുടങ്ങിയ ഉദ്യോഗസ്ഥര്‍ ടാറ്റാ ഗ്രൂപ്പ് സാങ്കേതിക വിദഗ്ദര്‍ പങ്കെടുത്തു. ആശുപത്രികെട്ടിട നിര്‍മാണ പ്രവൃത്തി പൂര്‍ത്തീകരിക്കുന്നതിന് സഹകരിച്ച ടാറ്റാ പ്രൊജക്ട് ലിമിറ്റഡിന്റെ സാങ്കേതിക ഉദ്യാഗസ്ഥരേയും നിര്‍മാണ പ്രവൃത്തി കൃത്യസമയത്ത് പൂര്‍ത്തീയാക്കാന്‍ സഹകരിച്ച വിവിധ സംഘടനാ പ്രതിനിധികളേയും ചടങ്ങില്‍ രാജ് മോഹന്‍ ഉണ്ണിത്താന്‍ എം പി, എന്‍ എ നെല്ലിക്കുന്ന് എം എല്‍ എ കെ.കുഞ്ഞിരാമന്‍ എം എല്‍ എ ജില്ലാ കളക്ടര്‍ ഡോ.ഡി.സജിത് ബാബു എന്നിവര്‍ ആദരിച്ചു..കോവിഡ് മാനദണ്ഡങ്ങള്‍ പൂര്‍ണമായും പാലിച്ചുകൊണ്ടായിരുന്നു ചടങ്ങ് സംഘടിപ്പിച്ചത്.

മൂന്നു സോണുകള്‍, 551 കിടക്കകള്‍

ആശുപത്രിയെ മൂന്ന് സോണുകളായാണ് തിരിച്ചിട്ടുള്ളത്. സോണ്‍ നമ്പര്‍ ഒന്നിലും മൂന്നിലും കോവിഡ് ക്വാറന്റൈന്‍ സംവിധാനങ്ങളും സോണ്‍ നമ്പര്‍ രണ്ടില്‍ കോവിഡ് പോസിറ്റീവായ ആളുകള്‍ക്കായുള്ള പ്രത്യേക ഐസോലേഷന്‍ സംവിധാനങ്ങളുമാണ് ഒരുക്കുന്നത്. സോണ്‍ ഒന്നിലും മൂന്നിലും ഉള്‍പ്പെട്ട ഒരോ കണ്ടെയ്നറിലും അഞ്ച് കിടക്കകള്‍, ഒരു ശുചിമുറി എന്നിവ വീതവും സോണ്‍ രണ്ടിലെ യുണിറ്റുകളില്‍ ശുചിമുറിയോടു കൂടിയ ഒറ്റ മുറികളുമാണ് ഉള്ളത്. 128 യൂണിറ്റുകളിലായി (കണ്ടെയ്നറുകള്‍) 551 കിടക്കകളാണ് ആശുപത്രിയിലുള്ളത്. ഒരു യൂണിറ്റിന് 40 അടി നീളവും 10 അടി വീതിയുമുണ്ട്. 81000 സ്‌ക്വയര്‍ ഫീറ്റിലാണ് ആശുപത്രി നിര്‍മ്മിച്ചിട്ടുള്ളത്. തെക്കില്‍ വില്ലേജില്‍ അഞ്ച് ഏക്കര്‍ സ്ഥലത്ത് റോഡ്, റിസപ്ഷ്ന്‍ സംവിധാനം,ക്യാന്റീന്‍, ഡോക്ടര്‍മാര്‍ക്കും നേഴ്സുമാര്‍ക്കും പ്രത്യേകം മുറികള്‍ തുടങ്ങി എല്ലാവിധ സംവിധാനങ്ങളോടും കൂടിയാണ് ആശുപത്രി . ദേശീയ പാതയ്ക്ക് സമീപം അനുയോജ്യമായ സ്ഥലം കണ്ടെത്തുകയും ഭൂമി നിരപ്പാക്കി ആശുപത്രിയ്ക്ക് അനുയോജ്യമാക്കുകയും ചെയ്തു.

