മുഖ്യമന്ത്രിയുടെ വാർത്താ സമ്മേളനത്തിൽ നിന്ന്-29.05.2021

post

ഇന്ന് 23,513 പേര്‍ക്കാണ് കോവിഡ് ബാധിച്ചത്. 1,41,759 പരിശോധനകള്‍ നടത്തി. 198 പേര്‍ മരണമടഞ്ഞു. ഇപ്പോള്‍ ആകെ ചികിത്സയിലുള്ളത് 2,33,034 പേരാണ്. ഇന്ന് 28,100 പേര്‍ രോഗമുക്തരായി.


സംസ്ഥാനത്ത് രോഗവ്യാപനത്തോത് ഗണ്യമായി കുറയുന്നുണ്ട്. തിരുവനന്തപുരം, പാലക്കാട് ഒഴികെയുള്ള ജില്ലകളില്‍ കഴിഞ്ഞ മൂന്നു ദിവസത്തെ ശരാശരി ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഇരുപത് ശതമാനത്തിന് താഴെയാണ്.


തിരുവനന്തപുരത്ത് 20.21ഉം പാലക്കാട്ട് 23.86ഉം ആണ്. മലപ്പുറം ജില്ലയില്‍ ടിപിആര്‍ 17.25 ശതമാനമായി കുറഞ്ഞു. മെയ് 21ന് 28.75 ശതമാനമായിരുന്ന ജില്ലയിലെ കോവിഡ് ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് (ടിപിആര്‍) 23ന് 31.53 ശതമാനത്തിലേക്ക് ഉയര്‍ന്നിരുന്നു. ഇപ്പോള്‍ കുറഞ്ഞു വരികയാണ്. ഈ സാഹചര്യത്തില്‍ മേയ് 30 മുതല്‍ മലപ്പുറത്തെ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ ഒഴിവാക്കി. അവിടെ ലോക്ക്ഡൗണ്‍ തുടരും. കര്‍ശനമായി നിയന്ത്രണങ്ങള്‍ ഉണ്ടാകും. 


പൊതുവെ വ്യാപനം കുറയുന്നുണ്ടെങ്കിലും നിയന്ത്രണങ്ങള്‍ ഒഴിവാക്കാനുള്ള ഘട്ടത്തിലേക്ക് നാം എത്തിയിട്ടില്ല. എല്ലാ ജില്ലകളിലും മേയ് 31 മുതല്‍ ജൂണ്‍ 9 വരെ ലോക്ക്ഡൗണ്‍ തുടരാനാണ് തീരുമാനം. 


ലോക്ക്ഡൗണില്‍ ചില ഇളവുകള്‍ നല്‍കും. അത്യാവശ്യ പ്രവര്‍ത്തനങ്ങള്‍ നടത്താനാണിത്. 

എല്ലാ വ്യവസായ സ്ഥാപനങ്ങളും (കയര്‍, കശുവണ്ടി മുതലായവ ഉള്‍പ്പെടെ) ആവശ്യമായ മിനിമം ജീവനക്കാരെ  (50 ശതമാനത്തില്‍ കവിയാതെ) ഉപയോഗിച്ച് തുറന്നു പ്രവര്‍ത്തിക്കാം. 


വ്യവസായ സ്ഥാപനങ്ങള്‍ക്ക് ആവശ്യമായ അസംസ്കൃത വസ്തുക്കളും മറ്റും (പാക്കേജിങ് ഉള്‍പ്പെടെ) നല്‍കുന്ന സ്ഥാപനങ്ങള്‍/കടകള്‍ എന്നിവ ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളില്‍ 5.00 മണിവരെ തുറന്നു പ്രവര്‍ത്തിക്കാം. 


ബാങ്കുകള്‍ നിലവിലുള്ള ദിവസങ്ങളില്‍ തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളില്‍ തന്നെ തുടരും. സമയം വൈകുന്നേരം അഞ്ചു മണി വരെ ആക്കി ദീര്‍ഘിപ്പിക്കും.


വിദ്യാഭ്യാസാവശ്യത്തിനുളള പുസ്തകങ്ങള്‍ വില്‍ക്കുന്ന കടകള്‍, വിവാഹാവശ്യത്തിനുളള ടെക്സ്റ്റയില്‍, സ്വര്‍ണ്ണം, പാദരക്ഷ എന്നിവയുടെ കടകള്‍ തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളില്‍ വൈകുന്നേരം 5 മണി വരെ തുറന്നു പ്രവര്‍ത്തിക്കാന്‍ അനുവദിക്കും.


