മുഖ്യമന്ത്രിയുടെ വാര്‍ത്താ സമ്മേളനത്തില്‍ നിന്ന്- 17.05.2021
ഇന്ന് 21,402 പേര്‍ക്കാണ് കോവിഡ് ബാധിച്ചത്. 86,505 പരിശോധനകള്‍ നടത്തി. 87 പേര്‍ മരണമടഞ്ഞു. ഇപ്പോള്‍ ആകെ ചികിത്സയിലുള്ളത് 3,62,315 പേരാണ്. ഇന്ന് 99,651 പേര്‍ രോഗമുക്തരായി.
സംസ്ഥാനത്ത് കര്‍ക്കശമായ ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ തുടരുകയാണ്. തിരുവനന്തപുരം, എറണാകുളം, തൃശൂര്‍, മലപ്പുറം ജില്ലകളില്‍ വളരെ വിജയകരമായ രീതിയില്‍ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ നടപ്പിലാക്കിവരുന്നു. വളരെ കുറച്ച് ജനങ്ങള്‍ മാത്രമേ നിരത്തിലിറങ്ങുന്നുള്ളൂ. കോവിഡ് ബാധിതരും പ്രൈമറി കോണ്‍ടാക്ട് ആയവരും വീടുകള്‍ക്കുള്ളില്‍ കഴിയുന്നുവെന്ന് ഉറപ്പാക്കാനായി ഈ ജില്ലകളില്‍ മോട്ടോര്‍ സൈക്കിള്‍ പട്രോളിങ് ഉള്‍പ്പെടെ ഉപയോഗിച്ച് നിരന്തര നിരീക്ഷണം നടത്തിവരുന്നു.
നിരത്തുകളില്‍ കര്‍ശന പരിശോധനയാണ് നടക്കുന്നത്. വളരെ അത്യാവശ്യമായ കാര്യങ്ങള്‍ക്ക് മാത്രമേ ജനങ്ങള്‍ പുറത്തിറങ്ങാവു. ചുരുക്കം ചിലര്‍ക്ക് വ്യക്തിപരമായ അസൗകര്യങ്ങള്‍ ഉണ്ടെങ്കിലും ജനങ്ങള്‍ പൊതുവേ ട്രിപ്പിള്‍ ലോക്ക്ഡൗണുമായി സഹകരിക്കുന്നു. കോവിഡിനെതിരെ പോരാടാനുള്ള ജനങ്ങളുടെ നിശ്ചയദാര്‍ഢ്യമാണ് ഇത് കാണിക്കുന്നത്.
സംസ്ഥാനത്തെ രോഗവ്യാപനത്തിന്റെ കാര്യത്തില്‍ അല്‍പം ശുഭകരമായ സൂചനകള്‍ കാണാന്‍ സാധിക്കുന്നുണ്ട്. മെയ് 1 മുതല്‍ 8 വരെ നോക്കിയാല്‍ ഒരു ദിവസം ശരാശരി 37,144 കേസുകളാണുണ്ടായിരുന്നത്. എന്നാല്‍, ലോക്ഡൗണ്‍ തുടങ്ങിയതിനു ശേഷമുള്ള ആഴ്ചയിലതു 35,919 ആയി കുറഞ്ഞിട്ടുണ്ട്.
ആ ഘട്ടത്തില്‍ 8 ജില്ലകളില്‍ 10 മുതല്‍ 30 ശതമാനം വരെ കുറവ് രേഖപ്പെടുത്തി. ഏറ്റവും കൂടുതല്‍ കുറവുണ്ടായത് വയനാട് ജില്ലയിലാണ്. പത്തനംതിട്ട ജില്ലയില്‍ രോഗവ്യാപനത്തിന്റെ നില സ്ഥായിയായി തുടരുകയാണ്. എന്നാല്‍, കൊല്ലം, മലപ്പുറം, തിരുവനന്തപുരം, പാലക്കാട് ജില്ലകളില്‍ കേസുകള്‍ കൂടുന്നതായാണ് കാണുന്നത്. കൊല്ലം ജില്ലയില്‍ 23 ശതമാനം വര്‍ധനവാണുണ്ടായിരിക്കുന്നത്.
