മുഖ്യമന്ത്രിയുടെ വാര്‍ത്താ സമ്മേളനത്തില്‍ നിന്ന് - 12.05.21
നഴ്സസ് ദിനം
ഇന്ന് അന്താരാഷ്ട്ര നഴ്‌സസ് ദിനമാണ്. കോവിഡ് മഹാമാരിക്കെതിരെയുള്ള പോരാട്ടത്തിന്റെ മുന്നണിയില്‍ സ്വന്തം ജീവന്‍ പണയപ്പെടുത്തിക്കൊണ്ടു പോരാടുന്ന ലോകത്തെല്ലായിടത്തുമുള്ള നഴ്‌സുമാരോട് കേരളത്തിന്റെ നന്ദിയും ആശംസകളും പങ്കു വയ്ക്കുന്നു.
ഇന്റര്‍ നാഷണല്‍ കൗണ്‍സില്‍ ഫോര്‍ നഴ്‌സസ് നല്‍കുന്ന വിവരങ്ങള്‍ അനുസരിച്ച് 20 ലക്ഷത്തോളം നഴ്‌സുമാരാണ് ഈ കാലയളവില്‍ കോവിഡ് രോഗബാധിതരായത്. മൂവായിരത്തിലധികം പേര്‍ കോവിഡ് കാരണം മരണപ്പെടുകയും ചെയ്തു.
ഈ വെല്ലുവിളി മുന്‍പിലുണ്ടായിട്ടും സമൂഹത്തിന്റെ സുരക്ഷയ്ക്ക് വേണ്ടി അവര്‍ അക്ഷീണം പ്രയത്‌നിക്കുകയാണ്. കേരളത്തിന്റെ കോവിഡ് പ്രതിരോധം താരതമ്യേന മികച്ച രീതിയില്‍ നടപ്പിലാക്കാന്‍ സാധിച്ചതില്‍ ആ പ്രയത്‌നത്തിനുള്ള പങ്ക് നിസ്തുലമാണ്. നിപ്പ വൈറസിന്റെ ആക്രമണമുണ്ടായപ്പോള്‍ ലിനി എന്ന സഹോദരിക്ക് നല്‌കേണ്ടിവന്നത് സ്വന്തം ജീവനാണ്. ഈ നാടിനായി നഴ്സുമാര്‍ സഹിക്കുന്ന ത്യാഗങ്ങള്‍ക്ക് നമുക്ക് നന്ദി പറയാം. സമൂഹമെന്ന നിലയില്‍ നഴ്‌സുമാര്‍ക്ക് കൂടുതല്‍ പിന്തുണ ഏവരുടേയും ഭാഗത്തു നിന്നുണ്ടാകേണ്ടതുണ്ട്. അതുണ്ടാകുമെന്ന് നമുക്കുറപ്പിക്കാം.
അന്താരാഷ്ട്ര നഴ്‌സസ് ദിനത്തിന്റെ സന്ദേശം 'എ വിഷന്‍ ഫോര്‍ ഫ്യൂചര്‍ ഹെല്‍ത്ത് കെയര്‍' എന്നതാണ്. കോവിഡ്-19 മഹാമാരി ലോകത്തിലെ എല്ലാ രാജ്യങ്ങളിലേയും ആരോഗ്യ നയങ്ങളുടേയും സംവിധാനങ്ങളുടേയും ശക്തിയും ദൗര്‍ബല്യവും വെളിപ്പെടുത്തിക്കഴിഞ്ഞു. അക്കാര്യത്തില്‍ വികസിത രാജ്യങ്ങളെന്നോ വികസ്വര രാജ്യങ്ങളെന്നോ ഉള്ള ഭേദമില്ല. അതുകൊണ്ട്, സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങള്‍ക്കും ഏറ്റവും മികച്ച ചികിത്സ നല്‍കാനും, ഇത്തരത്തിലുള്ള സാഹചര്യങ്ങള്‍ ഉണ്ടായാല്‍ ഏറ്റവും മികച്ച പ്രതിരോധമുയര്‍ത്താനും സാധിക്കുന്ന വിധത്തിലുള്ള പഴുതുകളടച്ച ആരോഗ്യ സംവിധാനം ഉണ്ടായേ തീരൂ.
