മുഖ്യമന്ത്രിയുടെ വാര്‍ത്താ സമ്മേളനത്തില്‍ നിന്ന് 19.09.2020

post

ഇന്ന് സംസ്ഥാനത്ത് 4644 പേര്‍ക്കാണ് കോവിഡ് ബാധ സ്ഥിരീകരിച്ചത്. കോവിഡ് ബാധിച്ച് ഇന്ന് 18 പേര്‍ മരണമടഞ്ഞു. 37,488 പേര്‍ നിലവില്‍ ചികിത്സയിലുണ്ട്. 3781 പേര്‍ക്കും സമ്പര്‍ക്കംമൂലമാണ് ഇന്ന് രോഗബാധയുണ്ടായത്. ഉറവിടമറിയാത്തത് 498 പേരുണ്ട്. രോഗബാധ സ്ഥിരീകരിച്ചവരില്‍ 86 പേര്‍ ആരോഗ്യപ്രവര്‍ത്തകരാണ്. കഴിഞ്ഞ 24 മണിക്കൂറില്‍ 47,452 സാമ്പിളുകള്‍ പരിശോധന നടത്തി. 2862 പേര്‍ രോഗവിമുക്തരായി.

സംസ്ഥാനത്തു തന്നെ ഏറ്റവുമധികം കോവിഡ് രോഗികളുള്ളത് തിരുവനന്തപുരത്താണ്. രോഗത്തിന്‍റെ ഉറവിടം വ്യക്തമല്ലാത്തവരുടെ എണ്ണവും കൂടുതലാണ്. ഇന്ന് രോഗം സ്ഥിരീകരിച്ചത് 824 പേര്‍ക്കാണ്. ഇന്നലെ മാത്രം ജില്ലയില്‍ 2,014 പേര്‍ രോഗനിരീക്ഷണത്തിലായി.

കൊല്ലം ജില്ലയില്‍ മരണത്തെ മുഖാമുഖം കണ്ട കോവിഡ് രോഗി അത്ഭുതകരമായി ജീവിതത്തിലേക്ക് തിരിച്ചുവന്നത് നമ്മുടെ ചികിത്സാ രംഗത്തെ വലിയ നേട്ടമാണ്. പാരിപ്പള്ളി സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലാണ് കോവിഡ്  അതിജീവനത്തിന്‍റെ ഈ അടയാളപ്പെടുത്തല്‍. 43 ദിവസം വെന്‍റിലേറ്ററിലും അതില്‍ 20 ദിവസം കോമാ സ്റ്റേജിലുമായിരുന്ന ശാസ്താംകോട്ട പള്ളിശ്ശേരിക്കല്‍ സ്വദേശി ടൈറ്റസ് എന്ന 54 കാരനാണ് വെന്‍റിലേറ്ററിന്‍റെയും ഡയാലിസിസ് യൂണിറ്റിന്‍റെയും സഹായം വിട്ട് ജീവിതത്തിലേക്ക് തിരിച്ചെത്തിയത്.

മത്സ്യ വില്‍പന തൊഴിലാളിയായ ഇദ്ദേഹത്തെ കഴിഞ്ഞ ജൂലൈ ആറിനാണ് കോവിഡ് പോസിറ്റീവ് ആയതിനാല്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചത്. ശ്വാസകോശ വിഭാഗം ഐസിയുവിലും പിന്നീട് വെന്‍റിലേറ്ററിലും പ്രവേശിപ്പിച്ചു. ജീവന്‍രക്ഷാ മരുന്നുകള്‍ ഉയര്‍ന്ന ഡോസില്‍ നല്‍കേണ്ടതായി വന്നു. ആറു ലക്ഷം രൂപ വിനിയോഗിച്ച് വെന്‍റിലെറ്ററില്‍ തന്നെ ഡയാലിസിസ് മെഷീനുകള്‍ സ്ഥാപിച്ച് മുപ്പതോളം തവണ ഡയാലിസിസ് നടത്തി. രണ്ടു തവണ പ്ലാസ്മാ തെറാപ്പി നടത്തി.

ജൂലൈ 15ന് ടൈറ്റസ് കോവിഡ്  നെഗറ്റീവ് ആയെങ്കിലും കടുത്ത ആരോഗ്യപ്രശ്നങ്ങളെ  തുടര്‍ന്ന് ഓഗസ്റ്റ് 17 വരെ വെന്‍റിലേറ്ററിലും പിന്നീട് ഐസിയുവിലും തുടര്‍ന്നു. ഓഗസ്റ്റ് 21ന് വാര്‍ഡിലേക്ക് മാറ്റുകയും ഫിസിയോതെറാപ്പിയിലൂടെ സംസാരശേഷിയും ചലനശേഷിയും വീണ്ടെടുക്കുകയും ചെയ്തു. ആരോഗ്യ പ്രവര്‍ത്തകരുടെ 72 ദിവസം നീണ്ട അശ്രാന്ത പരിശ്രമത്തിന്‍റെ ഫലമായി ആരോഗ്യ പുരോഗതി നേടിയ ടൈറ്റസ് ഇന്നലെ ആശുപത്രി വിട്ടു.