എങ്കിലും സംസ്ഥാനത്ത് പൊതുവില്‍ ആക്റ്റീവ് കേസുകളില്‍ നേരിയ കുറവുണ്ടായിരിക്കുന്നത് ആശ്വാസകരമായ കാര്യമാണ്. 4,45,000 വരെ എത്തിയ ആക്റ്റീവ് കേസുകള്‍ 3,62,315 ആയി കുറഞ്ഞിരിക്കുന്നു.
ലോക്ഡൗണിനു മുന്‍പ് നടപ്പിലാക്കിയ വാരാന്ത്യ നിയന്ത്രണങ്ങളുടേയും രാത്രി കര്‍ഫ്യൂവിന്റേയും പൊതുവേയുള്ള ജാഗ്രതയുടേയും ഗുണഫലമാണിതെന്നു വേണം അനുമാനിക്കാന്‍.
ഒരു ദിവസം കണ്ടെത്തുന്ന രോഗവ്യാപനം, ആ ദിവസത്തിന് ഒന്നു മുതല്‍ ഒന്നര ആഴ്ച വരെ മുന്‍പ് ബാധിച്ചതായതിനാല്‍ ലോക്ക്ഡൗണ്‍ എത്രമാത്രം ഫലപ്രദമാണെന്ന് ഇനിയുള്ള ദിവസങ്ങളില്‍ അറിയാന്‍ പോകുന്നേയുള്ളു. ഇപ്പോള്‍ കാണുന്ന ഈ മാറ്റം ലോക്ഡൗണ്‍ ഗുണകരമായി മാറിയേക്കാം എന്നു തന്നെയാണ് സൂചിപ്പിക്കുന്നത്.
ജനങ്ങള്‍ പ്രദര്‍ശിപ്പിച്ച കര്‍ശനമായ ജാഗ്രത ഗുണകരമാകുമെന്ന് തന്നെ പ്രതീക്ഷിക്കാം. അതുകൊണ്ട്, ലോക്ക്ഡൗണിന്റെ തുടര്‍ന്നുള്ള ദിവസങ്ങള്‍ കൂടെ ഈ ജാഗ്രത തുടര്‍ന്നുകൊണ്ട് നമുക്ക് മുന്നോട്ടു പോകാം. നമ്മുടെ ആരോഗ്യസംവിധാനങ്ങളുടെ കാര്യക്ഷമതയ്ക്ക് അപ്പുറത്തേയ്ക്ക് രോഗവ്യാപനം ശക്തമാകാതിരിക്കണം. അതിന് ഈ ലോക്ഡൗണ്‍ വിജയിക്കേണ്ടത് അനിവാര്യമാണ്.
ഇന്ന് അവലോകന യോഗം നിലവിലുള്ള സ്ഥിതി വിലയിരുത്തി. ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് കുറഞ്ഞുവരുന്നത് ആശ്വാസാകരമാണ്. രോഗവ്യാപനത്തിന്റെ ഉച്ചസ്ഥായി കടന്നുപോയി എന്ന അനുമാനത്തിലാണ് വിദദ്ധര്‍. എന്നാല്‍, അത് ജാഗ്രത കൈവിടാനുള്ള പച്ചക്കൊടിയല്ല. ഓക്‌സിജന്‍ മൂവ്‌മെന്റ് നന്നായി നടക്കുന്നു. വല്ലാര്‍ത്ത് പാടത്ത് വന്ന ഓക്‌സിജന്‍ എക്‌സ്പ്രസിലെ ഓക്‌സിജന്‍ സംഭരണ കേന്ദ്രങ്ങളിലേക്ക് മാറ്റിയിട്ടുണ്ട്.
ഗര്‍ഭിണികള്‍ക്കും മുലയൂട്ടുന്ന അമ്മമാര്‍ക്കും നിലവില്‍ വാക്‌സിന്‍ നല്‍കുന്നില്ല. അവരില്‍ വാക്‌സിന്‍ പരീക്ഷണം പൂര്‍ത്തിയാകാത്തതായിരുന്നു കാരണം. ഇപ്പോള്‍ അത് പൂര്‍ത്തിയായിട്ടുണ്ട്. അവര്‍ക്ക് വാക്‌സിന്‍ നല്‍കുന്നതില്‍ കുഴപ്പമില്ല എന്നാണു വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. ഇന്ത്യയില്‍ നാഷണല്‍ ടെക്‌നിക്കല്‍ അഡൈ്വസറി ഗ്രൂപ്പും നീതി ആയോഗും കേന്ദ്ര സര്‍ക്കാരിന് ഇത് സംബന്ധിച്ച് ശുപാര്‍ശ നല്‍കിയിട്ടുണ്ട്. അതിനാല്‍ വാക്‌സിന്‍ നല്‍കാന്‍ അനുമതി ചോദിച്ച് ഐസിഎംആറുമായി ബന്ധപ്പെടും.
