മുഖ്യമന്ത്രിയുടെ വാര്‍ത്താ സമ്മേളനത്തില്‍ നിന്ന് 17.09.2020
ഇന്ന് സംസ്ഥാനത്ത് 4351 പേര്‍ക്കാണ് കോവിഡ് ബാധ സ്ഥിരീകരിച്ചത്. രോഗബാധിതരുടെ എണ്ണത്തില്‍ വലിയ വര്‍ധനയാണുണ്ടായിരിക്കുന്നത്. ഇത് ആശങ്കാജനകമാണ്. കോവിഡ് ബാധിച്ച് ഇന്ന് 10 പേര്‍ മരണമടഞ്ഞു. 34,314 പേര്‍ നിലവില്‍ ചികിത്സയിലുണ്ട്. 3730 പേര്‍ക്കും സമ്പര്‍ക്കംമൂലമാണ് രോഗബാധയുണ്ടായത്. ഉറവിടമറിയാത്തത് 351 പേരുണ്ട്. ഇന്ന് രോഗബാധ സ്ഥിരീകരിച്ചവരില്‍ 71 പേര്‍ ആരോഗ്യപ്രവര്‍ത്തകരാണ്. കഴിഞ്ഞ 24 മണിക്കൂറില്‍ 45,730 സാമ്പിളുകള്‍ പരിശോധന നടത്തിയതിലാണ് 4351 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചത്. 2737 പേര്‍ രോഗവിമുക്തരായി.
തിരുവനന്തപുരം ജില്ലയിലാണ് രോഗബാധയുടെ തീവ്രത വലിയതോതില്‍ തുടരുന്നത്. തലസ്ഥാന ജില്ലയില്‍ മാത്രം ഇന്ന് 820 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. അതില്‍ 721 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് വന്നത്. എങ്ങനെ രോഗം ബാധിച്ച് എന്ന് അറിയാത്ത 83 പേരുണ്ട്. തലസ്ഥാന ജില്ലയെ സംബന്ധിച്ചിടത്തോളം രോഗനിയന്ത്രണ പ്രവര്‍ത്തനങ്ങള്‍ എത്ര ശക്തമാക്കിയെങ്കിലും വ്യാപനനിരക്ക് കുറയുന്നില്ല എന്നതാണ് ഇത് സൂചിപ്പിക്കുന്നത്. ആറ് ജില്ലകളില്‍ മുന്നൂറിനു മുകളിലാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം. കോഴിക്കോട് 545, എറണാകുളം 383, ആലപ്പുഴ 367, മലപ്പുറം 351, കാസര്‍കോട് 319 എന്നിങ്ങനെ.
തിരുവനന്തപുരം ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്യുന്ന കോവിഡ് കേസുകളില്‍ ഉറവിടം വ്യക്തമല്ലാത്തവരുടെ എണ്ണം വര്‍ധിക്കുന്നുണ്ട്. ഇന്നലെ വരെയുള്ള കണക്കനുസരിച്ച് ഒരാഴ്ചയ്ക്കിടെ 30,281 ടെസ്റ്റുകളാണ് ജില്ലയില്‍ നടത്തിയത്. ഇതില്‍ 4,184 എണ്ണം പോസിറ്റിവായി. സമ്പര്‍ക്ക വ്യാപനം കൂടിവരുന്ന സാഹചര്യത്തില്‍ ഗര്‍ഭിണികള്‍ കര്‍ശനമായും റൂം ക്വാറന്‍റീന്‍ പാലിക്കുന്നതിന് ആവശ്യമായ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
കൊല്ലം ജില്ലയില്‍ 218 പേര്‍ക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്.
പ്ലസ് വണ്‍ ക്ലാസ്സുകളിലേക്കുള്ള പ്രവേശനം കോവിഡ് പ്രോട്ടോകോള്‍ പാലിച്ച് കര്‍ശന നിയന്ത്രണങ്ങളോടെ മാത്രമേ ആകാവൂയെന്ന് പ്രത്യേക നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. സമയക്രമം പാലിച്ച് നിശ്ചിത എണ്ണം വിദ്യാര്‍ഥികളെ മാത്രമേ പ്രവേശനം നടക്കുന്ന സ്ഥലത്തേക്ക് കടത്തിവിടാന്‍ പാടുള്ളു. കുട്ടികള്‍ പ്രവേശിക്കുന്നത് മുതല്‍ തിരിച്ചു പോകുന്നത് വരെയുള്ള കാര്യങ്ങള്‍ ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥരുടെ നിയന്ത്രണത്തിലായിരിക്കണം.
പത്തനംതിട്ട ജില്ലയില്‍ ഓണത്തിനു ശേഷമാണ് രോഗവ്യാപനം കൂടുതലായി റിപ്പോര്‍ട്ട് ചെയ്യുന്നത്. അതിര്‍ത്തി പങ്കിടുന്ന സ്ഥലങ്ങളിലാണ് നേരത്തെ കൂടുതല്‍ പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിരുന്നതെങ്കില്‍, ഇപ്പോള്‍ മലയോര മേഖലകളിലും വ്യാപിക്കുന്നുണ്ട്. ചിറ്റാര്‍, കോഴഞ്ചേരി തുടങ്ങിയ മാര്‍ക്കറ്റുകള്‍ കേന്ദ്രീകരിച്ച് കൂടുതല്‍ പേര്‍ക്ക് രോഗം കണ്ടെത്തി. ചില മാര്‍ക്കറ്റുകള്‍ കേന്ദ്രീകരിച്ച് ക്ലസ്റ്ററുകള്‍ രൂപപ്പെടാനുള്ള സാധ്യത നിലനില്‍ക്കുന്നു.
