നാല് മാസത്തേക്കുള്ള സൗജന്യ ഭക്ഷ്യക്കിറ്റുകളുടെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിച്ചു

post

ഭക്ഷ്യക്കിറ്റ് തുടരുന്നത് സംസ്ഥാനത്ത് ആരും പട്ടിണിയാകാതിരിക്കാൻ - മുഖ്യമന്ത്രി

കോവിഡ് പ്രതിസന്ധിക്കിടയിൽ സംസ്ഥാനത്ത് ഒരാളും പട്ടിണി കിടക്കരുതെന്ന സർക്കാരിന്റെ ഉറച്ച തീരുമാനത്തിന്റെ ഫലമായാണ് ഭക്ഷ്യക്കിറ്റ് വിതരണം നാല് മാസത്തേക്ക് കൂടി തുടരുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. 88 ലക്ഷത്തോളം വരുന്ന റേഷൻ കാർഡുടമകൾക്ക് ഡിസംബർ വരെ തുടരുന്ന സൗജന്യ ഭക്ഷ്യക്കിറ്റ് വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ഓൺലൈനായി നിർവഹിക്കുകയായിരുന്നു  അദ്ദേഹം.

കോവിഡ് മഹാമാരി എല്ലാത്തരം കുടുംബങ്ങളെയും പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. ഇത് കണക്കിലെടുത്താണ് എല്ലാ റേഷൻ കാർഡുടമകൾക്കും അവശ്യസാധനങ്ങളുൾപ്പെട്ട ഭക്ഷ്യക്കിറ്റ് വിതരണം ചെയ്യുന്നത്. കോവിഡിന്റെ പ്രാരംഭ ഘട്ടത്തിലും ഓണക്കാലത്തും സമാനമായി ഭക്ഷ്യക്കിറ്റ് വിതരണം നടത്തിയിരുന്നു. റേഷൻ കടകളിലൂടെ അരിയും വിതരണം ചെയ്യുന്നു. സപ്ലൈകോ, കൺസ്യൂമർഫെഡ്, ഹോർട്ടികോർപ്പ് എന്നിവ മുഖേന വിലക്കുറവിൽ നിത്യോപയോഗ സാധനങ്ങൾ ലഭ്യമാക്കുന്നുണ്ട്.

നാട് പല മേഖലകളിലും സ്വയംപര്യാപ്തത നേടുന്നതിനുള്ള പല പദ്ധതികളും സർക്കാർ ഇതിനകം പ്രഖ്യാപിച്ചു. സുഭിക്ഷകേരളം പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്ത് 23302 ഹെക്ടർ തരിശുഭൂമി കൃഷിയോഗ്യമാക്കാനായി. ഒരു കോടി ഫലവൃക്ഷത്തൈകൾ വിതരണം ചെയ്തതിന്റെ പരിപാലനവും ശരിയായി മുന്നോട്ടു പോകുന്നു.

കൃഷിക്കാവശ്യമായ 1000 മഴമറകൾ നിർമ്മിക്കാൻ ലക്ഷ്യമിട്ടിരുന്നത്  1337 മഴമറകൾ നിർമ്മിച്ചു. കന്നുകാലി, മത്സ്യം വളർത്തൽ തുടങ്ങിയവ നല്ല രീതിയിൽ പുരോഗമിക്കുന്നു. പച്ചക്കറികൾക്ക് തറവില നിശ്ചയിച്ചതിലൂടെ കർഷകർക്ക് അവരുടെ ഉല്പന്നങ്ങൾക്ക് കൃത്യമായ വില നിശ്ചയിക്കാനാകും. പ്രതിസന്ധി ഘട്ടത്തിൽ ഒരുമയും സഹകരണവുമാണ് നാടിനാവശ്യമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഏറ്റുമാനൂർ നന്ദാവനം ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ഭക്ഷ്യവകുപ്പ് മന്ത്രി പി. തിലോത്തമൻ അധ്യക്ഷത വഹിച്ചു. സുരേഷ്‌കുറുപ്പ് എം.എൽ.എ. ആദ്യകിറ്റ് വിതരണം ചെയ്തു. ഒരു കിലോഗ്രാം പഞ്ചസാര, ആട്ട, ഉപ്പ്, 750 ഗ്രാം കടല, ചെറുപയർ, 250 ഗ്രാം സാമ്പാർ പരിപ്പ്, അര ലിറ്റർ വെളിച്ചെണ്ണ, 100 ഗ്രാം മുളക്പൊടി എന്നിവയാണ് ഭക്ഷ്യക്കിറ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. റേഷൻ കാർഡിലെ അവസാന അക്കം അനുസരിച്ചാണ് വിതരണത്തിനുള്ള ക്രമീകരണം ഏർപ്പെടുത്തിയിരിക്കുന്നത്. ഒക്ടോബർ 15നകം മുഴുവൻ കാർഡുകൾക്കും വിതരണം പൂർത്തിയാക്കും.