കോവിഡ് കാരണം ഗര്‍ഭകാല പരിശോധന കൃത്യമായി നടക്കാത്ത സ്ഥിതിയുണ്ട്. രക്തത്തിലെ ഗ്ലൂകോസ്, രക്തസമ്മര്‍ദം എന്നിവ വാര്‍ഡ് സമിതിയിലെ ആശാ വര്‍ക്കര്‍മാരെ ഉപയോഗിച്ച് പരിശോധിക്കും. വാക്‌സിനുള്ള ആഗോള ടെണ്ടര്‍ നടപടികള്‍ ആരംഭിക്കുകയാണ്. ടെണ്ടര്‍ നോട്ടിഫിക്കേഷന്‍ ഇന്ന് തന്നെ ഇറങ്ങും. മൂന്നു കോടി ഡോസ് വാക്‌സിന്‍ വിപണിയില്‍ നിന്ന് കണ്ടെത്താനാണ് ശ്രമിക്കുന്നത്.
ലോക്ക്ഡൗണ്‍ കാരണം പാല്‍ കെട്ടിക്കിടക്കുകയാണ്. അത് കോവിഡ് നിരീക്ഷണ കേന്ദ്രങ്ങളിലും മറ്റും ഉപയോഗിക്കാം. രോഗികള്‍ക്കും കുട്ടികള്‍ക്കും കൊടുക്കാം. ഇക്കാര്യത്തില്‍ ചെയ്യാന്‍ പറ്റുന്നത് തദ്ദേശ സ്വയംഭരണസ്ഥാപനങ്ങള്‍ മുന്‍കൈയെടുത്ത് ആലോചിക്കണം.
ആദിവാസി മേഖലയില്‍ രോഗം പടരുന്നത് വളരെയധികം ശ്രദ്ധിക്കണം. ആദിവാസികള്‍ കൂടുതലുള്ള ജില്ലകളില്‍ ഇതില്‍ നല്ല ജാഗ്രത വേണം. തോട്ടം തൊഴിലാളികളായ രോഗബാധിതരെ മാറ്റിപ്പാര്‍പ്പിക്കാന്‍ പ്രത്യേക സ്ഥലങ്ങള്‍ ഇല്ലെങ്കില്‍ ഏതെങ്കിലും ലയത്തെ അതിനായി ഒരുക്കുകയും അവിടെ താമസിക്കുന്നവര്‍ക്ക് പകരം സൗകര്യം നല്‍കുകയും വേണം. വാക്‌സിനേഷന്‍ കഴിയാവുന്നത്ര നല്‍കണം. രോഗം പകരാതിരിക്കാനുള്ള ജാഗ്രതയും കാണിക്കണം.
കോവിഡ് രോഗബാധിതര്‍ക്ക് സഹായം ആവശ്യമാകുമ്പോള്‍ അതു നല്‍കേണ്ട ബാധ്യത നിറവേറ്റുന്നതിനു പകരം ഭയപ്പാടോടെ മാറിനില്‍ക്കുന്ന ചില സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. അപകടം പറ്റിയ രോഗി ഗുരുതരമായ അവസ്ഥ നേരിട്ടിട്ടും ബന്ധുക്കള്‍ പോലും തിരിഞ്ഞു നോക്കാതിരിക്കുന്ന അവസ്ഥ മനുഷ്യത്വത്തിനു നിരക്കാത്ത കാര്യമാണ്.