കള്ളുഷാപ്പുകളില്‍ കള്ള് പാഴ്സലായി നല്‍കാന്‍ അനുമതി നല്‍കും. കോവിഡ് പ്രോട്ടോക്കോള്‍ അനുസരിച്ചാകണം പ്രവര്‍ത്തിക്കേണ്ടത്.

പാഴ് വസ്തുക്കള്‍ സൂക്ഷിച്ചിട്ടുള്ള സ്ഥലങ്ങളില്‍ ആഴ്ചയില്‍ രണ്ടു ദിവസം നല്‍കി അത് മാറ്റാന്‍ അനുവദിക്കും. 


ബ്ലാക്ക് ഫംഗസ്നുള്ള മരുന്ന് ലഭ്യമാക്കണം. ചുരുക്കം രോഗികള്‍ മാത്രമാണുള്ളത്. വ്യത്യസ്തമായ വിലകള്‍ പലരും ഇടാക്കുന്ന അവസ്ഥ വരുന്നുണ്ട്.  വലിയ വിലയും ഈടാക്കുന്നു. 


വൃദ്ധസദനങ്ങളിലെ മുഴുവന്‍ പേര്‍ക്കും എത്രയും പെട്ടെന്ന് വാക്സിന്‍ നല്‍കും. ആദിവാസി കോളനികളിലും 45 വയസിന് മുകളില്‍ ഉള്ളവര്‍ക്ക് വാക്സിനേഷന്‍ പരമാവധി പൂര്‍ത്തീകരിക്കണമെന്നാണ് കണ്ടിട്ടുള്ളത്.

കിടപ്പുരോഗികള്‍ക്ക് വാക്സിന്‍ നല്‍കാന്‍ പ്രത്യേകം ശ്രദ്ധ നല്‍കും.


നവജാത ശിശുക്കള്‍ക്ക് കോവിഡ് ബാധിക്കുന്ന സംഭവങ്ങള്‍ ഉണ്ടാകുന്നുണ്ട്. ഇക്കാര്യത്തിലും ആവശ്യമായ ജാഗ്രത പാലിക്കും.


കൂടുതല്‍ വാക്സിന്‍ ജൂണ്‍ ആദ്യവാരം ലഭിക്കുമെന്നാണ് പ്രതീക്ഷ. ലഭിച്ചാൽ വാക്സിനേഷന്‍ ഊര്‍ജിതമാക്കും. ജൂണ്‍ 15നകം പരമാവധി കൊടുക്കും.


ആര്‍ഡി കളക്ഷന്‍ ഏജന്‍റുമാര്‍ക്ക് പോസ്റ്റ് ഓഫീസില്‍ കാശടക്കാന്‍ ആഴ്ചയില്‍ രണ്ടു ദിവസം അനുമതി നല്‍കും.  

വ്യവസായശാലകള്‍ കൂടുതലുള്ള സ്ഥലങ്ങളില്‍ കെഎസ്ആര്‍ടിസി കൂടുതല്‍ വണ്ടികള്‍ ഓടിക്കും.


നിയമന ഉത്തരവ് ലഭിച്ചവര്‍ ഓഫീസുകളില്‍ ജോയിന്‍ ചെയ്യാന്‍ കാത്തു നില്‍ക്കുന്നുണ്ട്. ഇപ്പോള്‍ ഓഫീസുകള്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് ജോയിന്‍ ചെയ്യാം. അല്ലാത്തവര്‍ക്ക് സമയം ദീര്‍ഘിപ്പിച്ച് നല്‍കാവുന്നതാണ്.


പ്രവാസികള്‍ക്ക് വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് മൊബൈല്‍ ഫോണില്‍ നല്‍കുമ്പോള്‍ ആധാര്‍ ലിങ്ക് ചെയ്ത മൊബൈലിലേക്ക് മാത്രമാണ് ഒടിപി സന്ദേശം  പോകുന്നതെന്ന പ്രശ്നമുണ്ട്. ഭൂരിഭാഗംപേരും മൊബൈല്‍ നമ്പര്‍ ആധാറുമായി ബന്ധപ്പെടുത്തിക്കാണില്ല. അതുകൊണ്ട് നിലവില്‍ കയ്യിലുള്ള മൊബൈല്‍ നമ്പറില്‍ ഒടിപി കൊടുക്കാനുള്ള സംവിധാനം ആലോചിക്കും


212 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ 30 ശതമാനത്തിന് മുകളിലാണ് ടിപിആര്‍. 17 സ്ഥാപനങ്ങളില്‍ 50 ശതമാനത്തിന് മുകളിലും. ഈ തദ്ദേശ സ്ഥാപനങ്ങളില്‍ പ്രത്യേക പരിശോധന നടത്തും.

