പ്രവാസികൾ ഇന്ന് തിരിച്ചെത്തുന്നു: വിപുലമായ സജ്ജീകരണങ്ങളൊരുക്കി കേരള സർക്കാർ

post

ഇന്ന് റിയാദില്‍ നിന്ന് 149 പ്രവാസികളുമായി പ്രത്യേക വിമാനം രാത്രി 8.30 ന് കരിപ്പൂരിലെ കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തും. സംസ്ഥാനത്തെ 13 ജില്ലകളില്‍ നിന്നുള്ള 139 പേരും കര്‍ണാടക, തമിഴ്നാട് സ്വദേശികളായ 10 പേരും ഇതില്‍ ഉള്‍പ്പെടും. യാത്രക്കാരില്‍ 84 പേര്‍ ഗര്‍ഭിണികളാണ്. 22 കുട്ടികളും. അടിയന്തര ചികിത്സക്കെത്തുന്നവര്‍ 5 പേര്‍. എഴുപതിന് മുകളില്‍ പ്രായമുള്ള മൂന്നു പേരുണ്ട്.ഞായറാഴ്ച ദോഹയില്‍ നിന്നുള്ള വിമാനം തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തും. തിരുവനന്തപുരം, കന്യാകുമാരി, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളിലുള്ളവരാണ് ഇതില്‍ വരുന്നത്. എയര്‍പോര്‍ട്ടില്‍ ആവശ്യമായ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

യാത്രക്കാരോട് 4 മണിക്കൂർ മുമ്പ് വിമാനത്താവളത്തിൽ എത്തിച്ചേരുമെന്ന് അറിയിച്ചിട്ടുണ്ട്. ആരോഗ്യ പരിശോധനകൾ പൂർത്തിയാക്കിയതിനു ശേഷമേ യാത്ര ചെയ്യാൻ അനുമതി നൽകുകയുള്ളൂ. പ്രവാസികളെ സ്വീകരിക്കുന്നതിനും പരിശോധനക്കും ക്വാറന്റീൻ കേന്ദ്രത്തിലേക്ക് എത്തിക്കുന്നതിന് വിപുലമായ സജ്ജീകരണങ്ങളാണ് കേരള സർക്കാരും ജില്ലാ ഭരണകൂടവും ഒരുക്കിയിരിക്കുന്നത്.

യാത്രക്കാരെ നിശ്ചിത എണ്ണം വീതം ബാച്ചുകളായായി തിരിച്ച് വിമാനത്താവളത്തില്‍ നിന്ന് ഇറക്കും. പിന്നെ ലേസർ സ്കാനിംഗ് ഉൾപ്പെടെ സമഗ്രമായ ആരോഗ്യ പരിശോധനകൾക്ക് വിധേയരാക്കും. എമിഗ്രേഷൻ നടപടികൾക്കായി അഞ്ച് കൗണ്ടറുകൾ ഒരുക്കിയിട്ടുണ്ട്. ബാഗുകളും ലഗേജുകളുമെല്ലാം അണുമുക്തമാക്കും. ക്വാന്‍റീനിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച്ച് യാത്രക്കാർക്ക് ക്ലാസ് നൽകും. അഞ്ച് മിനുട്ടാണ് ഈ ക്ലാസിന്‍റെ ദൈർഘ്യം. ജില്ലാ ഭരണകൂടമാണ് ക്ലാസെടുക്കുന്നത്. എല്ലാ യാത്രക്കാരിൽ നിന്ന് സത്യവാങ്മൂലം എഴുതിവാങ്ങിയതിന് ശേഷം ആരോഗ്യ വകുപ്പ് പ്രത്യേക സിം കാർഡുകൾ നൽകും. ആരോഗ്യ സേതു ആപ്പ് ഇൻസ്റ്റാൾ ചെയ്യണമെന്നും ഫോൺ സ്വിച്ച് ഓഫ് ചെയ്യാൻ പാടില്ലെന്നും നിർദേശിക്കുന്നുണ്ട്.