ജന്മനാട്ടിലേക്ക് പ്രവാസികളുടെ ആദ്യസംഘം: 363 പേർ ഇന്നലെ തിരിച്ചെത്തി

post

കൊവിഡ് 19 വ്യാപനത്തെ തുടര്‍ന്ന് നീണ്ട കാത്തിരിപ്പിനൊടുവില്‍ ജന്‍മനാട്ടില്‍ മടങ്ങിയെത്തിയ 363 പ്രവാസികള്‍ വീടുകളിലും ക്വാറന്‍റൈന്‍ കേന്ദ്രങ്ങളിലും കരുതലില്‍. വന്ദേഭാരത് ദൗത്യത്തിന്‍റെ ആദ്യദിനം രണ്ട് വിമാനങ്ങളിലായാണ് ഇത്രയും പ്രവാസികള്‍ കേരളത്തിലെത്തിയത്. നെടുമ്പാശേരിയില്‍ എത്തിയ 5 പേരെയും കരിപ്പൂരില്‍ നിന്ന് 3 പേരെയും കൂടുതല്‍ നിരീക്ഷണങ്ങള്‍ക്കായി ഐസൊലേഷന്‍ കേന്ദ്രത്തിലേക്ക് മാറ്റി. പ്രവാസികള്‍ ഏഴ് ദിവസം സര്‍ക്കാര്‍ നിരീക്ഷണത്തില്‍ കഴിയണം എന്നാണ് നിര്‍ദേശം. 

നെടുമ്പാശേരിയില്‍ 10.08ന് വിമാനമിറങ്ങിയപ്പോള്‍ കരിപ്പൂരില്‍ 10.32ന് വിമാനമെത്തി. ഇന്നലെ ഗള്‍ഫ് രാജ്യങ്ങളില്‍നിന്ന് രണ്ട് വിമാനങ്ങളാണ് സംസ്ഥാനത്ത് എത്തിയത്. 181 പ്രവാസികളുമായി അബുദാബിയില്‍ നിന്നും എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനം നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തി. ഇതിലെ യാത്രക്കാരില്‍ 4 കൈകുഞ്ഞുങ്ങളാണ്. പത്തു വയസിനു താഴെയുള്ള 15 കുട്ടികളും 49 ഗര്‍ഭിണികളും ഉള്‍പ്പെടും. അഞ്ച് പേരെ കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ ഐസൊലേഷനില്‍ പ്രവേശിപ്പിച്ചു.ദുബായില്‍ നിന്നുള്ള എയര്‍ ഇന്ത്യ എക്സ്പ്രസില്‍ 182 പേരാണ് കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിയത്. ഇതില്‍ 177 പേര്‍ മുതിര്‍ന്നവരും 5 പേര്‍ കുട്ടികളുമാണ്.

നെടുമ്പാശ്ശേരിയിൽ യാത്രക്കാരെ 30 പേരെ വീതം ആറ് ബാച്ചുകളായാണ് വിമാനത്താവളത്തില്‍ നിന്ന് ഇറക്കിയത്. അതേസമയം, കരിപ്പൂരില്‍ 20 പേര്‍ വീതമുള്ള ബാച്ചുകളായിട്ടായിരുന്നു ക്രമീകരണങ്ങള്‍. പിന്നെ ലേസർ സ്കാനിംഗ് ഉൾപ്പെടെ സമഗ്രമായ ആരോഗ്യ പരിശോധനകൾക്ക് വിധേയരാക്കി. എമിഗ്രേഷൻ നടപടികൾക്കായി അഞ്ച് കൗണ്ടറുകൾ ഒരുക്കിയിട്ടുണ്ട്. ബാഗുകളും ലഗേജുകളുമെല്ലാം അണുമുക്തമാക്കി.വിമാനത്താവളത്തിൽ വിപുലമായ സജ്ജീകരണങ്ങളാണ് ഒരുക്കിയത്. 

ക്വാന്‍റീനിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച്ച് യാത്രക്കാർക്ക് ക്ലാസ് നൽകി. അഞ്ച് മിനുട്ടാണ് ഈ ക്ലാസിന്‍റെ ദൈർഘ്യം. ജില്ലാ ഭരണകൂടമാണ് ക്ലാസെടുക്കുന്നത്. എല്ലാ യാത്രക്കാരിൽ നിന്ന് സത്യവാങ്മൂലം എഴുതിവാങ്ങിയതിന് ശേഷം ആരോഗ്യ വകുപ്പ് പ്രത്യേക സിം കാർഡുകൾ നൽകി. ആരോഗ്യ സേതു ആപ്പ് ഇൻസ്റ്റാൾ ചെയ്യണമെന്നും ഫോൺ സ്വിച്ച് ഓഫ് ചെയ്യാൻ പാടില്ലെന്നും നിർദേശം നൽകി.