ആലപ്പുഴ ജില്ലയില്‍ ആറാട്ടുപുഴ, പുറക്കാട് ക്ളസ്റ്ററുകളിലാണ് രോഗവ്യാപനം എറ്റവും കൂടുതലുള്ളത്.
ഇടുക്കി മെഡിക്കല്‍ കോളേജില്‍ പുതുതായി ആരംഭിച്ച വൈറോളജി ലാബില്‍ കോവിഡ് ടെസ്റ്റ് നടന്നു വരുന്നതിനാല്‍ കൂടുതല്‍ സാമ്പിളുകള്‍ പരിശോധിക്കാന്‍ സാധിക്കുന്നുണ്ട്.
എറണാകുളം ജില്ലയില്‍ സമ്പര്‍ക്ക വ്യാപനത്തോത് കുറച്ചു കൊണ്ടുവരാനായിട്ടുണ്ട്. 42 ക്ലസ്റ്ററുകളിലും സര്‍വൈലന്‍സ് ശക്തിപ്പെടുത്തിയതിന്‍റെ ഫലമായി വ്യാപനത്തോതും ഭയപ്പെട്ടതിനേക്കാള്‍ കുറവാണ്. ജില്ലയില്‍ കോവിഡ് ബാധിതരാകുന്നതില്‍ 60 വയസിനു മുകളില്‍ പ്രായമുള്ളവര്‍ 10 ശതമാനത്തില്‍ താഴെ മാത്രമാണ്. റിവേഴ്സ് ക്വാറന്‍റീന്‍ ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ കര്‍ശനമായി പാലിക്കുന്നതിന്‍റെ നേട്ടമാണിത്. ഇതില്‍ തന്നെ ഭൂരിപക്ഷം പേരും 70 വയസില്‍ താഴെ പ്രായമുള്ളവരാണ്.
കോഴിക്കോട് ജില്ലയില്‍ കോവിഡ് രോഗികളുടെ എണ്ണം വര്‍ധിച്ചുവരികയാണ്. ഇന്നലെ 468 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഇതില്‍ 161 പേര്‍ കോഴിക്കോട് കോര്‍പറേഷന്‍ വാര്‍ഡുകളിലുള്ളവരാണ്. ഇന്നത്തെ എണ്ണം 545. സമ്പര്‍ക്ക വ്യാപനം കൂടുതലുള്ളതും കോര്‍പറേഷന്‍ മേഖലയിലാണ്. സെന്‍ട്രല്‍ മാര്‍ക്കറ്റില്‍ നടന്ന പരിശോധനയില്‍ 180ഓളം പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു.
വടകര എടച്ചേരിയിലെ തണല്‍ അഗതി മന്ദിരത്തില്‍ നൂറിലധികം അന്തേവാസികള്‍ക്ക് രോഗബാധയുണ്ടായതായി റിപ്പോര്‍ട്ടുണ്ട്. പ്രായമുള്ളവരും മറ്റ് രോഗങ്ങളുള്ളവരുമാണ് ഇവിടുത്തെ അന്തേവാസികള്‍. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നിന്നുള്ള പ്രത്യേക മെഡിക്കല്‍ സംഘത്തെ നിയോഗിച്ച് ചികിത്സ നല്‍കുന്നു.
കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് വയനാട് ജില്ലയില്‍ ഹൗസ് സര്‍ജന്‍മാരുടെ കുറവ് അനുഭവപ്പെടുന്ന പശ്ചാത്തലത്തില്‍ മേപ്പാടി ഡിഎം വിംസ് മെഡിക്കല്‍ കോളേജിലെ പകുതി ഹൗസ് സര്‍ജന്‍മാരുടെ സേവനം ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്ക് വിട്ടുനല്‍കും.
കണ്ണൂര്‍ ജില്ലയില്‍ അഞ്ചരക്കണ്ടിയിലെ പ്രത്യേക കൊവിഡ് ചികില്‍സാ കേന്ദ്രത്തിനു പുറമെ, നാലു സര്‍ക്കാര്‍ ആശുപത്രികളിലും 12 സഹകരണ സ്വകാര്യ ആശുപത്രികളിലും 10 സിഎഫ്എല്‍ടിസികളിലുമായാണ് കൊവിഡ് ചികില്‍സ നടക്കുന്നത്.
കാസര്‍കോട് ജില്ലയില്‍ കഴിഞ്ഞ 15 ദിവസത്തിനുള്ളില്‍ മാത്രം 2386 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇവരില്‍ 2272 പേര്‍ക്കും സമ്പര്‍ക്കം വഴിയാണ് രോഗം ബാധിച്ചത്.
നിലവിലുള്ള മാര്‍ഗനിര്‍ദേശപ്രകാരം പരമാവധി 50 പേര്‍ക്കാണ് കൂട്ടംകൂടാന്‍ അനുവാദമുള്ളത്. എന്നാല്‍, സംസ്ഥാനത്ത് ഇപ്പോള്‍ നടക്കുന്ന സമരങ്ങളുടെ ഭാഗമായി ഇതിനേക്കാള്‍ കൂടുതല്‍ പേര്‍ കൂട്ടംകൂടുന്നുണ്ട്. അവര്‍ കോവിഡ് പ്രോട്ടോക്കോള്‍ പ്രകാരമുള്ള സാമൂഹിക അകലം പാലിക്കുകയോ മാര്‍ഗനിര്‍ദേശങ്ങള്‍ അനുസരിക്കുകയോ ചെയ്യുന്നില്ല.