സ്വകാര്യ ആശുപത്രിയില്‍ ആണെങ്കില്‍ കുറഞ്ഞത് 30 ലക്ഷം രൂപ വേണ്ടിവരുമായിരുന്ന ചികിത്സയാണ് അദ്ദേഹത്തിനു നല്‍കിയത്. പ്രതിസന്ധികള്‍ക്കിടയിലും മനോബലം പകരുന്ന അതിജീവന മാതൃക ആയതിനാലാണ് ഇത് ഇവിടെ എടുത്തുപറയുന്നത്. ടൈറ്റസിനെ ചികിത്സിച്ച എല്ലാവരെയും അഭിനന്ദിക്കുന്നു. കോവിഡിനെതിരെ ഇത്രയേറെ പ്രത്യേകതകളുള്ള ഇടപെടലാണ് നടത്തുന്നത്. അതിനിടയില്‍ രോഗവ്യാപനത്തിന് കാരണമാകുന്ന ശ്രമങ്ങളുണ്ടാക്കുന്നവരുടെ കണ്ണു തുറപ്പിക്കുന്നതിനു കൂടിയാണ് ഇത് ഇവിടെ സൂചിപ്പിക്കുന്നത്.

പത്തനംതിട്ട ജില്ലയില്‍ തിരുവല്ലയിലെ സ്വകാര്യ ആശുപത്രി കേന്ദ്രീകരിച്ചുള്ള ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്ലസ്റ്ററില്‍ വെള്ളിയാഴ്ച വരെ 55 പേര്‍ക്കാണ് രോഗം കണ്ടെത്തിയത്. വിവാഹത്തിന് കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാതെയുണ്ടായ പ്രാഥമിക സമ്പര്‍ക്കംമൂലം രോഗബാധ സ്ഥിരീകരിക്കുന്നത് ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. വിവാഹത്തിന് വലിയ തോതില്‍ ആളുകള്‍ ഒത്തുകൂടുന്നതും കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാത്തതും രോഗവ്യാപനത്തിന് ഇടയാക്കും.

ആലപ്പുഴ ജില്ലയില്‍ സജീവമായ 11 ക്ലസ്റ്ററുകളില്‍ പുറക്കാട്, ആറാട്ടുപുഴ, പുന്നപ്ര സൗത്ത് എന്നിവിടങ്ങളിലാണ് കൂടുതല്‍ കേസുകള്‍ ഉള്ളത്. ജില്ലയിലെ സാമൂഹിക ആരോഗ്യ കേന്ദ്രങ്ങള്‍ക്ക് നിലവില്‍ നല്‍കിയിട്ടുള്ള ആംബുലന്‍സുകള്‍ക്ക് പുറമെ രോഗികളുടെ എണ്ണം വര്‍ധിക്കുന്നതിന്‍റെ അടിസ്ഥാനത്തില്‍ ഓരോ ആംബുലന്‍സ് വീതം നല്‍കും.

കോട്ടയം മുനിസിപ്പാലിറ്റിയില്‍ രോഗികളുടെ എണ്ണം ഉയര്‍ന്നനിലയില്‍ തുടരുന്നു.

ഇടുക്കിയില്‍ നെടുങ്കണ്ടം ടൗണ്‍ പൂര്‍ണ്ണമായി അടച്ചു. മത്സ്യ മൊത്തക്കച്ചവടക്കാരനും, ഗ്രാമപഞ്ചായത്ത്, എക്സൈസ്, ബാങ്ക് ഉദ്യോഗസ്ഥര്‍ക്കും ഉള്‍പ്പെടെ 48 പേര്‍ക്ക് ടൗണില്‍ രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണിത്. സംസ്ഥാനത്തെ ഏറ്റവും വലിയ സമ്പര്‍ക്കങ്ങളില്‍ ഒന്നാണ് നെടുങ്കണ്ടത്തെ മത്സ്യവ്യാപാരിയുടേതെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. 3,000ത്തോളം ആളുകളുമായി ഇദ്ദേഹത്തിന് സമ്പര്‍ക്കമുണ്ടെന്നാണ് പ്രാഥമിക നിഗമനം. കുമളി എട്ടാംമൈല്‍ മുതല്‍ രാജാക്കാട്, രാജകുമാരി, പൂപ്പാറ, ചെമ്മണ്ണാര്‍, കമ്പംമേട് തുടങ്ങി അതിര്‍ത്തി മേഖലയിലെ ഒട്ടുമിക്ക പട്ടണങ്ങളിലും ഇദ്ദേഹം എത്തിയിരുന്നതായാണ് വിവരം.

എറണാകുളത്ത് എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും സമ്പര്‍ക്ക വ്യാപനം ഉണ്ട്. 42 ക്ലസ്റ്ററുകളില്‍ 28 വലിയ കമ്യൂണിറ്റി ക്ലസ്റ്ററുകളുണ്ട്. പോസിറ്റീവ് ആകുന്ന ഗര്‍ഭിണികള്‍ക്കായി ഐസിഡിഎസ് സഹകരണത്തോടെ മുട്ടം എസ്സിഎംഎസ് കോളേജില്‍ പുതിയൊരു എഫ്എല്‍ടിസി ആരംഭിച്ചിട്ടുണ്ട്.

മലപ്പുറത്ത് ഇന്ന് 534 പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചു.

തൃശൂര്‍ ജില്ലയിലെ എഴുപതോളം ഗ്രാമപഞ്ചായത്തുകളിലെ വാര്‍ഡുകള്‍ കണ്ടെയ്ന്‍മെന്‍റ് സോണുകളാണ്.