ഇടുക്കിയിലെ വട്ടവട, മറയൂര്‍, കാന്തല്ലൂര്‍ തുടങ്ങിയ പഞ്ചായത്തുകളില്‍ പ്രത്യേക ശ്രദ്ധ ചെലുത്താന്‍ ഇടുക്കി ജില്ലാ കലക്ടറെ ചുമതലപ്പെടുത്തി.


മലപ്പുറത്ത് 25 പഞ്ചായത്തുകളില്‍ കമ്യൂണിറ്റി കിച്ചണും ജനകീയ ഹോട്ടലും ഇല്ല എന്നത് ഗൗരവമാണ്. ജനങ്ങള്‍ക്കു വേണ്ടിയുള്ള പദ്ധതികളാണ് ഇവയൊക്കെ. അക്കാര്യത്തില്‍ ഒരു അലംഭാവവും പാടില്ല. ഇവ നിലവില്‍ ഇല്ലാത്ത പഞ്ചായത്ത് അധികൃതരെ വിളിച്ച് ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ ജില്ലാ കലക്ടര്‍ക്ക് നിര്‍ദേശം നല്‍കി. ഇവ ഉണ്ടാക്കുന്നതിനാവശ്യമായ മുൻകൈ ബന്ധപ്പെട്ടവർ എടുക്കണമെന്നും അഭ്യർത്ഥിക്കുന്നു. 


ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിയതിനു പിന്നിലുള്ള പ്രധാന ഉദ്ദേശ്യങ്ങളിലൊന്നു ആക്ടീവ് കേസുകളുടെ എണ്ണം രണ്ടര ലക്ഷത്തില്‍ താഴെ കൊണ്ടുവരിക എന്നതായിരുന്നു. ഇന്നലെയുള്ള കണക്കനുസരിച്ച് അത് ഏകദേശം 2.37 ലക്ഷമാക്കി കുറയ്ക്കാന്‍ നമുക്ക് സാധിച്ചിരിക്കുന്നു. ആരോഗ്യ സംവിധാനങ്ങള്‍ക്ക് ഉള്‍ക്കൊള്ളാവുന്ന രോഗികളുടെ എണ്ണം ഉയരാതെ സൂക്ഷിക്കാന്‍ ഇതുവഴി  സാധിച്ചു. അതുകൊണ്ട് കോവിഡിന്‍റെ രണ്ടാമത്തെ തരംഗം ഇന്ത്യയിലെ മറ്റു പല പ്രദേശങ്ങളിലും സൃഷ്ടിച്ച പ്രതിസന്ധി ഇവിടെ നമുക്ക് ഉണ്ടായില്ല. 

ഐസിയു ബെഡുകള്‍, വെന്‍റിലേറ്ററുകള്‍, ഓക്സിജന്‍ എന്നിവയൊന്നും തികയാതെ പോകുന്ന സാഹചര്യം ഇവിടെ ഉടലെടുത്തില്ല. രോഗികളാകുന്നവര്‍ക്ക് ആവശ്യമായ ചികിത്സ ലഭിക്കുന്ന സാഹചര്യം കേരളത്തില്‍ നിലനിര്‍ത്താന്‍ ആയി.  


മെയ് 26 മുതല്‍ 28 വരെയുള്ള ദിവസങ്ങളിലെ ശരാശരി ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 18.07 ശതമാനമാണ് ആണ്. മെയ് 23 മുതല്‍ 25 വരെയുള്ള ദിവസങ്ങളില്‍ അത് 21.35 ശതമാനം ആയിരുന്നു. കോഴിക്കോട്, ഇടുക്കി, വയനാട് എന്നിവ ഒഴികെയുള്ള എല്ലാ ജില്ലകളിലും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 16 ശതമാനത്തിനും മുകളിലാണ്. 