ഇത്തരം ലംഘനങ്ങള്‍ തുടരുകയും ക്രമസമാധാനപ്രശ്നമുണ്ടാക്കുകയും ചെയ്യുന്നവര്‍ക്കെതിരെ കലാപം ഉണ്ടാക്കുന്നതും നിയമവിരുദ്ധമായി കൂട്ടം കൂടുന്നതും പൊതു-സ്വകാര്യ മുതലുകള്‍ നശിപ്പിക്കുന്നതും ഉള്‍പ്പെടെയുള്ള കുറ്റങ്ങള്‍ ചുമത്തി പ്രോസിക്യൂഷന്‍ നടപടി സ്വീകരിക്കും. ഇവര്‍ക്കെതിരെ ഡിസാസ്റ്റര്‍ മാനേജ്മെന്‍റ് ആക്ട്, കേരള എപ്പിഡെമിക് ഡിസീസ് ഓര്‍ഡിനന്‍സ് എന്നിവ പ്രകാരവും നിയമനടപടി കൈക്കൊള്ളും. അനാവശ്യമായി ജനങ്ങള്‍ കൂട്ടംകൂടുന്ന സംഭവങ്ങള്‍ ബഹു. ഹൈക്കോടതി വളരെ ഗൗരവമായാണ് കാണുന്നത്.
മന്ത്രി ഡോ. കെ.ടി. ജലീലിനെ ചോദ്യം ചെയ്തതുമായി ബന്ധപ്പെട്ട് സെപ്തംബര്‍ 11 മുതല്‍ നടന്ന വിവിധ രാഷ്ട്രീയ പാര്‍ടികളുടെ സമരങ്ങളില്‍ ഉണ്ടായ സംഘര്‍ഷത്തോടനുബന്ധിച്ച് 385 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. 1131 പേര്‍ അറസ്റ്റിലായി. സമരവുമായി ബന്ധപ്പെട്ട് മാസ്ക്ക് ഉപയോഗിക്കാതിരിക്കല്‍, സാമൂഹിക അകലം പാലിക്കാതിരിക്കല്‍ മുതലായ കുറ്റങ്ങള്‍ക്ക് 1629 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. സംഘര്‍ഷവുമായി ബന്ധപ്പെട്ട് എംഎല്‍എമാരായ ഷാഫി പറമ്പില്‍, കെ.എസ് ശബരീനാഥ് എന്നിവര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. കോണ്‍ഗ്രസ്, യൂത്ത് കോണ്‍ഗ്രസ്, ബിജെപി, മഹിളാമോര്‍ച്ച, എബിവിപി, കെഎസ്യു, എംഎസ്എഫ്, യുവമോര്‍ച്ച, മുസ്ലീംലീഗ് ഇത്തരം പാര്‍ട്ടികളുടെയും സംഘടനകളുടെയും പ്രവര്‍ത്തകരും വിവിധ ജില്ലകളില്‍ അറസ്റ്റിലായിട്ടുണ്ട്.
സംസ്ഥാനത്ത് രോഗബാധിതരുടെ എണ്ണം വര്‍ധിക്കാന്‍ ഇത്തരം ജാഗ്രതയില്ലാത്ത സമരങ്ങള്‍ കാരണമായിട്ടുണ്ട്. മാസ്കില്ലാതെയും അകലം പാലിക്കാതെയും അക്രമസമരം നടത്തുന്നത് പ്രോത്സാഹിക്കപ്പെടാന്‍ പാടില്ല. അത് ഈ നാടിനെതിരെയുള്ള വെല്ലുവിളിയായി കാണണം. നിയമലംഘനങ്ങളും രോഗവ്യാപന ശ്രമങ്ങളും പ്രോത്സാഹിപ്പിക്കാതിരിക്കാന്‍ മാധ്യമങ്ങളും തയ്യാറാകണം.
വ്യാജ വാര്‍ത്തകള്‍
വ്യാജവാര്‍ത്തകള്‍ക്കെതിരെ നടപടി എടുക്കാന്‍ പ്രത്യേക സംവിധാനം പോലീസിന്‍റെ നേതൃത്വത്തില്‍ ഒരുക്കുന്നത് ചിലരില്‍ തെറ്റിധാരണ ഉണ്ടാക്കിയതായി കാണുന്നുണ്ട്. പ്രത്യേകമായി ആരെയോ അല്ലെങ്കില്‍ ചിലരെയോ ഉദ്ദേശിച്ചുള്ള നീക്കമെന്ന രീതിയില്‍ തെറ്റിധാരണ ഉള്ളതായി കാണുന്നു.
വ്യാജ വാര്‍ത്തകള്‍ തടയണം എന്ന കാര്യത്തില്‍ ആര്‍ക്കും മറിച്ചൊരു അഭിപ്രായം ഉണ്ടാവാനിടയില്ല. 2017ല്‍ കോളിന്‍സ് ഡിക്ഷണറി ലെക്സിക്കോഗ്രാഫര്‍മാര്‍ തെരഞ്ഞെടുത്ത വേഡ് ഓഫ് ഇയര്‍ ആയിരുന്നു 'ഫേക്ക് ന്യൂസ്'. 2016ലെ അമേരിക്കന്‍ തെരഞ്ഞെടുപ്പില്‍ പ്രത്യേകിച്ചും, തുടര്‍ന്നിങ്ങോട്ടുള്ള എത്രയോ തെരഞ്ഞെടുപ്പുകളിലും വ്യാജവാര്‍ത്തകള്‍ ജനങ്ങളെ ദുഃസ്വാധീനിക്കുന്നതിന്‍റെ തെളിവുകളും പഠനങ്ങളും നിരവധിയായി പുറത്തു വന്നിട്ടുണ്ട്.