പാലക്കാട് ജില്ലയില്‍ മേലാമുറി പച്ചക്കറി മാര്‍ക്കറ്റ് ക്ലസ്റ്ററിലുള്‍പ്പെട്ട 38 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു.

കോഴിക്കോട് ദിനംപ്രതി അയ്യായിരത്തിലധികം സാമ്പിളുകള്‍ പരിശോധിക്കുന്നുണ്ട്. 6681 സാമ്പിളുകളാണ് വെള്ളിയാഴ്ച പരിശോധിച്ചത്. കോഴിക്കോട് കോര്‍പറേഷന്‍ പരിധിയിലും വടകര, ചോറോട് ക്ലസ്റ്ററുകളിലുമാണ് കൂടുതല്‍  രോഗികളുള്ളത്. വെള്ളയില്‍ ക്ലസ്റ്ററില്‍ കഴിഞ്ഞ മൂന്നു ദിവസത്തിനിടെ 76 പേര്‍ക്ക് രോഗം ബാധിച്ചിട്ടുണ്ട്. ഇന്ന് 412 പേര്‍ക്കാണ് പോസിറ്റീവായത്.

വയനാട് ജില്ലാ ജയില്‍ സൂപ്രണ്ടിന് കോവിഡ് സ്ഥിരീകരിച്ചതുമായി ബന്ധപ്പെട്ട് സബ് കലക്ടര്‍ ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥര്‍ ജില്ലയില്‍ സ്വയം നിരീക്ഷണത്തില്‍ പോയിട്ടുണ്ട്.

കണ്ണൂര്‍ ജില്ലയില്‍ ആശുപത്രികളില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കൂടുതലായി രോഗം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തില്‍ അത് നിയന്ത്രിക്കാനാവശ്യമായ നടപടികള്‍ കൈക്കൊള്ളാന്‍ ഡിഎംഒയ്ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

കാസര്‍കോട്ട് നിലവിലുള്ള തീരദേശ ക്ലസ്റ്ററുകളില്‍ നിന്നും പലരും പരിശോധനയ്ക്ക് തയ്യാറാകാത്തത് പ്രധാന പ്രശ്നമായി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

കോവിഡ് രോഗവ്യാപനത്തിന്‍റെ അടുത്ത തരംഗം കൂടുതല്‍ രൂക്ഷമായി നമ്മുടെ രാജ്യത്ത് പ്രകടമാകാന്‍ പോകുന്നതായാണ് റിപ്പോര്‍ട്ട്. വര്‍ധിച്ച വ്യാപനശേഷിക്കു കാരണമായേക്കാവുന്ന ജനിതകവ്യതിയാനം  സംഭവിച്ച വൈറസുകളാണ് കേരളത്തില്‍ കാണപ്പെടുന്നതെന്നാണ് വിദഗ്ധ പഠനത്തിന്‍റെ നിഗമനം.

ഗവേഷണത്തിന്‍റെ ഭാഗമായി കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ കേരളത്തില്‍നിന്നുള്ള 179 വൈറസുകളുടെ ജനിതകശ്രേണികരണം  നടത്തുവാനും അവയുടെ വംശാവലി സാര്‍സ് കൊറോണ  2 വിന്‍റെ ഇന്ത്യന്‍ ഉപവിഭാഗമായ എ2എ (A 2 a)  ആണെന്ന് നിര്‍ണ്ണയിക്കുവാനും  സാധിച്ചു. വിദേശ വംശാവലിയില്‍ പെട്ട രോഗാണുക്കള്‍ കണ്ടെത്താന്‍  കഴിഞ്ഞില്ല. വടക്കന്‍ ജില്ലകളില്‍ നിന്നെടുത്ത സാമ്പിളുകളില്‍ നിന്നു ലഭിക്കുന്ന വിവര പ്രകാരം ഒഡീഷ, കര്‍ണാടക, മഹാരാഷ്ട്ര സംസ്ഥാനങ്ങളില്‍ നിന്നുമുള്ള രോഗാണുക്കളാണ് കൂടുതലായി കണ്ടത്.

അയല്‍ സംസ്ഥാനങ്ങളില്‍ രോഗവ്യാപനം ഗുരുതരമാകുന്ന സാഹചര്യം കേരളത്തില്‍ വലിയ ആഘാതം തന്നെ സൃഷ്ടിക്കാം. നേരിയ അലംഭാവം പോലും വലിയ ദുരന്തം വരുത്തിവെച്ചേക്കാവുന്ന ഘട്ടത്തിലാണ് നമ്മളിപ്പോള്‍. പ്രതിരോധ നടപടികള്‍ കൂടുതല്‍ കര്‍ശനമായി പാലിക്കപ്പെടേണ്ടതുണ്ട്. പൊതുസ്ഥങ്ങളില്‍ എല്ലാവരും ഉത്തരവാദിത്വബോധത്തോടെ പെരുമാറിയേ തീരൂ.

