വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റ്: മന്ത്രി വീണാ ജോര്‍ജ് കേന്ദ്ര മന്ത്രിക്ക് കത്തെഴുതി

post



തിരുവനന്തപുരം: കോവിഡ്-19 വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റില്‍ പ്രവസികളനുഭവിക്കുന്ന ബുദ്ധിമുട്ടുകള്‍ പരിഹരിക്കുന്നതിന് നടപടി സ്വീകരിക്കാന്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് കേന്ദ്ര ആരോഗ്യ വകുപ്പ് മന്ത്രിക്ക് കത്തെഴുതി. കോവിഡ് സര്‍ട്ടിഫിക്കറ്റിലെ വിവിധ പ്രശ്‌നങ്ങള്‍ കാരണം സംസ്ഥാനത്തെ ധാരാളം വിദ്യാര്‍ത്ഥികളും വിദേശത്ത് ജോലി ചെയ്യുന്നവരും ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ട്. പല വിദേശ രാജ്യങ്ങള്‍ കോവിഡ് വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റില്‍ പല വിവരങ്ങളാണ് ചോദിക്കുന്നത്. അതിനാല്‍ നിലവിലെ സര്‍ട്ടിഫിക്കറ്റില്‍ കോവിഷീല്‍ഡ് ആസ്ട്രാസെനെക്ക/ ഓക്‌സ്‌ഫോര്‍ഡ് നാമകരണവും ജനന തീയതിയുമുള്ള സര്‍ട്ടിഫിക്കറ്റ് കോവിന്‍ പോര്‍ട്ടലിലൂടെ ലഭ്യമാക്കേണ്ടതാണ്. ഈ സര്‍ട്ടിഫിക്കറ്റിന് മതിയായ വിവരങ്ങള്‍ നല്‍കുന്നതിനുള്ള എഡിറ്റ് ഓപ്ഷന്‍ സംസ്ഥാന തലത്തില്‍ നല്‍കണമെന്നും മന്ത്രി അഭ്യര്‍ത്ഥിച്ചു.


വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റില്‍ പാസ്‌പോര്‍ട്ട് നമ്പരും ഓക്‌സ്‌ഫോര്‍ഡ്/ ആസ്ട്രാസെനെക്ക എന്നും രേഖപ്പെടുത്താന്‍ ചില രാജ്യങ്ങള്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അതിനുള്ള സൗകര്യം കോവിന്‍ പോര്‍ട്ടലില്‍ നേരത്തെ ഇല്ലായിരുന്നു. കൂടാതെ വാക്‌സിന്‍ രണ്ട് ഡോസുകള്‍ക്കിടയിലുള്ള കാലയളവ് കൂടുതലായതിനാല്‍ പല പ്രവാസികളേയും ബാധിച്ചിരുന്നു. അവരുടെ ബുദ്ധിമുട്ടുകള്‍ പരിഹരിക്കുന്നതിന് വേണ്ടി 2021 മേയ് 21 മുതല്‍, വിദേശത്തേക്ക് പോകുന്ന ആളുകള്‍ക്ക് സംസ്ഥാനം വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കിയിരുന്നു. എന്നാല്‍ പിന്നീട് കേന്ദ്ര സര്‍ക്കാര്‍ അതേ വ്യവസ്ഥകള്‍ സ്വീകരിച്ച് ചില മാറ്റങ്ങള്‍ കോവിന്‍ പോര്‍ട്ടലില്‍ ഉള്‍പ്പെടുത്തി. ഈ കാലയളവില്‍ കോവിന്‍ പോര്‍ട്ടലില്‍ രേഖപ്പെടുത്താന്‍ കഴിയാത്ത ഡേറ്റ രേഖപ്പെടുത്താന്‍ കോവിന്‍ പോര്‍ട്ടലില്‍ സൗകര്യമൊരുക്കണമെന്നും മന്ത്രി അഭ്യര്‍ത്ഥിച്ചു.