ഏറ്റവും ഉയര്‍ന്ന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് പാലക്കാട് ജില്ലയിലാണ്. അത് 23.9 ശതമാനമാണ്. വയനാട് ജില്ലയിലാണ് ഏറ്റവും കുറഞ്ഞ ടെസ്റ്റ് പോസിറ്റവിറ്റി നിരക്ക്. 11.6 ശതമാനമാണ് അവിടത്തെ ടിപിആര്‍. മെയ് 23 മുതല്‍ 25 വരേയും, 26 മുതല്‍ 28 വരേയുമുള്ള ശരാശരി ടിപിആര്‍ തമ്മില്‍ താരതമ്യം ചെയ്യുമ്പോള്‍ പാലക്കാട് ജില്ലയില്‍ 1.22 ശതമാനത്തിന്‍റേയ്യും കൊല്ലം ജില്ലയില്‍ 0.38 ശതമാനത്തിന്‍റേയും വര്‍ദ്ധനവുണ്ടായതായി കാണാം.  


ലോക്ഡൗണ്‍ പിന്‍വലിക്കാവുന്ന ഘട്ടത്തിലേക്ക് നമ്മളിപ്പോഴും എത്തിയിട്ടില്ല എന്നാണ് ഇതെല്ലാം കാണിക്കുന്നത്. അണ്‍ലോക്കിന്‍റെ ആദ്യഘട്ടത്തിലെത്തുന്ന സാഹര്യമുണ്ടാകണമെങ്കില്‍ ആശുപത്രിയിലെ രോഗികളുടെ എണ്ണത്തിലും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിലും ഇനിയും കുറവുണ്ടാകണം. ഐസിയു ബെഡുകളുടെ ഉപയോഗം 60 ശതമാനത്തിലും താഴെയാകണം. തുടര്‍ച്ചയായ മൂന്നു ദിവസത്തെ ശരാശരി ടെസ്റ്റ് പോസ്റ്റിറ്റിവിറ്റി നിരക്ക് 15 ശതമാനത്തിലും താഴെയാകണം. 

എന്നാല്‍, നിലവില്‍ സര്‍ക്കാര്‍ ആശുപത്രികളിലെ ഐസിയു ബെഡുകളുടെ 70 ശതമാനത്തിലധികം ഉപയോഗത്തിലാണ്. കഴിഞ്ഞ മൂന്നു ദിവസങ്ങളിലെ ശരാശരി ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കാകട്ടെ 18 ശതമാനമാണ്. അതോടൊപ്പം നിലവില്‍ രോഗബാധിതരായ മൊത്തം ആളുകളുടെ എണ്ണത്തിലും പുതുതായി രോഗബാധിതരാകുന്നവരുടെ എണ്ണത്തിലും തുടര്‍ച്ചയായി ഏഴു ദിവസം കുറവുണ്ടാകണം. ഈ മാനദണ്ഡങ്ങളെല്ലാം പാലിക്കപ്പെടുന്ന സാഹചര്യത്തില്‍ മാത്രമേ ലോക്ഡൗണ്‍ ഒഴിവാക്കിയതിനു ശേഷമുള്ള ആദ്യഘട്ട നിയന്ത്രണങ്ങളിലേയ്ക്ക് നമുക്ക് കടക്കാന്‍ സാധിക്കുകയുള്ളൂ. 

അങ്ങനെയല്ലാതെ ലോക്ഡൗണ്‍ ഒഴിവാക്കിയാല്‍ രോഗവ്യാപനം കൂടുതല്‍ ശക്തമാവുകയും നിയന്ത്രണാതീതമാവുകയും ചെയ്യും. ആരോഗ്യസംവിധാനത്തിന് ഉള്‍ക്കൊള്ളാവുന്നതിലും അധികമായി രോഗികളുടെ എണ്ണം വര്‍ദ്ധിച്ചാല്‍ മരണ സംഖ്യ ഒരുപാടു കൂടും. അത്തരത്തില്‍ ജനങ്ങളുടെ ജീവന്‍ അപകടത്തിലാക്കുന്നത് തടയുന്നതിനായാണ് ലോക്ഡൗണ്‍ തുടരുന്നത്. ഈ യാഥാര്‍ഥ്യം മനസ്സിലാക്കി പൊതുസമൂഹത്തിന്‍റെ പരിപൂര്‍ണ്ണ പിന്തുണ ലോക്ഡൗണ്‍ വിജയകരമായി നടപ്പാക്കുന്നതിന് ഉണ്ടാകണം എന്ന് അഭ്യര്‍ഥിക്കുന്നു.


