കൂടുതൽ ആരോഗ്യപ്രവർത്തകരുടെ സേവനം ലഭ്യമാക്കാൻ കോവിഡ് ബ്രിഗേഡ് വിപുലീകരിക്കും

post

കോവിഡ് ചികിത്‌സയ്ക്ക് ഡോക്ടർമാർ ഉൾപ്പെടെ കൂടുതൽ ആരോഗ്യ പ്രവർത്തകരുടെ സേവനം ലഭ്യമാക്കാൻ കോവിഡ് ബ്രിഗേഡ് വിപുലീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

സെപ്റ്റംബർ മാസത്തോടെ കോവിഡ് വ്യാപനം കൂടുമെന്ന വിദഗ്ധ അഭിപ്രായത്തെ തുടർന്നാണ് കോവിഡ് ബ്രിഗേഡിന് രൂപം നൽകിയത്. വ്യാപനം കുറച്ചു കൊണ്ടുവരുന്നതോടോപ്പം ആരോഗ്യ സംവിധാനങ്ങളും മനുഷ്യ വിഭവശേഷിയും വർധിപ്പിക്കേണ്ടതുണ്ട്.

ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെൻറ് സെൻററിൽ ആവശ്യമായ ഡോക്ടർമാർ, നഴ്‌സുമാർ, ഫാർമസിസ്റ്റ്, ലബോറട്ടറി ടെക്‌നീഷ്യൻ, മറ്റ് ആരോഗ്യ പ്രവർത്തകർ തുടങ്ങി വിവിധ വിഭാഗങ്ങളിൽ ഉൾപ്പെടുന്നവരാണ് കോവിഡ് ബ്രിഗേഡിലെ അംഗങ്ങൾ. കോവിഡ് 19 ജാഗ്രത പോർട്ടൽ വഴി രജിസ്റ്റർ ചെയ്ത സേവനതത്പ്പരരാണ് ബ്രിഗേഡിൽ അംഗങ്ങളായിരിക്കുന്നത്.

കോവിഡ് ബ്രിഗേഡിൽ ചേരാൻ കൂടുതൽ ആളുകൾ രംഗത്തുവരണം. ഓൺലൈൻ വഴി രജിസ്‌ട്രേഷൻ നടത്താം. ഇതുവരെ 13,577 പേരാണ് രജിസ്റ്റർ ചെയ്തത്. അതിൽ 2562 ഡോക്ടർമാരും 833 ബിഎഎംഎസ്‌കാരും, 1080 ബിഡിഎസ്‌കാരും, 293 എംബിബിഎസ്‌കാരും, 2811 നഴ്‌സുമാരും, 747 ലാബ് ടെക്‌നീഷ്യൻമാരും, 565 ഫാർമസിസ്റ്റും, 3827 നോൺ ടെക്‌നീഷ്യൻമാരും ഉൾപ്പെടുന്നു.

ആരോഗ്യ പ്രവർത്തകർ കുറവുള്ള ജില്ലകളിലാണ് കോവിഡ് ബ്രിഗേഡംഗങ്ങളെ നിയോഗിക്കുക. കാസർകോട്ടെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളാണ് കോവിഡ് ബ്രിഗേഡ് ഏറ്റെടുത്ത ആദ്യ ദൗത്യം. ആറ് ഡോക്ടർമാരുൾപ്പെടെയുള്ള 26 പേരാണ് ആദ്യ സംഘത്തിലുള്ളത്. ഇതുകൂടാതെ മറ്റ് ജില്ലകളിലും ആവശ്യാനുസരണം കോവിഡ് ബ്രിഗേഡിനെ നിയോഗിക്കുന്നുണ്ട്.