സാമൂഹിക സന്നദ്ധസേന ലക്ഷ്യത്തിലേക്ക്, നിലവിൽ 3,30,216 അംഗങ്ങൾ
സംസ്ഥാനത്ത് ദുരന്തങ്ങൾ നേരിടാൻ രൂപീകരിച്ച സാമൂഹിക സന്നദ്ധസേന നാടിനാകെ പ്രയോജനപ്പെടുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. പ്രകൃതി ദുരന്തങ്ങളെത്തുടർന്ന് ഏതൊരു പ്രതിസന്ധിയിലും സഹായത്തിനുണ്ടാകുന്ന ഒരു സാമൂഹിക സന്നദ്ധ സേനയ്ക്കായി 2020 ജനുവരി ഒന്നിനാണ് സന്നദ്ധ സേന ഡയറക്ടറേറ്റ് രൂപീകരിച്ചത്.
ഓരോ 100 പേർക്കും ഒരു സാമൂഹിക സന്നദ്ധ പ്രവർത്തകൻ എന്ന നിലയിൽ 3,40,000 അംഗങ്ങളാണ് പദ്ധതിയുടെ ലക്ഷ്യം. നിലവിൽ 3,30,216 അംഗങ്ങളാണ് സന്നദ്ധ സേനയിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത്. ചുരുങ്ങിയ സമയത്തിനുള്ളിൽ ലക്ഷ്യത്തിലെത്തുകയാണ്. 16നും 65നും ഇടയിൽ പ്രായമുള്ളവരാണ് അംഗങ്ങൾ.
ഓരോ ജില്ലയിലും പരമാവധി 10 കേന്ദ്രങ്ങളിൽ സേനാംഗങ്ങൾക്ക് പരിശീലനം നൽകാൻ തുടങ്ങി. കോവിഡ് 19ന്റെ പരിശീലനത്തിന് തടസ്സം നേരിട്ടെങ്കിലും സന്നദ്ധസേന രജിസ്ട്രേഷനിൽ വലിയ പുരോഗതിയാണുണ്ടായത്. കോവിഡ് 19 പ്രതിരോധത്തിനായി 38,000 സന്നദ്ധ പ്രവർത്തകർക്ക് പാസുകൾ അനുവദിച്ചു.
സാമൂഹിക അടുക്കളുടെ നടത്തിപ്പ്, പച്ചക്കറി വിത്ത് വിതരണം, മരുന്ന് വിതരണം, രക്തദാനം തുടങ്ങിയ മേഖലകളിൽ സ്തുത്യർഹമായ സേവനമാണ് സന്നദ്ധ സേന പ്രവർത്തകർ നടത്തുന്നത്. നിലവിൽ സന്നദ്ധ സേനയിൽ 2,62,104 പുരുഷൻമാരും, 68,059 സ്ത്രീകളും, 53 ട്രാൻസ്‌ജെൻഡറുകളുമാണുള്ളത്.
രാജ്യത്ത് ആദ്യമായി സർക്കാർ രൂപീകരിച്ച സന്നദ്ധ സേന നമ്മുടെ സംസ്ഥാനത്താണ്. വരും ദിവസങ്ങളിൽ കൂടുതൽ സന്നദ്ധരായ വ്യക്തികൾ സേനയുടെ ഭാഗമാകണമെന്ന് മുഖ്യമന്ത്രി അഭ്യർഥിച്ചു. പ്രവർത്തനസമയം കണക്കാക്കി സന്നദ്ധ സേന പ്രവർത്തകരുടെ സേവനത്തിന് അംഗീകാരം നൽകുന്ന രീതി പ്രാവർത്തികമാക്കും. ദുരന്ത ലഘൂകരണത്തിനാവശ്യമായ പരിശീലനം സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുമായി സഹകരിച്ച് അവർക്ക് ലഭ്യമാക്കും.
അങ്കണവാടികൾ അടച്ച സാഹചര്യത്തിൽ 33,115 അങ്കണവാടികളിലെ 66,000ത്തോളം ജീവനക്കാർ പ്രതിരോധ പ്രവർത്തനങ്ങളിൽ സജീവമാണ്്. സംസ്ഥാനത്തെ 40.24 ലക്ഷത്തോളം വയോജനങ്ങളുടെ ആരോഗ്യ വിവരങ്ങൾ വനിതാ ശിശുവികസന വകുപ്പിന്റെ അങ്കണവാടി ജീവനക്കാർ അന്വേഷിച്ച് ക്ഷേമം ഉറപ്പുവരുത്തി.
പൂർണമായും ഡിജിറ്റൽ ആയി സ്മാർട്ട് ഫോണുകൾ വഴിയാണ് അങ്കണവാടി ജിവനക്കാർ ബൃഹത്തായ വിവര ശേഖരണം നടത്തുന്നത്. വയോജനങ്ങളിൽ 89 ശതമാനം പേരുടേയും ആരോഗ്യം തൃപ്തികരമാണെന്നാണ് കണ്ടെത്തിയത്. മോശം ആരോഗ്യാവസ്ഥയിലുള്ള 11 ശതമാനം വയോജനങ്ങളുടെ വിവരങ്ങൾ ബന്ധപ്പെട്ടവർക്ക് നൽകി മതിയായ ചികിത്സ നൽകിവരുന്നു. അങ്കണവാടിയിലെ പ്രീ-സ്‌കൂൾ നിർത്തിവച്ച സാഹചര്യത്തിൽ പൂരക പോഷണങ്ങളടങ്ങിയ ഭക്ഷണം ടേക്ഹോം ആയി പ്രീ-സ്‌കൂൾ കുട്ടികൾക്കും ഗർഭിണികൾക്കും പാലൂട്ടുന്ന അമ്മമാർക്കും വീട്ടിൽ എത്തിച്ചുനൽകുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.