മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനത്തില്‍ നിന്ന് - 19.05.2021
ഇന്ന് 32,762 പേര്‍ക്കാണ് കോവിഡ് ബാധിച്ചത്. 1,40,545 പരിശോധനകള്‍ നടത്തി. 112 പേര്‍ മരണമടഞ്ഞു. ആകെ ചികിത്സയിലുള്ളത് 3,31,860 പേരാണ്. 48,413 പേര്‍ രോഗമുക്തരായി.
തിരുവനന്തപുരം, എറണാകുളം, തൃശൂര്‍, മലപ്പുറം ജില്ലകളില്‍ ഏര്‍പ്പെടുത്തിയ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ വളരെ വിജയകരമാണെന്നാണ് വിലയിരുത്തുന്നത്. ഈ ജില്ലകളില്‍ വളരെ കുറച്ച് ജനങ്ങള്‍ മാത്രമേ വീടിനു പുറത്തിറങ്ങുന്നുള്ളൂ. അവശ്യ സര്‍വീസുകള്‍ക്കു മാത്രമാണ് ഈ ജില്ലകളില്‍ അനുമതി നല്‍കിയിരിക്കുന്നത്. പൊലീസ് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളോട് ജനങ്ങള്‍ പൂര്‍ണ്ണമനസ്സോടെ സഹകരിക്കുന്നുണ്ട്. ലോക്ക്ഡൗണ്‍ നിലവിലുള്ള മറ്റ് ജില്ലകളിലും ഇതുതന്നെയാണ് സ്ഥിതി.
നിയന്ത്രണങ്ങള്‍ നടപ്പാക്കുന്നതിന് സംസ്ഥാനത്തെമ്പാടുമായി 40,000 പൊലീസുകാരെയാണ് ഇപ്പോള്‍ നിയോഗിച്ചിട്ടുള്ളത്. കഴിഞ്ഞ ദിവസം അറിയിച്ചിരുന്നതുപോലെ പരിശീലനത്തിലുള്ള 3,000ത്തോളം പൊലീസുകാര്‍ ഇപ്പോള്‍ വിവിധ പൊലീസ് സ്റ്റേഷനുകളില്‍ വളന്റിയര്‍മാരായി ജോലിയില്‍ പ്രവേശിച്ചിട്ടുണ്ട്.
ഹോം ക്വാറന്റൈനില്‍ കഴിയുന്നവര്‍ വീടിനു പുറത്തിറങ്ങുന്നില്ലെന്ന് ഉറപ്പാക്കുന്ന ചുമതല പൊലീസ് നിര്‍വഹിക്കുന്നുണ്ട്. ഇതിനായി സംസ്ഥാനത്തൊട്ടാകെ 3,000 പൊലീസ് മൊബൈല്‍ പട്രോള്‍ സംഘങ്ങളെയാണ് വിന്യസിച്ചത്. ഇതുവരെ 1,78,808 വീടുകള്‍ പൊലീസ് സംഘം നേരിട്ട് സന്ദര്‍ശിച്ച് കോവിഡ് ബാധിതരും പ്രൈമറി കോണ്‍ടാക്ട് ആയവരും വീടുകളില്‍ തന്നെ കഴിയുന്നുണ്ടോയെന്ന് പരിശോധിച്ചിട്ടുണ്ട്.
ക്വാറന്റൈന്‍ ലംഘിച്ച് പുറത്തിറങ്ങുന്നവരെ കണ്ടെത്താനായി മൊബൈല്‍ ആപ്പ് സംവിധാനവും ഉപയോഗിക്കുന്നു. കോവിഡ് വ്യാപനത്തിന്റെ രണ്ടാംഘട്ടത്തില്‍ ഹോം ക്വാറന്റൈന്‍ ലംഘിച്ചതിന് 597 കേസുകളാണ് സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്തത്.
ലോക്ക്ഡൗണും ട്രിപ്പിള്‍ ലോക്ക്ഡൗണും ഏര്‍പ്പെടുത്തിയതോടെ കോവിഡ് രോഗവ്യാപനത്തില്‍ കുറവുണ്ടായതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.
ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ നടപ്പാക്കിയ നാല് ജില്ലകളില്‍ ടിപിആര്‍ റേറ്റ് കുറഞ്ഞുവരുന്നുണ്ട്. മൊത്തം രോഗികളുടെ എണ്ണത്തില്‍ കുറവ് സംഭവിക്കുന്നുണ്ടെങ്കിലും പുതുതായി രോഗം ബാധിച്ചവരുടെ എണ്ണത്തില്‍ കാര്യമായി കുറവുണ്ടെങ്കില്‍ മാത്രമേ ലോക്ക്ഡൗണില്‍ ഇളവ് എന്ന കാര്യത്തില്‍ ആലോചിക്കാന്‍ കഴിയൂ.
തിരുവനന്തപുരത്ത് കഴിഞ്ഞ മൂന്നുദിവസമായി 26.03 ശതമാനമാണ് ടിപിആര്‍ റേറ്റ്. എറണാകുളത്ത് 23.02ഉം തൃശൂരില്‍ 26.04ഉം മലപ്പുറത്ത് 33.03 ശതമാനവുമാണ് മൂന്നുദിവസത്തെ ശരാശരി. സംസ്ഥാന ശരാശരി കഴിഞ്ഞ മൂന്നുദിവസമായി 24.5 ശതമാനമാണ്. ഇന്ന് സംസ്ഥാന ശരാശരി 23.29 ആയിട്ടുണ്ട്.
സ്ഥിരീകരിച്ച കേസുകളുടെയും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിന്റെയും ആഴ്ചവെച്ചുള്ള കണക്കെടുത്താല്‍ രോഗവ്യാപനം ഗണ്യമായി കുറഞ്ഞുവരികയാണ്. ഏപ്രില്‍ 14 മുതല്‍ 20 വരെയുള്ള ആഴ്ചയില്‍ ആകെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് 92,248 കേസുകളായിരുന്നു. ആ ആഴ്ചയിലെ ടിപിആര്‍ 15.5 ശതമാനം. ടിപിആറിലെ വളര്‍ച്ചാനിരക്ക് തൊട്ടുമുമ്പത്തെ ആഴ്ചയേക്കാള്‍ 69.2 ശതമാനമായിരുന്നു. കേസുകളുടെ എണ്ണത്തില്‍ 134.7 ശതമാനം വര്‍ധനയാണുണ്ടായത്.
28 മുതല്‍ മെയ് നാലുവരെയുള്ള ആഴ്ചയിലെ കേസുകളുടെ എണ്ണം 2,41,615. ടിപിആര്‍ 25.79. ടിപിആറിലെ വര്‍ധന 21.23 ശതമാനം. കേസുകളുടെ എണ്ണത്തിലെ വര്‍ധന 28.71 ശതമാനം.
ഇക്കഴിഞ്ഞ ആഴ്ച സ്ഥിരീകരിച്ച കേസുകള്‍ 2,33,301. ആഴ്ചയിലെ ടിപിആര്‍ 26.44 ശതമാനം. മുന്‍ ആഴ്ചയില്‍നിന്ന് ടിപിആര്‍ വര്‍ധനയില്‍ -3.15 ശതമാനം കുറവാണ് രേഖപ്പെടുത്തിയത്. കേസുകളുടെ എണ്ണത്തില്‍ 12.1 ശതമാനം കുറവും രേഖപ്പെടുത്തി. അതായത് കഴിഞ്ഞയാഴ്ചയുമായി താരതമ്യം ചെയ്യുമ്പോള്‍ ആകെ റിപ്പോര്‍ട്ട് ചെയ്ത കേസുകളുടെ എണ്ണം 12.1 ശതമാനം കുറഞ്ഞു.