കാലാവസ്ഥ

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം രൂപപ്പെടുന്നതിനാല്‍ കേരളത്തില്‍ കാലവര്‍ഷം ശക്തി പ്രാപിക്കുമെന്നും വിവിധയിടങ്ങളില്‍ അടുത്ത ദിവസങ്ങളില്‍ അതിതീവ്ര മഴയ്ക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, വെള്ളപ്പൊക്കം എന്നിവ മുന്നില്‍ കണ്ട് തയ്യാറെടുപ്പ് നടത്താനും അതീവ ജാഗ്രത പാലിക്കാനും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ജനങ്ങളോട് നിര്‍ദേശിച്ചിട്ടുണ്ട്. ശക്തമായ കാറ്റുമൂലം മരങ്ങള്‍ കടപുഴകി വീണുള്ള അപകടങ്ങള്‍ക്കും സാധ്യതയുണ്ട്. മല്‍സ്യ തൊഴിലാളികള്‍ ഒരു കാരണവശാലും കടലില്‍ പോകാന്‍ പാടുള്ളതല്ല.

ഇന്ന് ഇടുക്കി, കണ്ണൂര്‍, കാസര്‍കോട് എന്നീ ജില്ലകളിലും നാളെ ഇടുക്കി, മലപ്പുറം, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും അതിതീവ്ര മഴ ഉണ്ടാകുമെന്നാണ് പ്രവചനം. അതിതീവ്ര മഴ അപകടസാധ്യത വര്‍ധിപ്പിക്കും. ഈ ജില്ലകളില്‍ റെഡ് അലര്‍ട്ടാണ്  പ്രഖ്യാപിച്ചത്.

ഈ ജില്ലകളിലെ ദുരന്തസാധ്യതാ മേഖലകളില്‍ ഉള്ളവരെ മുന്‍കരുതലിന്‍റെ ഭാഗമായി ക്യാമ്പുകളിലേക്ക് മാറ്റേണ്ടതാണ്. രാത്രി സമയങ്ങളില്‍ മഴ ശക്തിപ്പെടുന്ന സാഹചര്യമുണ്ട്. ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ സാധ്യതയുള്ള പ്രദേശങ്ങളില്‍ മുന്‍കരുതലിനായി പകല്‍ സമയം തന്നെ ആളുകളെ മാറ്റി താമസിപ്പിക്കേണ്ടതാണ് എന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. മലയോര മേഖലയിലേക്കുള്ള രാത്രി ഗതാഗതം ഒഴിവാക്കേണ്ടതാണ്.

ഇന്ന് ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലും നാളെ കോട്ടയം, എറണാകുളം, തൃശൂര്‍, പാലക്കാട്, കോഴിക്കോട്, വയനാട് ജില്ലകളിലും 21ന് കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

അതിശക്തമായ മഴ മുന്നറിയിപ്പുള്ള സാഹചര്യത്തില്‍ അധികൃതരുടെ നിര്‍ദേശങ്ങള്‍ അനുസരിച്ച് മാറിത്താമസിക്കേണ്ട ഇടങ്ങളില്‍ എല്ലാവരും സഹകരിക്കേണ്ടതാണ്. ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറേണ്ടുന്ന ഘട്ടങ്ങളില്‍ പൂര്‍ണ്ണമായും കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കണം. ക്വാറന്‍റൈനില്‍ കഴിയുന്നവര്‍, രോഗലക്ഷണമുള്ളവര്‍, കോവിഡ് ബാധിക്കുന്നതുമൂലം കൂടുതല്‍ അപകട സാധ്യതയുള്ളവര്‍, സാധാരണ ജനങ്ങള്‍ എന്നിങ്ങനെ നാലുതരത്തില്‍ ക്യാമ്പുകള്‍ സംഘടിപ്പിക്കാന്‍ വേണ്ടിയാണ് ദുരന്ത നിവാരണ അതോറിറ്റി നിര്‍ദേശം. ദുരന്ത സാധ്യത മേഖലയിലുള്ളവര്‍ എമെര്‍ജന്‍സി കിറ്റ് അടിയന്തരമായി തയ്യാറാക്കി വെക്കണമെന്നും അഭ്യര്‍ത്ഥിക്കുന്നു.

കേന്ദ്ര സേനകള്‍ തയ്യാറാകുവാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. പൊലീസ്, ഫയര്‍ ഫോഴ്സ്, സിവില്‍ ഡിഫന്‍സ് സന്നദ്ധ പ്രവര്‍ത്തകര്‍ എന്നിവര്‍ പൂര്‍ണ്ണ സജ്ജരായി. കരസേന, ഡിഫന്‍സ് സര്‍വീസ് കോര്‍പ്സ്, നേവി, ഐടിബിപി എന്നിവര്‍ തയ്യാറായിട്ടുണ്ട്. വായൂസേനയുടെ വിമാനങ്ങളും തയ്യാര്‍ ആണ് എന്ന് അറിയിച്ചിട്ടുണ്ട്. ബിഎസ്എഫ്, സിആര്‍പിഎഫ് എന്നിവര്‍ അവശ്യാനുസരണം വിന്യസിക്കപ്പെടും.

വികസനം

സര്‍ക്കാരിന്‍റെ നൂറുദിന കര്‍മപദ്ധതിയുടെ ഭാഗമായി ഇന്ന് നാല് സംരംഭങ്ങള്‍ ഉദ്ഘാടനം ചെയ്തിട്ടുണ്ട്.