കേരളവും വിഭാവനം ചെയ്യുന്നത് അതാണ്. നമ്മുടെ ആരോഗ്യമേഖലയെ കൂടുതല്‍ കരുത്തുറ്റതാക്കാനുള്ള നയങ്ങളും നടപടികളുമായി മുന്നോട്ടു പോകും. അതിനാവശ്യമായ ക്രിയാത്മകമായ ചര്‍ച്ചകള്‍ സമൂഹത്തില്‍ നടക്കണം. പുതിയ ആശയങ്ങള്‍ ഉരുത്തിരിയണം. സമൂഹമെന്ന നിലയ്ക്ക് നമ്മളെല്ലാവരും ആ ഉത്തരവാദിത്വമേറ്റെടുക്കേണ്ടതാണ്.
ഈദ് ഉല്‍ ഫിത്തര്‍
നാളെ ഈദുല്‍ ഫിത്ര്‍ ആണ്. മഹാമാരിയുടെ കാലത്തും വിശ്വാസ ലോകമാകെ 30 ദിവസം നീണ്ട വ്രതാനുഷ്ഠാനത്തിന്റെ പൂര്‍ണ പരിസമാപ്തിയുടെ ആഹ്ലാദത്തിലാണ്. ഏവര്‍ക്കും ചെറിയ പെരുന്നാള്‍ ആശംസകള്‍. മാനവികതയുടെയും ഒരുമയുടെയും സഹാനുഭൂതിയുടെയും ദാന കര്‍മ്മങ്ങളുടെയും ഏറ്റവും ഉല്‍കൃഷ്ടമായ സന്ദേശമാണ് റമദാനും ഈദുല്‍ ഫിതറും മുന്നോട്ട് വെക്കുന്നത്.
മഹാവ്യാധിക്ക് മുന്‍പില്‍ ലോകം മുട്ട് മടക്കാതെ ഒരുമയോടെ പൊരുതുമ്പോള്‍ അതിജീവനത്തിന്റെ ഉള്‍ക്കരുത്ത് നേടാന്‍ വിശുദ്ധ മാസം വിശ്വാസ ലോകത്തിന് കരുത്ത് പകര്‍ന്നു. ഒത്തു ചേരലുകളും സന്തോഷം പങ്കു വെക്കലുകളും ഏതൊരു ആഘോഷവേളകളെയും പോലെ പെരുന്നാളിലും പ്രധാനമാണ്. എന്നാല്‍ കൂട്ടം ചേരലുകള്‍ നമ്മെ അപകടത്തിലാക്കുന്ന കാലത്ത് ആഘോഷങ്ങള്‍ കുടുംബത്തില്‍ തന്നെ ആകണം. പെരുന്നാള്‍ നമസ്‌കാരം വീടുകളില്‍ തന്നെ നിര്‍വഹിച്ച് വ്രത കാലത്ത് കാണിച്ച കരുതല്‍ പെരുന്നാള്‍ ദിനത്തിലും കാത്ത് സൂക്ഷിക്കാന്‍ എല്ലാവരും തയ്യാറാകണം. റമദാന്‍ മാസക്കാലത്ത് കോവിഡ് നിയന്ത്രണങ്ങള്‍ പൂര്‍ണ്ണമായും പാലിച്ചു കൊണ്ടുള്ള വ്രതാനുഷ്ഠാനവും പ്രാര്‍ത്ഥനകളുമാണ് നടന്നത്. അതില്‍ സഹകരിച്ച മുഴുവന്‍ സഹോദരങ്ങളെയും അഭിവാദ്യം ചെയ്യുന്നു.