ഇന്ന് തിരുവനന്തപുരം ജില്ലയില്‍ ഇന്ന് 3600 കേസുകളാണ് സ്ഥിരീകരിച്ചത്. എറണാകളും ജില്ലയില്‍ 4282ഉം തൃശൂര്‍ ജില്ലയില്‍ 2888ഉം മലപ്പുറം ജില്ലയില്‍ 4212ഉം കേസുകളാണുള്ളത്. നിയന്ത്രണങ്ങള്‍ ഫലം കണ്ടുതുടങ്ങിയെന്നു വേണം കേസുകളുടെ എണ്ണം കുറയുന്നതില്‍നിന്ന് അനുമാനിക്കാന്‍. എന്നാല്‍, നിലവിലുള്ള നിയന്ത്രണങ്ങള്‍ക്ക് അയവുവരുത്താന്‍ സമയമായിട്ടില്ല. ഇപ്പോള്‍ പുലര്‍ത്തിവരുന്ന ജാഗ്രത ഇതുപോലെ തുടരുക തന്നെ വേണം.
ബ്ലാക്ക് ഫംഗസ് രോഗബാധ മലപ്പുറം ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിനെത്തുടര്‍ന്ന് ജനങ്ങള്‍ക്കിടയില്‍ ആശങ്കകള്‍ ഉയരുന്നുണ്ട്. മ്യൂകര്‍മൈസറ്റിസ് എന്നു വിളിക്കപ്പെടുന്ന പൂപ്പലുകളില്‍ നിന്നാണ് മ്യൂകര്‍മൈകോസിസ് അഥവാ ബ്ലാക് ഫംഗസ് എന്നു വിളിക്കുന്ന ഈ രോഗബാധയുണ്ടാകുന്നത്. വീടുകള്‍ക്ക് അകത്തും പുറത്തുമായി നമ്മുടെ ചുറ്റുപാടുകളില്‍ പൊതുവേ കാണുന്ന ഒരുതരം പൂപ്പലാണിത്.
ബ്ലാക് ഫംഗസ് പുതുതായി കണ്ടെത്തിയ ഒരു രോഗമല്ല. നേരത്തേ തന്നെ ലോകത്തില്‍ ഈ രോഗത്തിന്റെ 40 ശതമാനം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നത് ഇന്ത്യയിലായിരുന്നു. ഒരു ലക്ഷം ആളുകളില്‍ 14 പേര്‍ക്ക് എന്ന നിരക്കിലായിരുന്നു ഇന്ത്യയില്‍ ഈ രോഗം കണ്ടുവന്നിരുന്നത്.
നിയന്ത്രണാതീതമായ പ്രമേഹമുള്ളവരിലാണ് ഈ രോഗബാധ പൊതുവില്‍ അപകടകാരിയായി മാറുന്നത്. അവയവമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയമായവരിലും കാന്‍സര്‍ രോഗികളിലും പലപ്പോഴും ഈ രോഗം കണ്ടുവരാറുണ്ട്. ഇന്ത്യയിലെ പ്രമേഹ രോഗികളില്‍ 47 ശതമാനം പേരിലും രോഗാവസ്ഥ മൂര്‍ച്ഛിക്കുന്ന ഘട്ടത്തിലാണ് പ്രമേഹം കണ്ടെത്തുന്നത്. രോഗം കണ്ടെത്തുന്നവരില്‍ 25 ശതമാനം ആളുകളില്‍ മാത്രമാണ് പ്രമേഹം നിയന്ത്രണ വിധേയമായിട്ടുള്ളത്. അതുകൊണ്ട് മ്യൂകര്‍മൈകോസിസ് പ്രമേഹരോഗികള്‍ക്കിടയില്‍ അപകടകരമായി മാറുന്ന സ്ഥിതിവിശേഷം ഇന്ത്യയിലുണ്ട്.
കോവിഡിന്റെ ഒന്നാം തരംഗത്തില്‍ തന്നെ മഹാരാഷ്ട്രയില്‍ കോവിഡുമായി ബന്ധപ്പെട്ടു മ്യൂകര്‍മൈകോസിസ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ടായിരുന്നു. നിയന്ത്രണാതീതമായ പ്രമേഹമുള്ളവരിലാണ് കൂടുതലായും ഈ രോഗം കണ്ടെത്തിയത്. സ്റ്റിറോയ്ഡുകളോ പ്രതിരോധശേഷി കുറയ്ക്കുന്ന മരുന്നുകളോ ചികിത്സയ്ക്കായി ഉപയോഗിക്കുമ്പോള്‍ ഈ രോഗം ഗുരുതരമായി പിടിപെടാം.