കുട്ടനാട്ടിലെ കാര്‍ഷിക മേഖലയുടെയും പരിസ്ഥിതിയുടെയും സംരക്ഷണത്തിന് ഉതകുന്ന കാര്‍ഷിക കലണ്ടറിന്‍റെ പ്രഖ്യാപനവും മണ്‍റോ തുരുത്തിലെ കാലാവസ്ഥാ അനുരൂപകൃഷിയുടെ ഉദ്ഘാടനവുമാണ് അതിലൊന്ന്. 100 ദിന കര്‍മ്മ പദ്ധതിയില്‍ പ്രഖ്യാപിച്ച രണ്ടാം കുട്ടനാട് പാക്കേജിന്‍റെ ഭാഗമായാണ് കാര്‍ഷിക കലണ്ടര്‍ തയ്യാറാക്കിയത്. മണ്‍റോതുരുത്തിലെ പരിസ്ഥിതി പ്രശ്നങ്ങള്‍ക്കുള്ള പരിഹാരമെന്ന നിലയിലാണ് കാലാവസ്ഥ അനുരൂപ കൃഷി എന്ന പദ്ധതി ആരംഭിക്കുന്നത്. ഇവ രണ്ടും കാര്‍ഷിക കേരളത്തിനു ഏറെ പ്രതീക്ഷ നല്‍കുന്ന പദ്ധതികളാണ്.

തിരുവനന്തപുരം മെഡിക്കല്‍ കോളേജ് കാഷ്വാലിറ്റിയില്‍ ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് മാതൃകയില്‍ അത്യാധുനിക സംവിധാനങ്ങളോടെ പുതിയ ട്രോമാകെയര്‍ സംവിധാനവും എമര്‍ജന്‍സി മെഡിസിന്‍ വിഭാഗവും ഉള്‍പ്പെടുത്തി നവീകരിച്ച അത്യാഹിതവിഭാഗത്തിന് ഇന്ന് തുടക്കമായി. രോഗികള്‍ ആശുപത്രിയിലെത്തുന്ന നിമിഷംമുതല്‍ തന്നെ അടിയന്തര ചികിത്സ ലഭ്യമാക്കുന്നതിനുള്ള നൂതന സംവിധാനങ്ങളാണ് 33 കോടി രൂപ ചെലവില്‍ ഏര്‍പ്പെടുത്തിയത്.

അത്യാഹിതവിഭാഗത്തിലെത്തുന്ന രോഗികള്‍ക്ക്, അത്യാഹിതത്തിന്‍റെ തീവ്രതയ്ക്കനുസരിച്ച് ചികിത്സ ഉറപ്പാക്കാനുള്ള അത്യാധുനിക സംവിധാനമാണ് ഒരുക്കിയത്.

തിരുവനന്തപുരം റീജിയണല്‍ കാന്‍സര്‍ സെന്‍ററില്‍ സജ്ജമാക്കിയ പുതിയ അത്യാധുനിക കാഷ്വാലിറ്റി സംവിധാനവും ഇന്ന് ഉദ്ഘാടനം ചെയ്തു.

രോഗികളുടെ സ്വകാര്യതയ്ക്ക് പ്രത്യേക പരിഗണന നല്‍കുംവിധം തയ്യാറാക്കിയിട്ടുള്ള ഈ പുതിയ കാഷ്വാലിറ്റിയില്‍ അണുബാധാ നിയന്ത്രണ സംവിധാനങ്ങള്‍, രോഗതീവ്രതയനുസരിച്ച് സേവനം നല്‍കാന്‍ കഴിയുന്ന ട്രയാജ് സംവിധാനം, വിവിധ രീതികളില്‍ രോഗികളെ കിടത്തി ചികിത്സിക്കാന്‍ കഴിയുന്ന പ്രത്യേകതരം കിടക്കകള്‍, ജീവന്‍രക്ഷയ്ക്കും നിരീക്ഷണത്തിനുമുള്ള ഉപകരണങ്ങള്‍, കൂട്ടിരിപ്പുകാര്‍ക്കുള്ള പ്രത്യേക കാത്തിരുപ്പ് കേന്ദ്രം എന്നിവയും സജ്ജമാക്കിയിട്ടുണ്ട്. ഇവിടെ 187 കോടി രൂപ ചെലവില്‍ പുതിയ 14 നില കെട്ടിടം 2021ല്‍ തന്നെ പൂര്‍ത്തീകരിക്കും.

പട്ടികജാതിക്കാരുടെയും പട്ടികവര്‍ഗക്കാരുടെയും കുട്ടികളുടെ വിദ്യാഭ്യാസം മെച്ചപ്പെടുത്തുന്ന ഒരു പദ്ധതിയുടെ ഉദ്ഘാടനവും ഇന്ന് നിര്‍വഹിക്കുകയുണ്ടായി.

