അതിഥി തൊഴിലാളികൾക്ക് താമസിക്കാൻ ഗസ്റ്റ് ഫ്രണ്ട്‌ലി റസിഡൻസ് വരുന്നു

post

സംസ്ഥാനത്തെ അതിഥി തൊഴിലാളികൾക്ക് വൃത്തിയുള്ളതും സുരക്ഷിതവുമായ താമസ സൗകര്യം ഉറപ്പാക്കാൻ ഗസ്റ്റ് വർക്കർ ഫ്രണ്ട്‌ലി റസിഡൻസ് ഇൻ കേരള പദ്ധതിയുമായി സർക്കാർ. അതിഥി തൊഴിലാളികൾക്ക് മിതമായ നിരക്കിൽ വാടകയ്ക്ക് താമസിക്കാൻ കെട്ടിടങ്ങളൊരുക്കുന്നതാണ് പദ്ധതി.

തൊഴിൽ വകുപ്പാണ് പൂർണ്ണമായും വെബ് അധിഷ്ഠിതമായ പദ്ധതി നടപ്പാക്കുന്നത്. സർക്കാരിന്റെ നൂറു ദിന കർമ്മ പരിപാടിയുടെ  ഭാഗമായി പദ്ധതി ആരംഭിക്കാനാണ് തീരുമാനം. ഇതര സംസ്ഥാന തൊഴിലാളി നിയമത്തിന്റെ വ്യവസ്ഥകൾക്കനുസൃതമായി 6.5 ചതുരശ്ര  മീറ്റർ  വിസ്തീർണ്ണമുള്ള ഫ്‌ളോർ ഏരിയയും അടുക്കളയും പൊതുടൊയിലറ്റും വരാന്തയും  ഉള്ള കെട്ടിടങ്ങൾ തൊഴിലാളികൾക്ക് ലഭിക്കും.

ഇൻഡോർ കായികവിനോദങ്ങൾക്കുള്ള സ്ഥലം ഉൾക്കൊള്ളുന്ന കെട്ടിടങ്ങൾക്കാണ് മുൻഗണന നൽകുന്നത്.  കുടുംബമായി താമസിക്കുന്നവർക്ക് അതിനു സൗകര്യമുള്ള കെട്ടിടങ്ങളുമുണ്ടാകും. ആദ്യഘട്ടത്തിൽ കോട്ടയം ജില്ലയിലെ പായിപ്പാട്, എറണാകുളം ജില്ലയിലെ ബംഗ്ലാദേശ് കോളനി, പാലക്കാട് ജില്ലയിലെ പട്ടാമ്പി എന്നിവിടങ്ങളിലാണ് പദ്ധതി നടപ്പാക്കുക.

ലേബർ കമ്മീഷണറേറ്റിന്റെ  നിയന്ത്രണത്തിൽ വാടക കെട്ടിട ഉടമകളുടേയും തദ്ദേശഭരണ സ്ഥാപനങ്ങളുടേയും സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. അസിസ്റ്റന്റ് ലേബർ ഓഫീസർ മുഖേന കെട്ടിട ഉടമകളുടെ പൂർണ്ണ വിവരം ശേഖരിച്ച് ഓൺലൈനായി അപേക്ഷ സ്വീകരിക്കും. തൊഴിൽ വകുപ്പിന്റെ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കുന്ന വാടക കെട്ടിടങ്ങളുടെ വിവരങ്ങളുടെ അടിസ്ഥാനത്തിൽ തൊഴിലാളികൾക്ക് അനുയോജ്യമായവ തിരഞ്ഞെടുക്കാം.

കെട്ടിടത്തിന്റെ വാടക നിരക്ക് പിന്നീട് തീരുമാനിക്കും. ആർ.ഡി.ഒ ചെയർമാനും ജില്ലാ ലേബർ ഓഫീസർ, ജില്ലാ പഞ്ചായത്ത് സെക്രട്ടറി എന്നിവർ അംഗങ്ങളുമായ മോണിറ്ററിംഗ് കമ്മിറ്റി പദ്ധതിയുടെ പ്രവർത്തനങ്ങൾ വിലയിരുത്തും. ഒന്നാംഘട്ട പ്രവർത്തനം വിലയിരുത്തി പദ്ധതി സംസ്ഥാനത്താകെ വ്യാപിപ്പിക്കാനാണ് സർക്കാർ ഉദ്ദേശിക്കുന്നത്.