സി. എഫ്. എൽ. ടി. സികളിൽ ഡോക്ടറുടെ നേരിട്ടുള്ള മേൽനോട്ടത്തിൽ ചികിത്‌സ നൽകും: മുഖ്യമന്ത്രി
കോവിഡ് ചികിത്‌സയ്ക്കുള്ള സി. എഫ്. എൽ. ടി. സികളിൽ ഡോക്ടറുടെ നേരിട്ടുള്ള മേൽനോട്ടത്തിൽ ചികിത്‌സ നൽകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സ്‌പെഷ്യലിസ്റ്റ് ഡോക്ടർമാരുടെ സേവനം ടെലിമെഡിസിൻ വഴി നൽകുന്നുണ്ട്. രോഗികൾ കൂടുന്ന അവസ്ഥയിൽ എല്ലാ ജില്ലകളിലും കോവിഡ് ഫസ്റ്റ്‌ലൈൻ ട്രീറ്റ്‌മെന്റ്് സെന്ററുകൾ സ്ഥാപിക്കുന്നത് ദ്രുതഗതിയിലാക്കിയിട്ടുണ്ട്.
കോവിഡ് വ്യാപനത്തെ നേരിടുന്നതിന് വേണ്ടി പ്രത്യേകമായി തയ്യാറാക്കുന്ന ജനകീയ ആരോഗ്യ പരിപാലന കേന്ദ്രങ്ങളായാണ് ഫസ്റ്റ്‌ലൈൻ ട്രീറ്റ്‌മെന്റ് സെന്ററുകളെ മാറ്റുന്നത്. ആവശ്യത്തിന് ഡോക്ടർമാരെയും മറ്റ് സ്റ്റാഫിനെയും ഉൾപ്പെടെ ഫസ്റ്റ്‌ലൈൻ ട്രീറ്റ്‌മെന്റ് കേന്ദ്രങ്ങളിൽ എല്ലാ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. 194 സിഎഫ്എൽടിസികളാണ് നിലവിൽ പ്രവർത്തിക്കുന്നത്.
ഓരോ സിഎഫ്എൽടിസിയെയും ഒരു കോവിഡ് ആശുപത്രിയുമായി ബന്ധിപ്പിച്ചിട്ടുണ്ട്. രോഗിയുടെ അസുഖം മൂർച്ഛിക്കുന്ന സാഹചര്യമുണ്ടായാൽ സിഎഫ്എൽടിസിയിലെ ഡോക്ടർ പരിശോധിക്കുകയും കൂടുതൽ ചികിത്സ ആവശ്യമാണെന്നു തോന്നിയാൽ കോവിഡ് ആശുപത്രിയിലേക്ക് ഉടൻ റഫർ ചെയ്യുകയും ചെയ്യും. രോഗികൾക്ക് ആവശ്യമായ കൗൺസലിങ് കൊടുക്കുന്നതിനായി മാനസികാരോഗ്യ വിദഗ്ധരെയും ഏർപ്പെടുത്തിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.