കുട്ടികള്‍ക്ക് പഠിക്കാന്‍ വീടുകളില്‍ വേണ്ടത്ര സൗകര്യമില്ലാത്ത പട്ടികജാതിക്കാരും പട്ടികവര്‍ഗക്കാരും ധാരാളമുണ്ടെന്ന യാഥാര്‍ത്ഥ്യം നാം കാണേണ്ടതുണ്ട്. ഇത് കണക്കിലെടുത്താണ് രാജ്യത്തിനാകെ മാതൃകയാകുന്ന പദ്ധതി ആവിഷ്കരിച്ചത്. പട്ടികജാതിക്കാര്‍ക്ക് അവരുടെ വീടിനോടുചേര്‍ന്ന് പഠനമുറിയൊരുക്കാന്‍ സര്‍ക്കാര്‍ രണ്ടുലക്ഷം രൂപ സഹായം നല്‍കും. മുറി പൂര്‍ത്തിയാകുമ്പോള്‍ കമ്പ്യൂട്ടര്‍ ഉള്‍പ്പെടെയുള്ള പഠനസാമഗ്രികള്‍ ലഭ്യമാക്കും. സംസ്ഥാനത്താകെ 12,250 പഠനമുറികള്‍ പൂര്‍ത്തിയായതിന്‍റെ ഉദ്ഘാടനമാണ് ഇന്ന് നിര്‍വഹിച്ചത്. ഈ വര്‍ഷം 3750 പഠനമുറികള്‍ കൂടി പൂര്‍ത്തിയാകും. ഇതിനുപുറമെ 2021ല്‍ 8500 പഠനമുറികള്‍ ഉണ്ടാക്കും.

പട്ടികവര്‍ഗക്കാര്‍ക്ക് സാമൂഹ്യ പഠനമുറികളാണ് ഒരുക്കുന്നത്. കമ്യൂണിറ്റി ഹാള്‍ പോലുള്ള പൊതുസൗകര്യങ്ങള്‍ ഉപയോഗപ്പെടുത്തി 250 സാമൂഹ്യ പഠനമുറികള്‍ ഇതിനകം പൂര്‍ത്തിയായി. ഒരു പഠനമുറിയില്‍ 30 വിദ്യാര്‍ത്ഥികള്‍ക്ക് സൗകര്യമുണ്ടാകും. ആകെ 500 സാമൂഹ്യ പഠനമുറികളാണ് സര്‍ക്കാരിന്‍റെ ലക്ഷ്യം.

പട്ടികജാതിക്കാരുടെയും പട്ടികവര്‍ഗക്കാരുടെയും കുട്ടികളുടെ വിദ്യാഭ്യാസത്തിന് പരമാവധി സഹായവും പിന്തുണയും നല്‍കി ശാക്തീകരിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. അഞ്ചാം ക്ലാസ് മുതല്‍ എട്ടാം ക്ലാസ് വരെയുള്ള പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്ക് വളരെ തുച്ഛമായ വിദ്യാഭ്യാസ സഹായമാണ് ലഭിച്ചുകൊണ്ടിരുന്നത്. ഇപ്പോള്‍  ഓരോ കുട്ടിക്കും പ്രതിവര്‍ഷം 2000 രൂപ വീതം വിദ്യാഭ്യാസ സഹായം നല്‍കുന്നുണ്ട്. ഒരു ലക്ഷത്തി ഇരുപതിനായിരത്തോളം കുട്ടികള്‍ക്ക് ഈ ആനുകൂല്യം ലഭിക്കുന്നു.

പട്ടികജാതി പട്ടികവര്‍ഗ വിദ്യാര്‍ത്ഥികളുടെ ലംപ്സം ഗ്രാന്‍റും സ്റ്റൈപെന്‍റും 50 ശതമാനം വര്‍ധിപ്പിച്ചു. പ്ലസ്ടു കഴിഞ്ഞ ആയിരം പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്ക് മെഡിക്കല്‍-എഞ്ചിനീയറിങ് പ്രവേശന പരീക്ഷാ പരിശീലനത്തിന് പദ്ധതി ആരംഭിച്ചിട്ടുണ്ട്. പട്ടികജാതി വികസന വകുപ്പിന്‍റെ കീഴിലുള്ള 44 ഐടിഐകള്‍ നവീകരിക്കാന്‍ നടപടി സ്വീകരിച്ചു. 15 ഐടിഐകള്‍ക്ക് പുതിയ ബ്ലോക്കുകള്‍ നിര്‍മിച്ചു. ഏറ്റവും പ്രധാനം ഇവിടെ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പ്രഭാത ഭക്ഷണവും ഉച്ചഭക്ഷണവും ഏര്‍പ്പെടുത്തി എന്നതാണ്.

വിദേശത്തെ മികച്ച സര്‍വകലാശാലകളില്‍ പിജി കോഴ്സ് ചെയ്യുന്നതിന് പട്ടികവിഭാഗ വിദ്യാര്‍ത്ഥികള്‍ക്ക് 25 ലക്ഷം രൂപ വരെ അനുവദിക്കാന്‍ ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്. സംസ്ഥാന സര്‍ക്കാരിന്‍റെ കീഴിലുള്ള സിവില്‍ സര്‍വീസ് അക്കാദമിയില്‍ 300 പേര്‍ക്ക് സൗജന്യമായി പരിശീലനം നല്‍കാന്‍ നടപടി സ്വീകരിച്ചിട്ടുണ്ട്.

പട്ടികവര്‍ഗക്കാര്‍ക്കു വേണ്ടി ഈ സര്‍ക്കാര്‍ വന്ന ശേഷം 29,710 വീടുകള്‍ പൂര്‍ത്തിയാക്കി. ഇതില്‍ 11,000 വീടുകള്‍ ലൈഫ് പദ്ധതിയിലാണ് പണിതത്. കൂടാതെ 5,000ത്തോളം വീടുകളുടെ പ്രവൃത്തി ലൈഫ് മുഖേന പുരോഗമിക്കുകയാണ്.

