ഇന്‍ഡസ്ട്രിയല്‍ സിലിണ്ടറുകള്‍ ഓക്‌സിജന്‍ സിലിണ്ടറുകളാക്കുന്നു

post

ഓക്‌സിജന്‍ ക്ഷാമം മുന്നില്‍ കണ്ട് എറണാകുളം ജില്ലയില്‍ അതിവേഗ നടപടി. ഇന്‍ഡസ്ട്രിയല്‍ സിലിണ്ടറുകള്‍, മെഡിക്കല്‍ ഓക്‌സിജന്‍ സിലിണ്ടറുകളാക്കുന്ന പ്രവര്‍ത്തനം തുടരുന്നു. മറ്റ് ജില്ലകളില്‍ നിന്നെത്തിക്കുന്ന സിലിണ്ടറുകളും രൂപമാറ്റം നടത്തി നല്‍കുന്നുണ്ട്.


എസ്എച്ച്എം ഷിപ്പ് കെയറിലേക്ക് ആദ്യം സിലിണ്ടറുകളുമായെത്തിയത് കൊച്ചിന്‍ ഷിപ്പ്യാര്‍ഡാണ്. വ്യവസായാവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്ന നൈട്രജന്‍, ഹീലിയം സിലിണ്ടറുകള്‍ വൃത്തിയാക്കി മെഡിക്കല്‍ ഓക്‌സിജന്‍ സിലിണ്ടറാക്കി നല്‍കുന്നു. സിലിണ്ടറുകളുടെ ഉള്ളില്‍ വെളിച്ചം കടത്തി പരിശോധിച്ച്, പൊടി തട്ടി, കഴുകി, പ്രഷര്‍ ടെസ്റ്റ് നടത്തി ഒടുക്കം പെയിന്റും ചെയ്ത് അസ്സല്‍ ഓക്‌സിജന്‍ സിലിണ്ടറാക്കി നല്‍കിയതോടെ പിന്നാലെ ജില്ലാ ഭരണകൂടവുമെത്തി. ജില്ലയിലെ ഒട്ടുമിക്ക വ്യവസായ സ്ഥാപനങ്ങളില്‍ നിന്നുമെത്തിക്കുന്ന സിലിണ്ടറുകള്‍ വൃത്തിയാക്കി നല്‍കണമെന്ന ആവശ്യവുമായി. ഓക്‌സിജന്‍ ക്ഷാമ കാലത്ത് ഇതിന്റെ ആവശ്യകത മനസിലാക്കിയതോടെ കമ്പനി മറ്റ് പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെച്ച് പൂര്‍ണമായും സിലിണ്ടര്‍ വൃത്തിയാക്കലിലേക്ക് മാറി.


എറണാകുളത്തിന് പുറമെ മലപ്പുറം, തിരുവനന്തപുരം ജില്ലകളില്‍ നിന്നും സിലിണ്ടറുകള്‍ എത്തുന്നുണ്ട്. ഇതില്‍ 50 വര്‍ഷത്തിലേറെ പഴക്കമുള്ളവ വരെയുണ്ട്. സുരക്ഷാ പരിശോധനയില്‍ വിജയിക്കാത്തത് ഉപേക്ഷിക്കും. ബാക്കിയുള്ളവ അതത് ജില്ലാ ഭരണകൂടങ്ങളെത്തന്നെ തിരികെയേല്‍പ്പിക്കും. ദിവസേന 150ലേറെ സിലിണ്ടറുകളാണ് കമ്പനിയിലെത്തുന്നത്. 100 മുതല്‍ 120 വരെ സിലിണ്ടറുകള്‍ വൃത്തിയാക്കും. കമ്പനിയിലെ 40 പേരും പ്രതിഫലത്തിനല്ല ഇപ്പോള്‍ അധ്വാനിക്കുന്നത്, സാധാരണകാലത്ത് തങ്ങളാലാകും വിധം ആശ്വാസമാകാനാണ്.