ഇത് കാണിക്കുന്നത് വ്യാജ വാര്‍ത്തകള്‍ ഏതെങ്കിലും വ്യക്തികള്‍ക്കോ സംഘടനകള്‍ക്കോ സര്‍ക്കാരിനോ മാത്രം ദോഷമോ ഗുണമോ ചെയ്യുന്ന കാര്യമല്ല, സാമൂഹത്തിനെയാകെ ബാധിക്കുന്ന ഒരു വിപത്താണ് എന്ന് നാം തിരിച്ചറിയണം. വ്യാജ വാര്‍ത്തകളുടെ വ്യാപനം ജനാധിപത്യത്തെ തന്നെ അപകടപെടുത്തുന്ന ഒന്നാണ്.
തെറ്റായ വാര്‍ത്തകള്‍ കൊടുക്കുന്ന പ്രവണത പണ്ടും ഉണ്ട്. രാഷ്ട്രീയ ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തിയും ചിലപ്പോള്‍ സര്‍ക്കുലേഷന്‍ വര്‍ദ്ധനവിനു വേണ്ടിയുമൊക്കെ പരിണിതപ്രജ്ഞരെന്നു നാം കരുതുന്ന പാരമ്പര്യമുള്ള മാധ്യമങ്ങള്‍ വരെ ഇത്തരം പ്രവര്‍ത്തിയില്‍ ഏര്‍പ്പെട്ടിട്ടുണ്ട്. ചാരക്കേസിന്‍റെ നാള്‍ വഴി നോക്കിയാല്‍ അറിയാം, അത് ഒരേസമയം പല ലക്ഷ്യങ്ങള്‍ വെച്ചുകൊണ്ട് ചിലര്‍ നടപ്പാക്കിയ ഗൂഢപദ്ധതിയായിരുന്നു എന്ന്. അതുണ്ടാക്കിയ പ്രശ്നങ്ങള്‍ക്ക് പകരം ആവില്ലെങ്കിലും കോടതി പറഞ്ഞ പ്രകാരം, ജനങ്ങളുടെ പണം ഉപയോഗിച്ചാണ് സര്‍ക്കാര്‍ അതിന് ഒരു വലിയ അനീതിക്ക് പരിഹാരം കണ്ടത്.
മാധ്യമ സ്വാതന്ത്ര്യത്തെ ആരും ഇവിടെ ഹനിക്കാന പോകുന്നില്ല. തെറ്റുപറ്റിയാല്‍ തിരുത്തണം. അതില്‍ വിമുഖത പാടില്ല. ചില മാധ്യമങ്ങള്‍ തങ്ങള്‍ക്ക് തെറ്റ് പറ്റിയാല്‍ തിരുത്താനോ, തെറ്റായ വാര്‍ത്ത കൊടുത്ത അതേ പ്രാധാന്യത്തോടെ ശരിയായ വാര്‍ത്ത കൊടുക്കുവാനോ തയ്യാറാവുന്നില്ല എന്നതാണ് പൊതു അനുഭവം.
ഒരു മാധ്യമത്തിന്‍റെ ഏകപക്ഷീയമായ വേട്ടയാടലിനെ തുടര്‍ന്ന് ഡല്‍ഹിയില്‍ ഒരു അമ്മയ്ക്കും മകനും ജീവന്‍ നഷ്ടപ്പെട്ടത് ആരും മറന്നു കാണില്ല. 70 രൂപ ഓട്ടോക്കാശ് പിരിച്ചതിന്‍റെ പേരില്‍ കുട്ടനാട്ടിലെ ഓമനക്കുട്ടന്‍ നേരിടേണ്ടി വന്ന മാധ്യമ വിചാരണ നമ്മുടെ മുന്നില്‍ ഉണ്ട്. ആ വാര്‍ത്തയുടെ നിജസ്ഥിതി പുറത്തു കൊണ്ട് വന്നതും മാധ്യമങ്ങള്‍ തന്നെ. ഒട്ടുമിക്ക മാധ്യമങ്ങളും തുടര്‍ന്ന് ആ വാര്‍ത്ത തിരുത്തി, അദ്ദേഹത്തോട് മാപ്പ് പറഞ്ഞുകൊണ്ടുള്ള വാര്‍ത്തയും കൊടുത്തു. ഒരു കൂട്ടര്‍ അത് തിരുത്താന്‍ തയ്യാറായില്ല.
ഈ ഘട്ടത്തില്‍ കോവിഡുമായി ബന്ധപ്പെട്ട വ്യാജവാര്‍ത്തകള്‍ വളരെ ഗൗരവമായി കാണേണ്ടതുണ്ട്. ആളുകളുടെ വീടുകള്‍ അക്രമിക്കപ്പെടുന്ന സ്ഥിതി ഉണ്ടായില്ലേ? വ്യാജ വാര്‍ത്തകള്‍ ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണി ഉയര്‍ത്തുന്ന ഒരു ഘട്ടത്തില്‍ അവയെ നിയന്ത്രിക്കാന്‍ ഒന്നും ചെയ്യരുത് എന്ന സമീപനം സാമൂഹിക പ്രതിബദ്ധതയുള്ള ആര്‍ക്ക് എടുക്കാന്‍ സാധിക്കും? ഇപ്പോള്‍ ഉണ്ടാക്കിയ സംവിധാനം സാധാരണക്കാരായ ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കുന്നതിന് വേണ്ടിയാണ്.