രോഗബാധിതനായ വ്യക്തിയെ ചികിത്സിക്കാനും പരിചരിക്കാനും അനാവശ്യമായ ഭീതി ഒഴിവാക്കാനും എല്ലാവരും തയ്യാറാകണം. രോഗിയെ പരിചരിക്കുമ്പോള്‍ മാസ്‌ക് ധരിക്കുന്നതുള്‍പ്പെടെയുള്ള അവശ്യമായ മുന്‍കരുതലുകള്‍ എടുക്കാന്‍ ശ്രദ്ധിക്കുക. രോഗം പകരുമെന്ന് കരുതി കേരളത്തിലെ ആരോഗ്യപ്രവര്‍ത്തകരെല്ലാം വിട്ടുനിന്നാല്‍ എന്തായിരിക്കും സംഭവിക്കും? സന്നദ്ധപ്രവര്‍ത്തകര്‍ മാറി നിന്നാല്‍ നമ്മളെന്തു ചെയ്യും? ഇങ്ങനെ ഒരുപാട് മനുഷ്യര്‍ മറ്റുള്ളവര്‍ക്ക് വേണ്ടി ത്യാഗങ്ങള്‍ ചെയ്യുന്നതുകൊണ്ടാണ് നമ്മുടെ നാട് സുരക്ഷിതമായി ഇരിക്കുന്നതെന്ന് ആലോചിക്കുക. രോഗികളെ
ഒറ്റപ്പെടുത്തുന്ന മനുഷ്യത്വഹീനമായ കാഴ്ചപ്പാട് ഒഴിവാക്കണം.
വാക്‌സിനേഷന്‍
18 വയസ്സു മുതല്‍ 44 വയസ്സു വരെയുള്ളവരില്‍ ഗുരുതരമായ രോഗാവസ്ഥയുള്ളവര്‍ക്കാണ് വാക്‌സിനേഷന്‍ ആദ്യം നല്‍കുക എന്ന് മുന്‍പ് വ്യക്തമാക്കിയിരുന്നു. അവര്‍ കേന്ദ്ര ഗവണ്മന്റിന്റെ കോവിന്‍ വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്തതിനു ശേഷം, അവിടെ സമര്‍പ്പിച്ച ഫോണ്‍ നമ്പര്‍ ഉപയോഗിച്ചുകൊണ്ട്www.covid19.kerala.gov.in/vaccine/എന്ന വെബ്‌സൈറ്റില്‍ ലോഗിന്‍ ചെയ്യുകയും, അവിടെ ആവശ്യമായ വിവരങ്ങള്‍ സമര്‍പ്പിക്കുകയും വേണം. അതോടൊപ്പം ആ വെബ്‌സൈറ്റില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്ത കോമോര്‍ബിഡിറ്റി ഫോം ഒരു രജിസ്റ്റേര്‍ഡ് മെഡിക്കല്‍ പ്രാക്ടീഷണറെക്കൊണ്ട് പൂരിപ്പിച്ച് അപ് ലോഡ് ചെയ്യേണ്ടതാണ്. അതിനു പകരം മറ്റെന്തെങ്കിലും സര്‍ട്ടിഫിക്കറ്റുകളോ രേഖകളോ സമര്‍പ്പിച്ചാല്‍ അപേക്ഷ തള്ളിപ്പോകുന്നതായിരിക്കും എന്നത് പ്രത്യേകം ശ്രദ്ധിക്കണം.
ഇതുവരെ 50,178 പേരാണ് അപേക്ഷകള്‍
സമര്‍പ്പിച്ചത്. അതില്‍ 45525 അപേക്ഷകളാണ് വെരിഫൈ ചെയ്തിരിക്കുന്നത്. അതുകൊണ്ട് അപേക്ഷകള്‍ സമര്‍പ്പിക്കുന്നവര്‍ നിര്‍ദേശങ്ങള്‍ തെറ്റുകൂടാതെ പാലിക്കാന്‍ ശ്രദ്ധിക്കണം. ചില പരാതികളും പ്രായോഗിക പ്രശ്‌നങ്ങളും ഇക്കാര്യത്തില്‍ ഉന്നയിക്കപ്പെട്ടിട്ടുണ്ട്. അവ പരിഗണിച്ചു എത്രയും പെട്ടെന്ന് പരിഹാരം കണ്ടെത്താനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്.
