കാര്യമായ രോഗലക്ഷണങ്ങളില്ലാത്തവർ ആശുപത്രികളിൽ അഡ്മിറ്റ് ആകേണ്ടതില്ല: മുഖ്യമന്ത്രി
കാര്യമായ രോഗലക്ഷണങ്ങൾ ഇല്ലാത്തവരും മറ്റ് അസുഖങ്ങൾ ഇല്ലാത്തവരും വീട്ടിൽ തന്നെ കഴിഞ്ഞാൽ മതിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഇവർക്ക് ആവശ്യമായ മറ്റ് സംവിധാനങ്ങൾ ബന്ധപ്പെട്ട തദ്ദേശ സ്ഥാപനങ്ങൾ ഒരുക്കിയിട്ടുണ്ട്.
കൂടുതൽ ആളുകൾ ആശുപത്രികളിലേക്ക് എത്താനും അഡ്മിറ്റ് ആകാനും തിരക്കുകൂട്ടുന്നുണ്ട്. കോവിഡ് ഉണ്ട് എന്നത് കൊണ്ട് മാത്രം എല്ലാവരും ആശുപത്രിയിൽ എത്തണമെന്നില്ല. അപ്പോൾ മാത്രമേ ഗുരുതരമായ രോഗം ഉള്ളവരെ ചികിൽസിക്കാൻ ആശുപത്രികൾക്ക് കഴിയൂ. സ്വകാര്യ ആശുപത്രികളും ഈ കാര്യത്തിൽ ജാഗ്രത കാണിച്ചേ മതിയാകൂ. ചികിത്സാ പ്രോട്ടോക്കോൾ അനുസരിച്ചു ആശുപത്രിയിൽ അഡ്മിറ്റ് ചെയ്യേണ്ടവരെ മാത്രമേ സ്വകാര്യ ആശുപത്രികളും അഡ്മിറ്റ് ചെയ്യാവൂ. അല്ലാതെ വരുന്നവരെ മുഴുവൻ അഡ്മിറ്റ് ചെയ്യുന്ന സ്ഥിതി ഉണ്ടായാൽ ഗുരുതര രോഗമുള്ളവർക്ക് ചികിത്സ ലഭ്യമാകാത്ത സാഹചര്യം ഉണ്ടാകും.