ഈ സര്‍ക്കാര്‍ അധികാരത്തില്‍ വരുമ്പോള്‍ ഭൂരഹിതരായി 10,790 പട്ടികവര്‍ഗ കുടുംബങ്ങളാണ് ഉണ്ടായിരുന്നത്. ഇവരില്‍ 4682 പേര്‍ക്ക് 3787 ഏക്കര്‍ ഭൂമി വിതരണം ചെയ്തു. ബാക്കിയുള്ള 6108 കുടുംബങ്ങള്‍ക്ക് ഭൂമി ലഭ്യമാക്കാനുള്ള നടപടികള്‍ പുരോഗമിക്കുന്നു.

പട്ടികവര്‍ഗക്കാരായ കുട്ടികള്‍ സ്കൂളുകളില്‍ നിന്ന് കൊഴിഞ്ഞുപോകുന്നതിന് പ്രധാന കാരണം അവരുടെ സ്വന്തം ഭാഷയില്‍ നിന്ന് മലയാളത്തിലേക്ക് മാറുമ്പോഴുള്ള പ്രയാസമാണ്. ഇത് പരിഹരിക്കുന്നതിന് ഗോത്രഭാഷ അറിയുന്ന അധ്യാപകരെ മെന്‍റര്‍ ടീച്ചര്‍മാരായി അട്ടപ്പാടിയിലും വയനാട്ടിലും നിയമിച്ചു. 'ഗോത്രബന്ധു' എന്ന പദ്ധതി പ്രകാരം 269 അധ്യാപകരെയാണ് ഇങ്ങനെ നിയമിച്ചത്. അതോടെ കുട്ടികളുടെ കൊഴിഞ്ഞുപോക്കിന്‍റെ നിരക്ക് ഗണ്യമായി കുറഞ്ഞു. സ്വന്തം ഭാഷയില്‍ അധ്യാപകരോട് സംസാരിക്കാന്‍ കഴിയുന്ന സാഹചര്യം അവര്‍ക്ക് നല്ല ആത്മവിശ്വാസമാണ് ഉണ്ടാക്കിയത്.

പട്ടികവര്‍ഗ പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസത്തോടൊപ്പം സുരക്ഷയും പ്രധാനം ചെയ്യുന്നതിന് 'ഗോത്ര വാത്സല്യനിധി' എന്ന പദ്ധതി നടപ്പാക്കിയിട്ടുണ്ട്. ഇതിന്‍റെ പ്രയോജനം 2073 കുട്ടികള്‍ക്ക് ലഭിക്കുന്നു. വിദ്യാസമ്പന്നരായ 19,000 ത്തോളം പട്ടികവര്‍ഗ്ഗക്കാരുണ്ടെന്നാണ് കണക്കാക്കിയത്. അവര്‍ക്ക് ജോലി ഉറപ്പ് നല്‍കുന്നതിന് വിവിധ പദ്ധതികളാണ് നടപ്പാക്കുന്നത്. നിര്‍മാണ മേഖലയില്‍ നൈപുണ്യവികസന പരിശീലനം നല്‍കി 1140 പേര്‍ക്ക് തൊഴില്‍ ഉറപ്പാക്കി. പരിശീലനം ലഭിച്ചവര്‍ 54 സ്വയംസഹായ സഹകരണ സംഘങ്ങള്‍ ആരംഭിച്ച് സര്‍ക്കാരിന്‍റെ വിവിധ നിര്‍മാണ ജോലികള്‍ ഏറ്റെടുത്ത് നടത്തുന്നു.

പൊലീസ്, എക്സൈസ് എന്നീ വിഭാഗങ്ങളില്‍ പ്രത്യേക റിക്രൂട്ട്മെന്‍റ് വഴി 100 പേരെ നിയമിച്ചു. 125 പേര്‍ക്കു കൂടി ഉടനെ നിയമനം നല്‍കും.

ഭക്ഷ്യസുരക്ഷ ഉറപ്പാക്കാനും പാരമ്പര്യ ധാന്യകൃഷി പ്രോത്സാഹിപ്പിക്കാനും അട്ടപ്പാടിയില്‍ കൃഷിവകുപ്പുമായി സഹകരിച്ച നടപ്പാക്കിയ മില്ലറ്റ് വില്ലേജ് എന്ന പദ്ധതി വിജയകരമായി മുന്നോട്ടുപോകുന്നു. വസ്ത്രനിര്‍മാണത്തില്‍ പരിശീലനം നല്‍കി സ്വയംതൊഴില്‍ ചെയ്യാന്‍ പട്ടികവര്‍ഗ വനിതകളെ പ്രാപ്തരാക്കുന്നതിന് അട്ടപ്പാടിയില്‍ അപ്പാരല്‍ പാര്‍ക്ക് ആരംഭിച്ചിട്ടുണ്ട്. ഇതിന്‍റെ ഭാഗമായി 292 വനിതകള്‍ക്ക് തൊഴില്‍ ലഭിച്ചു. വിദ്യാര്‍ത്ഥികളുടെ യൂണിഫോമും മാസ്ക്കും നിര്‍മിക്കുന്നത് ഇവിടെ പരിശീലനം ലഭിച്ച വനിതകളാണ്.