മഹാരാഷ്ട്രയില്‍ ഈ രോഗം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടപ്പോള്‍ തന്നെ കേരളം അതിനെതിരെയുള്ള ജാഗ്രത ആരംഭിച്ചതാണ്. അതിനുശേഷം മലപ്പുറത്ത് ഏറ്റവും അവസാനമായി റിപ്പോര്‍ട്ട് ചെയ്തത് ഉള്‍പ്പെടെ 15 കേസുകളാണ് മ്യൂകര്‍മൈകോസിസ് കേരളത്തില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇതു സാധാരണ കണ്ടുവരുന്നതിനേക്കാള്‍ കൂടുതലല്ല. കാരണം 2019ല്‍ 16കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു.
കോവിഡ് രോഗികളുടെ ചികിത്സയില്‍ രക്തത്തിലെ ഗ്ലൂക്കോസ് നില കൃത്യമായി നിലനിര്‍ത്തുന്നതിനാവശ്യമായ മാനദണ്ഡങ്ങള്‍ ചികിത്സാ പ്രോട്ടോക്കോളില്‍ ഉള്‍പ്പെടുത്തിയ ആദ്യത്തെ സംസ്ഥാനമാണ് കേരളം. അതിനാവശ്യമായ ട്രെയിനിങ് ഡോക്ടര്‍മാര്‍ക്ക് നല്‍കുകയും ചെയ്തിട്ടുണ്ട്.
രണ്ടാമത്തെ തരംഗത്തില്‍ ഇന്ത്യയിലെ മറ്റു പല സംസ്ഥാനങ്ങളിലും മ്യൂകര്‍മൈകോസിസ് കേസുകള്‍ വ്യാപകമായി റിപ്പോര്‍ട്ട് ചെയ്യപ്പെടുകയുണ്ടായി. ഈ ഘട്ടത്തില്‍ നമ്മുടെ ജാഗ്രതയും കൂടുതല്‍ ശക്തമാക്കാനുള്ള നടപടികള്‍ സ്വീകരിക്കേണ്ടതാണ്.
ഒരാളില്‍ നിന്നും മറ്റൊരാളിലേക്ക് പകരുന്ന ഒരു രോഗമല്ല ഇത്. അതുകൊണ്ടുതന്നെ രോഗബാധിതനായ ആള്‍ക്ക് ആവശ്യമായ ചികിത്സയും സഹായവും നല്‍കാന്‍ ഭയപ്പെടാതെ മറ്റുള്ളവര്‍ തയ്യാറാകണം.
പ്രമേഹ രോഗമുള്ളവര്‍ ഈ സമയത്ത് കൂടുതല്‍ ശ്രദ്ധയോടെ രോഗത്തെ ചികിത്സിക്കണം. കോവിഡ് ബാധിച്ച പ്രമേഹ രോഗികളും പ്രത്യേക ശ്രദ്ധ പുലര്‍ത്തണം. നിര്‍ദ്ദേശങ്ങള്‍ക്കായി ഇ-സഞ്ജീവനി സോഫ്‌റ്റ്വെയര്‍ വഴി ഡോക്ടര്‍മാരുമായി ബന്ധപ്പെടാം.
സ്റ്റിറോയ്ഡുകള്‍ കോവിഡ് കാലത്ത് ജീവന്‍ രക്ഷാ മരുന്നുകള്‍ ആണ്. പക്ഷേ, ഡോക്ടര്‍മാരുടെ നിര്‍ദ്ദേശപ്രകാരം മാത്രമേ സ്റ്റിറോയ്ഡുകള്‍ ഉപയോഗിക്കാന്‍ പാടുള്ളൂ.