കഴിഞ്ഞ വര്‍ഷവും കോവിഡ് കാലത്തായിരുന്നു റമദാന്‍. ഈദ് ദിനത്തിലും വീടുകളില്‍ നിന്ന് പ്രാര്‍ത്ഥന നടത്തി കോവിഡ് പ്രതിരോധത്തോട് സഹകരിച്ച മാതൃകാപരമായ അനുഭവമാണ് ഉണ്ടായത്. ഇത്തവണ കോവിഡ് സാഹചര്യം കൂടുതല്‍ രൂക്ഷമാണ്. അത് കൊണ്ട് തന്നെ ഈദ് ദിന പ്രാര്‍ത്ഥന വീട്ടില്‍ നടത്തുന്നതുള്‍പ്പെടെയുള്ള നിയന്ത്രണങ്ങള്‍ സ്വയം പാലിക്കാന്‍ എല്ലാവരും തയാറാകണം. ചെറിയ പെരുനാളിനോട് അനുബന്ധിച്ചുള്ള പ്രാര്‍ത്ഥനകള്‍ വീടുകളില്‍ തന്നെ നടത്താന്‍ തീരുമാനിച്ച സഹോദരങ്ങളോട് പ്രത്യേകം നന്ദി അറിയിക്കുകയാണ്.
വ്രതാനുഷ്ഠാനത്തിലൂടെ ആര്‍ജ്ജിച്ച സ്വയം നവീകരണം മുന്‍പോട്ടുള്ള ജീവിതത്തിലും കുടുംബത്തിനും സമൂഹത്തിനും ഒരുപോലെ പ്രയോജനപെടുന്നതാകണം. അപ്പോഴാണ് അതിന്റെ മഹത്വം കൂടുതല്‍ പ്രകാശിക്കുക.
ആര്‍.ടി.പി.സി. ആര്‍ റിസള്‍ട്ട് വൈകുന്ന പ്രശ്‌നം നിലവിലുണ്ട്. മികച്ച ഫലം നല്‍കുന്ന ആന്റിജന്‍ കിറ്റുകള്‍ ലഭ്യമായിട്ടുണ്ട്. ആന്റിജന്‍ ടെസ്റ്റില്‍ നെഗറ്റീവ് ആയവരില്‍ രോഗം സംശയിക്കുന്ന വര്‍ക്ക് മാത്രം ആര്‍ ടി പിസി ആര്‍ നടത്തുന്നതാവും ഈ ഘട്ടത്തില്‍ പ്രയോഗികം. ഐസിഎംആറിന്റെ പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശവും ഇതുമായി ബന്ധപ്പെട്ട് ഇറങ്ങിയിട്ടുണ്ട്.
സംസ്ഥാനത്തിന് പുറത്തു നിന്ന് വരുന്ന റെയില്‍വേ യാത്രക്കാര്‍ യാത്ര പുറപ്പെടുന്നതിന് 72 മണിക്കൂര്‍ മുമ്പുള്ള ആര്‍ ടി പി സി ആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് കരുതണമെന്ന് നിഷ്‌കര്‍ഷിച്ചിട്ടുണ്ട്.
പെരുന്നാളിനോടനുബന്ധിച്ച് ഇറച്ചിക്കടകള്‍ക്ക് രാത്രി 10 മണി വരെ പ്രവര്‍ത്തിക്കാം. അവിടങ്ങളില്‍ ഹോം ഡെലിവറി നടത്താനുള്ള അനുവാദമാണ് നല്‍കിയിട്ടുള്ളത്.