മഴക്കാലം ആരംഭിക്കുകയാണ്. ഇതിന്റെ ഭാഗമായി ശുചീകരണ പ്രവൃത്തികള്‍ തീരുമാനിച്ചു. ജൂണ്‍ 4, 5, 6 തീയതികളിലാണ് ഇത് നടത്തുക. 4ന് തൊഴിലിടങ്ങളിലും 5ന് പൊതു ഇടങ്ങളിലും 6ന് വീടും പരിസരവുമാണ് തീരുമാനിച്ചിട്ടുള്ളത്. എല്ലാ വകുപ്പുകളും ഇക്കാര്യത്തില്‍ യോജിച്ച് പ്രവര്‍ത്തിക്കും. 


കാലവര്‍ഷം തുടങ്ങുമ്പോള്‍ കൂടുതല്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ തുറക്കേണ്ടിവരും. അത്തരം ക്യാമ്പുകളില്‍ വൈറസ് ബാധയുള്ളവര്‍ എത്തിയാല്‍ കൂടെയുള്ളവര്‍ക്കാകെ പകരുന്ന സ്ഥിതി വരും. അത് ഒഴിവാക്കാന്‍ റിലീഫ് ക്യാമ്പുകളില്‍ ടെസ്റ്റിങ് ടീമിനെ നിയോഗിച്ച് മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കും. 


കിടപ്പുരോഗികള്‍ക്കെല്ലാം വാക്സിന്‍ ലഭ്യമാക്കുന്നതിനുള്ള പദ്ധതി തയ്യാറാക്കുന്നതാണ്.


മറ്റൊരു പ്രധാനപ്പെട്ട കാര്യം വാക്സിന്‍ നിര്‍മാണവുമായി ബന്ധപ്പെട്ടതാണ്. വാക്സിന്‍ നിര്‍മാണവുമായി ബന്ധപ്പെട്ട് ദീര്‍ഘകാലാടിസ്ഥാനത്തില്‍  പദ്ധതികള്‍ ആവിഷ്കരിക്കണമെന്നാണ് കാണുന്നത്. 

കേരള കൗണ്‍സില്‍ ഓഫ് സയന്‍സ് ആന്‍റ് ടെക്നോളജി ആന്‍റ് എന്‍വയര്‍മെന്‍റിന്‍റെ അഭിമുഖ്യത്തില്‍ ഔഷധ ഉല്‍പാദന മേഖലയിലെ പ്രമുഖരെ പങ്കെടുപ്പിച്ച് ഇന്നലെ ഒരു വെബിനാര്‍ സംഘടിപ്പിച്ചിരുന്നു. കേരളത്തില്‍ വാക്സിന്‍ ഉല്‍പാദിപ്പിക്കാനുള്ള സാധ്യത ആരായാനായിരുന്നു വെബിനാര്‍. നമ്മുടെ വൈറോളജി ഇൻസ്റ്റിറ്റുട്ടുമായി ബന്ധപ്പെട്ട് ലൈഫ് സയന്‍സ് പാര്‍ക്കിന്റെ സ്ഥലം ഉപയോഗിച്ച്  വാക്സിന്‍ നിര്‍മാണ കമ്പനികളുടെ യൂണിറ്റുകള്‍ സ്ഥാപിക്കാന്‍ വാക്സിന്‍ കമ്പനികള്‍ക്ക് താല്‍പര്യമുണ്ട്. അക്കാര്യം പരിഗണിക്കും.


18 വയസ്സിനും 44 വയസ്സിനും ഇടയിലുള്ള ആളുകള്‍ക്ക് വാക്സിനേഷന്‍ നല്‍കാന്‍ ആരംഭിച്ചപ്പോള്‍ മെയ് 19ന് ഇറങ്ങിയ ഉത്തരവ് പ്രകാരം 32 വിഭാഗം ആളുകള്‍ക്ക് മുന്‍ഗണന നല്‍കിയിരുന്നു. മെയ് 24ന് പുറപ്പെടുവിച്ച പുതിയ ഉത്തരവ് പ്രകാരം 11 പുതിയ വിഭാഗങ്ങള്‍ കൂടെ അതോടൊപ്പം ചേര്‍ത്തിരിക്കുന്നു. അതില്‍ വിദേശ രാജ്യങ്ങളിലേയ്ക്ക് തൊഴിലിനും പഠനത്തിനുമായി പോകേണ്ടവരെ കൂടെ ഉള്‍പ്പെടുത്തിയിട്ടുണ്ട്. വിദ്യാര്‍ഥികളുടെ പഠനവും മറ്റുള്ളവരുടെ ജീവനോപാധികളും നഷ്ടപ്പെടാതിരിക്കാനാണ് അവര്‍ക്കു കൂടെ ആദ്യഘട്ടത്തില്‍ തന്നെ വാക്സിന്‍ നല്‍കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചത്. 