ഒരു വശത്തനുഭവപ്പെടുന്ന ശക്തമായ തലവേദന, കണ്ണുകള്‍ക്കു ചുറ്റും ശക്തമായ വേദന, കാഴ്ച മങ്ങുക, മൂക്കില്‍ നിന്നും കറുപ്പ് നിറത്തിലുള്ള ദ്രവം പുറത്തു വരിക എന്നതാണ് ഈ രോഗത്തിന്റെ ലക്ഷണങ്ങള്‍. വളരെ അപൂര്‍വമായി മാത്രമേ ഈ രോഗം ഉണ്ടാകാറുള്ളൂ എന്നതിനാല്‍ ആരും അനാവശ്യമായി ഭയപ്പെടേണ്ടതില്ല. പ്രമേഹമുള്ളവര്‍ കൂടുതലായി ശ്രദ്ധിക്കുക. ഗുരുതരമായ മറ്റു രോഗാവസ്ഥയുള്ള കോവിഡ് രോഗികളും കരുതലെടുക്കുക. ഡോക്ടര്‍മാര്‍ നല്‍കുന്ന നിര്‍ദ്ദേശങ്ങള്‍ കൃത്യമായി പാലിക്കുക.
സര്‍ക്കാര്‍ ഹോസ്പിറ്റലുകളില്‍ നിലവിലുള്ളത് 2906 ഐസിയു കിടക്കകളാണ്. അതില്‍ 1404 കിടക്കകള്‍ കോവിഡ് രോഗികളുടേയും 616 കിടക്കകള്‍ കോവിഡേതര രോഗികളുടേയും ചികിത്സയ്ക്കായി ഉപയോഗിക്കുകയാണ്. സര്‍ക്കാര്‍ ആശുപത്രികളിലെ 69.5 ശതമാനം ഐസിയു കിടക്കകളിലാണ് ഇപ്പോള്‍ ആളുകള്‍ ഉള്ളത്. സ്വകാര്യ ആശുപത്രികളിലെ 7468 ഐസിയു കിടക്കകളില്‍ 1681 എണ്ണമാണ് കോവിഡ് രോഗികളുടെ ചികിത്സയ്ക്കായി ഇപ്പോള്‍ ഉപയോഗിക്കുന്നത്.
സര്‍ക്കാര്‍ ആശുപത്രികളില്‍ നിലവിലുള്ള ആകെ വെന്റിലേറ്ററുകളുടെ എണ്ണം 2293 ആണ്. അതില്‍ 712 വെന്റിലേറ്ററുകള്‍ കോവിഡ് രോഗികളുടെ ചികിത്സയ്ക്കായും 139 എണ്ണം കോവിഡേതര രോഗികളുടെ ചികിത്സയ്ക്കായും ഉപയോഗത്തിലാണ്. സര്‍ക്കാര്‍ ആശുപത്രികളിലെ മൊത്തം വെന്റിലേറ്ററുകളുടെ 37.1 ശതമാനമാണ് ഇപ്പോള്‍ ഉപയോഗത്തിലുള്ളത്. സ്വകാര്യ ആശുപത്രികളിലെ 2432 വെന്റിലേറ്ററുകളില്‍ 798 എണ്ണമാണ് നിലവില്‍ കോവിഡ് ചികിത്സയ്ക്കായി ഉപയോഗിക്കുന്നത്.
സംസ്ഥാനത്ത് ഒരു ദിവസം ഉപയോഗിക്കുന്നത് 135.04 മെട്രിക് ടണ്‍ ഓക്‌സിജന്‍ ആണ്. 239.24 മെട്രിക് ടണ്‍ ഓക്‌സിജന്‍ ഒരു ദിവസം ഇവിടെ ലഭ്യമാകുന്നുണ്ട്.