അതുകൊണ്ട് മാധ്യമ നൈതികയും ധാര്‍മിക നിലപാടും ഉയര്‍ത്തിപ്പിടിക്കുന്ന എല്ലാ മാധ്യമങ്ങളും വ്യാജ വാര്‍ത്തകള്‍ക്കെതിരായ നടപടികളില്‍ പൂര്‍ണമായി സഹകരിക്കുമെന്ന് ഉറപ്പാണ്. അതിനായി അഭ്യര്‍ത്ഥിക്കുന്നു. തെറ്റായ വാര്‍ത്തകളും അടിസ്ഥാനരഹിതമായ നിഗമനങ്ങളും നുണപ്രചരണവും ഇന്നത്തെ കാലത്ത് നാട്ടില്‍ കുറെ ആപത്തുണ്ടാക്കുന്നുണ്ട്. അത് തടയുക. മാധ്യമ സ്വാതന്ത്ര്യത്തെ ഏതെങ്കിലും തരത്തില്‍ ഹനിക്കാനോ തടയാനോ ഏതെങ്കിലും രീതിയില്‍ ദുര്‍ബലപ്പെടുത്താനോ ഇതിലൂടെ ഉദ്ദേശിക്കുന്നില്ല എന്നു കൂടി വ്യക്തമാക്കുകയാണ്.
കമറുദ്ദീന്‍ കേസ്
കാസര്‍കോട് ചെറുവത്തൂര്‍ ഫാഷന്‍ ഗോള്‍ഡ് ജ്വല്ലറിയുമായി ബന്ധപ്പെട്ട തട്ടിപ്പില്‍ ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചു കഴിഞ്ഞു. ഇതുമായി ബന്ധപ്പെട്ട് ഏതാനും പുതിയ കേസുകളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. അവയും ക്രൈംബ്രാഞ്ചിനു കൈമാറും. വിദഗ്ധരായ പൊലീസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെട്ട പ്രത്യേക അന്വേഷണസംഘം ശാസ്ത്രീയമായ രീതിയിലാണ് കേസ് അന്വേഷിക്കുന്നത്.
കാര്‍ഷികമേഖലയിലെ മുന്നേറ്റം
കുട്ടനാടിന്‍റെ സമഗ്ര വികനസത്തിനു എല്‍ഡിഎഫ് സര്‍ക്കാര്‍ ആവിഷ്കരിച്ച രണ്ടാം കുട്ടനാട് പാക്കേജ് ഇന്ന് ജനങ്ങള്‍ക്കു മുന്നില്‍ അവതരിപ്പിച്ചിരിക്കുകയാണ്. സര്‍ക്കാരിന്‍റെ 100 ദിന കര്‍മ്മപരിപാടികളുടെഭാഗമായാണ് ഈ ബൃഹദ് പദ്ധതി. പ്രളയാന്തര കുട്ടനാടിനെ പുനരുജ്ജീവിപ്പിക്കുക എന്ന മഹത്തായ ലക്ഷ്യവും ഈ പദ്ധതിക്കുണ്ട്.
വിവിധ വകുപ്പുകളില്‍ കൂടി നടപ്പിലാക്കുന്ന ഈ പദ്ധതിക്കായി 2,447 കോടി രൂപയാണ് നീക്കിവെച്ചിട്ടുള്ളത്. കുട്ടനാടിന്‍റെ കാര്‍ഷികമേഖല അഭിവൃദ്ധിപ്പെടുത്തുകയും കര്‍ഷകരുടെ വരുമാനം വര്‍ധിപ്പിക്കുകയും ചെയ്യുക എന്നത് ഈ പദ്ധതിയുടെ പ്രധാന ലക്ഷ്യങ്ങളില്‍ ഒന്നാണ്. ബൃഹത്തായ ഈ പാക്കേജില്‍ ഉള്‍പ്പെട്ടിട്ടുള്ള ചില പദ്ധതികള്‍ക്കു വരുന്ന 100 ദിവസത്തിനകം തന്നെ ഫലം കണ്ടുതുടങ്ങും.
ഈ സര്‍ക്കാര്‍ വന്നശേഷം കാര്‍ഷികമേഖലയുടെ നവീകരണത്തിനും ഉല്‍പാദനവര്‍ധനവിനും അതിലൂടെ കൃഷിക്കാരുടെ വരുമാനം വര്‍ധിപ്പിക്കുന്നതിനും ഒട്ടേറെ പദ്ധതികള്‍ നടപ്പാക്കി വരികയാണ്. ഇതിന്‍റെയെല്ലാം പ്രയോജനം കാര്‍ഷിക മേഖലയില്‍ പ്രകടമാണ്. മഹാപ്രളയവും കഴിഞ്ഞവര്‍ഷമുണ്ടായ അതിവര്‍ഷക്കെടുതിയും കാര്‍ഷികമേഖലയില്‍ വലിയ ആഘാതം സൃഷ്ടിച്ചിട്ടുണ്ടെന്ന് നമുക്കറിയാം.