പൊതു സ്വകാര്യ പങ്കാളിത്തത്തിന്റെ ഉദാത്ത മാതൃക

തെക്കില്‍ വില്ലേജില്‍ അഞ്ച് ഏക്കര്‍ ഭൂമി, ജലം, വൈദ്യുതി തുടങ്ങി ആശുപത്രി നിര്‍മ്മാണത്തിന് ആവശ്യമായ എല്ലാവിധ അടിസ്ഥാന സൗകര്യങ്ങളും സംസ്ഥാന സര്‍ക്കാരും ജില്ലാ ഭരണകൂടവുമാണ് ഒരുക്കി നല്‍കിയത്. 1.25 ലക്ഷം ലിറ്റര്‍ വെള്ളം സംഭരിക്കാന്‍ കഴിയുന്ന വാട്ടര്‍ ടാങ്ക്, ശുചിമുറികളില്‍ നിന്നുള്ള മാലിന്യങ്ങള്‍ സംഭരിച്ച് സംസ്‌കരിക്കാന്‍ തരത്തിലുള്ള 63 ബയോ ഡയജസ്റ്റേര്‍സ്, എട്ട് ഓവര്‍ഫ്‌ലോ ടാങ്കുകള്‍ എന്നിവയെല്ലാം ആശുപത്രിയുടെ പ്രത്യേകതകളാണ്. ആശുപത്രി യൂണിറ്റുകള്‍ തുടങ്ങി ആശുപത്രിയുടെ മുഴുവന്‍ നിര്‍മ്മാണവും ടാറ്റ ഗ്രൂപ്പാണ് സൗജന്യമായി ചെയ്തത്. ഇന്ത്യയില്‍ പലയിടങ്ങളിലും അടിയന്തിര ഘട്ടങ്ങളില്‍ ടാറ്റാ ഗ്രൂപ്പ് ഇത്തരത്തില്‍ ആശുപത്രികള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ നിര്‍മ്മിച്ചു നല്‍കിയിട്ടുണ്ടെങ്കിലും കേരളത്തില്‍ ഇതാദ്യമായി കാസര്‍കോടാണ് ചെയ്യുന്നത്.

ടാറ്റാ ആശുപത്രി : നാള്‍ വഴികള്‍

2020 ഏപ്രില്‍ ആറ്: കേരളാ മുഖ്യമന്ത്രി പിണറായി വിജയനും റവന്യു ഭവന നിര്‍മ്മാണ വകുപ്പ് മന്ത്രി ഇ ചന്ദ്രശേഖരനും ടാറ്റാ ആശുപത്രി കാസര്‍കോട് ജില്ലയില്‍ നിര്‍മ്മിക്കുമെന്ന് പ്രഖ്യാപിച്ചു.

2020 ഏപ്രില്‍ ഏഴ്: ജില്ലാ കളക്ടര്‍ ഡോ ഡി സജിത് ബാബു ആശുപത്രി നിര്‍മ്മാണത്തിനാവശ്യമായ സ്ഥലം തെക്കില്‍ വില്ലേജില്‍ കണ്ടെത്തി.

2020 ഏപ്രില്‍ എട്ട്: ജില്ലാ കളക്ടര്‍ ഡോ ഡി സജിത് ബാബു നിര്‍ദ്ദേശിച്ച സ്ഥലം ആശുപത്രി നിര്‍മ്മാണത്തിന് സംസ്ഥാന സര്‍ക്കാര്‍ അനുമതി നല്‍കി.

2020 ഏപ്രില്‍ ഒമ്പത്: ആശുപത്രി നിര്‍മ്മാണത്തിന്റെ തുടക്കമെന്നോണം തെക്കില്‍ വില്ലേജിലെ സ്ഥലത്ത് അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതിനുള്ള പണികള്‍ ആരംഭിച്ചു.

2020 ഏപ്രില്‍ 28: തെക്കില്‍ വില്ലേജിലെ സ്ഥലത്തേക്കുള്ള അടിസ്ഥാന സൗകര്യങ്ങളായ റോഡ്, സ്ഥലം നിരപ്പാക്കല്‍ എന്നിവ പൂര്‍ത്തിയാക്കി ആശുപത്രി നിര്‍മ്മാണത്തിനായി സ്ഥലം വിട്ടു നല്‍കുന്നു.

2020 മെയ് 15: ടാറ്റ ആശുപത്രിയുടെ ആദ്യ പ്രീ ഫാബ് സ്ട്രക്ച്ചേര്‍ തെക്കില്‍ വില്ലേജില്‍ സ്ഥാപിച്ചു.

2020 ജൂണ്‍ അഞ്ച്: ലോക പരിസ്ഥിതി ദിനത്തില്‍ ആശുപത്രി കോമ്പൗണ്ട് ഹരിതാഭമാക്കുന്നതിന്റെ ഭാഗമായി മരത്തൈകള്‍ നടുന്നതിന് തുടക്കം റവന്യുമന്ത്രി ഇ ചന്ദ്രശേഖരന്‍ ഉദ്ഘാടനം ചെയ്തു.

2020 ജൂലൈ 10 : ടാറ്റാ ആശുപത്രിയുടെ അവസാന പ്രീ ഫാബ് സ്ട്രക്ച്ചറും സ്ഥാപിച്ചു.