പോഷകാഹാരം എല്ലാവര്‍ക്കും ലഭിക്കുന്നതിന് അട്ടപ്പാടിയില്‍ 192 സാമൂഹിക അടുക്കളകള്‍ പ്രവര്‍ത്തിച്ചുവരുന്നുണ്ട്. എല്ലാ ഗോത്രവര്‍ഗ കോളനികളിലും മെച്ചപ്പെട്ട ചികിത്സാ സൗകര്യം ലഭ്യമാക്കിയിട്ടുണ്ട്.  

ഖുറാന്‍ വിഷയം - ചോദ്യത്തിന് മറുപടി

ആരാണ് ഖുറാന്‍റെ മറവില്‍ സ്വര്‍ണ്ണക്കടത്ത് എന്ന നറേഷന്‍ സൃഷ്ടിച്ച് വിവാദമുണ്ടാക്കാന്‍ ശ്രമിച്ചത്? പ്രതിപക്ഷനേതാവും മുസ്ലീംലീഗ് നേതാക്കളും സ്വയം പരിശോധന നടത്തുന്നത് നന്നായിരിക്കും. യുഎഇ കോണ്‍സുലേറ്റില്‍ എത്തിച്ചിട്ടുള്ള ഖുറാന്‍ സക്കാത്തായി നല്‍കുന്ന ഭക്ഷ്യക്കിറ്റിനൊപ്പം വിതരണം ചെയ്യാമോ എന്ന് കോണ്‍സുലേറ്റ് ജനറല്‍ ജലീലിനോട് ആവശ്യപ്പെടുന്നു. ജലീല്‍ അതിന് സഹായിക്കുന്നു.

അതിനെ ഖുറാന്‍റെ മറവിലുള്ള സ്വര്‍ണ്ണക്കടത്തായി ആദ്യം ആക്ഷേപിച്ചത് ബിജെപി-ആര്‍എസ്എസ് സംഘമാണ്. സ്വാഭാവികമായി അതിനവര്‍ക്ക് പ്രത്യേക ലക്ഷ്യവുമുണ്ട്. എന്നാല്‍, തൊട്ടുപിന്നാലെ പ്രധാനമന്ത്രിക്ക് പരാതിയുമായി യുഡിഎഫ് കണ്‍വീനര്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ രംഗത്തെത്തുന്നു. ഖുറാന്‍റെ മറവില്‍ സ്വര്‍ണ്ണം കടത്തി എന്ന് പറഞ്ഞ് കേരളത്തിലെ കോണ്‍ഗ്രസ്-ലീഗ് നേതാക്കള്‍ പരസ്യമായി ആക്ഷേപിക്കുന്നതല്ലേ നാം കണ്ടത്. കള്ളക്കടത്തു വഴി ഖുറാന്‍ പഠിപ്പിക്കുമെന്ന് തീരുമാനിക്കുന്ന ആദ്യത്തെ ഗവണ്‍മെന്‍റാണിത് എന്ന ആക്ഷേപമടക്കം ലീഗ് നേതാക്കള്‍ ഉന്നയിച്ചു.

എന്തടിസ്ഥാനത്താലാണ് ഇവര്‍ ഇങ്ങനെ ആരോപണം ഉന്നയിച്ചത്? എന്തിനായിരുന്നു? ആര്‍ക്കുവേണ്ടിയായിരുന്നു? എന്തിനാണ് അവര്‍ ഖുറാനെ വിവാദങ്ങളിലേക്ക് കൊണ്ടു വന്നത്. ആര്‍എസ്എസ് ചെയ്യുന്നതിന് ആര്‍എസ്എസ്സിന്‍റേതായ ലക്ഷ്യമുണ്ട്. അതിന്‍റെ ഭാഗമായി ബിജെപിയും ബിജെപി നേതാക്കാളും ചെയ്യുന്നത് നമുക്ക് മനസ്സിലാക്കാം. പക്ഷേ കോണ്‍ഗ്രസ്സിന്‍റെയും ലീഗിന്‍റെയും നേതാക്കള്‍ എന്തിനാണ് അത് ഏറ്റ്പിടിച്ചത്? എന്തിനാണ് അവര്‍ അതിന് വലിയ പ്രചരണം കൊടുക്കാന്‍ നോക്കിയത്? ഇപ്പോള്‍ കുറച്ചൊന്നു തിരിച്ചുകുത്തുന്നു എന്ന് മനസ്സിലാക്കിപ്പോള്‍ ചില ഉരുണ്ടുകളികളുണ്ട്. ഏതു കളിയായാലും പറ്റിയ അപകടം തിരിച്ചറിയുന്നുണ്ടെങ്കില്‍ അത് നല്ലതുതന്നെയാണ്. ഖുറാനെ ആ രീതിയില്‍ ഒരു വിവാദ ഗ്രന്ഥമാക്കി മാറ്റേണ്ട കാര്യമുണ്ടായിരുന്നില്ല. മറ്റ് ഉദ്ദേശങ്ങള്‍ക്കുവേണ്ടി ഖുറാനെ ഉപയോഗിക്കേണ്ടതുണ്ടായിരുന്നില്ല. അതിന്‍റെ പേരില്‍ സംസ്ഥാന സര്‍ക്കാരിനെയും മന്ത്രിയെയും ആക്രമിക്കാന്‍ പുറപ്പെടേണ്ടതില്ലായിരുന്നു. ഇതിനൊക്കെ അവരാണ് വിശദീകരിക്കേണ്ടത്.