ആശുപത്രികളിലെ വൈദ്യുതി വിതരണം തടസ്സമില്ലാതെ മുന്നോട്ട് പോകേണ്ടതുണ്ട്. ആശുപത്രികള്‍ എമര്‍ജന്‍സി ഇലക്ട്രിക് സപ്ലൈ ഉറപ്പാക്കണം. അതിതീവ്ര മഴക്കും ഇടിമിന്നലിനും സാധ്യതയുള്ള ദിവസങ്ങളാണ് മുന്നിലുള്ളത്. അതുകൊണ്ട് ഇക്കാര്യത്തില്‍ പ്രത്യേക ശ്രദ്ധ പുലര്‍ത്താന്‍ കെഎസ്ഇബിക്കും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
ഓക്‌സിജന്‍ ഉത്പാദന ശേഷി വര്‍ദ്ധിപ്പിക്കാനുള്ള നടപടികള്‍ വേഗത്തില്‍ പൂര്‍ത്തീകരിക്കാന്‍ നിര്‍ദ്ദേശിച്ചു. ഓക്‌സിജന്‍ ഉപയോഗിക്കുന്ന ഇടങ്ങളില്‍ ഓക്‌സിജന്‍ ഓഡിറ്റ് ഫയര്‍ഫോഴ്‌സ് നേതൃത്വത്തില്‍ നടക്കുന്നുണ്ട്. ആശുപത്രികളില്‍ തീപിടുത്തം ഒഴിവാക്കാനുള്ള നിര്‍ദ്ദേശങ്ങളും നല്‍കിയിട്ടുണ്ട്. ഫയര്‍ഫോഴ്‌സ്, ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടറേറ്റ്, പി ഡബ്ലിയു ഡി എന്നിവ ആവശ്യമായ നടപടികള്‍ എടുക്കും.
18 നും 45 നും ഇടയ്ക്ക് വയസ്സുള്ളവര്‍ക്ക് ഓര്‍ഡര്‍ ചെയ്ത വാക്‌സിന്‍ അവര്‍ക്ക് തന്നെ നല്‍കും. ഇക്കാര്യത്തില്‍ ഒരുപാട് മുന്‍ഗണനാ ആവശ്യം വരുന്നുണ്ട്. എല്ലാവര്‍ക്കും നല്‍കാന്‍ മാത്രം വാക്‌സിന്‍ ഒറ്റയടിക്ക് ലഭ്യമല്ല എന്നതാണ് നമ്മള്‍ നേരിടുന്ന പ്രശ്‌നം. തിക്കുംതിരക്കും ഇല്ലാതെ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്താന്‍ തദ്ദേശസ്വയംഭരണ വകുപ്പും ആരോഗ്യ വകുപ്പും കൂട്ടായി ശ്രദ്ധിക്കണം. പോലീസ് സഹായം ആവശ്യമെങ്കില്‍ അതും തേടാവുന്നതാണ്.
പള്‍സ് ഓക്‌സിമീറ്റര്‍ കുറഞ്ഞ ചെലവില്‍ സ്റ്റാര്‍ട്ടപ്പുകള്‍ വഴി നിര്‍മ്മിക്കാവുന്നതാണ്. അതിന്റെ സാങ്കേതിക കാര്യങ്ങള്‍ കെല്‍ട്രോണിനെക്കൊണ്ട് പെട്ടെന്ന് ചെയ്യിക്കാന്‍ വ്യവസായ വകുപ്പിന് നിര്‍ദ്ദേശം നല്‍കി.
സി എഫ് എല്‍ ടി സികള്‍, സി എസ് എല്‍ ടി സികള്‍ എന്നിവിടങ്ങളിലും വാര്‍ഡ് തല സമിതികളിലും പാലിയേറ്റിവ് വളണ്ടിയര്‍മാരെ കൂടുതലായി നിയോഗിക്കാന്‍ കഴിയണം.
കിടക്കയുടെ എണ്‍പത്തിയഞ്ച് ശതമാനം ആളുകള്‍ ആകുമ്പോള്‍ പെട്ടെന്ന് തന്നെ അടുത്ത നടപടിയില്‍ കടക്കണം.