ഗുരുതരമായ ഈ തിരിച്ചടികള്‍ കൂടി നേരിട്ടാണ് കാര്‍ഷികമേഖലയില്‍ മാറ്റങ്ങള്‍ വരുത്തുന്നത്. കൃഷി അഭിമാനകരമായ ജീവിതമാര്‍ഗ്ഗമായി മാറ്റാന്‍ കഴിഞ്ഞിരിക്കുന്നു എന്നതാണ് ഏറ്റവും വലിയ നേട്ടം. വിദ്യാസമ്പന്നരായ യുവതലമുറ കൃഷിയിലേക്ക് വരാന്‍ തുടങ്ങിയിട്ടുണ്ട്. പുതിയ സാങ്കേതിക വിദ്യയും നൂതന രീതികളും കേരളത്തിലെ കാര്‍ഷികമേഖലയില്‍ ഇന്ന് വ്യാപകമാണ്. വീട്ടുമുറ്റത്തോ മട്ടുപ്പാവിലോ പച്ചക്കറികൃഷി ചെയ്യാത്ത കുടുംബങ്ങള്‍ കുറവാണ്. കൃഷിയോട് ജനങ്ങള്‍ക്കുള്ള ആഭിമുഖ്യം വര്‍ധിച്ചുവെന്നാണ് ഇത് കാണിക്കുന്നത്. ജനങ്ങളുടെ താല്പര്യവും സര്‍ക്കാരിന്‍റെ പിന്തുണയും ഒത്തുചേര്‍ന്നാല്‍ കാര്‍ഷികമേഖലയില്‍ വലിയ മാറ്റങ്ങള്‍ സൃഷ്ടിക്കാന്‍ നമുക്ക് കഴിയും.
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വരുമ്പോള്‍ നമ്മുടെ പച്ചക്കറി ഉല്‍പാദനം 6.28 ലക്ഷം ടണ്ണായിരുന്നു. ഇപ്പോള്‍ അത് 15 ലക്ഷം ടണ്ണായി വര്‍ധിച്ചു. 2016-17ല്‍ 52,830 ഹെക്ടറിലായിരുന്നു പച്ചക്കറി കൃഷി ചെയ്തിരുന്നത്. അത് 96,000 ഹെക്ടറായി വര്‍ധിപ്പിക്കാന്‍ കഴിഞ്ഞു. ഇവിടെ ഉല്‍പാദിപ്പിക്കാന്‍ കഴിയാത്ത സവാള പോലുള്ള പച്ചക്കറികളാണ് പുറത്തുനിന്ന് ഇപ്പോള്‍ അധികമായി വരുന്നത്. സവാള, ഉരുളക്കിഴങ്ങ് ഉള്‍പ്പെടെയുള്ള ശീതകാല പച്ചക്കറികളുടെ ഹബ്ബായി വട്ടവട, കാന്തല്ലൂര്‍ മേഖലകളെ മാറ്റാനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചുകഴിഞ്ഞു. യൂക്കാലിപ്റ്റസ്, അക്കേഷ്യ തുടങ്ങി പ്രകൃതിക്ക് ദോഷകരമായ മരങ്ങള്‍ മുറിച്ചുമാറ്റിയാണ് ശീതകാല പച്ചക്കറി കൃഷി ആരംഭിച്ചത്.
പച്ചക്കറികൃഷി വ്യാപിക്കുന്നതിന് സംസ്ഥാനത്താകെ മഴമറ യൂണിറ്റുകള്‍ സ്ഥാപിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. മഴമറയുണ്ടെങ്കില്‍ 365 ദിവസവും പച്ചക്കറി കൃഷി ചെയ്യാന്‍ കഴിയും. ഈ വര്‍ഷം 1118 മഴമറ യൂണിറ്റുകള്‍ സ്ഥാപിച്ചു കഴിഞ്ഞു. 100 ചതുരശ്ര മീറ്ററുള്ള മഴമറയ്ക്ക് സര്‍ക്കാര്‍ അര ലക്ഷം രൂപ സബ്സിഡി നല്‍കുന്നുണ്ട്. അടുത്ത വര്‍ഷം 1000 യൂണിറ്റുകള്‍ കൂടി സംസ്ഥാനത്ത് സ്ഥാപിക്കാനാണ് ഉദ്ദേശിക്കുന്നത്.
പച്ചക്കറികൃഷി പ്രോത്സാഹിപ്പിക്കുന്നതിന്‍റെ ഭാഗമായി 16 ഇനം പച്ചക്കറികള്‍ക്ക് തറവില നിശ്ചയിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്. നവംബറില്‍ ഇത് നടപ്പാകും. ഈ പദ്ധതിയും ഇന്ത്യയില്‍ ആദ്യമാണ്. ജൈവപച്ചക്കറികൃഷി പ്രോത്സാഹിപ്പിക്കുന്നതിന് സര്‍ക്കാര്‍ പ്രത്യേക ശ്രദ്ധ നല്‍കുന്നുണ്ട്. 619 ജൈവപച്ചക്കറി ക്ലസ്റ്ററുകള്‍ ഇതിനകം ആരംഭിച്ചിട്ടുണ്ട്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുമായി ചേര്‍ന്ന് ജൈവഉല്‍പാദന ഉപാധികളുടെ നിര്‍മാണം കൂടി അടുത്ത വര്‍ഷം ആരംഭിക്കും.
നെല്‍കൃഷിയിലും നമുക്ക് വലിയ നേട്ടമുണ്ടാക്കാന്‍ കഴിഞ്ഞു. നെല്‍കൃഷിയുടെ വിസ്തൃതി 4 വര്‍ഷത്തിനുള്ളില്‍ 1.92 ലക്ഷം ഹെക്ടറില്‍ നിന്ന് 2.2 ലക്ഷം ഹെക്ടറായി വര്‍ധിപ്പിക്കാന്‍ കഴിഞ്ഞു. 50,000 ഏക്കര്‍ തരിശുനിലമാണ് ഈ കാലയളവില്‍ നെല്‍കൃഷിക്കായി മാറ്റിയെടുത്തത്.