സംസ്ഥാനത്ത് 145 ഒന്നാം തല കോവിഡ് ചികിത്സാ കേന്ദ്രങ്ങളിലായി 19,098 കിടക്കകളാണുള്ളത്. അതില്‍ 7544 കിടക്കകള്‍ കോവിഡ് രോഗികളുടെ ചികിത്സയ്ക്കായി ഉപയോഗിക്കുന്നു. 60.5 ശതമാനം കിടക്കകള്‍ ഒന്നാം തല ചികിത്സ കേന്ദ്രങ്ങളില്‍ ഇനിയും ലഭ്യമാണ്. രണ്ടാം തല കോവിഡ് കേന്ദ്രങ്ങള്‍ 87 എണ്ണമാണ്. അത്രയും കേന്ദ്രങ്ങളിലായി ലഭ്യമായ 8821 കിടക്കകളില്‍ 4370 കിടക്കകളില്‍ കോവിഡ് രോഗികളെ പ്രവേശിപ്പിച്ചിരിക്കുന്നു. 50 ശതമാനത്തോളം കിടക്കകള്‍ രണ്ടാം തല കോവിഡ് കേന്ദ്രങ്ങളില്‍ ഇനിയും അവശേഷിക്കുന്നു.
517 ഗൃഹവാസ പരിചരണ കേന്ദ്രങ്ങളാണ് സംസ്ഥാനത്തുള്ളത്. 22,750 കിടക്കകളാണ് ലഭ്യമായിട്ടുള്ളത്. അതില്‍ ഏകദേശം 30 ശതമാനം കിടക്കകളില്‍ രോഗികളെ പ്രവേശിപ്പിച്ചിരിക്കുന്നു.
നിലവില്‍ കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയുടെ ഭാഗമായിട്ടുള്ളത് 232 സ്വകാര്യ ആശുപത്രികളാണ്. അത്രയും ആശുപത്രികളിലായി 18,540 കിടക്കകള്‍, 1804 ഐസിയു കിടക്കകള്‍, 954 വെന്റിലേറ്ററുകള്‍, 5075 ഓക്‌സിജന്‍ കിടക്കകള്‍ എന്നിവ കോവിഡ് ചികിത്സയ്ക്കായി മാറ്റിവെച്ചിരിക്കുകയാണ്.
കേന്ദ്രം നല്‍കിയ വാക്‌സിന്‍ തീര്‍ന്നിട്ടുണ്ട്. ഈ കാര്യം നാളെ രാവിലെ പ്രധാനമന്ത്രി വിളിക്കുന്ന യോഗത്തില്‍ ചീഫ് സെക്രട്ടറി അറിയിക്കും.
പുതിയ വൈറസ് വകഭേദങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. അതില്‍ 3 എണ്ണം വളരെ കൂടുതലായി വ്യാപിച്ചിട്ടുണ്ട്. അത് കരുതിയിരിക്കണം എന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
മാസ്‌ക് അടക്കമുള്ള ആരോഗ്യ സംബന്ധിയായ വസ്തുക്കളുടെ വില കാര്യത്തില്‍ ചില പ്രശ്‌നങ്ങളുണ്ട്. വില കുറച്ചപ്പോള്‍ ഗുണമേന്മയുള്ള മാസ്‌കുകള്‍ കിട്ടാതായി എന്നാണ് ഒരു പരാതി. അത് കൃത്യമായി റിവ്യു ചെയ്ത് വേണ്ട തീരുമാനം എടുക്കാന്‍ നിര്‍ദേശം നല്‍കി.
മത്സ്യത്തൊഴിലാളികള്‍ കുറെയായി കടലില്‍ പോകുനില്ല. സ്വാഭാവികമായും അവര്‍ പ്രയാസത്തിലേക്കും പട്ടിണിയിലേക്കും നീങ്ങും. അതിനാല്‍ ഈ ഘട്ടത്തില്‍ അവര്‍ക്ക് ഭക്ഷ്യ കിറ്റ് നല്‍കും.
പൈനാപ്പിള്‍ ശേഖരിക്കുന്നത് മിക്കവാറും അതിഥി തൊഴിലാളികളാണ്. നിര്‍മാണ തൊഴിലാളികളെ പോലെ അവര്‍ക്ക് പൈനാപ്പാള്‍ തോട്ടത്തില്‍ പോകാന്‍ നിയന്ത്രണങ്ങളോടെ ജില്ലാ ഭരണ സംവിധാനങ്ങള്‍ക്ക് അനുമതി നല്‍കാം.