വാക്‌സിനേഷന്‍
45 വയ്‌സസ്സിനു മുകളിലുള്ളവര്‍ക്കുള്ള വാക്‌സിന്‍ കേന്ദ്ര സര്‍ക്കാര്‍ ലഭ്യമാക്കും എന്നാണ് പുതിയ വാക്‌സിന്‍ നയത്തില്‍ വ്യക്തമാക്കുന്നത്. കേരളത്തില്‍ 45 വയസ്സിനു മുകളിലുള്ളത് ഏകദേശം 1.13 കോടി ആളുകളാണ്. അവര്‍ക്ക് രണ്ടു ഡോസ് വീതം നല്‍കണമെങ്കില്‍ 2.26 കോടി ഡോസ് വാക്‌സിന്‍ നമുക്ക് ലഭിക്കണം.
കോവിഡ് തരംഗത്തിന്റെ നിലവിലെ വ്യാപനവേഗതയുടെ ഭാഗമായുണ്ടാകുന്ന മരണനിരക്ക് കുറച്ചു നിര്‍ത്താന്‍ 45 വയസ്സിനു മുകളിലുള്ളവരുടെ വാക്‌സിനേഷന്‍ എത്രയും പെട്ടെന്ന് പൂര്‍ത്തിയാക്കണം. അതുകൊണ്ട്, കേരളത്തിനര്‍ഹമായ വാക്‌സിനുകള്‍ എത്രയും വേഗത്തില്‍ ലഭ്യമാക്കണം എന്ന് കേന്ദ്ര സര്‍ക്കാരിനോട് അഭ്യര്‍ഥിച്ചിട്ടുണ്ട്. ഇക്കാര്യത്തില്‍ നിരവധി തവണ ഔദ്യോഗികമായി തന്നെ കേന്ദ്ര സര്‍ക്കാരുമായി ബന്ധപ്പെട്ടിട്ടുണ്ട്.
ലോക്ഡൗണ്‍ സമയത്ത് അടിയന്തരയാത്രയ്ക്ക് അപേക്ഷിക്കുന്നവര്‍ക്ക് പാസ് നല്‍കാനുള്ള ഓണ്‍ലൈന്‍ സംവിധാനം വിജയകരമായി പ്രവര്‍ത്തിക്കുന്നുണ്ട്. പൊതുജനങ്ങളുടെ സൗകര്യാര്‍ത്ഥം പോലീസിന്റെ ഔദ്യോഗിക മൊബൈല്‍ ആപ്ലിക്കേഷനായ പോല്‍-ആപ്പില്‍ കൂടി ഓണ്‍ലൈന്‍ പാസിന് അപേക്ഷിക്കാന്‍ സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. പോല്‍-പാസ് എന്ന പുതിയ സംവിധാനം വഴി ലഭിക്കുന്ന പാസിന്റെ സ്‌ക്രീന്‍ ഷോട്ട് പരിശോധനാസമയത്ത് കാണിച്ചാല്‍ മതിയാകും. ദിവസവേതന തൊഴിലാളികള്‍, വീട്ടുജോലിക്കാര്‍, ഹോംനേഴ്‌സുമാര്‍ തുടങ്ങിയവര്‍ക്ക് ലോക്ഡൗണ്‍ തീരുന്നതുവരെ കാലാവധിയുള്ള പാസിനായി അപേക്ഷിക്കാം. വളരെ അത്യാവശ്യമുള്ള കാര്യങ്ങള്‍ക്ക് മാത്രമേ ഓണ്‍ലൈന്‍ പാസിനായി അപേക്ഷിക്കാവൂവെന്ന് വീണ്ടും അഭ്യര്‍ത്ഥിക്കുന്നു.
ആശുപത്രികളിലും മറ്റും ചികിത്സയ്ക്ക് പോകുന്നവര്‍ക്ക് സത്യവാങ്മൂലം പൂരിപ്പിച്ച് കൈവശം കരുതി യാത്ര ചെയ്യാവുന്നതാണ്. ഇതിനായി പോലീസിന്റെ ഇ-പാസിന് അപേക്ഷിക്കേണ്ട ആവശ്യമില്ല. തിരിച്ചറിയല്‍ കാര്‍ഡ് കൈയിലുണ്ടായിരിക്കണം. 75 വയസ്സിനുമുകളില്‍ പ്രായമുള്ളവര്‍ ചികിത്സയ്ക്കായി പോകുമ്പോള്‍ ഡ്രൈവറെ കൂടാതെ രണ്ടു സഹായികളെ കൂടി ഒപ്പം യാത്രചെയ്യാന്‍ അനുവദിക്കും.