ഇവരെല്ലാവരും 7 ദിവസം സർക്കാർ ഏർപ്പെടുത്തിയ നിരീക്ഷണ കേന്ദ്രങ്ങളിലും 7 ദിവസം വീടുകളിലും നിരീക്ഷണത്തിൽ കഴിയണം. ഗർഭിണികൾ, കുട്ടികൾ, പ്രായമായവർ എന്നിവർ വീടുകളിൽ നിരീക്ഷണത്തിൽ കഴിഞ്ഞാൽ മതി. ഇവർക്ക് സ്വകാര്യ വാഹനങ്ങളിൽ ഒരു ഡ്രൈവറോടൊപ്പം വീടുകളിലേക്ക് മടങ്ങാനും സൗകര്യം ഒരുക്കിയിരുന്നു.

നോർക്കയുമായി ബന്ധപ്പെട്ട് പാസ്പോർട്ട് സ്കാൻ ചെയ്ത ശേഷം വീണ്ടും തെർമൽ സ്കാൻ നടത്തി. പിന്നീട് ജില്ല തിരിച്ച് യാത്രക്കാരെ ഇരുത്തി. അതിന് ശേഷം ഇവരെ ക്വാറന്‍റീനിലേക്ക് മാറ്റാനായി വണ്ടികൾ തയാറാക്കി.

ആദ്യ വിമാനത്തിലെ 60 യാത്രക്കാരും തൃശ്ശൂർ സ്വദേശികളാണ്. ഇവർക്ക് പോകാനായി മൂന്ന് കെഎസ്ആർടിസി ബസുകളാണ് ഒരുക്കിയത്. യാത്രക്കാർക്കായി ആകെ എട്ട് കെഎസ്ആർടിസി ബസുകളും 40 ഓളം ടാക്സികളുമാണ് സജ്ജീകരിച്ചത്.

തൃശൂർ ജില്ലയിൽ നിന്നുള്ളവരാണ് കൊച്ചിയിൽ വിമാനമിറങ്ങിയവരിൽ ഏറെയും(72 പേർ). എറണാകുളം സ്വദേശികളായ 25 പേരും മലപ്പുറത്ത് നിന്നുള്ള 23 പേരും ആലപ്പുഴയിൽ നിന്നും 16 പേരും പാലക്കാട് നിന്നും 15 പേരും കോട്ടയത്ത് നിന്നും 13 പേരും കാസർകോട് നിന്നുള്ള ഒരാളുമാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. 

ഗര്‍ഭിണികള്‍ക്കും കുട്ടികള്‍ക്കും വീടുകളിലാണ് നിരീക്ഷണം. ഇവര്‍ക്കുള്ള നിര്‍ദേശങ്ങള്‍ വിശദമായി ബോധ്യപ്പെടുത്തിയ ശേഷമാണ് വീടുകളിലേക്ക് വിട്ടത്. 

എറണാകുളത്ത് എസ്.സി.എം.എസ് ഹോസ്റ്റലും കോഴിക്കോട് എന്‍ഐടി എംബിഎ ഹോസ്റ്റലുമാണ് മറ്റ് പ്രവാസികള്‍ക്കുള്ള കൊവിഡ് കെയര്‍ കേന്ദ്രങ്ങള്‍. 

പ്രവാസികളെ കൊവിഡ് കെയര്‍ കേന്ദ്രം വരെ പൊലീസ് അനുഗമിച്ചു. സാമൂഹിക അകലം ഉറപ്പുവരുത്തി ഒരു ബസില്‍ 20 പേരെ മാത്രമാണ് യാത്ര ചെയ്യാന്‍ അനുവദിച്ചത്.

കെഎസ്ആര്‍ടിസി ബസുകള്‍, ടാക്‌സി കാറുകള്‍, ആംബുലന്‍സുകള്‍ തുടങ്ങി വിപുലമായ സൗകര്യങ്ങളാണ് വിമാനത്താവളങ്ങള്‍ക്ക് പുറത്ത് തയ്യാറാക്കിയിരുന്നത്. കനത്ത സുരക്ഷയും ഒരുക്കിയിരുന്നു.