ക്വാറന്റൈന്‍ ലംഘനം പരിശോധിക്കുന്നതിനും ബോധവല്‍ക്കരണം നടത്തുന്നതിനുമായി വനിതാ പൊലീസിനെ നിയോഗിച്ചത് വളരെ വിജയകരമായതായാണ് വിലയിരുത്തുന്നത്. ഈ സാഹചര്യത്തില്‍ സംസ്ഥാനത്തെ എല്ലാ വനിതാ പൊലീസ് ഉദ്യോഗസ്ഥരെയും ഇത്തരം ജോലികള്‍ക്ക് നിയോഗിക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
വിവിധ സ്ഥലങ്ങളിലായി നടന്നുവന്ന പൊലീസ് കോണ്‍സ്റ്റബിള്‍മാരുടെ പരിശീലന പരിപാടികള്‍ കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ നിര്‍ത്തിവച്ചിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ ഇങ്ങനെ പരിശീലനത്തിലായിരുന്നവരെ പൊലീസിനൊപ്പം വളന്റിയര്‍മാരായി നിയോഗിക്കാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. പരിശീലനത്തിലുണ്ടായിരുന്ന 391 വനിതകളെ അവരുടെ നാട്ടിലെ തന്നെ പൊലീസ് സ്റ്റേഷനില്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി നിയോഗിക്കും.
അതുപോലെതന്നെ പരിശീലനത്തിലുള്ള പുരുഷന്മാരായ 2476 പൊലീസുകാരെയും അവരുടെ നാട്ടിലെ പൊലീസ് സ്റ്റേഷനുകളില്‍ നിയോഗിക്കും. പരിശീലനം നേടിക്കൊണ്ടിരിക്കുന്ന പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ട 124 പേരെ ട്രൈബല്‍ മേഖലകളില്‍ ഡ്യൂട്ടിക്ക് നിയോഗിക്കാനും നിര്‍ദ്ദേശിച്ചിട്ടുണ്ട്. സബ് ഇന്‍സ്‌പെക്ടര്‍ ട്രെയ്‌നിമാരായ 167 പേര്‍ ഇപ്പോള്‍ത്തന്നെ വിവിധ സ്ഥലങ്ങളില്‍ വളന്റിയര്‍മാരായി ജോലി നോക്കുന്നുണ്ട്.
കണ്ടെയ്ന്‍മെന്റ് സോണില്‍ കോവിഡ് നിയന്ത്രണപ്രവര്‍ത്തനങ്ങള്‍ കര്‍ശനമായി നടപ്പാക്കുന്നതില്‍ റെസിഡന്‍സ് അസോസിയേഷനുകള്‍ മികച്ച സഹകരണമാണ് നല്‍കുന്നത്. തിരുവനന്തപുരത്തും കൊച്ചിയിലുമാണ് ഇത്തരത്തില്‍ കൂടുതല്‍ സഹകരണം ലഭിക്കുന്നത്. ഇത് മാതൃകയാക്കി പ്രവര്‍ത്തിക്കാന്‍ മറ്റു ജില്ലകളിലെയും റെസിഡന്‍സ് അസോസിയേഷനുകള്‍ മുന്നോട്ടുവരണമെന്ന് അഭ്യര്‍ഥിക്കുന്നു.
കോവിഡ്മൂലമോ മറ്റ് രോഗങ്ങളാലോ വീടുകളില്‍ തന്നെ കഴിയുന്ന രോഗികള്‍ക്ക് വിദഗ്ധ ഡോക്ടര്‍മാരുടെ സഹായത്തോടെ ആവശ്യമായ നിര്‍ദ്ദേശങ്ങളും പിന്‍തുണയും നല്‍കാന്‍ സ്റ്റുഡന്റ് പൊലീസ് കേഡറ്റിന്റെ സഹായത്തോടെ ഒരു പദ്ധതിക്ക് രൂപം നല്‍കിയിട്ടുണ്ട്. മിഷന്‍ ബെറ്റര്‍ ടുമാറോ, നന്‍മ ഫൗണ്ടേഷന്‍ എന്നിവരുടെ പിന്‍തുണയോടെയാണ് ഡോക്ടേഴ്‌സ് ഡെസ്‌ക് എന്ന ഈ സംവിധാനം നടപ്പിലാക്കുന്നത്. വിവിധ മേഖലകളിലെ വിദഗ്ധരായ നൂറ്റിയന്‍പതോളം ഡോക്ടര്‍മാര്‍ ഈ സംരംഭത്തിന്റെ ഭാഗമാണ്.