രാജ്യത്ത് ഏറ്റവും ഉയര്‍ന്ന സംഭരണ വില നല്‍കി നെല്ല് സംഭരിക്കുന്നത് കേരളത്തിലാണ് - 27.48 രൂപ. സംഭരണത്തില്‍ നാലു വര്‍ഷത്തിനിടയില്‍ 28 ശതമാനം വര്‍ധനവുണ്ടായി. ഈ വര്‍ഷം 7.1 ലക്ഷം ടണ്‍ സംഭരിച്ചു. അത് റെക്കോഡാണ്. അടുത്ത വര്‍ഷം പത്തുലക്ഷം ടണ്‍ സംഭരിക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു.
തൃശൂര്‍, പൊന്നാനി കോള്‍പ്പാടങ്ങളുടെ വികസനത്തിന് 298 കോടിയുടെ പദ്ധതി നടപ്പാക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. നെല്ലുത്പാദനത്തിന്‍റെ പ്രധാന മേഖലയായി ഈ കോള്‍നിലങ്ങളെ മാറ്റാന്‍ സാധിക്കും.
കര്‍ഷകര്‍ക്ക് പരമാവധി സഹായവും പിന്തുണയും ലഭ്യമാക്കുക എന്നത് സര്‍ക്കാരിന്‍റെ പ്രഥമ പരിഗണനയാണ്. ഇതിന്‍റെ ഭാഗമായാണ് നെല്‍വയലുകള്‍ സംരക്ഷിക്കുകയും കൃഷി നടത്തുകയും ചെയ്യുന്ന ഉടമകള്‍ക്ക് ഹെക്ടറിന് 2,000 രൂപ റോയല്‍റ്റി നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. ഇത്തരമൊരു പ്രോത്സാഹന പദ്ധതിയും നമ്മുടെ രാജ്യത്ത് ആദ്യമാണ്. ഇതിന്‍റെ ആദ്യഘട്ടത്തിലേക്ക് 40 കോടി രൂപ ഇതിനായി നീക്കിവെച്ചിട്ടുണ്ട്. റോയല്‍റ്റിക്ക് അര്‍ഹരായവരില്‍ നിന്ന് അപേക്ഷ സ്വീകരിക്കാന്‍ തുടങ്ങിയിരിക്കുന്നു.
കൃഷി വികസനത്തോടൊപ്പം കര്‍ഷകന്‍റെ കുടുംബഭദ്രത ഉറപ്പാക്കുന്നതിന് കര്‍ഷക ക്ഷേമ ബോര്‍ഡ് അടുത്ത മാസം പ്രവര്‍ത്തനമാരംഭിക്കും. കര്‍ഷകനും കുടുംബത്തിനുമുള്ള പെന്‍ഷന്‍, ഇന്‍ഷൂറന്‍സ്, മക്കളുടെ വിദ്യാഭ്യാസത്തിനുള്ള സഹായം, വിധവാ ധനസഹായം തുടങ്ങിയവയെല്ലാം ഈ ബോര്‍ഡിലൂടെ ലഭ്യമാക്കും.
കോവിഡ് മഹാമാരിയുടെ പ്രത്യാഘാതം മറികടക്കുന്നതിന് പ്രാദേശിക സ്വയംഭരണ സ്ഥാപനങ്ങളുടെ പങ്കാളിത്തത്തോടെ നടപ്പാക്കുന്ന 'സുഭിക്ഷ കേരളം പദ്ധതി' നല്ല നിലയില്‍ മുന്നോട്ടുപോകുകയാണ്. തരിശുനിലങ്ങളില്‍ പരമാവധി കൃഷിയിറക്കി ഉല്‍പാദനം വര്‍ധിപ്പിക്കുക എന്നതാണ് ഈ പദ്ധതിയുടെ പ്രധാന ലക്ഷ്യം. 25,000 ഹെക്ടര്‍ തരിശുനിലം ആദ്യഘട്ടത്തില്‍ കൃഷിയോഗ്യമാക്കാനായിരുന്നു തീരുമാനം. എന്നാല്‍, 16,716 പദ്ധതികളിലൂടെ ഇതിനകം തന്നെ 26,580 ഹെക്ടര്‍ തരിശുഭൂമി കൃഷിയോഗ്യമാക്കാന്‍ കഴിഞ്ഞുവെന്നത് ജനങ്ങളുടെ പങ്കാളിത്തവും ഉല്‍സാഹവുമാണ് കാണിക്കുന്നത്.
കാര്‍ഷിക ജോലിക്ക് ആളെ കിട്ടാത്ത പ്രയാസം സംസ്ഥാനത്തിന്‍റെ പല ഭാഗത്തും നേരിടുന്നുണ്ട്. ഈ പ്രശ്നം പരിഹരിക്കാനുള്ള ശ്രമത്തിന്‍റെ ഭാഗമായി 'കാര്‍ഷിക കര്‍മ്മ സേനകള്‍' രൂപീകരിച്ചിട്ടുണ്ട്. ഇപ്പോള്‍ 367 പഞ്ചായത്തുകളില്‍ കര്‍മ്മ സേനകള്‍ പ്രവര്‍ത്തിക്കുന്നു. 'സുഭിക്ഷ കേരളം' പദ്ധതിയുടെ ഭാഗമായി എല്ലാ പഞ്ചായത്തിലും ഈ വര്‍ഷം കര്‍മ്മ സേനകള്‍ രൂപീകരിക്കും.
