കോവിഡ്: നിയന്ത്രണം കർക്കശമാക്കും – മുഖ്യമന്ത്രി
കോവിഡ് പ്രതിരോധത്തിനുള്ള നിയന്ത്രണങ്ങൾ കർക്കശമായി നടപ്പാക്കാതെ വഴിയില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
മികവിന്റെ കേന്ദ്രങ്ങളായ 90 സ്‌കൂൾ കെട്ടിടങ്ങളുടെ ഉദ്ഘാടനം വീഡിയോ കോൺഫറൻസിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം.
കടകളിൽ ശാരീരിക അകലം പാലിക്കണം, നിശ്ചിത എണ്ണം ആളുകൾ മാത്രമേ ഒരു സമയം പ്രവേശിക്കാവൂ, മാസ്‌ക് ധരിക്കണം, സാനിറ്റൈസർ ഉപയോഗിക്കണം തുടങ്ങി കോവിഡ് മാനദണ്ഡങ്ങളെല്ലാം പാലിക്കണമെന്ന് നേരത്തെ നിരവധി തവണ വ്യക്തമാക്കിയെങ്കിലും നമ്മുടെ ജാഗ്രതയിൽ കുറവ് വന്നിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. ജനം ലാഘവത്തോടെ സമീപിക്കുന്ന സ്ഥിതിവിശേഷം ഉണ്ടായി. അതുകൊണ്ടാണ് മാസ്‌ക് ധരിക്കാത്തവർക്കെതിരെ കൂടുതൽ പിഴ ചുമത്താനും മാനദണ്ഡം പാലിക്കാത്ത കടകൾ അടയ്ക്കാനും തീരുമാനിച്ചത്. കടകളിൽ ആവശ്യമായ ക്രമീകരണം ഒരുക്കേണ്ട ചുമതല ഉടമയ്ക്കാണ്.
ഇന്നത്തെ സാഹചര്യത്തിൽ കൂടുതൽ ശക്തമായ പ്രതിരോധ സംവിധാനം ഒരുക്കണം. സർക്കാർ പരിപാടികളിലടക്കം 20 പേരിൽ കൂടുതൽ പങ്കെടുക്കാൻ പാടില്ലെന്ന് നിർദ്ദേശിച്ചിട്ടുണ്ട്. കോവിഡ് പരിശോധനയുടെ എണ്ണം വർദ്ധിപ്പിക്കും. നേരത്തെ കാട്ടിയ ജാഗ്രതയും കരുതലും നാം തിരിച്ചു പിടിക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.