പ്ലസ്‌വൺ പ്രവേശനം: കോവിഡ് നിരീക്ഷണത്തിലുള്ളവർക്കും ക്രിട്ടിക്കൽ കണ്ടെയ്ൻമെന്റ് സോണിലുള്ളവർക്കും ഓൺലൈൻ സൗകര്യം
കോവിഡ് 19 പശ്ചാത്തലത്തിൽ ക്രിട്ടിക്കൽ കണ്ടെയ്ൻമെന്റ് സോണിലുള്ളവർക്കും കോവിഡ് നിരീക്ഷണത്തിലുള്ളവർക്കും പ്ലസ് വൺ പ്രവേശനം നേടുന്നതിന് പ്രവേശനത്തിന്റെ അവസാന തിയതിക്കു മുൻപ് സ്‌കൂളുകളിൽ ഹാജരാകാൻ സാധിക്കുകയില്ലെങ്കിൽ ഓൺലൈനായി പ്രവേശനം നേടുന്നതിനുള്ള സൗകര്യം സെപ്തംബർ 17 മുതൽ കാൻഡിഡേറ്റ് ലോഗിനിൽ ലഭിക്കും. സ്‌കൂളിൽ ഹാജരായി പ്രവേശനം നേടാൻ സാധിക്കാത്തവർക്ക് കാൻഡിഡേറ്റ് ലോഗിനിലെ Online Joining എന്ന ലിങ്കിലൂടെ പ്രവേശനത്തിന് ഹാജരാക്കേണ്ട സർട്ടിഫിക്കറ്റുകളുടെ സ്‌കാൻഡ് കോപ്പികൾ അപ്‌ലോഡ് ചെയ്യാം. ഒന്നാം ഓപ്ഷനിലുള്ളവർ സ്ഥിരപ്രവേശനത്തിനും അല്ലാത്തവർ സ്ഥിരപ്രവേശനത്തിനോ അല്ലെങ്കിൽ താൽക്കാലിക പ്രവേശനത്തിനോ താൽപര്യമറിയിക്കണം. അലോട്ട്‌മെന്റ് ലഭിച്ച സ്‌കൂളിന്റെ പ്രിൻസിപ്പൽ ലോഗിനിൽ ലഭ്യമാകുന്ന സർട്ടിഫിക്കറ്റുകൾ ഓൺലൈനായി വെരിഫൈ ചെയ്ത് സാധുത ഉറപ്പാക്കി പ്രവേശനത്തിന് അനുമതി നൽകും. അനുമതി ലഭിച്ചാൽ പൊതുഖജനാവിൽ അടയ്‌ക്കേണ്ട തുക ഓൺലൈനായി കാൻഡിഡേറ്റ് ലോഗിനിലെ ഫീ പെയ്‌മെന്റ് എന്ന ലിങ്കിലൂടെ അടച്ച് പ്രവേശന നടപടികൾ പൂർത്തീകരിക്കാം. ഇത്തരത്തിൽ ഓൺലൈൻ പ്രവേശനം നേടുന്നവർ സ്‌കൂളിൽ നേരിട്ട് ഹാജരാകാൻ സാധിക്കുന്ന ഏറ്റവും അടുത്ത ദിവസം സർട്ടിഫിക്കറ്റും മറ്റ് രേഖകളും പിഡി അക്കൗണ്ടിൽ അടയ്‌ക്കേണ്ട ഫീസും സ്‌കൂൾ പ്രിൻസിപ്പലിന് നൽകണം. പ്രവേശന അവസരത്തിൽ സത്യവിരുദ്ധമായ എന്തെങ്കിലും കണ്ടെത്തുകയാണെങ്കിൽ വിദ്യാർത്ഥിയുടെ പ്രവേശനം റദ്ദാക്കും.