പ്രാദേശിക ഫലവര്‍ഗ്ഗങ്ങളുടെയും വിദേശ ഇനങ്ങളുടെയും ഉല്‍പാദനം വ്യാപകമാക്കുക എന്ന ലക്ഷ്യത്തോടെ ഒരു കോടി ഫലവൃക്ഷത്തൈകള്‍ ഈ പദ്ധതിയുടെ ഭാഗമായി ഇതിനകം വിതരണം ചെയ്തിട്ടുണ്ട്. തൈകളുടെ പരിപാലനം കാര്യക്ഷമമായി നടത്തുമെന്നതാണ് ഈ പദ്ധതിയുടെ പ്രത്യേകത.പത്തുവര്‍ഷം കൊണ്ട് സംസ്ഥാനത്ത് രണ്ടു കോടി ഗുണമേډയുള്ള തെങ്ങിന്‍തൈകള്‍ നട്ടുപിടിപ്പിക്കാനുള്ള പദ്ധതി 2019ല്‍ ആരംഭിച്ചിട്ടുണ്ട്. വാര്‍ഡുകള്‍തോറും 75 തെങ്ങിന്‍തൈ വീതം ഓരോ വര്‍ഷവും വിതരണം ചെയ്യും. ഈ പദ്ധതി പൂര്‍ത്തിയാകുമ്പോള്‍ കേരളം പൂര്‍ണമായും കേരം തിങ്ങുന്ന നാടായി മാറും.
ഈ പദ്ധതിക്കു പുറമെ 'കേരഗ്രാമം' എന്ന മറ്റൊരു പദ്ധതി നാളികേര കൃഷി വികസിപ്പിക്കാന്‍ നടപ്പാക്കുകയാണ്. 250 ഹെക്ടര്‍ വീതമുള്ള തെരഞ്ഞെടുക്കപ്പെട്ട പ്രദേശത്തെ തെങ്ങുകൃഷിയുടെ വികസനമാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്. ഇതുവരെ 206 കേരഗ്രാമ പദ്ധതികള്‍ ആരംഭിച്ചിട്ടുണ്ട്. ഒരു കേരഗ്രാമത്തിന് 75 ലക്ഷം രൂപയാണ് സര്‍ക്കാര്‍ ധനസഹായമായി നല്‍കുന്നത്.
നാടന്‍ മാവിനങ്ങള്‍ പ്രചരിപ്പിക്കുന്നതിന് 'നാടന്‍ മാന്തോപ്പുകള്‍' എന്ന പദ്ധതി ആവിഷ്കരിച്ചിട്ടുണ്ട്. 100 പഞ്ചായത്തുകളില്‍ ഈ വര്‍ഷം നടപ്പാക്കും.
കാര്‍ഷികമേഖലയില്‍ യന്ത്രവല്‍ക്കരണം വ്യാപിപ്പിക്കേണ്ടത് കൃഷിവികസനത്തിന് ആവശ്യമാണെന്ന് സര്‍ക്കാര്‍ കരുതുന്നു. അതോടൊപ്പം നൂതന കൃഷിരീതികളും നാം പ്രയോഗിക്കണം. യന്ത്രവല്‍ക്കരണം പ്രോത്സാഹിപ്പിക്കുന്നതിന് 100 കോടിയുടെ പദ്ധതിയാണ് ഈ വര്‍ഷം നടപ്പാക്കുന്നത്. വ്യക്തികള്‍ക്കും ഗ്രൂപ്പുകള്‍ക്കും കാര്‍ഷിക യന്ത്രം വാങ്ങുന്നതിന് 40 ശതമാനം മുതല്‍ 80 ശതമാനം വരെ സബ്സിഡി സര്‍ക്കാര്‍ നല്‍കും.
യുവജനങ്ങളെ കൃഷിയിലേക്ക് ആകര്‍ഷിക്കേണ്ടതിന്‍റെ പ്രാധാന്യം തുടക്കത്തില്‍ ഞാന്‍ സൂചിപ്പിച്ചുവല്ലോ. കൃഷിയിലേക്കും അനുബന്ധ മേഖലയിലേക്കും വരുന്ന യുവജനങ്ങള്‍ക്കും പ്രവാസികള്‍ക്കും പ്രത്യേക സാമ്പത്തിക സഹായവും സാങ്കേതിക പിന്തുണയും കൃഷി വകുപ്പ് ആരംഭിച്ചിട്ടുണ്ട്. സമൂഹത്തില്‍ കാര്‍ഷിക സംസ്കാരം വളര്‍ത്തിയെടുക്കുന്നതിന് കുട്ടികളെ ഈ മേഖലയിലേക്ക് ആകര്‍ഷിക്കേണ്ടത് പ്രധാന ആവശ്യമാണ്. വിദ്യാര്‍ത്ഥികളെ കാര്‍ഷികമേഖലയിലേക്ക് കൊണ്ടുവരുന്നതിന് 'പാഠം ഒന്ന് പാടത്തേക്ക്' എന്ന പദ്ധതി കൃഷിവകുപ്പ് തുടങ്ങിയത്. നെല്ലിന്‍റെ ജന്മദിനമായി സങ്കല്‍പ്പിക്കപ്പെടുന്ന കന്നിമാസത്തിലെ മകം നാളില്‍ വിദ്യാര്‍ത്ഥികളെ കൊണ്ട് നെല്‍കൃഷിയുമായി ബന്ധപ്പെട്ട ജോലികള്‍ ചെയ്യിപ്പിക്കുക എന്നതാണ് ഈ പരിപാടി.