എന്നാല്‍, കേന്ദ്ര സര്‍ക്കാരിന്‍റെ മുന്‍പുണ്ടായ മാര്‍ഗ നിര്‍ദേശമനുസരിച്ച് 4 മുതല്‍ 6 ആഴ്ചകള്‍ക്കുള്ളില്‍ രണ്ടാമത്തെ ഡോസ് വാക്സിന്‍ ലഭിക്കുമെന്ന പ്രതീക്ഷയില്‍ ആണ് വിദേശത്തു പോകേണ്ട പലരും യാത്രകള്‍ക്കായി തയ്യാറെടുത്തത്. അതിനാല്‍ രണ്ടാമത്തെ ഡോസ് ലഭിക്കാനുള്ള സമയം 12 മുതല്‍ 16 ആഴ്ച വരെ ദീര്‍ഘിപ്പിച്ച പുതിയ കേന്ദ്ര സര്‍ക്കാര്‍ മാനദണ്ഡം അവരെ ബുദ്ധിമുട്ടിലാക്കി. പല രാജ്യങ്ങളും വാക്സിനേഷനു ശേഷം ലഭിക്കുന്ന സര്‍ട്ടിഫിക്കറ്റില്‍ പാസ്പോര്‍ട്ട് നമ്പര്‍ കൂടെ ഉള്‍പ്പെടുത്തണമെന്ന് നിഷ്കര്‍ഷിക്കുന്നുണ്ടെങ്കിലും അതിനുള്ള സംവിധാനം കേന്ദ്ര സര്‍ക്കാരിന്‍റെ കോവിന്‍ പോര്‍ട്ടലില്‍ സജ്ജമല്ല. 


കോവാക്സിനു ഇതുവരെ ഡബ്ലുഎച്ച്ഒ അംഗീകാരം നേടിയെടുത്തിട്ടില്ലാത്തതിനാല്‍ പല രാജ്യങ്ങളും കോവാക്സിന്‍ സ്വീകരിച്ചവര്‍ക്ക് പ്രവേശനാനുമതി നല്‍കുന്നുമില്ല. 

ഈ പ്രശ്നങ്ങളെല്ലാം പരിഹരിക്കാന്‍ ആവശ്യമായ നടപടികള്‍ എത്രയും പെട്ടെന്നു സ്വീകരിക്കണമെന്ന് കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. വേഗം തന്നെ നടപടി ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. 


ഈ സാഹചര്യത്തില്‍ വിദേശത്തു പോകേണ്ടവരുടെ ബുദ്ധിമുട്ട് പരിഗണിച്ച് സംസ്ഥാന സര്‍ക്കാര്‍ തന്നെ പ്രശ്നം പരിഹരിക്കാന്‍ ശ്രമിക്കുകയാണ്. അതുകൊണ്ട് സംസ്ഥാന സര്‍ക്കാര്‍ വാങ്ങിച്ച വാക്സിനുകള്‍ നല്‍കുമ്പോള്‍ അവരെക്കൂടെ പരിഗണനാ പട്ടികയില്‍ ഉള്‍പ്പെടുത്തി.

അതോടൊപ്പം പാസ്പോര്‍ട്ട് നമ്പര്‍ ഉള്‍പ്പെടെ അവര്‍ക്കാവശ്യമായ വിധത്തിലുള്ള സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിനുള്ള ചുമതല ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാര്‍ക്ക് നല്‍കുകയും ചെയ്തു. ആ സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നതിനാവശ്യമായ വിസ, ജോലിയുടേയും പഠനാവശ്യങ്ങളുടേയും വിശദാംശങ്ങള്‍ എന്നിവയുമായി വേണം ജില്ലാ മെഡിക്കല്‍ ഓഫീസറുടെ കാര്യാലയവുമായി ബന്ധപ്പെടേണ്ടത്.