പാല്‍ വിതരണത്തില്‍ സംസ്ഥാനത്ത് വലിയ പ്രശ്‌നങ്ങള്‍ വന്നിട്ടുണ്ട്. മില്‍മ പാല്‍ ഉച്ചക്കുശേഷം എടുക്കുന്നില്ല എന്ന പ്രശ്‌നമുണ്ട്. പാല്‍ നശിക്കുകയാണ്. ക്ഷീരകര്‍ഷകര്‍ വലിയ പ്രയാസം നേരിടുന്നു. വിതരണം ചെയ്യാന്‍ കഴിയാത്ത പാല്‍ സിഎഫ്എല്‍ടിസികള്‍, സിഎല്‍ടിസികള്‍, അങ്കണവാടികള്‍, വൃദ്ധസദനങ്ങള്‍, ദുരിതാശ്വാസ ക്യാമ്പുകള്‍, കടലില്‍ പോകാന്‍ കഴിയാത്ത മത്സ്യത്തൊഴിലാളികള്‍, അതിഥിത്തൊഴിലാളി ക്യാമ്പുകള്‍ എന്നിവിടങ്ങളില്‍ കൂടി വിതരണം ചെയ്യാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
കഴിഞ്ഞ 24 മണിക്കൂറിനുളളില്‍ സംസ്ഥാനത്ത് മാസ്‌ക് ധരിക്കാത്ത 8,264 പേര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു. സാമൂഹിക അകലം പാലിക്കാത്തതിന് 4,467 പേര്‍ക്കെതിരെയും നിയമനടപടി സ്വീകരിച്ചു. പിഴയായി 28,99,950 രൂപയാണ് ഇക്കഴിഞ്ഞ ദിവസം ഈടാക്കിയത്.
കാലാവസ്ഥ
ഇന്ന് സംസ്ഥാനത്ത് കോട്ടയം, ആലപ്പുഴ,
ഇടുക്കി തുടങ്ങി മൂന്ന് ജില്ലകളില്‍ യെല്ലോ
അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കേരളാ തീരത്ത് മെയ് 19 വരെ 2 മുതല്‍ 3.3 മീറ്റര്‍ വരെ ഉയരത്തില്‍ ശക്തമായ തിരമാലകള്‍ ഉണ്ടാകാന്‍ സാധ്യത ഉണ്ട് എന്നുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകുമ്പോള്‍ ജാഗ്രത പാലിക്കണം എന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
ചുഴലിക്കാറ്റിനെ തുടര്‍ന്ന് സംസ്ഥാനത്ത് ആരംഭിച്ച ക്യാമ്പുകളില്‍ 108 എണ്ണം തുടരുന്നു. അതില്‍ 893 കുടുംബങ്ങളിലായി 3159 പേരുണ്ട്.
ബംഗാള്‍ ഉള്‍ക്കടലില്‍ മെയ് ഇരുപത്തിരണ്ടോടു കൂടി ഒരു ന്യൂനമര്‍ദം രൂപപ്പെടാന്‍ സാധ്യതയുണ്ട് എന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അത് പിന്നീടുള്ള 72 മണിക്കൂറില്‍ ശക്തി പ്രാപിച്ച് ഒരു ചുഴലിക്കാറ്റായി മാറും എന്നും അറിയിച്ചിട്ടുണ്ട്.
ന്യൂനമര്‍ദത്തിന്റെ പ്രതീക്ഷിക്കുന്ന സഞ്ചാര പഥത്തില്‍ കേരളം ഉള്‍പ്പെടുന്നില്ല. വരും മണിക്കൂറുകളില്‍ ന്യൂനമര്‍ദ രൂപീകരണവും അതുമായി ബന്ധപ്പെട്ട് കേരളത്തിലെ ദിനാവസ്ഥയില്‍ വരാന്‍ സാധ്യതയുള്ള മാറ്റങ്ങളും ദുരന്തനിവാരണ അതോറിറ്റിയും കേന്ദ്ര കാലവസ്ഥ വകുപ്പും സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണ്.