അപൂര്‍വ്വമായെങ്കിലും ചില സ്ഥലങ്ങളില്‍ 18 വയസ്സിനു താഴെയുള്ള കുട്ടികളെ മാസ്‌ക് ധരിക്കാതെ പൊതുനിരത്തില്‍ കാണുന്നുണ്ട്. കുട്ടികളുടെ സുരക്ഷ ഉറപ്പാക്കേണ്ടത് മാതാപിതാക്കളുടെ ഉത്തരവാദിത്തവും കടമയുമാണ്. ഇക്കാര്യം മാതാപിതാക്കള്‍ പ്രത്യേകം ശ്രദ്ധിക്കണം.
ലോക്ഡൗണിന്റെ അഞ്ചാം ദിവസമായ ഇന്ന് ജനങ്ങള്‍ പൊതുവെ നിയന്ത്രണങ്ങളോട് സഹകരിക്കുന്നതായാണ് കാണാന്‍ കഴിഞ്ഞത്. വൈറസിന്റെ വ്യാപനം തടയുന്നതിന് തങ്ങളുടെ സഹകരണം ആവശ്യമാണെന്ന് പൊതുജനങ്ങള്‍ പൂര്‍ണമായും മനസ്സിലാക്കിയെന്നാണ് ഇത് സൂചിപ്പിക്കുന്നത്.
അതിജീവനം, മാനസികാരോഗ്യം
കോവിഡ്പ്ര തിരോധവുമായി ബന്ധപ്പെട്ട് സംശയ നിവാരണത്തിന് കൈറ്റ് വിക്ടേഴ്‌സില്‍ പ്രത്യേക പ്രോഗ്രാം തുടങ്ങുന്നത് പറഞ്ഞിരുന്നു. എല്ലാ ദിവസവും 'അതിജീവനം' എന്ന പേരില്‍ 2 മണി മുതല്‍ 3 മണിവരെ ഈ ലൈവ് ഫോണ്‍-ഇന്‍-പ്രോഗ്രാം നടന്നുവരുന്നുണ്ട്. അതുപോലെ പ്രധാനപ്പെട്ട മറ്റൊരു പരിപാടിയാണ് ഈ കാലത്തെ കുട്ടികളുടെ മാനസികാരോഗ്യവുമായി ബന്ധപ്പെട്ട സംശയങ്ങള്‍ക്ക് തത്സമയം വിദഗ്ദ്ധര്‍ മറുപടി നല്‍കുന്ന 'മാനസികാരോഗ്യം' എന്ന ലൈവ് ഫോണ്‍ ഇന്‍ രാവിലെ 11 മണി മുതല്‍ 12.30 വരെ കൈറ്റ് വിക്ടേഴ്‌സില്‍ സംപ്രേഷണം ചെയ്യുന്നത്. ഇവ രണ്ടും പരമാവധി പ്രയോജനപ്പെടുത്തണമെന്ന് എല്ലാവരോടും അഭ്യര്‍ത്ഥിക്കുന്നു.
കഴിഞ്ഞ 24 മണിക്കൂറിനുളളില്‍ സംസ്ഥാനത്ത് മാസ്‌ക് ധരിക്കാത്ത 10,581 പേര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു. സാമൂഹിക അകലം പാലിക്കാത്തതിന് 5468 പേര്‍ക്കെതിരെയും നിയമനടപടി സ്വീകരിച്ചു. പിഴയായി 34,59,500 രൂപയാണ് ഇക്കഴിഞ്ഞ ദിവസം ഈടാക്കിയത്.