തുടരുന്ന കരുതലായി സൗജന്യ ഭക്ഷ്യകിറ്റ് വിതരണം ഇന്ന് മുതല്‍

post

* 88 ലക്ഷം കുടുംബങ്ങളിലേക്കെത്തും

കോവിഡ് പ്രതിസന്ധിക്കിടയിലും സംസ്ഥാനത്ത് ഭക്ഷ്യവിതരണമേഖലയില്‍ സര്‍ക്കാരിന്റെ കരുതല്‍ തുടരുന്നു. ലോക്ഡൗണ്‍ കാലത്ത് ആരംഭിച്ച അതിജീവനക്കിറ്റ് 85 ലക്ഷം കുടുംബങ്ങള്‍ക്ക് താങ്ങായെങ്കില്‍ സര്‍ക്കാരിന്റെ നൂറ് ദിന കര്‍മ്മപദ്ധതിയോടനുബന്ധിച്ച്  നാല് മാസത്തേക്ക് കൂടി തുടരുന്ന ഭക്ഷ്യക്കിറ്റ് 88 ലക്ഷം കുടുംബങ്ങളിലേക്കാണെത്തുന്നത്. ഒരു കിലോഗ്രാം പഞ്ചസാര, ആട്ട, ഉപ്പ്, 750 ഗ്രാം കടല, ചെറുപയര്‍, 250 ഗ്രാം സാമ്പാര്‍ പരിപ്പ്, അര ലിറ്റര്‍ വെളിച്ചെണ്ണ, 100 ഗ്രാം മുളക്‌പൊടി എന്നിവയാണ് ഭക്ഷ്യക്കിറ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഡിസംബര്‍ വരെയുള്ള നാല് മാസങ്ങളില്‍ എല്ലാ കുടുംബങ്ങള്‍ക്കും സൗജന്യ ഭക്ഷ്യക്കിറ്റ് ലഭ്യമാകും. എ. എ. വൈ (മഞ്ഞ കാര്‍ഡുകള്‍ക്ക്) കാര്‍ഡുകാര്‍ക്ക് സെപ്റ്റംബര്‍ 24ന് വിതരണം തുടങ്ങും. കാര്‍ഡ് നമ്പര്‍ പൂജ്യത്തില്‍ അവസാനിക്കുന്നവക്കാണ് വിതരണം ചെയ്യുക. 25ന് കാര്‍ഡ് നമ്പര്‍ ഒന്നും 26ന് രണ്ടും 28ന് 3,4,5 നമ്പറുകളിലും 29ന് 6,7,8 നമ്പറുകളിലും പിങ്ക് കാര്‍ഡിന്റെ പൂജ്യം നമ്പറിലും അവസാനിക്കുന്ന കാര്‍ഡുകള്‍ക്കാണ് വിതരണം ചെയ്യുന്നത്.

30ന് മഞ്ഞ കാര്‍ഡ് ബാക്കിയുള്ളവര്‍ക്കും പിങ്ക് കാര്‍ഡ് ഉപഭോക്താക്കളില്‍ അവസാന അക്കം 1,2 വരുന്നവര്‍ക്കും വിതരണം ചെയ്യും. ഒക്‌ടോബര്‍ 15നകം മുഴുവന്‍ കാര്‍ഡുകള്‍ക്കും വിതരണം പൂര്‍ത്തിയാക്കും.

ഇതോടൊപ്പം സപ്ലൈകോയുടെ ശ്യംഖലകള്‍ സംസ്ഥാനത്തെ എല്ലാ പഞ്ചായത്തുകളിലും എത്തിക്കാനുള്ള ശ്രമങ്ങളും നടന്നു വരുന്നു. ഓണ്‍ലൈന്‍ വിതരണവും സപ്ലൈകോ ആരംഭിച്ചിട്ടുണ്ട്.  കോവിഡ് അതിജീവനക്കിറ്റില്‍ 17 ഇനം അവശ്യസാധനങ്ങളാണ് ഉള്‍പ്പെട്ടിരുന്നത്. 756 കോടി രൂപയാണ് സര്‍ക്കാര്‍ ഇതിനായി സപ്ലൈകോയ്ക്ക് നല്‍കിയത്. കാര്‍ഡുടമകള്‍ക്ക് പുറമെ അഗതി മന്ദിരങ്ങള്‍, ആശ്രമങ്ങള്‍ തുടങ്ങിയ വിവിധ ക്ഷേമ സ്ഥാപനങ്ങളിലുള്ള അന്തേവാസികള്‍ക്ക് അതിജീവനക്കിറ്റുകള്‍ വിതരണം ചെയ്തു. 26 ലക്ഷം വിദ്യാര്‍ത്ഥികള്‍ക്കും ഭക്ഷ്യകിറ്റ് നല്‍കി. മത്സ്യത്തൊഴിലാളികള്‍ക്ക് 91190 കിറ്റ് വിതരണം ചെയ്തു. ട്രാന്‍സ്‌ജെന്‍ഡറുകളും പദ്ധതിയുടെ പ്രത്യേക ഗുണഭോക്താക്കളായി. ലോക്ഡൗണ്‍ കാലത്ത് സംസ്ഥാനത്ത് ആരംഭിച്ച സമൂഹ അടുക്കളകള്‍ക്കായി 70 ലക്ഷം രൂപയുടെ അവശ്യ സാധനങ്ങളും സമ്പര്‍ക്ക വിലക്കിലുള്ളവര്‍ക്കായി കാല്‍ ലക്ഷത്തോളം ഭക്ഷ്യക്കിറ്റുകളും നല്‍കി.

ഓണക്കാലത്ത് പായസക്കൂട്ട് ഉള്‍പ്പെടെ 11 ഭക്ഷ്യവസ്തുക്കള്‍ ഉള്‍പ്പെടുത്തിയ ഓണക്കിറ്റാണ് വിതരണം ചെയ്തത്. ഓണക്കിറ്റിനായി 440 കോടി രൂപയാണ് സര്‍ക്കാര്‍ സപ്ലൈകോയ്ക്ക് അനുവദിച്ചത്. 88 ലക്ഷം കുടുംബങ്ങള്‍ക്ക് ഓണക്കിറ്റ് വിതരണം ചെയ്തു.

ഭക്ഷ്യസുരക്ഷ ഉറപ്പാക്കുക എന്ന ലക്ഷ്യവുമായി ഡിസംബര്‍ വരെ തുടരുന്ന സൗജന്യ ഭക്ഷ്യക്കിറ്റ് വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന് (സെപ്റ്റംപര്‍ 24) മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി നിര്‍വഹിക്കും. ഏറ്റുമാനൂര്‍ നന്ദാവനം ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങില്‍ ഭക്ഷ്യവകുപ്പ് മന്ത്രി പി. തിലോത്തമന്‍ അധ്യക്ഷത വഹിക്കും. സുരേഷ്‌കുറുപ്പ് എം.എല്‍.എ.  ആദ്യകിറ്റ് വിതരണം ചെയ്യും.