മെഡിക്കല്‍ കോളേജ്: സംതൃപ്തി രേഖപ്പെടുത്തി കേന്ദ്ര മന്ത്രി
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളേജ് സന്ദര്‍ശിച്ച കേന്ദ്ര ആരോഗ്യമന്ത്രി മന്‍സൂഖ് മാണ്ഡവ്യയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സംഘം സംതൃപ്തി രേഖപ്പെടുത്തി. സംസ്ഥാന ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജും ഒപ്പമുണ്ടായിരുന്നു. മെഡിക്കല്‍ കോളേജ് ആശുപത്രി ട്രയാജ് ഏരിയ, കോവിഡ് ഒ.പി., ഗ്രീന്‍ സോണ്‍, യെല്ലോ സോണ്‍, റെഡ് സോണ്‍, ഐ.സി.യു., കോവിഡ് ഓപ്പറേഷന്‍ തീയറ്റര്‍ എന്നിവയാണ് സംഘം സന്ദര്‍ശിച്ചത്.
നിലവിലെ രോഗികളും കോവിഡ് രണ്ടാം തരംഗം ഉയര്‍ന്ന് നിന്നപ്പോഴുമുള്ള രോഗികളുടെ എണ്ണവും കേന്ദ്ര മന്ത്രി ചോദിച്ചറിഞ്ഞു. ഐ.സി.യു., വെന്റിലേറ്റര്‍ എന്നിവ ഒഴിവുള്ളത് നേരില്‍ കണ്ടു. ഗുരുതര രോഗികളുടെ എണ്ണം കുറവാണ്. 60 ശതമാനത്തില്‍ താഴെ മാത്രമാണ് ഇപ്പോള്‍ കോവിഡ് രോഗികളുള്ളത്. ആശുപത്രി പ്രവര്‍ത്തനം, ഐ.സി.യു., വെന്റിലേറ്റര്‍, ഓക്‌സിജന്‍ എന്നിവയുടെ ലഭ്യത എന്നിവ മനസിലാക്കി. കോവിഡ് തരംഗം ഉയര്‍ന്ന് നിന്നപ്പോള്‍ പോലും മെഡിക്കല്‍ കോളേജിന് മാനേജ് ചെയ്യാന്‍ കഴിഞ്ഞിരുന്നു. മൂന്നാം തരംഗം ഉണ്ടാകുകയാണെങ്കില്‍ അതിനും മെഡിക്കല്‍ കോളേജ് സജ്ജമാണെന്ന് അറിയിച്ചു. കോവിഡ് സമയത്ത് പോലും മെഡിക്കല്‍ കോളേജ് കോവിഡിതര ചികിത്സയ്ക്കും സൂപ്പര്‍ സ്‌പെഷ്യാലിറ്റി ചികിത്സയ്ക്കും എമര്‍ജന്‍സി ചികിത്സയ്ക്കും പ്രാധാന്യം നല്‍കിയതിനെ മന്ത്രി അഭിനന്ദിച്ചു.
കേന്ദ്ര ആരോഗ്യ വകുപ്പ് സെക്രട്ടറി രാജേഷ് ഭൂഷണ്‍, സംസ്ഥാന ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. രാജന്‍ ഖോബ്രഗഡെ, ജോ. സെക്രട്ടറി ഡോ. ശ്രീറാം വെങ്കിട്ടരാമന്‍, കളക്ടര്‍ ഡോ. നവജ്യോത് ഖോസ, ഡി.എം.ഇ. ഡോ. എ. റംലാ ബീവി, മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. സാറ വര്‍ഗീസ്, സൂപ്രണ്ട് ഇന്‍ ചാര്‍ജ് ഡോ. ജോബി ജോണ്‍, ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. എസ്.എസ്. സന്തോഷ് കുമാര്‍, ഡോ. സുനില്‍ കുമാര്‍, കോവിഡ് സെല്‍ ചീഫ് നിസാറുദ്ദീന്‍, ആര്‍.എം.ഒ. ഡോ. മോഹന്‍ റോയ് എന്നിവര്‍ ഒപ്പമുണ്ടായിരുന്നു.